Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൗഫലിന്റെയും ഷഫീഖിന്റെയും കഥകേട്ടു ഞെട്ടിയവർ ഇതുകൂടി വായിക്കുക; അവിവാഹിതയായ എഴുപതുകാരിയെ സ്വത്തു തട്ടിയെടുത്ത ശേഷം മർദിച്ചു പുറത്താക്കി; കാലിൽ വാരി നിലത്തടിച്ചതിനെ തുടർന്നു കവിളെല്ലു പൊട്ടി; പല്ലു നഷ്ടമായ വയോധികയെ പൊലീസും കൈവിട്ടു

നൗഫലിന്റെയും ഷഫീഖിന്റെയും കഥകേട്ടു ഞെട്ടിയവർ ഇതുകൂടി വായിക്കുക; അവിവാഹിതയായ എഴുപതുകാരിയെ സ്വത്തു തട്ടിയെടുത്ത ശേഷം മർദിച്ചു പുറത്താക്കി; കാലിൽ വാരി നിലത്തടിച്ചതിനെ തുടർന്നു കവിളെല്ലു പൊട്ടി; പല്ലു നഷ്ടമായ വയോധികയെ പൊലീസും കൈവിട്ടു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഷെഫീഖ്, നൗഫൽ എന്നീ പിഞ്ചുകുട്ടികളോട് മാതാപിതാക്കൾ കാട്ടിയ ക്രൂരത അറിഞ്ഞ് ഞെട്ടിയിരിക്കുന്ന നമ്മൾക്കിടയിലേക്ക് ഇതാ അത്തരത്തിലുള്ള മറ്റൊരു ക്രൂരപീഡനത്തിന്റെ കഥ കൂടി. അവിവാഹിതയായ വയോധികയെ രക്തബന്ധത്തിലുള്ളവർ ചേർന്ന് വീടും വസ്തുവും തട്ടിയെടുത്ത ശേഷം ക്രൂരമായി മർദിച്ച് പുറത്താക്കി.

കാലിൽ വാരി നിലത്തടിച്ചതിനെ തുടർന്ന് കവിളെല്ല് പൊട്ടി, പല്ലുകൾ നഷ്ടമായ വീട്ടമ്മയെ സഹായിക്കാൻ പൊലീസും എത്തിയില്ല. ജനറൽ ആശുപത്രിയിലെ സർജിക്കൽ വനിതാവാർഡിൽ ആരും സഹായിക്കാനില്ലാതെ കഴിയുകയാണ് ഈ വീട്ടമ്മ.

കോന്നി അരുവാപ്പുലം പാറക്കടവിൽ പടപ്പയ്ക്കൽ വീട്ടിൽ പൊടിയമ്മയ്ക്ക് (70) ആണ് ദുരനുഭവം. ഇവരെ ഈ വിധമാക്കിയതാകട്ടെ സഹോദരൻ ശ്രീധരന്റെ ഭാര്യ വാമാക്ഷി, മകൾ വിമല, മരുമക്കളായ രജനി, മായ എന്നിവരും. വിവരം പൊലീസിലും അറിയിച്ചു. മുൻപഞ്ചായത്തംഗവും വനിതാ നേതാവും ഇടപെട്ടതോടെ പൊലീസ് അനങ്ങിയില്ല. ചോദിക്കാനും പറയാനും ആളില്ലാത്തവരുടെ പരാതിയിൽ നടപടിയെടുത്തിട്ട് തങ്ങൾ എന്തിന് വേണ്ടപ്പെട്ടവരെ പിണക്കണം എന്നായിരുന്നു ഇവരുടെ മനോഭാവം. സംഭവത്തെക്കുറിച്ച് പൊടിയമ്മയുടെ വാക്കുകളിലൂടെ.

കഴിഞ്ഞ 25 ന് രാത്രി ഏഴിനാണ് സംഭവം. സഹോദരൻ പരേതനായ ശ്രീധരന്റെ മരുമക്കളായ രജനി, മായ എന്നിവർ ചേർന്നാണ് മർദിച്ചത്. എന്റെ പേരിൽ ഒരു വീടും ഏഴുസെന്റ് സ്ഥലവുമാണ് ഉണ്ടായിരുന്നത്. 15 വർഷമായി പത്തനംതിട്ടയിലെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. വീട്ടിലെ അപ്പച്ചനും അമ്മച്ചിയും മരിച്ചതിനെ തുടർന്ന് രണ്ടരമാസം മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങി. ആ വീട്ടിൽ സഹോദരന്റെ മക്കളും മരുമക്കളുമാണ് താമസിച്ചിരുന്നത്. എഴുത്തും വായനയും അറിയാത്ത എന്നിൽ നിന്ന് 14 വർഷം മുൻപ് ചില പേപ്പറുകളിൽ ഒപ്പിടുവിച്ച് വിമല സ്വത്ത് തട്ടിയെടുത്തുവെന്ന് അറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി.

വീട്ടിലെത്തിയ എന്നെ അവിടെ കയറ്റാൻ സഹോദരന്റെ ഭാര്യ വാമാക്ഷി, മകൾ വിമല, മരുമക്കളായ രജനി, മായ എന്നിവർ തയാറായില്ല. തുടർന്ന് വീടിന്റെ കക്കൂസിലാണ് താമസിച്ചത്. ഭക്ഷണം പാകം ചെയ്യുന്നതും കിടക്കുന്നതുമെല്ലാം അവിടെയായിരുന്നു. വീട്ടിൽ നിന്നിറങ്ങണം എന്നാവശ്യപ്പെട്ട് ഇവർ ക്രൂരപീഡനം അഴിച്ചു വിട്ടു. മുമ്പും പല തവണ പൊക്കിയെടുത്ത് നിലത്ത് അടിച്ചിട്ടുണ്ട്. രജനി ഒരിക്കൽ വലിച്ചിഴച്ചു കൊണ്ടുപോയി കിണറ്റിൽ ഇടാൻ ശ്രമിച്ചിരുന്നു. മരത്തിൽ മുറുകെ പിടിച്ചു കിടന്നാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് രജനിയും മായയും ചേർന്ന് പൊക്കിയെടുത്ത് ടാർ റോഡിൽ അടിക്കുകയായിരുന്നു. പല തവണ ഇത് ആവർത്തിച്ചു. ഇതോടെ മുഖം അപ്പാടെ തകർന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ചോര വാർന്നൊലിച്ച് നിന്ന തന്നെ സമീപവാസികളിൽ ഒരാളെയും കൂട്ടി വകയാറിലുള്ള ക്ലിനിക്കിലേക്ക് മായയും രജനിയും ചേർന്ന് പറഞ്ഞു വിട്ടു. ഡോ. മുത്തു തന്നെ പരിശോധിച്ച് പരുക്കിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയപ്പോൾ വേറെ എവിടെയെങ്കിലും കൊണ്ടുപോകാൻ പറഞ്ഞ് വിട്ടു.

ചോരയുമൊലിപ്പിച്ച് പെരുവഴിയിൽ നിന്ന തന്നെ കണ്ട് ഒരു ഓട്ടോക്കാരൻ കോന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വിട്ടു. ഇവിടെ എത്തി പരിശോധിച്ചപ്പോൾ പരുക്കുകൾ ഗുരുതരമാണെന്ന് കണ്ട് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഇത് പൊലീസ് കേസാകുമെന്ന് അറിഞ്ഞതോടെ മർദിച്ചവർ തന്നെ ഇതിനിടെ ജനറൽ ആശുപത്രിയിൽ നേരിട്ടെത്തി എന്നെ നഗരത്തിലെ പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മെറ്റൽക്കൂനയിൽ വീണ് മുഖത്ത് പരുക്കേറ്റതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇതിനിടെ പാർട്ടിയുടെ ചില നേതാക്കൾ പ്രതികൾക്ക് വേണ്ടി ഇടപെട്ട് പൊലീസിനെ നിശബ്ദരാക്കിയിരുന്നു.
പൊലീസിന്റെ പിന്തുണയോടെയാണ് എന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു വിട്ടത്. ഇതിനോടകം മുഖം നീരുവച്ച് വീർത്തിരുന്നു. കണ്ണിന്റെ കാഴ്ച പോലും മറച്ചാണ് മുഖം ചീർത്തത്. സ്വകാര്യ ആശുപത്രിയിൽ എന്നെ ഉപേക്ഷിച്ച് ബന്ധുക്കൾ സ്ഥലം വിട്ടു. ഇതിനിടെ ബിൽ 6000 രൂപ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. കാതിലുണ്ടായിരുന്ന കമ്മലുകൾ 6000 രൂപയ്ക്ക് ഞാൻ മറ്റൊരാളെ കൊണ്ട് വിൽപിച്ചു ബിൽ അടച്ചു. പണമടച്ചതോടെ ആശുപത്രി അധികൃതർ ഇറക്കി വിട്ടു. ഞായറാഴ്ച വീട്ടിലേക്ക് മടങ്ങി ചെന്നപ്പോൾ മാനസിക പീഡനം നേരിടേണ്ടി വന്നു. മുറിവുകൾ കരിയാത്തതിനാൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി. അവസ്ഥ ഗുരുതരമായതോടെ ഞായറാഴ്ച വൈകിട്ട് ജനറൽ ആശുപത്രിയിൽ ചികിൽസ തേടി എത്തി. അഡ്‌മിറ്റ് ചെയ്ത ശേഷം ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പൊടിയമ്മ പറഞ്ഞു നിർത്തി.

ഇനി പൊലീസിന് പറയാനുള്ളത് കേൾക്കാം: ജനറൽ ആശുപത്രിയിൽ നിന്ന് ഇന്റിമേഷൻ വന്നപ്പോൾ തന്നെ അവിടെ എത്തി മൊഴിയെടുത്തു. മായ, രജനി എന്നിവർക്ക് എതിരേ വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്ന് അറസ്റ്റുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP