Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ആധാരം എഴുത്തുകാരനു ഫീസ് കൊടുത്തു നഷ്ടമുണ്ടാക്കരുത്; സ്ഥലംവാങ്ങൽ മുതൽ ഭാഗധേയവും ഇഷ്ടദാനവും മുക്ത്യാറുംവരെ എല്ലാം നിങ്ങൾക്കു സ്വന്തമായി എഴുതാം; സാധാരണക്കാരനു മനസിലാകുന്ന ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ മോഡൽ പ്രിന്റ് എടുത്തു മാറ്റങ്ങൾ വരുത്തി സബ് രജിസ്ട്രാർ ഓഫീസിൽ ചെന്നാൽ മതി; തെറ്റു തിരുത്തേണ്ട ബാധ്യതയും ഉദ്യോഗസ്ഥർക്ക്

ഇനി ആധാരം എഴുത്തുകാരനു ഫീസ് കൊടുത്തു നഷ്ടമുണ്ടാക്കരുത്; സ്ഥലംവാങ്ങൽ മുതൽ ഭാഗധേയവും ഇഷ്ടദാനവും മുക്ത്യാറുംവരെ എല്ലാം നിങ്ങൾക്കു സ്വന്തമായി എഴുതാം; സാധാരണക്കാരനു മനസിലാകുന്ന ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ മോഡൽ പ്രിന്റ് എടുത്തു മാറ്റങ്ങൾ വരുത്തി സബ് രജിസ്ട്രാർ ഓഫീസിൽ ചെന്നാൽ മതി; തെറ്റു തിരുത്തേണ്ട ബാധ്യതയും ഉദ്യോഗസ്ഥർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആധാരം ഇനി പ്രയാസമില്ലാതെ സ്വന്തമായി എഴുതാം. സ്വന്തമായി ആധാരം എഴുതാനുള്ള അവകാശം കക്ഷികൾക്ക് നൽകിയതിന്റെ തുടർച്ചയായി 19 ഇനം ആധാരങ്ങളുടെ മാതൃക സർക്കാർ പുറത്തുവിട്ടു. രജിസ്ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ ഇതിലേക്കുള്ള ലിങ്കുകൾ ലഭ്യമാണ്.

സർക്കാർ ലഭ്യമാക്കിയ മാതൃകാ പ്രമാണങ്ങൾ : ദത്തെടുക്കൽ, റദ്ദാധാരം, അവകാശാധാരം/ നിക്ഷേപപത്രം, പരസ്പരമാറ്റ ആധാരം, പൊതുവക്കാലത്ത് /സർവമുക്ത്യാർ, ദാനാധാരം, നഷ്ടോത്തരവാദ കരണം, വാടകച്ചീട്ട്, അനുമതി കരാർപത്രം, ഭാഗപത്രം, കൂട്ടുകച്ചവട ആധാരം, പൊതുകാര്യട്രസ്റ്റ് ആധാരം, സമ്മതാധാരം, പിഴതിരുത്ത് ആധാരം, ഒഴിവുകുറി ആധാരം, വില ആധാരം/ ജന്മ തീറാധാരം, പ്രത്യേക മുക്ത്യാർ, ഇഷ്ടധാനം/ധനനിശ്ചയ ആധാരം, വിൽപ്പത്രം/മരണശാസനം. അതായത് ഇനി ഈ ഗണത്തിൽപ്പെട്ട ആധാരമെല്ലാം സ്വന്തമായി എഴുതാനാകും.

സാധാരണയായി വേണ്ടിവരുന്ന ആധാരങ്ങളുടെ മാതൃകയാണ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഈ മാതൃക നോക്കി വേണ്ട മുദ്രപത്രത്തിൽ എഴുതി രജിസ്റ്റർ ചെയ്യാം. മാതൃകാ പ്രമാണങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. ആധാരങ്ങളിലെ ക്ലിഷ്ടമായ ഭാഷാശൈലിയും സർക്കാർ ലളിതമാക്കി ഏകീകരിച്ചു. ലളിതമായ ഭാഷയിലാണ് പ്രമാണങ്ങളുടെ മാതൃകകൾ തയ്യാറാക്കിയിരിക്കുന്നത്.  രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ മാതൃകാ ആധാരമുണ്ട്. വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നയാളിന് ഇതു നോക്കി നിശ്ചിത മുദ്രപ്പത്രത്തിൽ ആധാരമെഴുതാം. നിലവിൽ എഴുതിയ ആളിന്റെ സ്ഥാനത്ത് ലൈസൻസുള്ള ആധാരമെഴുത്തുകാരന്റെ പേരാണ് രേഖപ്പെടുത്തുക ഇനിമുതൽ ആരാണോ ആധാരമെഴുതുന്നത് ആ ആളിന്റെ പേര് ചേർത്താൽ മതിയാകും.

ലളിതമായ ഭാഷയാണ് മാതൃകാ പത്രങ്ങളിലുള്ളത്. അതുകൊണ്ട് തന്നെ എളുപ്പത്തിൽ തയ്യാറാക്കാനുമാകും. വിൽപ്പത്ര പ്രമാണം ഉദാഹരണം.: ''എനിക്ക് ഇപ്പോൾ വയസ്സ് ആയിട്ടുള്ളതും എന്റെ സ്വത്തുക്കളെ സംബന്ധിച്ച് എന്റെ കാലശേഷം എന്റെ അനന്തരാവകാശികൾ തമ്മിൽ തർക്കങ്ങൾ ഒഴിവാക്കുന്നതിനും എന്റെ മനഃസമാധാനത്തിനും എന്റെ ജീവിതകാലത്തുതന്നെ ഒരു രേഖ ജനിപ്പിക്കുന്നത് നല്ലതാണെന്ന് എനിക്കുള്ള അഭിപ്രായം അനുസരിച്ച് എന്റെ ആഗ്രഹപ്രകാരം ഈ വിൽപ്പത്രം ചമയ്ക്കുന്നതാണ്'' ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന ഭാഷയിൽ രണ്ടും മൂന്നും ഖണ്ഡികമാത്രമേ പ്രമാണത്തിൽ ഉണ്ടാകൂ. കൂടാതെ വസ്തുവകകളുടെ പട്ടികയും.

ആധാരങ്ങളോടൊപ്പം ഹാജരാക്കേണ്ട ഫയലിങ് ഷീറ്റുകളും ചേർക്കാം. ഫയലിങ് ഷീറ്റ് ഒന്നിന് 10 രൂപയും നികുതിയും ചേർത്തുള്ള നിരക്കിൽ സബ് രജിസ്ട്രാർ ഓഫീസുകളിൽനിന്ന് ലഭിക്കും. സ്വന്തമായെഴുതുന്ന ആധാരങ്ങളിൽ ആധാരമെഴുത്തുകാർക്കുള്ള ക്ഷേമനിധി സ്റ്റാമ്പ് പതിപ്പിക്കേണ്ട. സ്വന്തമായെഴുതുന്ന ആധാരങ്ങളുടെ കരട് പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സബ് രജിസ്ട്രാർമാർ നൽകണമെന്ന് സർക്കാർ നിഷ്‌കർഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പിഴവുകളുണ്ടെങ്കിൽ പരിഹരിക്കാനും അവസരമുണ്ടാകും.

തയ്യാറാക്കിയ ആധാരങ്ങൾ രജിസ്ട്രേഷന് നൽകുന്നതിന് മുമ്പായി ഇതിലുള്ള വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിന് ഓൺലൈനായി നൽകണം. ഇതിന് http://www.keralaregistration.gov.in എന്ന സൈറ്റിൽ new user-ൽ എക്സിക്യൂട്ടന്റ്, ക്ലയിമന്റ് വിഭാഗത്തിൽ യൂസർ ഐ.ഡി. രജിസ്റ്റർ ചെയ്ത് അതുപയോഗിച്ച് ലോഗ് ഇൻ ചെയ്ത് വിവരങ്ങൾ നൽകാം. ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സൗകര്യവും പ്രയോജനപ്പെടുത്താം. നാല് സംസ്ഥാനങ്ങളിൽ സ്വന്തമായി ആധാരമെഴുതാനുള്ള സൗകര്യം നിലവിലുണ്ട്. ഈ മാതൃക പിന്തുടർന്നാണ് കേരളത്തിലും ഇത് നടപ്പാക്കിയത്. ആധാരമെഴുത്തുകാരുടെ സേവനം ആവശ്യമുള്ളവർക്ക് അതുപയോഗിക്കുന്നതിന് തടസ്സമില്ല. വസ്തുവകകൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് സ്വന്തമായി ആധാരമെഴുതുന്നതിന് അധികാരം നൽകി സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ആധാരമെഴുത്ത് ലൈസൻസുള്ളവർക്കും അഭിഭാഷകർക്കുമായിരുന്നു ഇതുവരെ ആധാരമെഴുതുന്നതിനുള്ള അധികാരം. ഇനിമുതൽ ആർക്കും അതിനുള്ള അധികാരം കൈവന്നു. ഈ തീരുമാനംവഴി, ആധാരമെഴുത്തിന് കനത്ത ഫീസ് നൽകാതെതന്നെ ഇടപാടുകൾ നിയമപരമായി രജിസ്റ്റർ ചെയ്യാൻ ജനങ്ങൾക്ക് കഴിയും.

1958ലെ നിയമംവഴിയാണ് ആധാരമെഴുതുന്നതിന് ലൈസൻസ് ഏർപ്പെടുത്തിയിരുന്നത്. ഈരംഗത്ത് അമിതചൂഷണമാണ് നടക്കുന്നതെന്ന പരാതി ഏറെക്കാലമായി നിലനിന്നിരുന്നു. മൂന്നുലക്ഷംമുതൽ അഞ്ചുലക്ഷംവരെയുള്ള ആധാരങ്ങൾക്ക് 5000 രൂപയാണ്  ആധാരമെഴുത്തുകാർക്കായി സർക്കാർ നിശ്ചയിച്ച ഫീസ്. എട്ടുലക്ഷത്തിന് മുകളിൽ എത്ര രൂപയാണെങ്കിലും 7500 രൂപ നൽകിയാൽ മതിയാകും. എന്നാൽ, വൻതുകയാണ് ആധാരം എഴുത്തുകാർ ഈടാക്കിയിരുന്നു.

ഇതുസംബന്ധിച്ച് വ്യാപകമായ പരാതിയുയർന്നതിനെത്തുടർന്നാണ് സർക്കാർ ആധാരമെഴുത്ത് മേഖലയിൽ സുതാര്യത ഉറപ്പാക്കാനും നടപടിക്രമം ലളിതമാക്കാനും തീരുമാനിച്ചത്. ആധാരമെഴുത്തിന്റെ ഭാഷ ക്ലിഷ്ടമാണെന്ന പരാതിയുള്ളതിനാലാണ് മാതൃക വെബ്സൈറ്റിൽ ലഭ്യമാക്കുന്നത്. രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാർക്ക് ആധാരമെഴുതാൻ നൽകിയിരുന്ന ലൈസൻസും സർക്കാർ റദ്ദാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP