Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി നഴ്സുമാരെ തേടി ലണ്ടന് പിന്നാലെ മാഞ്ചസ്റ്റർ ഹോസ്പിറ്റലും കേരളത്തിലേക്ക്; ഇംഗ്ലീഷ് യോഗ്യത ഉണ്ടെങ്കിൽ സൗജന്യ വിമാന ടിക്കറ്റു അടക്കമുള്ള ഓഫറുകളോടെ യുകെയിലെത്താം; മൂന്നു മാസത്തിനിടയിൽ രണ്ടാം തവണ കൊച്ചിയിൽ റിക്രൂട്ടിങ്; അവസരം മുതലാക്കാൻ ഏജൻസികളും

മലയാളി നഴ്സുമാരെ തേടി ലണ്ടന് പിന്നാലെ മാഞ്ചസ്റ്റർ ഹോസ്പിറ്റലും കേരളത്തിലേക്ക്; ഇംഗ്ലീഷ് യോഗ്യത ഉണ്ടെങ്കിൽ സൗജന്യ വിമാന ടിക്കറ്റു അടക്കമുള്ള ഓഫറുകളോടെ യുകെയിലെത്താം; മൂന്നു മാസത്തിനിടയിൽ രണ്ടാം തവണ കൊച്ചിയിൽ റിക്രൂട്ടിങ്; അവസരം മുതലാക്കാൻ ഏജൻസികളും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നഴ്‌സുമാരുടെ ക്ഷാമം അതി രൂക്ഷമായതിനെ തുടർന്ന് ബ്രിട്ടനിലെ ആശുപത്രികൾ ഒന്നിന് പിന്നാലെ ഒന്നായി ജീവനക്കാരെ തേടി കേരളത്തിൽ എത്തുന്നു. മികച്ച യോഗ്യതയുള്ള നേഴ്‌സ്മാരെ ബ്രിട്ടനിലും മറ്റു വിദേശ രാജ്യങ്ങളിലും കണ്ടെത്താൻ കഴിയാതെ വന്നതോടെ മലയാളി നേഴ്‌സുമാരുടെ സേവന താൽപ്പര്യം തിരിച്ചറിഞ്ഞാണ് മൂന്നു മാസത്തിനിടെ രണ്ടാം തവണയും കൊച്ചിയിൽ റിക്രൂട്ട് നടക്കുന്നത്. ബ്രെക്‌സിറ്റ് സംഭവിച്ചതോടെ യൂറോപ്യൻ യൂണിയൻ നേഴ്‌സ്മാർ ബ്രിട്ടനിൽ എത്താൻ മടിക്കുന്നതും ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ മുന്നിൽ നിൽക്കുന്ന ഫിലിപ്പിനോ നഴ്‌സ്മാർ അമേരിക്കയിൽ വീണ്ടും റിക്രൂട്ട് ആരംഭിച്ചതിനെ തുടർന്ന് ബ്രിട്ടനേക്കാൾ താൽപ്പര്യം അമേരിക്കയോട് കാണിക്കുന്നതുമാണ് പ്രത്യക്ഷത്തിൽ മലയാളി നഴ്‌സ്മാർക്കു ഗുണകരമായി മാറുന്നത്.

ഇന്ത്യയിൽ റിക്രൂട്ട് നടത്തുന്നതിന് മുൻപ് കഴിഞ്ഞ രണ്ടു വർഷമായി ഫിലിപ്പീൻസിൽ എത്തി തുടരെ തുടരെ റിക്രൂട്ട് നടത്താൻ ശ്രമിച്ച ടസ്റ്റുകൾക്കു ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാതെ വന്ന സാഹചര്യമാണ് കേരളത്തിലേക്ക് ശ്രദ്ധ തിരിയാൻ കാരണം. മിക്ക റിക്രൂട്ട് വേളകളിലും റീലൊക്കേഷൻ അലവൻസ് ആയി 81,000 രൂപ വരെ ഓഫർ ചെയ്യുന്നുണ്ട് കൂടെ വിമാന ടിക്കറ്റും. എന്നാൽ ഇതൊരു വമ്പൻ അവസരമായി കണ്ടറിഞ്ഞു പതിവ് പോലെ നിരവധി സ്വകാര്യ ഏജൻസികളും രംഗത്ത് എത്തിയിട്ടുണ്ട്. എൻ എച്ച് എസ് നടത്തുന്ന റിക്രൂട്ട് തങ്ങൾ വഴി ആണെന്ന് കാണിക്കാനുള്ള ശ്രമം ആണ് സ്വകാര്യ ഏജൻസികൾ നടത്തുന്നത്. റിക്രൂട്ട് നടക്കുന്ന ഹോട്ടലിൽ ഉദ്യോഗാർത്ഥിയെ എത്തിക്കുന്നതോടെ ചുമതല അവസാനിച്ച ഏജൻസികൾ ജോലി ലഭിച്ചത് തങ്ങളുടെ നേട്ടമായി ചിത്രീകരിച്ചു പണം ഈടാക്കാൻ ശ്രമം തുടങ്ങിയതായും വിവരം ലഭിച്ചു.

അടുത്ത മാസം പകുതിയോടെയാണ് മാഞ്ചസ്റ്റർ ഹോസ്പിറ്റൽ ട്രസ്റ്റിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടക്കുന്നത്. എൻഎംസി രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങൾക്കു ട്രസ്റ്റ് സഹായമൊരുക്കും. വിമാന ടിക്കറ്റിന്റെ പണം പിന്നീട് മടക്കി നൽകുന്ന ട്രസ്റ്റ് ആദ്യ മൂന്നു മാസം സൗജന്യ താമസ സൗകര്യവും ഒരുക്കും. നവംബർ 12, 13, 14, 15 തീയതികളിൽ നടക്കുന്ന അഭിമുഖത്തിൽ വിജയികൾ ആകുന്നവരെ എത്രയും വേഗം യുകെയിൽ എത്തിക്കാൻ ട്രസ്റ്റ് തന്നെ മുൻകൈ എടുക്കും.

നേരത്തെ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ലണ്ടനിലെ ഏറ്റവും പ്രശസ്തമായ കിങ്‌സ് ഹോസ്പിറ്റൽ ട്രസ്റ്റ് എത്തി റിക്രൂട് നടത്തിയ ശേഷം മൂന്നു മാസത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ റിക്രൂട്ടിലൂടെ നൂറു കണക്കിന് മലയാളി നഴ്‌സ്മാർക്കു യുകെയിൽ എത്താൻ വഴി തെളിയുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29, 30 തീയതികളിൽ ആണ് ലണ്ടൻ കിങ്‌സ് ഹോസ്പിറ്റൽ ഹോട്ടൽ ക്രൗൺ പ്ലാസയിൽ റിക്രൂട്ട് നടത്തിയത്. ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരെയാണ് പ്രധാനമായും തിരഞ്ഞെടുക്കുക. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നായി 270 ഓളം നഴ്‌സ്മാരെയാണ് മാഞ്ചസ്റ്റർ ഹോസ്പിറ്റൽ ട്രസ്റ്റ് യുകെയിൽ എത്തിച്ചത്.

അതേ സമയം യുകെയിൽ ഏറ്റവും കൂടുതൽ യൂറോപ്യൻ നഴ്‌സ്മാർ എത്തുന്ന പോർച്ചുഗലിൽ നിന്നും കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ എത്തിയത് വെറും 15 നഴ്‌സ്മാർ മാത്രമാണ്. എന്നാൽ ബ്രെക്‌സിറ്റ് സംഭവിച്ചു കഴിഞ്ഞതോടെ പഴയതു പോലെ യൂറോപ്യൻ യൂണിയനിൽ നിന്നും ആൾ എത്തില്ല എന്ന് വ്യക്തമായ സാഹചര്യത്തിലാണ് മലയാളി നഴ്‌സ്മാരെ തേടി രംഗത്ത് എത്താൻ മാഞ്ചസ്റ്റർ ഹോസ്പിറ്റൽ അധികാരികളെ പ്രേരിപ്പിക്കുന്നത്.

നാണയ വിപണിയിൽ പൗണ്ട് യൂറോയോട് മത്സരിക്കാൻ കരുത്തില്ലാതെ പോകുന്ന സാഹചര്യത്തിൽ നിലവിൽ രാജ്യത്തു തങ്ങുന്ന യൂറോപ്യൻ യൂണിയനിലെ നഴ്‌സുമാരും മറ്റും യുകെ വിട്ടു പോകാനുള്ള സാധ്യതയും ഏറുകയാണ്. അടിക്കടി സ്വന്തം നാട്ടിലേക്കു പോകുന്ന ഇവർക്കാകട്ടെ ബ്രെക്‌സിറ്റിനു ശേഷം യാത്ര ചിലവും മറ്റും ഉയർന്നതോടെ യുകെ യിൽ താങ്ങുക എന്നത് പ്രയാസമായിക്കൊണ്ടിരിക്കുകയാണ്. സമ്പാദ്യം എന്ന സാഹചര്യം കണക്കിലെടുത്താലും യുകെയിൽ തുടരുന്നത് വഴി കാര്യമായ പ്രയോജനം ലഭിക്കാത്ത സാഹചര്യത്തിൽ സ്വന്തം നാട് തന്നെയാണ് നല്ലതു എന്ന ചിന്തയിലേക്ക് യൂറോപ്യൻ നഴ്‌സിങ് സമൂഹത്തെ നീങ്ങുവാൻ പ്രേരിപ്പിക്കുകയാണ് എന്നതും പ്രധാനമായി മാറുന്നു.

കഴിഞ്ഞ വർഷം ട്രസ്റ്റിൽ ബാൻഡ് 5 വിഭാഗത്തിൽ 348 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴാണ് 270 പേരെ ഇന്ത്യയിൽ നിന്നും എത്തിക്കാനായത്. ഇപ്പോഴും സമാനമായ തരത്തിൽ തന്നെ വേക്കൻസി ഉണ്ടാകാൻ ഉള്ള സാധ്യതയും ഏറെയാണ്. യുകെയിൽ നിന്ന് കുറേപ്പേരെ കണ്ടെത്താം എന്ന ചിന്തയിലാണ് 300 പേരെ എങ്കിലും ഇന്ത്യയിൽ നിന്നും എത്തിക്കാൻ ബോർഡ് ഓഫ് ഡയറക്ടർ യോഗം തീരുമാനം എടുത്തത്. ഈ വർഷവും സമാനമായ തരത്തിൽ റിക്രൂട്ട് നടത്തേണ്ടി വരും എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

മൂന്നു വർഷം ഇത്രയും പേരെ നിയമിച്ചാൽ മാത്രമേ ട്രസ്റ്റിന് ശ്വാസം നേരെ വിടാൻ കഴിയൂ എന്ന് റിക്രൂട്ട്‌മെന്റ് ബോർഡ് ചുമതലയുള്ള വക്താവ് കൂട്ടിച്ചേർത്തു. അതേ സമയം റിക്രൂട്ട്‌മെന്റ് നടന്നിട്ടു പോലും ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്നതാണ് സ്ഥിതി വിശേഷം എന്ന് നഴ്‌സിങ് ടൈം പത്രം വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഡിസംബറോടെ യുകെയിൽ മൂന്നിൽ ഒന്ന് ട്രസ്റ്റുകളും വിദേശ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. സ്‌പെയിൻ, പോർട്ടുഗൽ, ഫിലിപ്പീൻസ്, ഇറ്റലി, ഐർലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ നേഴ്‌സ്മാർ യുകെയിൽ എത്തുന്നത്.

ഏകദേശം 6000 ജീവനക്കാരും 2000 നഴ്‌സുമാരും ഉള്ള മാഞ്ചസ്റ്റർ ഹോസ്പിറ്റലിന് വേണ്ടി തന്നെ ഈ വർഷം ആദ്യം മറ്റൊരു റിക്രൂട്ട്‌മെന്റ് കൂടി നടന്നിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് അഭിമുഖം നടത്തിയത്. മാഞ്ചസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള നാല് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾക്കു വേണ്ടിയാണ് ഈ നിയമനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP