Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റേഷൻ വെട്ടിപ്പ് തടയാൻ വിജിലൻസ്: ചോരുന്ന വഴി കണ്ടെത്താൻ സംസ്ഥാനമൊട്ടാകെ സർവേ: സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും: നടപ്പിലായാൽ സംസ്ഥാനത്തിന്റെ റേഷൻ വിഹിതം ഗണ്യമായി കുറയും

റേഷൻ വെട്ടിപ്പ് തടയാൻ വിജിലൻസ്: ചോരുന്ന വഴി കണ്ടെത്താൻ സംസ്ഥാനമൊട്ടാകെ സർവേ: സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും: നടപ്പിലായാൽ സംസ്ഥാനത്തിന്റെ റേഷൻ വിഹിതം ഗണ്യമായി കുറയും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റേഷൻ കടക്കാരെ കുറിച്ചുള്ള പരാതി പറഞ്ഞ് മടുത്ത നാട്ടുകാർക്ക് ഇനി ആശ്വസിക്കാം. റേഷൻ സാധനങ്ങൾ ചോരുന്ന വഴി കണ്ടെത്താൻ വിജിലൻസ് രംഗത്ത് വന്നു കഴിഞ്ഞു. കേൾക്കുമ്പോൾ സങ്കീർണമെന്ന് തോന്നുമെങ്കിലും നടപ്പായാൽ കരിഞ്ചന്തയും പകൽക്കൊള്ളയും ശാശ്വതമായി അവസാനിപ്പിക്കുന്നതാകും കേരളത്തിലെ റേഷനിങ് സംവിധാനം.

റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്കും ബംഗാളികളിലേക്കും ചോരുന്ന വഴി കണ്ടെത്താൻ വിജിലൻസ് സംസ്ഥാനമൊട്ടാകെ സർവേ ആരംഭിച്ചു കഴിഞ്ഞു. ഒരു ജില്ലയിൽ, ഒരു താലൂക്കിലെ ഒരു റേഷൻ കട വീതമാണ് സർവേ പരിധിയിൽ ഉൾപ്പെടുക. തെരഞ്ഞെടുക്കുന്ന കടയിൽ ഉൾപ്പെട്ട മുഴുവൻ കാർഡുടമകളെയും വീടുകളിൽ ചെന്ന് കാണും. അവരുടെ കാർഡ് പരിശോധിക്കും. എന്തൊക്കെ സാധനങ്ങൾ ഓരോ മാസവും വാങ്ങുന്നുവെന്ന് മനസിലാക്കും. ഇത് അനുസരിച്ച് റേഷൻ കടയിൽ എത്തി ആ കാർഡുടമയ്ക്ക് വിതരണം ചെയ്തതായി ലഡ്ജറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പരിശോധിക്കും. ഇത് കാർഡിൽ പതിച്ചിട്ടുള്ളതുമായി ഒത്തു നോക്കും. ഒപ്പം, കൊടുത്ത സാധനത്തിന് ബിൽ എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് കാർഡ് ഉടമയ്ക്ക് നൽകിയിട്ടുണ്ടോ? എന്നിവയാണ് പരിശോധിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ തന്നെ കാർഡുടമയ്ക്ക് യഥാർഥത്തിൽ റേഷൻ സാധനങ്ങൾ കിട്ടിയിട്ടുണ്ടോ എന്ന് മനസിലാകും.

നിലവിൽ റേഷൻ സാധനങ്ങൾ വാങ്ങുന്ന കാർഡുടമകൾ വളരെ കുറവാണ്. ഭൂരിപക്ഷം, വരുന്ന റേഷൻ വാങ്ങാതിരിക്കുന്ന, കാർഡുടമയുടെ പേരിൽ അവർക്കുള്ള വിഹിതം രേഖപ്പെടുത്തിയ ശേഷം കരിഞ്ചന്തയിലോ, അന്യസംസ്ഥാന തൊഴിലാളികൾക്കോ അല്ലെങ്കിൽ റേഷൻ കടയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്വന്തം കടയിലേക്കോ സാധനങ്ങൾ വിൽക്കുകയാണ് ചെയ്യുന്നത്. മിക്ക റേഷൻ കടയുടമകൾക്കും കടയോട് ചേർന്ന് സ്വന്തമായി മറ്റൊരു പലചരക്ക് കട കാണും. ഇവിടെ വിൽക്കുന്നതിൽ ഏറെയും റേഷൻ സാധനങ്ങളുമാണ്. കാർഡും റേഷൻ കടയിലെ ലഡ്ജറും ഒത്തുനോക്കുമ്പോൾ തന്നെ റേഷൻ സാധനങ്ങൾ കൊള്ളയടിക്കപ്പെടുന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാകും.

സംസ്ഥാനത്ത് എല്ലാ റേഷൻ കടകളിലും ഇതു തന്നെ സംഭവിക്കുന്നതു കൊണ്ടാണ് സാമ്പിളായി ഒരു ജില്ലയിൽ ഒന്നു വീതം പഠന വിധേയമാക്കുന്നത്. ഇതിന്റെ റിപ്പോർട്ട് ഓരോ ജില്ലയിൽ നിന്നും ലഭിച്ചാലുടൻ അത് ക്രോഡീകരിച്ച് അഭിപ്രായവും രേഖപ്പെടുത്തി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ ബയോമെട്രിക് സംവിധാനം റേഷനിങ്ങിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സബ്‌സിഡി ആധാർ വഴി ബാങ്കിലേക്ക് എത്തിക്കും. ഇതിനായി കാർഡിൽ ഉള്ള മുഴുവൻ ആൾക്കാരുടെയും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും. കടയിലെത്തി വിരൽ പതിച്ചെങ്കിൽ മാത്രമേ റേഷൻ സാധനങ്ങൾ ലഭിക്കൂവെന്ന രീതിയിലാകും കാര്യങ്ങളുടെ പോക്ക്.

ഈ സംവിധാനം നടപ്പാക്കുന്നതോടെ റേഷൻ സാധനങ്ങളുടെ വിഹിതത്തിൽ വൻ കുറവ് തന്നെ വരുമെന്നാണ് കണക്ക് കൂട്ടുന്നത്. റേഷൻ വാങ്ങാത്താവരാണ് കൂടുതൽ. ഇത് കൃത്യമായി മനസിലാകുകയും ചെയ്യും. പിന്നീട് കടക്കാർക്ക് കരിഞ്ചന്തയിലേക്ക് സാധനങ്ങൾ കടത്താൻ കഴിയാതെ വരികയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP