Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൂറിൽ താഴെ അംഗങ്ങൾ മാത്രമുള്ള മഠത്തിലെ കന്യാസ്ത്രീകളെ മാനസികമായും ശാരീരികമായും മെത്രാൻ തുടർച്ചയായി ഉപദ്രവിച്ചിരുന്നതായി ആരോപണം; മെത്രാന്റെ പീഡനം സഹിക്കാനാവാതെ 18 കന്യാസ്ത്രീകൾ സഭാ വസ്ത്രം ഉപേക്ഷിച്ച് വീട്ടിൽ പോയി; കന്യാസ്ത്രീക്കും വീട്ടുകാർക്കുമെതിരെ പരാതി നൽകിയത് കുറവിലങ്ങാട്ടെ കന്യാസ്ത്രീ നൽകിയ പരാതിയിൽ വത്തിക്കാൻ നടപടി ഉറപ്പായപ്പോൾ; പീഡന ആരോപണത്തിൽ കുടുങ്ങിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആളു ചില്ലറക്കാരൻ അല്ലെന്നു ആദ്യ സൂചനകൾ

നൂറിൽ താഴെ അംഗങ്ങൾ മാത്രമുള്ള മഠത്തിലെ കന്യാസ്ത്രീകളെ മാനസികമായും ശാരീരികമായും മെത്രാൻ തുടർച്ചയായി ഉപദ്രവിച്ചിരുന്നതായി ആരോപണം; മെത്രാന്റെ പീഡനം സഹിക്കാനാവാതെ 18 കന്യാസ്ത്രീകൾ സഭാ വസ്ത്രം ഉപേക്ഷിച്ച് വീട്ടിൽ പോയി; കന്യാസ്ത്രീക്കും വീട്ടുകാർക്കുമെതിരെ പരാതി നൽകിയത് കുറവിലങ്ങാട്ടെ കന്യാസ്ത്രീ നൽകിയ പരാതിയിൽ വത്തിക്കാൻ നടപടി ഉറപ്പായപ്പോൾ; പീഡന ആരോപണത്തിൽ കുടുങ്ങിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആളു ചില്ലറക്കാരൻ അല്ലെന്നു ആദ്യ സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പീഡനക്കേസിൽ ആരോപണവിധേയനായ ജലന്ധർ രൂപതാധ്യക്ഷൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആളു ചില്ലറക്കാരനല്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് ബിഷപ്പ് പൊലീസിൽ കന്യാസ്ത്രീയ്ക്കും കുടുംബത്തിനുമെതിരെ പരാതി പറഞ്ഞതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കന്യാസ്ത്രീക്കെതിരേ നടപടിയെടുക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തതിലുള്ള വൈരാഗ്യം മൂലം പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാൽ, പീഡനത്തെക്കുറിച്ച് ഒരുവർഷം മുമ്പേ സഭാ അധികൃതർക്കു കന്യാസ്ത്രീ പരാതി നൽകിയിരുന്നെന്നു വ്യക്തമായി. അതായത് ബിഷപ്പിനെതിരെ ഉചിതമായ നടപടികൾ ആവശ്യപ്പെട്ടാണ് കന്യാസ്ത്രീ പരാതി നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

2017 ഓഗസ്റ്റിൽത്തന്നെ എറണാകുളത്തെ സിറോ മലബാർ സഭാ ആസ്ഥാനത്തു കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു കന്യാസ്ത്രീ പരാതി നൽകിയിരുന്നു. ബംഗളുരുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സി.ബി.സിഐ. സമ്മേളനത്തിനിടെ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും പരാതി നൽകി. മാതാപിതാക്കൾ, സഹോദരൻ, സഹപ്രവർത്തകരായ കന്യാസ്ത്രീകൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമാണു രണ്ടിടത്തും പരാതി നൽകിയത്. വത്തിക്കാൻ സ്ഥാനപതി മാർപാപ്പായ്ക്കു പരാതി കൈമാറി. തുടർനടപടികളുടെ ഭാഗമായുള്ള അന്വേഷണം വത്തിക്കാനിൽ പുരോഗമിക്കുകയാണ്. ബിഷപ്പിനെ പുറത്താക്കാൻ മാർപ്പാപ്പ ഉടൻ തീരുമാനം എടുക്കുമെന്നാണ് സൂചന. മാർ ആലഞ്ചേരിയും പരാതി വത്തിക്കാന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ഈ വിഷയത്തിൽ ജലന്ധർ ബിഷപ്പിനെതിരെ നടപടിയെടുക്കാൻ ആലഞ്ചേരിക്ക് കഴിയില്ല. ആലഞ്ചേരി സീറോ മലബാർ സഭയുടെ അധ്യക്ഷനാണ്. പീഡനാരോപണം നേരിടുന്ന ബിഷപ്പ് ലത്തിൻ കത്തോലിക്കാ സഭയുടെ പ്രതിനിധിയും.

പരാതിക്കാരിക്കൊപ്പം മറ്റു നാലു കന്യാസ്ത്രീകൾകൂടി ബിഷപ്പിനെതിരെ ആരോപണം ഉയർത്തുന്നുണ്ട്. നൂറിൽത്താഴെ അംഗങ്ങൾ ഉൾപ്പെട്ടതാണു ജലന്ധർ രൂപതയ്ക്കു കീഴിലുള്ള സന്യാസിനീസമൂഹം. ബിഷപ്പിന്റെ ഉപദ്രവം മൂലം ഇവരിൽ 18 പേർ ശിരോവസ്ത്രം ഉപേക്ഷിച്ചു. അഞ്ചു മഠങ്ങൾ പൂട്ടുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഇതെല്ലാം വിശദീകരിച്ചാണ് കന്യാസ്ത്രീകൾ പരാതി നൽകിയത്. കന്യാസ്ത്രീയുടെ പരാതിയിൽ ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം എന്നിവയ്ക്കാണു ബിഷപ്പിനെതിരേ കേസെടുത്തത്. പരാതി നൽകേണ്ടയിടങ്ങളിൽ നൽകിയെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും കന്യാസ്ത്രീ മാധ്യമങ്ങളോടു പറഞ്ഞു. വൈക്കം ഡിവൈ.എസ്‌പി: സുഭാഷ് ഇന്നു രാവിലെ 10-നു മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുക്കും. അന്വേഷണസംഘം ജലന്ധറിലേക്കും പോകും.

കൂടുതൽ പരാതികൾ ഉയരുമെന്നു വ്യക്തമായതോടെ ബിഷപ് കൊലപാതകഭീഷണി സ്വയം ആസൂത്രണം ചെയ്തതാണെന്നു പൊലീസ് സംശയിക്കുന്നു. കന്യാസ്ത്രീകളെല്ലാം നിലപാടിൽ ഉറച്ചു നിന്നാൽ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്യും. അതേസമയം, ബിഷപ്പിനെതിരായ പരാതിയും തുടർനടപടികളും അട്ടിമറിക്കാൻ പൊലീസിനുമേൽ ഉന്നതതലസമ്മർദമുണ്ടായതായി സൂചനകളും പുറത്തുവരുന്നു. ഭരണതലത്തിലുള്ള ഉന്നതന്റെ നിർദ്ദേശപ്രകാരം ഐ.പി.എസിലെ ഒരു വിവാദനായകനാണു കേസിൽ പലതവണ ഇടപെട്ടത്. തെളിവുകൾ ശക്തമായതിനാൽ പൊലീസ് ബിഷപ്പിനെതിരേ നടപടികളിലേക്കു നീങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേയും അറിവും സമ്മതത്തോടെയുമാണ് നീക്കങ്ങൾ.

ഭരണകക്ഷിയുടെ ദേശീയനേതാവും സംസ്ഥാനനേതാവുമായി ബിഷപ്പിന് അടുപ്പമുണ്ട്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികൾ വൈകിപ്പിക്കാൻ ശക്തമായ സമ്മർദമുണ്ട്. ജലന്ധർ രൂപതയിൽനിന്നുള്ള രണ്ടു വൈദികർ ആഴ്ചകളായി കോട്ടയം ജില്ലയിൽ ഒത്തുതീർപ്പുശ്രമങ്ങളുമായി രംഗത്തുണ്ടായിരുന്നു. അതിനിടെ താൻ മാനഭംഗപ്പെടുത്തിയെന്ന് കന്യാസ്ത്രീ പരാതിപ്പെട്ടത് പ്രതികാര നടപടിയുടെ ഭാഗമായാണെന്ന് ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോഴും പറയുന്നു. 2016-ൽ ഈ കന്യാസ്ത്രീയുടെ പേരിൽ ഗുരുതരമായ ആരോപണമുണ്ടായപ്പോൾ അവർക്കെതിരേ നടപടിയെടുത്തിരുന്നുവെന്ന് ബിഷപ് ഫ്രാങ്കോ ഒരു ദൃശ്യമാധ്യമത്തിനോടു പ്രതികരിച്ചു. ഇതിന്റെ പ്രതികാരമായാണ് അവർ തനിക്കെതിരേ പീഡന ആരോപണം ഉന്നയിച്ചത്.

തനിക്കെതിരേ വധഭീഷണിയുണ്ടെന്നുള്ള പരാതിയും കന്യാസ്ത്രീയ്ക്ക് എതിരേ ഉണ്ടായ ആരോപണത്തിന്റെ വിവരങ്ങളും കോട്ടയം എസ്‌പിക്ക് നൽകിയിട്ടുണ്ടെന്ന് ബിഷപ് ഫ്രാങ്കോ പറഞ്ഞു. താൻ നിയമവ്യവസ്ഥയെ അംഗീകരിക്കുന്ന വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സത്യം ജനങ്ങൾ അറിയട്ടെ. ഏതു നിയമനടപടിയും നേരിടാൻ തയാറാണ്. കേസോ അറസ്റ്റോ എന്തു നടന്നാലും താൻ നിയമനടപടിക്കു വഴങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടുവർഷത്തിനിടെ 13 തവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് ഇരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ പരാതി. കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിൽ രണ്ടുവർഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീ പൊലീസിന് നൽകിയ മൊഴി. 2014 മെയ്‌ മാസം എറണാകുളത്ത് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടർന്ന് രണ്ടുവർഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീ മൊഴി നൽകിയിരിക്കുന്നതും. ബിഷപ്പ് കേരളത്തിൽ താമസത്തിനെത്തുമ്പോൾ കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ എത്തും. ഈ സമയത്തായിരുന്നു പീഡനം. ബിഷപ്പിന്റെ കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. ഇവിടെ ബിഷപ്പ് സ്ഥിരമായി എത്തിയിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പീഡനം തുടർന്നതോടെ കന്യാസ്ത്രീ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് പരാതി നൽകി. ഇതോടെ പൊലീസിൽ പരാതിപ്പെടാതിരിക്കാൻ സമ്മർദ്ദങ്ങളും ഉണ്ടായി. വീണ്ടും മാനസിക പീഡനങ്ങളും തുടർന്നു.ഇതിനിടെ ഒത്തുതീർപ്പ് ചർച്ചയ്ക്കായി ബിഷപ്പ് കുറവിലങ്ങാട്ട് എത്തിയപ്പോൾ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി എന്ന് കാട്ടി രണ്ടുവൈദികർ കന്യാസ്ത്രീക്കെതിരെ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകി. കന്യാസ്ത്രീയുടെ നേതൃത്വത്തിൽ തന്നെ വധിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ഇതോടെ കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP