Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എന്റെ കെട്ടിയോന്റെ മരണസർട്ടിഫിക്കറ്റ് നീ വാങ്ങിയതെന്തിനെന്ന് ചോദിച്ച് രാജേശ്വരി; പണി കളഞ്ഞ് 5 ദിവസം ഓഫീസ് കയറിയിറങ്ങിയാണ് സർട്ടിഫിക്കറ്റ് വാങ്ങിയത്, വേണമെങ്കിൽ കോപ്പി നൽകാമെന്ന് ദീപ; കശപിശ മൂത്ത് കരഞ്ഞും ആക്രോശിച്ചും അമ്മയും മകളും തമ്മിൽ കോർത്തപ്പോൾ കോടനാട് സ്‌റ്റേഷനിലെ പൊലീസുകാർ പുലിവാല് പിടിച്ചു; അപ്പന്റെ പേരിലുള്ള ഒരു രൂപ അമ്മയ്ക്ക് നൽകില്ലെന്ന് തുറന്നു പറഞ്ഞ് ദീപ

എന്റെ കെട്ടിയോന്റെ മരണസർട്ടിഫിക്കറ്റ് നീ വാങ്ങിയതെന്തിനെന്ന് ചോദിച്ച് രാജേശ്വരി; പണി കളഞ്ഞ് 5 ദിവസം ഓഫീസ് കയറിയിറങ്ങിയാണ് സർട്ടിഫിക്കറ്റ് വാങ്ങിയത്, വേണമെങ്കിൽ കോപ്പി നൽകാമെന്ന് ദീപ; കശപിശ മൂത്ത് കരഞ്ഞും ആക്രോശിച്ചും അമ്മയും മകളും തമ്മിൽ കോർത്തപ്പോൾ കോടനാട് സ്‌റ്റേഷനിലെ പൊലീസുകാർ പുലിവാല് പിടിച്ചു; അപ്പന്റെ പേരിലുള്ള ഒരു രൂപ അമ്മയ്ക്ക് നൽകില്ലെന്ന് തുറന്നു പറഞ്ഞ് ദീപ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: എന്റെ കെട്ടിയോന്റെ മരണസർട്ടിഫിക്കറ്റ് നീ വാങ്ങിയതെന്തിനെന്ന് മാതാവ്. പണി കളഞ്ഞ് 5 ദിവസം ഓഫീസ് കയറിയിറങ്ങിയാണ് സർട്ടിഫിക്കറ്റ് വാങ്ങിയതെന്നും വേണമെങ്കിൽ കോപ്പി നൽകാമെന്നും മകൾ. കശപിശ മൂത്ത് ,കരഞ്ഞും പിഴിഞ്ഞും ആക്രോശിച്ചും ആട്ടിയും അമ്മയും മകളും കൊമ്പുകോർത്തപ്പോൾ കണ്ടുനിന്ന നിയപാലകർ ജാഗരൂകരായി. കോടതിയിൽപ്പോയി പ്രശ്‌നത്തിന് പരിഹാരം കാണാൻ നിർദ്ദേശിച്ച് പൊലീസ് കൈയൊഴിഞ്ഞപ്പോൾ രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു...പരസ്പരം വെല്ലുവിളിച്ച് .. ശത്രുതയുടെ കനലെരിയും കണ്ണുകളോടെ...

കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയുമാണ് മേൽവിവരിച്ച സംഭവത്തിലെ 'താരങ്ങൾ'.സംഭവസ്ഥലം കോടനാട് പൊലീസ് സ്‌റ്റേഷനും. പിതാവ് പരേതനായ പാപ്പുവിന്റ മരണ സർട്ടിഫിക്കറ്റ് മകൾ ദീപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഭാര്യ രാജേശ്വരി നൽകിയ പരാതി പരിഹരിക്കാൻ സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ ചിലർ നടത്തിയ നീക്കമാണ് അപ്രതീക്ഷിത സംഭവ പരമ്പരകൾക്ക് തുടക്കമിട്ടത്.

പരാതിയെക്കുറിച്ച് സംസാരിക്കാൻ ഇന്ന് രാവിലെ കോടനാട് പൊലീസ് രാജേശ്വരിയെ വിളിപ്പിച്ചിരുന്നു. 10 മണിയോടെ രാജേശ്വരി സ്‌റ്റേനിലെത്തി. സ്‌റ്റേഷനിൽ നിന്നും വിളിച്ചറിയിച്ചതുപ്രകാരം പിന്നാലെ ദീപയും സ്റ്റേഷനിലെത്തി. പൊലീസ് കാര്യങ്ങൾ തിരക്കിയപ്പോൾ ഇരുവരുടെയും തനി നിറം പുറത്തുചാടി. മരണസർട്ടിഫിക്കറ്റ് താനറിയാതെ വാങ്ങിയത് ശരിയായില്ലെന്നും അത് തനിക്ക് വേണമന്നുമായിരുന്നു രാജേശ്വരിയുടെ പ്രധാന ആവശ്യം. എന്നാൽ അത് താൻ ജോലിയും കളഞ്ഞ് 5 ദിവസം ബുദ്ധിമുട്ടി നടന്ന് വാങ്ങിയതാണെന്നും വേണമെങ്കിൽ കോപ്പി നൽകാമെന്നുമായിരുന്നു ദീപയുടെ നിലപാട്. ഇത് കേട്ടതോടെ രാജേശ്വരി കോപാകൂലയായി.

തുടർന്ന് ദീപ എണ്ണിപ്പെറുക്കലും നെഞ്ചത്തിടിയുമായി. ഒപ്പം അപ്പന്റെ പേരിൽ ബാങ്കിൽ അവശേഷിക്കുന്ന നിക്ഷേപത്തിൽ നിന്നും ഒരു രൂപ പോലും നിങ്ങൾക്ക് നൽകില്ലന്നുള്ള വെല്ലുവിളിയും.പൊലീസുകാർ ഏറെ നേരം പെടാപ്പാടുപ്പെട്ടിട്ടാണ് ദീപ അടങ്ങിയത്.പിന്നീടും വാദ പ്രതിവാദം തുടർന്നതോടെ ഈ വിഷയം ഇവിടെ തീരില്ലന്നും കോടതിയി മുഖേന പരിഹാരം കാണുകയേ നിവർത്തിയുള്ളു എന്നും ബോദ്ധ്യപ്പെടുത്തി പൊലീസ് ഇരുവരെയും ഒരു വിധത്തിൽ പറഞ്ഞയക്കുകയായിരുന്നു. എസ് ഐ യും സി ഐ യും മറ്റും മന്ത്രിമാക്ക് അകമ്പടിയുമായി പുറത്തായിരുന്നതിനാൽ പൊലീസുകാർ മാത്രമേ ഇവരെത്തിയ സമയത്ത് സ്‌റ്റേഷനിൽ ഉണ്ടായിരുന്നുള്ളു.

പാപ്പുവിന്റെ പേരിൽ ബാങ്കിലുള്ള 4 ലക്ഷത്തിൽപ്പരം രൂപയുടെ അവകാശത്തെച്ചൊല്ലിയാണ് ഇപ്പോൾ ഇരുവരും തമ്മിൽ തർക്കം മൂർച്ഛിച്ചിട്ടുള്ളത്. ഭർത്താവിന്റെ മരണ സർട്ടിഫിക്ക് കരസ്ഥമാക്കിയ മകളുടെ നടപടിയ്‌ക്കെതിരെ രാജേശ്വരി യാണ് പൊലീസിനെ പൊലീനെ സമീപിച്ചത്. ഓടയ്ക്കാലി എസ് ബി ഐ ബാങ്കിൽ അന്തരിച്ച പാപ്പുവിന്റെ പേരിൽ 4,32000 രൂപയുടെ നിക്ഷേപമുണ്ടെന്ന് കുറുപ്പംപടി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.2017 നവമ്പറിൽ പാപ്പു മരണമടഞ്ഞതിനെത്തുടർന്ന് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.

തുക തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കിൽ കത്ത് നൽകിയിരുന്നു.പിതാവിന്റെ മരണ സർട്ടിഫിക്കറ്റും ഇവർ ബാങ്കിൽ ഹാജരാക്കിയിരുന്നു.എന്നാൽ ബാങ്ക് അധികൃതർ തുക നൽകിയില്ല.മകളുടെ ഈ നീക്കത്തിനെതിരെ രാജേശ്വരി കഴിഞ്ഞ ദിവസം പെരുമ്പാവൂർ പൊലീസിലെത്തി പരാതി നൽകി. ദീപ കരസ്ഥമാക്കിയ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പെരുമ്പാവൂർ ഡി വൈ എസ് പി യെ സന്ദർശിച്ചാണ് രാജേശ്വരി പരാതി ബോധിപ്പിച്ചത്.പരാതി സ്വീകരിച്ച ഡി വൈ എസ് പി അന്വേഷണത്തിനായി കോടനാട് പൊലീസിന് കൈമാറുകയായിരുന്നു.

കോടനാട് സ്‌റ്റേഷൻ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിൽ സർക്കാർ നിർമ്മിച്ചു നൽകിയ വീട്ടിലാണ് രാജേശ്വരിയും ദീപയും ഇവരുടെ മകനും താമസിക്കുന്നത്.കഴിഞ്ഞ രണ്ടുമാസത്തോളമായി രാജേശ്വരി വിട്ടിലെത്തിയിട്ടില്ലന്നാണ് ദീപ പുറത്തുവിട്ട വിവരം. പലവഴിക്കുള്ള സാമ്പത്തീക സഹായമെത്തിയിട്ടും ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിനെ മരണം വരെ ദീപയും മതാവും തിരിഞ്ഞ് നോക്കിയിരുന്നില്ല എന്നുള്ള ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരണശേഷം പാപ്പുവിന്റെ അക്കൗണ്ടിൽ അവശേഷിക്കുന്ന തുക സ്വന്തമാക്കാൻ ഇവർ രംഗത്തിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

നിക്ഷേപകർ മരണപ്പെട്ടാൽ അക്കൗണ്ടിൽ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതിയെന്നും ഇതിന് തങ്ങൾ തയ്യാറാണെന്നും ബാങ്ക് അധികൃതർ നേരത്തെ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.പാപ്പുവിന്റെ തറവാട് വീടിനടുത്ത് താമസിച്ചുവരുന്ന മുൻ പഞ്ചായത്ത്് പ്രസിഡന്റ് സരോജിനിയമ്മയെയാണ് പാപ്പു ബാങ്കിൽ തന്റെ അനന്തരാവകാശിയായി പരിചയപ്പെടുത്തി,രേഖകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പാപ്പു സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്‌യതതെന്നും ബാങ്കിൽ അക്കൗണ്ട് എടുത്ത് രേഖകൾ എല്ലാം പൂരിപ്പിച്ച് നൽകി,ആഴ്ചകൾക്ക് ശേഷം പാപ്പുതന്നെ തന്നോട് വിവരം വെളിപ്പെടുത്തുകയായിരുന്നെന്നും ഇങ്ങിനെ ചെയ്തത് എന്തിനാണെന്ന് താൻ ചോദിച്ചപ്പോൾ മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്നായിരുന്നു പാപ്പുവിന്റെ മറുപിടിയെന്നും സരോജിനിയമ്മ പാപ്പു മരണപ്പെട്ടതിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു.

ബാങ്ക് നിയമങ്ങൾക്കനുസരിച്ചും ഇതര നിയമവശങ്ങൾ പഠിച്ചും തുക ആർക്ക് കൈമാറണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഈ തുകയിൽ നയാപൈസ തനിക്കുവേണ്ടന്നും സരോജിനിയമ്മ ഈയവസരത്തിൽ വ്യക്തമാക്കിയിരുന്നു. പാപ്പുവും സഹോദരങ്ങളുമൊക്കെ കൃഷിപ്പണികൾക്കും മറ്റുമായി വർഷങ്ങൾക്ക് മുമ്പ് മുതൽ സരോജിനിയമ്മയുടെ വീട്ടിലെത്തിയിരുന്നു.പണ്ട് മുതൽ പാപ്പുവിന്റെ വീട്ടുകാരും ഈ കുടുമ്പവും തമ്മിൽ അടുപ്പത്തിലുമായിരുന്നു.ഇതുമൂലമാവാം പാപ്പു സരോജിനിയമ്മയെ നോമിനിയാക്കിയതെന്നാണ് നാട്ടുകാരുടെ അനുമാനം.

2017 നവംമ്പർ 9-ന് ഉച്ചയോടെ വീടിനടുത്ത് വെസ്റ്റേൺ ഡയറി ഫാമിന് സമീപം റോഡിൽ് കുഴഞ്ഞ് വീണാണ് പാപ്പു മരണപ്പെട്ടത്.വൈകുന്നേരം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകൾ വ്യക്തമായത്. ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ മൂവായിരത്തിൽപ്പരം രൂപ പൊലീസ് കണ്ടെത്തി.പാസ് ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പർ 17-ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.തുടർന്ന് പാപ്പുവിന്റെ സാമ്പത്തീക ശ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചത്. കഴിഞ്ഞ മാർച്ചിൽ അമ്പേദ്്കർ ഫൗണ്ടേൻ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ മാറിയിരുന്നെന്നും ഇതിൽ 432000 രൂപ നിലവിൽ അവശേഷിക്കുന്നുണ്ടെന്നും ഇതോടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP