Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അംഗങ്ങളറിയാതെ അവരുടെ പേരിൽ മൈക്രോഫിനാൻസ് വായ്പയെടുത്തു: യൂണിയൻ മന്ദിരം പണയം വച്ച് വായ്പയെടുത്തത് എസ്എൻഡിപി യോഗവും അറിഞ്ഞില്ല: ചുരുങ്ങിയ കാലം കൊണ്ട് ഭാരവാഹികൾ കട്ടുമുടിച്ചതിനെ തുടർന്ന് റാന്നി എസ്എൻഡിപി യൂണിയൻ വെള്ളാപ്പള്ളി പിരിച്ചു വിട്ടു

അംഗങ്ങളറിയാതെ അവരുടെ പേരിൽ മൈക്രോഫിനാൻസ് വായ്പയെടുത്തു: യൂണിയൻ മന്ദിരം പണയം വച്ച് വായ്പയെടുത്തത് എസ്എൻഡിപി യോഗവും അറിഞ്ഞില്ല: ചുരുങ്ങിയ കാലം കൊണ്ട് ഭാരവാഹികൾ കട്ടുമുടിച്ചതിനെ തുടർന്ന് റാന്നി എസ്എൻഡിപി യൂണിയൻ വെള്ളാപ്പള്ളി പിരിച്ചു വിട്ടു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പകൽക്കൊള്ള എന്നു പറഞ്ഞാൽ ഇതാണ്. വ്യാജരേഖകൾ ചമച്ച് വായ്പയെടുത്ത് കോടികൾ തട്ടുക. എന്നിട്ട് ഒന്നുമറിയാത്തതു പോലെ വിലസുക. ഒടുവിൽ പിടിവീണപ്പോൾ എസ്എൻഡിപി റാന്നി യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിട്ടു. ഭാരവാഹികൾ ചുരുങ്ങിയ കാലം കൊണ്ട് സമ്പാദിച്ചത് ലക്ഷങ്ങൾ. തട്ടിയെടുത്ത പണം എത്രയും വേഗം തിരിച്ച് അടച്ചില്ലെങ്കിൽ അഴി എണ്ണാൻ തയാറാകാൻ വെള്ളാപ്പള്ളിയുടെ അന്ത്യശാസനം. ഗുരുതര അഴിമതി, ക്രമക്കേട് എന്നിവയുടെ പേരിലാണ് റാന്നി യൂണിയൻ പിരിച്ചു വിട്ട് അഡിമിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്.

നിലവിലുള്ള ഭാരവാഹികൾ ഉൾപ്പെടെയുള്ള കൗൺസിലും യൂണിയൻ കമ്മറ്റിയുമാണ് പിരിച്ചു വിട്ടത്. എരുമേലി യൂണിയൻ മുൻ ഭാരവാഹി ശ്രീകുമാർ ശ്രീപാദം ചെയർമാനും വലഞ്ചുഴി വിജയഭവനിൽ സി.എൻ.വിക്രമൻ കൺവീനറും കരികുളം മണ്ണുങ്കൽ എം.എസ്.ബിജുകുമാർ കമ്മറ്റിയംഗവുമായിട്ടാണ് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ രൂപീകരണം.

റാന്നി യൂണിയനിലേക്ക് 2011 ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2012 ജൂൺ 24 ന് കമ്മറ്റി ചുമതല ഏറ്റെടുത്തു. കെ. വസന്തകുമാർ പ്രസിഡന്റും പി.എൻ.സന്തോഷ്‌കുമാർ സെക്രട്ടറിയുമായ ഭരണ സമിതിക്കെതിരെ മൈക്രോ ഫിനാൻസ് വായ്പാ വിതരണത്തിലെ അഴിമതി അടക്കം നിരവധി ആരോപണങ്ങളാണ് ഉയർന്നത്. ചിറ്റാറിൽ യൂണിയന്റെ കോളജ് സ്ഥാപിച്ചതിൽ അടക്കം ക്രമക്കേട് നടന്നു. കെട്ടിടം നിർമ്മിക്കാനായി കോളജിന്റെ വസ്തു പണയപ്പെടുത്താനുള്ള നിർദ്ദേശം മറികടന്ന് ഇവർ യൂണിയൻ കെട്ടിടം ഈടു വച്ചാണ് വായ്പയെടുത്തത്. ഇതാകട്ടെ ആരുമറിഞ്ഞില്ല.

ചിറ്റാറിൽ കോളജ് നിർമ്മിക്കാൻ വേണ്ടി സ്ഥലം വാങ്ങിയത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പേരിലാണെന്നും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങളും പരാതികളും അന്വേഷിക്കാൻ യോഗ നേതൃത്വം നിയോഗിച്ച കമ്മിഷനുകൾ നൽകിയ റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് യൂണിയൻ പിരിച്ചു വിട്ടത്. യൂണിയൻ ഭരണ സമിതിയുടെ കാലാവധി മൂന്നു വർഷമാണെങ്കിലും ചുമതല ഏറ്റെടുത്ത് അഞ്ചു വർഷം ആയപ്പോഴാണ് പൊതുയോഗവും തെരഞ്ഞെടുപ്പും നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതുവരെ യൂണിയനിൽ അതാത് വർഷം പൊതുയോഗം വിളിച്ചു കൂട്ടുകയോ കണക്കുകൾ ഓഡിറ്റ് ചെയ്ത് അംഗീകരിക്കുകയോ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം നേടുകയോ ചെയ്തിട്ടില്ലെന്നും ഇത് ഗുരുത വീഴ്ചയാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

പൊതുയോഗ വിജ്ഞാപനത്തിലെ അപാകത ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിഎസ് വിജയൻ അന്വേഷിച്ചു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചട്ടവിരുദ്ധമായാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും കണക്കുകൾക്ക് യൂണിയൻ കമ്മറ്റിയുടെ അംഗീകാരം വാങ്ങിയിട്ടില്ലെന്നും വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് യൂണിയൻ വാർഷിക പൊതുയോഗം, തെരഞ്ഞെടുപ്പ് എന്നിവ നിർത്തി വച്ചു. യൂണിയനിലെ കണക്കുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായി. ഇത് അന്വേഷിക്കാൻ ഗംഗാധരൻ മാമ്പൊഴിയെ ആണ് ചുമതലപ്പെടുത്തിയത്. കോളജ് നടത്തിപ്പിനായി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിരുന്നു.

ഈ ട്രസ്റ്റ് രജിസ്റ്റർ ചെയ്യുന്നതു വരെ കോളജിന്റെ ഷെയറിനും പണം കടം വാങ്ങുന്നതിനും യൂണിയൻ രസീതുകൾ ഉപയോഗിച്ചെങ്കിലും തുക യൂണിയൻ കണക്കിൽ വരവു വെയ്ക്കാതെ ട്രസ്റ്റിന്റെ കണക്കിലാക്കി. ഇത് യോഗത്തിൽ ഓഡിറ്റിന് വിധേയമാക്കിയുമില്ല. കോളജിനു വേണ്ടി വാങ്ങിയ സ്ഥലം പണയപ്പെടുത്തി ഒരു കോടി രൂപാ വായ്പ എടുക്കാൻ യോഗം കൗൺസിൽ അനുവാദം നൽകിയതിന്റെ മറവിൽ യൂണിയൻ വക സ്ഥലവും കെിടവും ബാങ്കിനു പണയപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

യോഗത്തിൽ നൽകിയ കണക്കിൽ യൂണിയന്റെ ആസ്തി പണയം വെച്ച് വായ്പ എടുത്ത ഒരു കോടി രൂപ ഉൾപ്പെടുത്താതിരുതിനാൽ ഈ തുക അപഹരണമായി കാണേണ്ടതും യൂണിയൻ ഭാരവാഹികൾ ഉത്തരവാദികളായിരിക്കുന്നതുമാണെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം മൈക്രോ ഫിനാൻസ് പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും എസ്എൻഡിപി യോഗം വഴി യൂണിയന് അനുവദിച്ച 15 ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തതിൽ ഗുരുതര അപാകത സംഭവിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി ശാഖകളിൽ എത്രയും വേഗം നിയമാനുസരണം തെരഞ്ഞെടുപ്പു പൂർത്തിയാക്കി യൂണിയൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നതിനും യോഗം ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP