Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

11 എയർപോർട്ടുകളിൽ ഗ്രൗണ്ട് ഹാൻഡലിങ്ങ് കൈകാര്യം ചെയ്തു ഷൈസൺ തോമസ് കോടീശ്വരനായി; സ്വന്തം വിമാന കമ്പനി തുടങ്ങി കുത്തുപാള എടുത്തു; എയർ പെഗസ്സസ് പൊളിഞ്ഞടങ്ങുമ്പോൾ കുഴപ്പത്തിലാകുന്നത് തിളങ്ങി നിന്ന ഒരു മലയാളി ബിസിനസുകാരൻ കൂടി

11 എയർപോർട്ടുകളിൽ ഗ്രൗണ്ട് ഹാൻഡലിങ്ങ് കൈകാര്യം ചെയ്തു ഷൈസൺ തോമസ് കോടീശ്വരനായി; സ്വന്തം വിമാന കമ്പനി തുടങ്ങി കുത്തുപാള എടുത്തു; എയർ പെഗസ്സസ് പൊളിഞ്ഞടങ്ങുമ്പോൾ കുഴപ്പത്തിലാകുന്നത് തിളങ്ങി നിന്ന ഒരു മലയാളി ബിസിനസുകാരൻ കൂടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഒരുപാട് കൂട്ടലും കിഴിക്കലും നടത്തിയാണ് ഷൈസൺ തോമസ് തന്റെ ബിസിനസ് സംരംഭം തുടങ്ങിയത്. വെല്ലുവിളികൾ നിറഞ്ഞ വ്യാമ മേഖലയിലാണ് ഈ മലയാളി വിജയസാധ്യത കണ്ടെത്തിയത്. അപാരമായ ഇച്ഛാശക്തിയും ഭാഗ്യ പരീക്ഷണത്തിനുള്ള മനസ്സുമായി ഷൈസൺ തോമസ് റിസ്‌ക്  എടുത്തു. എന്നാൽ വലിയ ബാധ്യതകളിലേക്കാണ് ഷൈസൺ തോമസ് നീങ്ങുന്നതെന്നാണ് സൂചന. മലയാളിയുടെ ഉടമസ്ഥതയിൽ ബംഗളൂരു ആസ്ഥാനമായി തുടങ്ങിയ വിമാന സർവീസ് കമ്പനി എയർ പെഗസ്സസ് അതിരൂക്ഷ പ്രതിസന്ധിയിലേക്ക്. ഇതേ തുടർന്ന് സർവീസുകൾ നിർത്തിവച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച എയർ പെഗസ്സസ് തിരുവനന്തപുരവും കൊച്ചിയുമടക്കം ഏഴു ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണു ബംഗളൂരുവിൽ നിന്നു സർവീസ് നടത്തിയിരുന്നത്. ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് രംഗത്തു പ്രവർത്തിക്കുന്ന ഡെകോർ എവിയേഷൻ ആണ് എയർ പെഗസ്സസ് എന്ന ഉപകമ്പനി രൂപീകരിച്ചു വ്യോമയാന രംഗത്തേക്കു കടന്നത്. ഷൈസൺ തോമസ് ആയിരുന്നു മാനേജിങ് ഡയറക്ടർ. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയുടെ ചില സർവീസുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) കണ്ടെത്തിയിരുന്നു. അഞ്ചു പൈലറ്റുമാരെ ഡിജിസിഎ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്നു കമ്പനിക്കു മുന്നറിയിപ്പും നൽകിയിരുന്നു.

വിമാന സർവീസുകൾ താൽകാലികമായാണ് റദ്ദാക്കിയതെന്നാണ് എയർ പെഗസ്സസിന്റെ ബംഗളൂരു ഓഫിസിലെ ജീവനക്കാർ പറയുന്നത്. എന്നാൽ, കാരണം അറിയില്ലെന്നും കമ്പനി അധികൃതരിൽനിന്ന് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. എന്നാൽ വിലയ സാമ്പത്തിക പ്രതിസന്ധിയിലാണ് മലയാളി സംരഭകൻ എന്നാണ് സൂചന. മറ്റുള്ളവരുടെ വിജയപരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് നല്ല തയ്യാറെടുപ്പു തന്നെ നടത്തിയായിരുന്നു ഷൈസൺ വിമാനക്കമ്പിനി തുടങ്ങിയത്. 2015 ഏപ്രിലിൽ എയർ പെഗസ്സസ് പറന്നുയർന്നു. ബംഗലുരു ആസ്ഥാനമായി ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ പെഗസ്സസ് വിമാനക്കമ്പനി ഒരു ഘട്ടത്തിൽ മലയാളികൾക്ക് അഭിമാനകരമായ സംരംഭമായിരുന്നു. കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഹുബ്ലി, തിരുവനന്തപുരം, മധുര, ചെന്നൈ, മംഗലാപുരം, കഡപ്പ, കൊച്ചി എന്നിവിടങ്ങളിലേക്ക് എയർ പെഗസ്സസിന് പ്രതിദിന സർവീസുകളുണ്ടായിരുന്നു.

പ്രവർത്തനമാരംഭിച്ച് അധികം വൈകാതെ എയർ പെഗസ്സസ് നഷ്ടമില്ലാത്ത അവസ്ഥയിൽ എത്തി. എന്നാൽ വ്യോമ മേഖലയിലെ കുത്തകകൾ ഈ മലയാളിയുടെ സ്വപ്‌നങ്ങളെ തകർക്കുകയായിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ തന്നെ എല്ലാം പൊളിയുകയാണെന്നാണ് ലഭിക്കുന്ന സൂചന. സുരക്ഷാ ക്രമീകരണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ അഞ്ച് എയർ പെഗസ്സസ് പൈലറ്റുമാരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) സസ്‌പെന്റ് ചെയ്തിരുന്നു. പിഴവുകൾ എത്രയുംവേഗം തിരുത്താത്ത പക്ഷം വിമാനത്തിന്റെ സർവീസുകൾ നിർത്താനുള്ള നടപടികളിലേക്കു നീങ്ങുമെന്നും ഡി.ജി.സി.എ. അറിയിച്ചു. ഇതോടെയാണ് പ്രശ്‌നം തുടങ്ങിയത്. എയർ പെഗസ്സസിന്റെ സുരക്ഷാ മേധാവിയേയും തൽസ്ഥാനത്തുനിന്നും നീക്കി. ഉന്നത തല ഗൂഢാലോചനയുടെ ഭാഗമായി അന്ന് തുടങ്ങിയ നീക്കമാണ് മലയാളിയുടെ വിമാനക്കമ്പനിയെ തകർത്തത്.

പറവൂർ സ്വദേശിയായ ഷൈസൺ തോമസ് തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് എംകോം ബിരുദം നേടിയ ശേഷമാണ് ബംഗലുരുവിൽ എത്തുന്നത്. ഫെഡറൽ ബാങ്കിൽ ഓഫീസറായിരിക്കെ സിഎ പാസായി ചാർട്ടേഡ് അക്കൗണ്ടന്റായി. പ്രാക്ടീസിനിടെ 1998 ൽ വിമാനങ്ങളുടെ ഗ്രൗണ്ട്ഹാൻഡ്‌ലിങ് സർവീസിനായി ഡെക്കോർ ഏവിയേഷൻ ലിമിറ്റഡ് സ്ഥാപിച്ചു. 8,00 ലേറെ ജീവനക്കാരുള്ള ഡെക്കോർ ഏവിയേഷൻ 11 വിമാനത്താവളങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള 21 വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനം നൽകിവരുന്നു. ഈ രംഗത്തെ പരിചയമാണ് സ്വന്തമായൊരു വിമാനക്കമ്പനി എന്ന സ്വപ്‌നത്തിലേക്ക് ഷൈസൺ തോമസിനെ നയിച്ചത്. എട്ടു വർഷത്തെ ദീർഘമായ തയ്യാറെടുപ്പിന് ശേഷം 2015 മാർച്ച് 25 ന് എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ചു. ഏപ്രിൽ 12 മുതൽ എയർ പെഗസ്സസ് സർവീസ് തുടങ്ങി. സ്വന്തമായി ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗമുള്ളതിനാൽ എയർ പെഗസ്സസിന് കുറഞ്ഞ പ്രവർത്തനച്ചെലവേയുണ്ടായിരുന്നുള്ളൂ. ഇത് തന്നെയാണ് വമ്പന്മാരുടെ കണ്ണിലെ കരടാക്കിയതും.

അസാമാന്യ ഇച്ഛാശക്തിയായിരുന്നു ഷൈസൺ തോമസിന്. താൻ നൽകുന്ന സേവനത്തിന്റെ നിലവാരം ഒട്ടുകുറയരുതെന്ന് ഷൈസൺ തോമസിന് നിർബന്ധമുണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേരാണ് എയർ പെഗസ്സസിൽ പറന്നത്. ലീസിന് എടുത്ത മൂന്ന് എടിആർ 72500 വിമാനങ്ങളാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. 72 സീറ്റുകളുള്ള വിമാനം ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരണമായി 66 സീറ്റായി ക്രമീകരിച്ചു. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലും എടിആർ വിമാനങ്ങൾക്ക് ലാൻഡിങ്, പാർക്കിങ് ഫീസ് ഇല്ലെന്നുള്ളതും കമ്പനിക്ക് നേട്ടമായി. എയർ പെഗസ്സസിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 1,234 രൂപയിലും. കമ്പനിയുടെ ഓരോ വിമാനത്തിലെയും 10 ശതമാനം സീറ്റുകൾ 1,234 നിരക്കിൽ മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത സ്ലാബ് 2,500 രൂപയുടേതാണ്. മൂന്നാമത്തെ സ്ലാബ് 28503000 നിരക്കിലുമായിരിക്കും. ശരാശരി 3000 രൂപ വരുമാനം ലഭിക്കത്തക്ക രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ നിർണയിച്ചത്.

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിച്ച ശേഷം രാജ്യത്തിന്റെ വടക്കും കിഴക്കും പടിഞ്ഞാറും മേഖലയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് ഷൈസൺ തോമസിന്റെ ലക്ഷ്യം. പ്രധാന എയർപോർട്ടുകൾ ഒഴിവാക്കി പ്രാദേശിക എയർപോർട്ടുകൾ കേന്ദ്രമാക്കിയുള്ള വിമാന സർവീസുകളാണ് എയർ പെഗസ്സസിന്റെ വളർച്ചാതന്ത്രം. എന്നാൽ പ്രധാന എയർപോർട്ടുകളുമായി കണക്ടിവിറ്റി ഉറപ്പാക്കാനും പദ്ധതി ഒരുക്കി. അങ്ങനെ ആഭ്യന്തര വിമാന രംഗത്ത് വമ്പന്മാർക്ക് ഈ മലയാളി ഭീഷണിയായി. ഷൈസൺ തോമസിന്റെ ബിസിനസ് മോഡലിൽ ആകൃഷ്ടരായി വിദേശവിമാനക്കമ്പനികൾ എയർ പെഗസ്സസിൽ മൂലധന നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തത്ക്കാലം പുറത്തുനിന്നും മൂലധനസമാഹരണം ആവശ്യമില്ലെന്നുള്ളതാണ് ഈ സംരംഭകന്റെ നിലപാട്. ഇതോടെ ശത്രുക്കൾ കൂടി. ഇപ്പോൾ ഷൈസൺ തോമസും ഭാര്യ ഷൈന തോമസും മകൻ അശ്വിൻ തോമസുമായിരുന്നു എയർ പെഗസ്സസിന്റെ മുഖ്യഓഹരിയുടമകൾ.

ഇങ്ങനെ കുതിച്ചു വളരുമ്പോഴാണ് എയർ പെഗസ്സസിന്റെ മിക്ക പൈലറ്റുമാരും വിമാനം പറത്തുന്നതിലെ അടിസ്ഥാന നിയമങ്ങൾ തെറ്റിച്ചാണ് വിമാനം പറത്തിയിരുന്നതെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വഷണത്തിൽ കണ്ടെത്തിയത്. ഇതോടെ തളർച്ച തുടങ്ങി. നിർദ്ദേശിച്ചിട്ടുള്ള അളവിൽ ഇന്ധനം നിറയ്ക്കാതിരിക്കുക, റൺവേയാണെന്നു തെറ്റിദ്ധരിച്ചു റോഡിൽ വിമാനമിറക്കാൻ ഭാവിച്ച് കാബിൻ ക്രൂവിന് നിർദ്ദേശം നൽകുക തുടങ്ങി നിരവധി സുരക്ഷാവീഴ്ചകളാണ് ഇവർ നടത്തിയതായി കണ്ടെത്തിയത്. ഇത് ഷൈസൺ തോമസ് എന്ന മലയാളിയുടെ ആകാശ മോഹങ്ങളെ തകർത്തു. ഇതാണ് എയർ പെഗസ്സിനെ നഷ്ടത്തിലേക്ക് എത്തിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP