Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നക്‌സലുകളുടെ മുമ്പിൽ നട്ടെല്ല് വളയ്ക്കാതെ മരണം ഏറ്റുവാങ്ങിയ അച്ഛന്റെ പാരമ്പര്യവുമായി എംപി ദിനേഷ് കൊച്ചിയിൽ എത്തുന്നത് മയക്കുമരുന്ന് മാഫിയയ്ക്ക് കൂച്ചുവിലങ്ങിടാൻ; ഡിഐജി പദവിയിലുള്ളവർക്ക് നൽകുന്ന കമ്മീഷണർ പദവയിൽ എത്തുന്ന എസ്‌പിയുടെ കഥ ആരേയും ആവേശം കൊള്ളിക്കുന്നത്‌

നക്‌സലുകളുടെ മുമ്പിൽ നട്ടെല്ല് വളയ്ക്കാതെ മരണം ഏറ്റുവാങ്ങിയ അച്ഛന്റെ പാരമ്പര്യവുമായി എംപി ദിനേഷ് കൊച്ചിയിൽ എത്തുന്നത് മയക്കുമരുന്ന് മാഫിയയ്ക്ക് കൂച്ചുവിലങ്ങിടാൻ; ഡിഐജി പദവിയിലുള്ളവർക്ക് നൽകുന്ന കമ്മീഷണർ പദവയിൽ എത്തുന്ന എസ്‌പിയുടെ കഥ ആരേയും ആവേശം കൊള്ളിക്കുന്നത്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചി സിറ്റി പൊലീസ് സിറ്റി കമ്മീഷണർ ആവുകയെന്നത് കേരളത്തിലെ സർവ്വ ഐപിഎസ് ഉദ്യോഗസ്ഥരുടെയും മോഹമാണ്. കേരളാ പൊലീസിലെ ഏറ്റവും മികച്ച പദവികളിൽ ഒന്നാണിത്. ഡിഐജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥർക്ക് മാത്രം നിയമനം ലഭിക്കുന്ന ഈ പദവിയിൽ എത്തണമെങ്കിൽ മന്ത്രിമാർ നന്നായി കനിയണമെന്നാണ് പറച്ചിൽ. ആ പദവിയിലേക്ക് ചരിത്രത്തിൽ ആദ്യമായി എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ കടന്നു വരികയാണ്. സത്യ സന്ധതയ്ക്ക് പേര് കേട്ട കോട്ടയം എസ്‌പി എംപി ദിനേശിനാണ് ആ പദവി ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നക്‌സലറ്റുകളുടെ ചതിയിൽ മരിച്ച പിതാവിന്റെ സമരണയ്ക്ക് മുൻപിൽ വിട്ട വീഴ്ചയില്ലാതെ പൊരുതുന്ന പ്രൊമോട്ടിയായ ഈ ഉദ്യോഗസ്ഥൻ ഇതുവെരയും ഐപിഎസുകാർക്ക് ആർക്കും സാധിക്കാത്ത വെല്ലുവിളി ഏറ്റെടുക്കുമെന്ന് തന്നെയാണ് കൊച്ചിക്കാർ കരുതുന്നത്.

കൊച്ചി സിറ്റി പൊലീസ് കമീഷണറായി എംപി. ദിനേശിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഡി.ഐ.ജി കെ.ജി. ജെയിംസ് വിരമിക്കുന്ന ഒഴിവിലേക്ക്, ഉന്നത ഉദ്യോഗസ്ഥരുടെ കൂടി അഭിപ്രായം മാനിച്ചാണ് ദിനേശിനെ നിയമിക്കുന്നത്. ഇക്കൊല്ലം വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ദിനേശ് 2002 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താൽപ്പര്യമാണ് ഇതിന് പിന്നിൽ. കൊച്ചിയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഇത്. പാലക്കാട്ടും കോട്ടയത്തും എസ്‌പിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് ദിനേശ് നടത്തിയിട്ടുള്ളത്. സാധാരണ കൊച്ചിയിലെ കമ്മീഷണർ പദവി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നൽകാറ്. എസ് പി റാങ്കിലുള്ള ദിനേശിന് ഡിഐജിയുടെ ഗ്രേഡ് നൽകിയാണ് കൊച്ചിയിലെ നിയമനം. മയക്കുമുരന്ന്-ഗുണ്ടാ സംഘങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ ചെന്നിത്തല നൽകുന്നത്.

മികച്ച പൊലീസ് അംഗീകാരങ്ങൾ തേടിെയത്തിയിട്ടുണ്ടെങ്കിലും പഠിക്കുന്ന കാലത്ത് അച്ഛൻ ഡിവൈ.എസ്‌പി. സി.ബാലസുബ്രഹ്മണ്യത്തെ പോലെ ഞാനും ഒരു നാൾ പൊലീസുകാരനാകുമെന്ന് ഒരിക്കലും എംപി ദിനേശ് കരുതിയിരുന്നില്ല. എന്നിട്ടും മുതിർന്നപ്പോൾ അദ്ദേഹം പൊലീസുകാരനായി. അടിയന്തരാവസ്ഥക്കാലത്ത് നക്‌സലേറ്റുകളുടെ ആക്രമണത്തിലാണ് അച്ഛൻ കൊല്ലപ്പെടുന്നത്.അന്ന് വിദ്യാർത്ഥിയായ ദിനേശിനെ ആഭ്യന്തരമന്ത്രി കെ.കരുണാകരൻ ആശ്വസിപ്പിക്കുമ്പോൾ സ്വകാര്യമായി ഒരു വാക്ക് നൽകി.പഠനം കഴിയുമ്പോൾ അച്ഛന്റെ വകുപ്പിൽ ജോലി നൽകും. 1984ൽ പൊന്നാനിയിൽ സർക്കിൾ ഇൻസ്‌പെക്ടറായി ജോലിയിൽ പ്രവേശിച്ചു.തൃശ്ശൂരിൽ ഗുണ്ടാവിളയാട്ടം ഒതുക്കിയും പാലക്കാട് സിഗ്‌നൽ ലൈറ്റുകളുടെ എണ്ണം കുറച്ച് വൺവേ കൂട്ടി ഗതാഗതതടസ്സം നീക്കിയും അദ്ദേഹം മാതൃകയായി. 2002്ൽ ഐപിഎസും ലഭിച്ചു.

ദിനേശ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായി എത്തിയത് മൂന്ന് വർഷം മുമ്പാണ്്. ഗതാഗതക്കുരുക്ക്, വർധിച്ചുവരുന്ന വീടുകൾ കയറിയുള്ള അക്രമങ്ങൾ, പല ജില്ലകളിലും കാത്തിരുന്നതുപോലെ ചില കീറാമുട്ടികളാണ് കോട്ടയത്തും അദ്ദേഹത്തെ കാത്തിരുന്നത്. കോടിമത, കഞ്ഞിക്കുഴി, ലോഗോസ് ജങ്ഷൻ അടക്കം പല ഭാഗങ്ങളിെലയും ട്രാഫിക്ക് സിസ്റ്റം മാറ്റി ഗതാഗതതടസം നീക്കി. വലിയ സന്തോഷം കുട്ടികളെ നേർവഴിക്ക് നടത്താനുള്ള ഗുരുകുലം പദ്ധതിയും വിജയം കണ്ടു. എല്ലാ വിദ്യാഭ്യാസഉപജില്ലകളിലും വിദ്യാർത്ഥികൾക്കായി കൗൺസലിങ് ആരംഭിച്ചു. പഴയതിലും കേസുകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞതാണ് പ്രധാന നേട്ടമെന്ന് ദിനേശ് പറയുന്നു. ഇതിനിടെയാണ് അംഗീകാരമായി രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡിൽ എത്തിയത്.

കോട്ടയത്ത് എസ്‌പിയായിരിക്കെ മോഷണം തടയുന്നതിൽ പ്രധാനമായും ശ്രദ്ധ നൽകി. രാത്രികാല വീടുകളിലെ േമാഷണം 140ൽ നിന്ന് 40 ആയി. 32ൽ നിന്ന് 19 ആയി കുറഞ്ഞു. സാധാരണ മോഷണങ്ങൾ 248ൽ നിന്ന് 95 ആയി കുറഞ്ഞപ്പോൾ കൂട്ടക്കവർച്ചാശ്രമങ്ങൾ പാടേ ഇല്ലാതായി.എല്ലാ പൊലീസ് സ്റ്റേഷനിലും 'ലീഗൽ എയ്ഡ് കഌനിക്ക്' ആരംഭിച്ചു. അടിയന്തിരാവസ്ഥ കാലത്തു നക്‌സലൈറ്റുകളാൽ കൊല്ലപ്പെട്ട ഡിവൈ.എസ്‌പി. സി. സുബ്രഹ്മണ്യത്തിന്റെ മകനായ എംപി. ദിനേശ് നേരിട്ടു സിഐ പോസ്റ്റിലേക്കു നിയമനം ലഭിച്ച സംസ്ഥാനത്തെ ഏക പൊലീസ് ഓഫീസറാണ്.

1976 മാർച്ച് 13നു പുലർച്ചെ നക്‌സൽ ഓപ്പറേഷനിടെ പിടികൂടിയ രണ്ടു പ്രതികളുമായി പൊലീസ് സ്‌റ്റേഷനിലേക്കു പോകുമ്പോൾ ജീപ്പിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് നക്‌സലൈറ്റുകൾ സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തുകയായിരുന്നു. അന്നു തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജിൽ പഠിക്കുകയായിരുന്ന ദിനേശിന്റെ തുടർ പഠനം പിന്നീട് പാലക്കാട് വിക്‌ടോറിയ കോളജിലേക്കു മാറ്റി. പഠനശേഷം അച്ഛനു പകരമായി ദിനേശിനു പൊലീസിൽ നിയമനം ലഭിച്ചു. 1984ൽ പൊന്നാനി സി.ഐയയാണ് ആദ്യ നിയമനം ലഭിച്ചത്. തുടർന്ന് പാലക്കാട്, തൃശൂർ ജില്ലകളിൽ സി.ഐ, ഡിവൈ.എസ്‌പി. തസ്തികകളിൽ സേവനമനുഷ്ടിച്ചു.വിജിലൻസിൽ ഡിവൈ.എസ്‌പിയായിരിക്കേ 2000ത്തിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചിരുന്നു. 2002ൽ ഐ.പി.എസ്. ലഭിച്ച ദിനേശ് ക്രൈംബ്രാഞ്ചിലുൾപ്പെടെ എസ്‌പിയായി സേവനം ചെയ്തു.

2008-11 കാലയളവിൽ തൃശൂർ എസ്‌പിയായിരുന്നു. തുടർന്നു ജോലിയുടെ ഭാഗമായുള്ള ട്രെയിനിങ്ങിനായി ഓസ്‌ട്രേലിയയിലേക്കു പോയി. 2011-20113ൽ പാലക്കാട് എസ്‌പിയായി സേവനം ചെയ്തു. 2013 ഏപ്രിൽ 11നു കോട്ടയം എസ്‌പിയായി ചുമതലയേറ്റു. പാലക്കാട് എസ്‌പിയായിരിക്കേ പൊതുജന സേവനത്തിനുള്ള നൂതന ആശയങ്ങൾക്കായി മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിരുന്നു. പാലക്കാട് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ എംപി. ദിനേശ് നടത്തിയ ശ്രമങ്ങളും ശ്രദ്ധ നേടിയിരുന്നു. കോട്ടയത്തെ പൊലീസ് സേനയ്ക്കു സംസ്ഥാന പൊലീസിനു മുന്നിൽ പുത്തൻ മേൽവിലാസം നേടിക്കൊടുത്ത ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഉപജ്ഞാതാവും ദിനേശാണ്. നഗരമധ്യത്തിൽ സ്ത്രീയെ ആസിഡൊഴിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരിമരുന്നിന്റെ ഉപയോക്താക്കളാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണു ഓപ്പറേഷൻ ഗുരുകുലം പദ്ധതി ആരംഭിക്കുന്നത്.

വിദ്യാർത്ഥികളിലെ ലഹരിമരുന്ന് ഉപയോഗം തടയുകയെന്നതായിരുന്നു പദ്ധതിയുടെ ആദ്യഘട്ടത്തിലെ ലക്ഷ്യം. ലഹരി മരുന്ന് ഉപയോഗം തടഞ്ഞ പൊലീസ് പിന്നീട് ക്ലാസിൽ കയറാതെ മുങ്ങിനടക്കുന്ന വിദ്യാർത്ഥികളെ വരെ പിടികൂടിയിരുന്നു. പദ്ധതിക്ക് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അഭിനന്ദനവും ലഭിച്ചിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ദിനേശിനെ കൊച്ചിയിലേക്ക് ചെന്നിത്തല നിയോഗിക്കുന്നത്. മയക്കുമരുന്ന് മാഫിയയെ തളയ്ക്കുക തന്നെയാണ് പ്രധാന ദൗത്യവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP