Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർത്തഡോക്സുകാരിയായ പ്രിൻസിപ്പാളിനെ അംഗീകരിക്കാൻ ക്നാനായക്കാർക്ക് കഴിയില്ല; റാന്നി സെന്റ് തോമസ് കോളജിലെ വനിതാ പ്രിൻസിപ്പാളിനെ പുകച്ച് പുറത്തു ചാടിക്കാൻ ക്നാനായ സഭാ നേതൃത്വവും മാനേജ്മെന്റും; പ്രിൻസിപ്പാളിന് അനുകൂല നിലപാടെടുത്ത വനിതാ കമ്മിഷനോട് മെക്കിട്ട് കേറി കോളജ് മാനേജ്മെന്റ്: താക്കീതുമായി ഷാഹിദാ കമാൽ

ഓർത്തഡോക്സുകാരിയായ പ്രിൻസിപ്പാളിനെ അംഗീകരിക്കാൻ ക്നാനായക്കാർക്ക് കഴിയില്ല; റാന്നി സെന്റ് തോമസ് കോളജിലെ വനിതാ പ്രിൻസിപ്പാളിനെ പുകച്ച് പുറത്തു ചാടിക്കാൻ ക്നാനായ സഭാ നേതൃത്വവും മാനേജ്മെന്റും; പ്രിൻസിപ്പാളിന് അനുകൂല നിലപാടെടുത്ത വനിതാ കമ്മിഷനോട് മെക്കിട്ട് കേറി കോളജ് മാനേജ്മെന്റ്: താക്കീതുമായി ഷാഹിദാ കമാൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യോഗ്യതയുള്ള മറ്റ് ആൾക്കാർ ഇല്ലാത്തതിനാൽ ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കോളജിലെ വനിതയെ ക്നാനായ സഭയുടെ കോളജിൽ എംജി യൂണിവേഴ്സിറ്റി പ്രിൻസിപ്പലാക്കി. ഏതു വിധേനെയും ഓർത്തഡോക്സുകാരി പ്രിൻസിപ്പാളിനെ പുകച്ച് പുറത്തു ചാടിക്കാൻ സഭാ നേതൃത്വവും കോളജ് മാനേജ്മെന്റും ശ്രമിച്ചതോടെ സംഗതി കോടതി കയറി. മാനേജ്മെന്റിന്റെ തീരുമാനങ്ങൾ ഹൈക്കോടതി റദ്ദാക്കി. വനിതാ കമ്മിഷനും കോളജ് മാനേജ്മെന്റിനെതിരേ രംഗത്തു വന്നു. ഇതോടെ വനിതാ കമ്മിഷന് നേരെ കോളജ് മാനേജർ തിരിഞ്ഞു. അടങ്ങിയിരുന്നില്ലെങ്കിൽ വിവരം അറിയുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ ഷാഹിദ കമാലും താക്കീത് ചെയ്തതോടെ റാന്നി സെന്റ് തോമസ് കോളജിൽ വിവാദം കൊഴുക്കുകയാണ്.

റാന്നി സെന്റ് തോമസ് കോളജിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്വന്തം സമുദായത്തിലോ കോളജിലോ നിന്നുമല്ലാതെ ഒരാൾ പ്രിൻസിപ്പൽ കസേരയിൽ എത്തുന്നത്. യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഉള്ള അദ്ധ്യാപകർ കോളജിൽ ഇല്ലാത്തതിനാൽ പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ അദ്ധ്യാപിക ഡോ. ലത മറീന വർഗീസിനെ റാന്നി കോളജ് പ്രിൻസിപ്പലായി എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമിക്കുയായിരുന്നു. ലത മറീന ചുമതലയേറ്റതിന് പിന്നാലെ കോളജ് മാനേജ്മെന്റ് പണി തുടങ്ങി. സ്ഥാനമൊഴിഞ്ഞ പ്രിൻസിപ്പാൾ ഡോ ഏബ്രഹാം വി കുര്യാക്കോസിനെ കോളജ് മാനേജരായി നിയമിച്ചു. പ്രിൻസിപ്പലിന്റെ ശമ്പളം തടയുകയാണ് ആദ്യമായി മാനേജ്മെന്റ് ചെയ്തത്. കോളജിനെ ജീവനക്കാരനും മാനേജരും ജോലി സ്ഥലത്ത് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ലത മറീന വർഗീസ് വനിതാ കമ്മിഷനെ സമീപിച്ചിരുന്നു.

പരാതി പരിശോധിച്ച കമ്മിഷൻ അധ്യക്ഷ ഷാഹിദ കമാൽ കോളജ് മാനേജരെ താക്കീത് ചെയ്യുകയും ഇതു സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തിരുന്നു. ഇതോടെ പ്രിൻസിപ്പാളിനെ കോളജ് മാനേജർ സസ്പെൻഡ് ചെയ്തു. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് കോളജിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു സസ്പെൻഷൻ. ഇതിനെതിരേ പ്രിൻസിപ്പാൾ ഹൈക്കോടതിയെ സമീപിച്ചു. മാധ്യമ വാർത്തകൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും അതിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നുവെന്നുമായിരുന്നു ലത മറീനയുടെ പരാതി. ഹർജി പരിഗണിച്ച കോടതി മാനേജരുടെ ഉത്തരവ് സ്റ്റേ ചെയ്തു.

യുജിസി മാനദണ്ഡങ്ങളിൽ പറയുന്ന എല്ലാ യോഗ്യതയുമുള്ളതു കൊണ്ടാണ് താൻ പ്രിൻസിപ്പലായി നിയമിക്കപ്പെട്ടത്. പക്ഷേ, കോളജ് മാനേജ്മെന്റ് ക്രൂരമായിട്ടാണ് പെരുമാറിയിരുന്നതെന്ന് ലത മറീന വർഗീസ് പറഞ്ഞു. തന്റെ കമ്പ്യൂട്ടർ എടുത്തു മാറ്റി. തന്നെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചു. തന്റെ നിയമനം അംഗീകരിക്കാതിരിക്കാൻ എംജി സർവകലാശാലയിലേക്ക് നിരന്തരം കത്തുകൾ അയച്ചുവെന്നും ലതമറീന യൂണിവേഴ്സിറ്റിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി അന്വേഷണത്തിന് നിയോഗിച്ച സംഘത്തിനോട് പോലും മാനേജ്മെന്റ് മോശമായിട്ടാണ് പ്രതികരിച്ചത്.

10 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും ജീവിതം ബുദ്ധിമുട്ടിലാണെന്നും കാണിച്ച് ലത മറീന വർഗീസ് ഇപ്പോൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. വനിതാ പ്രിൻസിപ്പലും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തിൽ വനിതാ കമ്മിഷന്റെ പേര് പരാമർശിച്ച് സസ്പെൻഡ് ചെയ്തത് അടക്കമുള്ള വിഷയത്തിൽ കോളജിന്റെ മാനേജരെ വിളിച്ചു വരുത്തി വിശദീകരണം തേടാൻ വനിതാ കമ്മിഷൻ തീരുമാനിച്ചു.
മാനേജർക്കെതിരെ പ്രിൻസിപ്പൽ നൽകിയ പരാതി അന്വേഷണഘട്ടത്തിലാണ്. എന്നാൽ കോളജിലെ അക്കൗണ്ടന്റിനെതിരെ പ്രിൻസിപ്പൽ നൽകിയ മറ്റൊരു പരാതി യുമായി ബന്ധപ്പെട്ട് അദാലത്തിൽ അക്കൗണ്ടന്റിനേയും പ്രിൻസിപ്പലിനേയും കമ്മിഷൻ വിളിച്ചു വരുത്തി താക്കീത് നൽകിയിരുന്നു.

ഒരു തലമുറയെ വാർത്തെടുത്ത് പൊതുസമൂഹത്തിന് സംഭാവന ചെയ്യേണ്ട ധാർമ്മികവും സാമൂഹികവുമായ ഉത്തര വാദിത്തം നിറവേറ്റേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തർക്കങ്ങളും വഴക്കുകളും അധികാര വടംവലിയും ഒട്ടും ആശാസ്യമല്ലെന്ന് കമ്മിഷൻ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിന്റെ മൂല്യവും അന്തസത്തയും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളായിരിക്കണം എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്നും കമ്മിഷൻ ഓർമ്മിപ്പിച്ചു. കോളജിന്റെ പേരോ മേൽവിലാസമോ കമ്മിഷൻ പരാമർശിച്ചിരുന്നില്ല. വസ്തുതകൾ ഇതായിരിക്കേ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത ഉത്ത രവിൽ നിരവധി കാരണങ്ങളുടെ കൂട്ടത്തിൽ കമ്മിഷന്റെ പേരും പരാമർശിച്ചത് ഗൗരവമായിട്ടാണ് കമ്മിഷൻ കാണുന്നതെന്നും ഷാഹിദാ കമാൽ വിശദീകരിച്ചു.

പ്രിൻസിപ്പലിന്റെ പരാതികൾ അടിസ്ഥാന രഹിതമാണെന്ന് മാനേജർ ഡോ ഏബ്രഹാം വി കുര്യാക്കോസ് പറഞ്ഞു. വനിതാ കമ്മിഷനിൽ നൽകിയ പരാതിയും കമ്മിഷന്റെ പ്രസ്താവനയും കോളജിന്റെ സൽപ്പേരിനെ ബാധിച്ചു. സസ്പെൻഡ് ചെയ്തതിൽ ഒരു കാരണം മാത്രമാണ് വനിതാ കമ്മിഷന്റേതായി മാധ്യമങ്ങളിൽ വന്ന വാർത്ത. വേറെയും കാരണങ്ങളുണ്ട്. ഹൈക്കോടതിയിൽ നിന്ന് പ്രിൻസിപ്പാൾ വാങ്ങിയ സ്റ്റേയ്ക്കെതിരേ ഹർജി നൽകുമെന്നും മാനേജർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP