Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരിവില റിക്കാർഡ് വേഗത്തിൽ കുതിക്കുന്നു; റേഷൻവിതരണം പാടേ താളം തെറ്റി; ഗോഡൗണുകളിൽനിന്നു അരിയിറക്കുന്ന കാര്യത്തിൽ സിഐടിയുവിന്റെ തോന്നാസ്യവും കൂടിയായപ്പോൾ സംസ്ഥാനത്തു ഭക്ഷ്യപ്രതിസന്ധി ഗുരുതരം

അരിവില റിക്കാർഡ് വേഗത്തിൽ കുതിക്കുന്നു; റേഷൻവിതരണം പാടേ താളം തെറ്റി; ഗോഡൗണുകളിൽനിന്നു അരിയിറക്കുന്ന കാര്യത്തിൽ സിഐടിയുവിന്റെ തോന്നാസ്യവും കൂടിയായപ്പോൾ സംസ്ഥാനത്തു ഭക്ഷ്യപ്രതിസന്ധി ഗുരുതരം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അരിക്ക് റിക്കോർഡ് വിലയും ദൗർലഭ്യവും. റേഷൻ വിതരണം പാടെ താളം തെറ്റി.സംസ്ഥാനത്തെ ഭക്ഷ്യപ്രതിസന്ധി അതീവഗുരുതരമെന്നും സൂചന.

പൊതുവിപണണിയിലെ അരിവില അനുദിനം കുതിക്കുകയാണ്. ഏറ്റവും നിലവാരം കുറഞ്ഞ അരിക്ക് 33 രൂപയും ഉയർന്ന നിലവാരമുള്ള അരിക്ക് 38 മുതൽ 50 രൂപ വരെയുമാണ് വില. നിറപറ, പവിഴം തുടങ്ങി ബ്രാന്റഡ് കമ്പിനികളുടെ അരിക്ക് കാര്യമായ ദൗർലഭ്യം നേരിടുന്നുണ്ടെന്നാണ് മൊത്ത വിതരണ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ അരി വില ഇനിയും ഉയരുമെന്നും വ്യാപാരികൾ വ്യക്തമാക്കി.

റേഷൻ വിതരണം നിലച്ചതിനെത്തുടർന്ന് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതാണ് പൊതുവിപണിയിൽ അരിവില ഉയരാൻ പ്രധാനകാരണം. സർക്കാർ കണക്കിൽ സംസ്ഥാനത്തുള്ളത് 34 ലക്ഷം അന്യസംസ്ഥാനതൊഴിലാളികളാണ്. യഥാർത്ഥത്തിൽ ഇത് 54 ലക്ഷത്തോളമുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇവരിലേറെപ്പേരും റേഷൻകടകളിൽ നിന്നുമാണ് അരി തരപ്പെടുത്തിയിരുന്നത്. കാർഡ് ഉടമകൾ വാങ്ങാത്ത അരിയും മറ്റ് റേഷൻ സാധനങ്ങളും പൊതുവിപണിയേക്കാൾ വിലകുറച്ച് റേഷൻ വ്യാപാരികൾ ഇക്കൂട്ടർക്ക് വിൽപ്പന നടത്തുന്നത് പതിവായിരുന്നു. ഇത് ലഭിക്കാതായതോടെ ഇവരും പൊതുവിപണിയിൽ നിന്നും അരിവാങ്ങാൻ നിർബന്ധിതരായി.

അന്യസംസ്ഥാന തൊഴിലാളികളും റേഷൻ കടകളിൽ നിന്നും സൗജന്യമായി അരി ലഭിച്ചിരുന്നവരും ഇതരവിഭാഗങ്ങളും അരിവാങ്ങാൻ പൊതുവിപണിയെ ആശ്രയിക്കുമെന്നു ബോദ്ധ്യപ്പെട്ടപ്പോൾ അരിവിൽപ്പന കമ്പനികൾ ഉത്പ്പന്നങ്ങൾക്ക് തോന്നുന്ന വില നിശ്ചയിക്കുന്ന അവസ്ഥ സംജാതമായി. ഇത് നിയന്ത്രിക്കേണ്ട സംസ്ഥാന ഭരണനേതൃത്വം തിരിഞ്ഞുനോക്കാതിരുന്നതും ഇക്കൂട്ടർക്ക് ഗുണകരമായതായിട്ടാണ് പൊതുവേയുള്ള വിലയിരുത്തൽ.

കേരളപ്പിറവിക്ക് ശേഷം ആദ്യമായിട്ടാണ് സംസ്ഥാനം ഇത്ര വലിയ ഭക്ഷ്യപ്രതിസന്ധി നേരിടുന്നത്. പറവൂർ പോലുള്ള തീരദേശ മേഖലകളിൽ റേഷൻ കടകൾ വഴി നാമമാത്രമായി പോലും അരി വിതരണം ചെയ്തിട്ടില്ലെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം. എറണാകുളം ജില്ലയിൽ 27 ശതമാനം റേഷൻ വിഹിതമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളുവെന്നും മലബാർ മേഖലയിൽ ഇത് 65-70 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്നുമാണ് റേഷൻ വ്യാപാരി സംഘടനാനേതാക്കൾ നൽകുന്ന വിവരം.

അരിക്ക് പുറമേ കാര്യകാരണങ്ങൾ ഇല്ലാതെ മറ്റ് നരവധി വസ്തുക്കൾക്കും പൊതുവിപണിയിൽ വിലവർദ്ധിക്കുന്നുണ്ട് . ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കിയതും ഒപ്പം നോട്ടുനിരോധനവും വന്നതോടെ സംസ്ഥാനത്ത് പട്ടിണിക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം. ഇതുസംമ്പന്ധിച്ച് സർവ്വേ നടത്തി ഇത്തരക്കാർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചില്ലെങ്കിൽ കേരളത്തിലും സോമാലിയ മൊഡൽ മരണങ്ങൾ റിപ്പോർട്ടുചെയ്യപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

മുന്നൊരുക്കങ്ങളില്ലാതെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയതാണ് റേഷൻവിതരണ രംഗത്തെ ഇന്നത്തെ പ്രതിസന്ധിയുടെ മുഖ്യകാരണം. മൊത്തവ്യാപാരികളെ വിതരണശ്യംഖലയിൽ നിന്ന് ഒഴിവാക്കിയാണ് പദ്ധതി നടപ്പിലാക്കേണ്ടത്. എന്നാൽ ഇപ്പോൾ ഇക്കൂട്ടരുടെ കാലുപിടിച്ച് ഇവരുടെ ഗോഡൗണുകളിലാണ് ഭക്ഷ്യവകുപ്പ് റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്നത്. എഫ് സി ഐ ഗോഡൗണുകളിലെ പ്രമുഖ തൊഴിലാളി യൂണിയൻ സി ഐ ടി യുവിന്റേതാണ്. ഇപ്പോഴത്തെ ഭക്ഷ്യമന്ത്രി പറഞ്ഞാൽ യൂണിയൻ നേതാക്കൾ വകവയക്കാറില്ലന്നും ഇതുമൂലം ഇവിടെ നിന്നും അരിയെത്താൻ വൈകുന്നുണ്ടെന്നുള്ള പ്രചാരണവും ശക്തമായിട്ടുണ്ട്.

ഒ എം എസ് എസ്, എം എസ് പി എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി കേന്ദ്രം എത്ര ടൺ അരിവേണമെങ്കിലും സംസ്ഥാനത്തിന് നൽകാൻ തയ്യാറാണ്. ഈ അരിവാങ്ങി സബ്‌സിഡിയോടെയോ അല്ലാതെയോ വിതരണം ചെയ്തിരുന്നുവെങ്കിൽ ഇന്നത്തെ അതീവഗുരുതരമായ ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവിൽ നൂറു കോടിയിൽപ്പരം രൂപ റേഷൻകടക്കാർക്ക് കമ്മീഷൻ കുടിശികയുണ്ട്. കഴിഞ്ഞ ഏഴുമാസമായി ഈ ഇനത്തിൽ ഒരു രൂപപോലും നൽകിയിട്ടില്ല. കമ്മീഷൻ വ്യവസ്ഥ പരിഷ്‌കരിക്കണമെന്നാണ് ഇപ്പോൾ റേഷൻ ഷോപ്പ് ഉടമകളുടെ ആവശ്യം. ക്വിന്റലിന് 300 രൂപയാണ് ഇവർ കമ്മീഷൻ ആവശ്യപ്പെടുന്നത്. ഇതിന് പുറമേ റേഷൻ കടകളിൽ സാധനങ്ങൾ എത്തിച്ചുനൽകി, അനുബന്ധചിലവുകളും സർക്കാർ വഹിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഈ ആവശ്യമുന്നയിച്ച് ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള റേഷൻകടക്കാരുടെ സംഘടനകൾ ഉടൻ സമരരംഗത്തേക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് ഇപ്പോൾ നാമമാത്രമായി നിലവിലുള്ള റേഷൻ വിതരണം കൂടി സ്തംഭിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP