Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരിച്ചറിവുകൾ ഉണ്ടാകുന്നത് ദുരിതമെത്തുമ്പോൾ മാത്രം; സുഹൃത്തിന്റെ മകൻ മരിച്ചപ്പോൾ കുത്തിവയ്‌പ്പിൽ എതിർപ്പ് മാറിയെ അച്ഛന്റെ കഥ ഇങ്ങനെ: വാക്‌സിനേഷനെ ജനകീയമാക്കാൻ ഡോക്ടർമാരും; മലപ്പുറത്തെ ബോധവൽക്കരിക്കാൻ ഹൃസ്വചിത്രം

തിരിച്ചറിവുകൾ ഉണ്ടാകുന്നത് ദുരിതമെത്തുമ്പോൾ മാത്രം; സുഹൃത്തിന്റെ മകൻ മരിച്ചപ്പോൾ കുത്തിവയ്‌പ്പിൽ എതിർപ്പ് മാറിയെ അച്ഛന്റെ കഥ ഇങ്ങനെ: വാക്‌സിനേഷനെ ജനകീയമാക്കാൻ ഡോക്ടർമാരും; മലപ്പുറത്തെ ബോധവൽക്കരിക്കാൻ ഹൃസ്വചിത്രം

എം എസ് സനിൽകുമാർ

തിരുവനന്തപുരം: വാക്‌സിനേഷൻ എടുത്തതുകൊണ്ട് കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന വ്യാജപ്രചരണങ്ങൾക്കെതിരെ ഡോക്ടർമാർ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പ്രതിരോധ കുത്തിവയ്‌പ്പിനെതിരെയുള്ള പ്രചരണം ശക്തമായ സാഹചര്യത്തിൽ ഇതിനു തടയിടാനും ബോധവൽക്കരണം കാര്യക്ഷമമാക്കാനും വേണ്ടിയാണ് ശിശുരോഗവിദഗ്ധരായ ഡോക്ടർമാർ ഹ്രസ്വസിനിമ തയ്യാറാക്കിയത്.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക് (ഐ എ പി) കേരള ഘടകമാണ് തിരിച്ചറിവ് എന്ന പേരിൽ പത്തുമിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ സിനിമ തയ്യാറാക്കിയത്. കുത്തിവയ്‌പ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാൻ ഈ സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രദർശിപ്പിക്കും. കൂടാതെ പൊതുസ്ഥലങ്ങൾ, തീയേറ്റർ, ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും പ്രദർശനം നടക്കും. ആശുപത്രികളിൽ പ്രദർശനം നടത്താനും പദ്ധതിയുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത് ഐഎപി കോട്ടയം ബ്രാഞ്ചിന്റെ സെക്രട്ടറിയും കുടമാളൂർ കിംസ് ആശുപത്രിയിലെ പീഡിയാട്രീഷ്യനുമായ ഡോ. ജിസ് തോമസ് പാലൂക്കുന്നേൽ ആണ്. യൂടൂബിൽ റിലീസ് ചെയ്ത ചിത്രം ഇതിനകം ആയിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.

കുട്ടികൾക്ക് വാക്‌സിനുകൾ നൽകുന്നത് ഗുരുതര പ്രശ്‌നമാകുന്ന തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളായ ഫേസ്‌ബുക്ക്, വാട്ട്‌സ് അപ്പ് തുടങ്ങിയവയിലൂടെ വ്യാജപ്രചരണങ്ങൾ ശക്തമായിരുന്നു. ഇതിന് മറുപടിയായാണ് തിരിച്ചറിവ് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം. ഇടത്തരം കുടംബത്തിൽ നടക്കുന്ന സംഭവമായിട്ടാണ് ചിത്രം തുടങ്ങുന്നത്. ഗൃഹനാഥൻ കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിന് എതിർപ്പുള്ളയാളാണ്. എന്നാൽ ദിവസങ്ങൾക്ക് ശേഷം തന്റെ സുഹൃത്തിന്റെ കുട്ടി വാക്‌സിനേഷൻ എടുക്കാത്തതിനാൽ ഡിഫ്തീരിയ ബാധിച്ച് മരിച്ചുവെന്ന് അറിയാൻ ഇടയാകുന്നു. തുടർന്ന് തന്റെ മകളോടൊപ്പം ഡോക്ടറുടെ അടുത്തെത്തി മകൾക്ക് വാക്‌സിനേഷൻ നൽകുന്നതാണ് ജാക്‌സൺ മാത്യു പ്ലാക്കിത്തൊട്ടിൽ സംവിധാനം ചെയ്ത പത്ത് മിന്നിട്ട് ധൈർഘ്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം.

സ്‌കൂൾകുട്ടികൾക്കുണ്ടാകുന്ന പകർച്ചവ്യാധികൾ ഒരു പരിധി വരെ തടയാൻ സാധിച്ചത് സ്‌കൂളുകളിലൂടെ ഫലപ്രദമായി നടപ്പാക്കുന്ന വാക്‌സിനേഷൻ മൂലമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. വാക്‌സിൻ എടുക്കാത്ത എല്ലാ കുട്ടികളേയും പകർച്ചവ്യാധികൾ ബാധിക്കും. വാക്‌സിനേഷൻ എടുക്കുകവഴിയാണ് പകർച്ചവ്യാധികളുടെ കണ്ണികൾ മുറിയുന്നത്. വാക്‌സിനേഷൻ കൊടുക്കാത്ത കുട്ടികളുടെ എണ്ണം കൂടുന്തോറും അത്തരം സംരക്ഷണമില്ലാതാകും. മലപ്പുറത്ത് ഡിഫ്തീരിയ പടർന്നത് ഇങ്ങനയാണെന്ന് ഡോക്ടർ ജിസ് തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതിരോധ കുത്തിവയ്‌പ്പുകൾക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രചരണമാണ് നടക്കുന്നത്.

തെറ്റിദ്ധാരണാജനകമായ ഇത്തരം പ്രചരണങ്ങൾ കാരണം ഗ്രാമപ്രദേശങ്ങളിൽ കുത്തിവയ്‌പ്പിനെ അവഗണിക്കുന്ന സാഹചര്യമുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം പേർ പ്രതിരോധ കുത്തിവയ്‌പ്പുകളോട് പുറംതിരിഞ്ഞ് നിൽക്കുന്നത്. അതിനാൽ തന്നെ 2008 മുതൽ ഡിഫ്തീരിയ ബാധിച്ച് അഞ്ചുപേരാണ് ജില്ലയിൽ മരിച്ചത്. ഇവരെല്ലാവരും കുത്തിവയ്‌പ്പെടുക്കാത്തവരാണ്. ഇതിനുപുറമെ വാക്‌സിനേഷൻ കൊണ്ട് തടയാവുന്ന രോഗങ്ങളായ ടെറ്റനസ് ബാധിച്ച് 13 കുട്ടികളും മീസിൽസ് ബാധിച്ച് 13 പേരും മസ്തിഷ്‌കാണുബാധ മൂലം ഒരു കുട്ടിയും മരിച്ചെന്നാണ് കണക്ക്. പ്രതിരോധ കുത്തിവയ്‌പ്പ് മൂലം ഇല്ലാതാക്കാവുന്ന രോഗം തിരിച്ചുവന്നത് ആരോഗ്യരംഗത്തെ ആശങ്കയിലാക്കിയിരുന്നു. ഇതിനെ തുടർന്ന് മിഷൻ ഇന്ദ്രധനുസ് എന്ന പേരിൽ പ്രത്യേക കാമ്പയിൻ ജില്ലയിൽ നടന്നെങ്കിലും ലക്ഷക്കണക്കിന് കുട്ടികൾ ഇനിയും കുത്തിവയ്‌പ്പ് എടുക്കാത്തവരാണ്.

ഇപ്പോഴും വ്യാജപ്രചരണം തുടരുകയുമാണ്. മാത്രമല്ല സ്‌കൂളിൽ ചേർക്കാൻ കുത്തിവയ്‌പ്പ് എടുത്തതിന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് സർക്കാർ നിലപാടെടുക്കുക കൂടി ചെയ്തതോടെ കുത്തിവയ്‌പ്പ് വിരുദ്ധർ കൂടുതൽ വ്യാജപ്രചരണങ്ങളുമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ശിശുരോഗവിദഗ്ധരുടെ നേതൃത്വത്തിൽ നൂതന ബോധവൽക്കരണ പദ്ധതികൾ ആസൂത്രണം ചെയ്തത്. കുത്തിവയ്‌പ്പ് ഔദാര്യമല്ല കുട്ടികളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്നതാണ് തിരിച്ചറിവ് എന്ന സിനിമ. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മെഡിക്കൽ ക്യാമ്പുകളിലും സർക്കാരുമായി ബന്ധപ്പെട്ട് തീയേറ്ററുകളിൽ സിനിമയ്ക്ക് മുമ്പായും ഈ ബോധവൽക്കരണ ചിത്രം പ്രദർശിപ്പിക്കും. സ്‌കൂളുകളിൽ അമ്മമാർക്കായി ഐഎപി നടത്തുന്ന ആരോഗ്യബോധവൽക്കരണ ക്ലാസുകളുടെ ഭാഗമായും ചിത്രം പ്രദർശിപ്പിക്കും.

ഡോ. ജിസ് തോമസിനെ കൂടാതെ ഐഎപി കോട്ടയം വൈസ് പ്രസിഡന്റ് ഡോ. സുനുജോൺ, ഡോ. ജിബിൻ കെ തോമസ്, ഡോ. ബുൾബുൾ സൂസൻ, നെൽസൺ, അനീറ്റ സെബാഷ്, മരിയാ സെബാഷ്, പ്രിസ്‌കാ സെബാഷ്, രശ്മിരാജ് എന്നിവരാണ് ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP