Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സത്യസന്ധരായ ഉദ്യോഗസ്ഥരെ തപ്പിയെടുത്ത് ഇമേജ് ഉയർത്താൻ ചെന്നിത്തല; നളിനി നെറ്റോയെ ആഭ്യന്തര സെക്രട്ടറിയാക്കിയത് പ്രത്യേക താൽപ്പര്യം; രാജിവച്ച് പോയ ഐഎഎസുകാരനെ തിരികെ കൊണ്ടു വരാൻ ചുക്കാൻ പിടിച്ചതും ആഭ്യന്തരമന്ത്രി തന്നെ

സത്യസന്ധരായ ഉദ്യോഗസ്ഥരെ തപ്പിയെടുത്ത് ഇമേജ് ഉയർത്താൻ ചെന്നിത്തല; നളിനി നെറ്റോയെ ആഭ്യന്തര സെക്രട്ടറിയാക്കിയത് പ്രത്യേക താൽപ്പര്യം; രാജിവച്ച് പോയ ഐഎഎസുകാരനെ തിരികെ കൊണ്ടു വരാൻ ചുക്കാൻ പിടിച്ചതും ആഭ്യന്തരമന്ത്രി തന്നെ

ബി രഘുരാജ്‌

തിരുവനന്തപുരം: സിവിൽ സർവീസിൽനിന്ന് സ്വയം വിരമിക്കൽ വാങ്ങിപ്പോയ മുൻ റവന്യൂ സെക്രട്ടറി കമലാവർധന റാവുവിനെ മടക്കികൊണ്ടുവരുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോ? ആണെന്നാണ് അണിയറയിലെ സംസാരം. ഇതനൊപ്പമാണ് ആഭ്യന്തര സെക്രട്ടറിയായി നിവേദിതാ പി ഹരനെ സംസ്ഥാന സർക്കാരിൽ മടക്കികൊണ്ട് വരുന്നതും. ഇതിലൂടെ ഭരണ രംഗത്ത് പിടിമുറക്കാനാണ് ആഭ്യന്തരമന്ത്രിയുടെ ലക്ഷ്യം.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ജോലി രാജിവച്ച് മടങ്ങിയ കമലാവർധന റാവു ആന്ധ്രയിലെ കോടിശ്വര കുടുംബത്തിലെ അംഗമാണ്. എന്നിട്ടും സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ ഘട്ടത്തിൽ സർവ്വീസിൽ മടങ്ങിയെത്തിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് വ്യക്തമാണ്. രമേശ് ചെന്നിത്തലയാണ് ഇതിനായി ചരട് വിലിച്ചതെന്നാണ് സൂചന. നളിനി നെറ്റോയാകട്ടെ ഏറെ നാളിന് ശേഷമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗമാകുന്നത്. സംസ്ഥാനത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യ ഓഫീസറായിരുന്നു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ. രാഷ്ട്രീയ നേതൃത്വവുമായി ഒത്തുപോകാനുള്ള ബുദ്ധിമുട്ട് കാരണമാണ് പത്ത് വർഷമായി ആ തസ്തികയിൽ നളിനി നെറ്റോ തുടർന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള നളിനി നെറ്റോയെ ആഭ്യന്തര വകുപ്പിലെത്തിച്ച് മുഖ്യമന്ത്രിയുടെ പിടിയിൽ നിന്ന് തന്റെ വകുപ്പിനെ പൂർണ്ണമായും മുക്തമാക്കുകയാണ് ചെന്നിത്തല. കേസുകൾ പിൻവലിക്കൽ വകുപ്പ് മുഖ്യമന്ത്രിയുടെ കൈയിലാണ്. പലപ്പോഴും ആഭ്യന്തരമന്ത്രി അറിയാതെ പലതും നടന്നു. നളിനി നെറ്റോയുടെ നിയമനത്തിലൂടെ അത്തരം അവിഹിത ഇടപെടലുകൾ ആഭ്യന്തര വകുപ്പിൽ കുറയും. അതിനൊപ്പം ആരുടേയും സമ്മർദ്ദത്തിന് അടിമപ്പെടാത്ത നളിനി നെറ്റോയുടെ ഇമേജും വകുപ്പിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഗുണ്ടാ വേട്ട അടക്കമുള്ള ജനകീയ ഇടപെടലുകളെടെ ഉത്തരവാദിത്തം ആഭ്യന്തര സെക്രട്ടറിയെ മന്ത്രി രമേശ് ചെന്നിത്തല ഏൽപ്പിക്കും.

ടിഒ സൂരജിനെതിരെ വിജിലൻസ് നടത്തിയ റെയ്ഡ് തന്റെ പ്രതിശ്ചായ ഉയർത്തിയെന്ന് ചെന്നിത്തല മനസ്സിലാക്കുന്നു. പൊതു ജനങ്ങൾക്കിടയിൽ ക്രിയാത്മകമായി ഇടപെടുന്ന ആഭ്യന്തരമന്ത്രിയായി രമേശ് മാറിയെന്ന് ഐ ഗ്രൂപ്പും വിലയിരുത്തുന്നു. ഓപ്പറേഷൻ കുബേര അടക്കമുള്ള നീക്കങ്ങളും ഫലിച്ചു. ടൈറ്റാനിയം കേസിൽ ഹൈക്കോടതിയെ ഒറ്റയ്ക്ക് സമീപിച്ച് അനുകൂലമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന വിധിയും നേടി. പൊതു സമൂഹത്തിലെ തന്റെ ഇമേജ് ഉയർത്താൻ കൂടുതൽ ഇടപെടലുകൾ അനിവാര്യമാണെന്ന തിരിച്ചറിവും ഉണ്ട്. ഇതിന്റെ ഭാഗം തന്നെയാണ് ആഭ്യന്തര സെക്രട്ടറി സ്ഥാനത്തേക്കുള്ള നളിനി നെറ്റോയുടെ കടന്നുവരവ്.

നളിനി നെറ്റോയെ പോലെ സത്യസന്ധനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് കമലവർധന റാവു. അത്തരമൊരു ഉദ്യോഗസ്ഥൻ തിരിച്ചെത്തി തനിക്കൊപ്പം നിൽക്കുന്നത് ഗുണകരമാകുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ വിലയിരുത്തൽ. ഇതിനൊപ്പം കേന്ദ്ര സർക്കാരും കമലവർധന റാവുവിനെ പിന്തുണച്ചു. ഇതു രണ്ടുമായപ്പോൾ ഇന്ത്യൻ സിവിൽ സർവ്വീസിലെ ആദ്യ സംഭവവും നടന്നു. രാജിവച്ച ഐഎസ്എസുകാരൻ സർവ്വീസിൽ തിരിച്ചെത്തി. സാങ്കേതിക പ്രശ്‌നങ്ങളുയർത്തി സാധാരണക്കാർക്ക് നീതി നിഷേധിക്കുന്ന രീതി ഇക്കാര്യത്തിൽ ഉണ്ടാകാത്തതിന് പിന്നിൽ രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലുണ്ട്. ഐ ഗ്രൂപ്പ് മന്ത്രിയായ കെപി അനിൽകുമാറിന്റെ കീഴിൽ ടൂറിസം വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം. ഇതിനൊപ്പം ഏറെ വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്ന പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയും നൽകി.

സ്വയം വിരമിക്കൽ അപേക്ഷ നൽകിയാണ് കമലവർധന കേരളം വിട്ടത്. അദ്ദേഹത്തിന്റെ അപേക്ഷ സംസ്ഥാനവും കേന്ദ്രവും അംഗീകരിച്ചു. എന്നാൽ സാങ്കേതികമായി ഫയലിൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നേ ഉണ്ടായിരുന്നുള്ളൂ. ഈ പഴുത് ഉപയോഗിച്ച് സർവ്വീസിൽ തിരിച്ചെത്താൻ അപേക്ഷ നൽകി. രമേശ് ചെന്നിത്തലയുടെ സമ്മർദ്ദഫലമായി ഇതിനോട് സംസ്ഥാന സർക്കാർ അനുകൂല നിലപാട് കൈക്കൊള്ളുകയും ചെയ്തു. കേന്ദ്രത്തിലെ അഡ്‌മിനിസ്‌ട്രേറ്റീവ് മന്ത്രാലയത്തിന് സംസ്ഥാനം അപേക്ഷ കൈമാറി. കേന്ദ്രം വീണ്ടും നിയമനം നൽകുന്നതിനെ അനുകൂലിച്ചു. അങ്ങനെയാണ് രാജിവച്ച് പോയ ഐഎഎസുകാരൻ വീണ്ടും സർവ്വീസിന്റെ ഭാഗമായത്.

ആഭ്യന്തരമന്ത്രിയായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം തനിക്ക് ഒപ്പമായിക്കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല കരുതുന്നു. ഇതിനൊപ്പം ഐഎഎസുകാർക്കിടയിലും സ്വാധീനം കൂട്ടണം. ഇതിനായാണ് കമലവർധന റാവുവിനെ തിരിച്ചുകൊണ്ടു വരാൻ ചെന്നിത്തല കരുക്കൾ നീങ്ങിയത്. ഇതിനൊപ്പം ഉമ്മൻ ചാണ്ടിയോട് കടുത്ത എതിർപ്പുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ഐഎഎസ് നിരയിൽ കൂട്ടിച്ചേർക്കാനും കഴിഞ്ഞു. കളമശ്ശേരി-കടകംപള്ളി ഭൂമി ഇടപാടിലെ നിർണ്ണായക വിവരങ്ങൾ അറിയാവുന്ന കമലവർധന റാവുവിന് ടിഒ സൂരജിനെതിരായ വിജിലൻസ് അന്വേഷണത്തിലും സഹായം നൽകാൻ കഴിയുമെന്നാണ് ചെന്നിത്തലയുടേയും ഐ ഗ്രൂപ്പിന്റേയും പ്രതീക്ഷ.

കളമശ്ശേരി-കടകംപള്ളി ഭൂമി ഇടപാട് തന്നെയായിരുന്നു കമലവർധന റാവുവിനെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതമാക്കിയത് . സലിംരാജിന് അനുകൂലമായ നിലപാട് എടുക്കാൻ പലഭാഗത്തു നിന്നും റവന്യൂ സെക്രട്ടറിയായ കമലവർധന റാവുവിന് സമ്മർദ്ദം എത്തി. ഒന്നിനും വഴങ്ങിയില്ല. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സംസ്ഥാനത്ത് തിരിച്ചെത്തിയിട്ട് കുറച്ചു കാലമേ അന്ന് ആയിരുന്നുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തീരുമാനങ്ങളെ കമലവർധന റാവു തള്ളി. സലിം രാജ് പ്രതിയായ കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാട് സംബന്ധിച്ച് ഹൈക്കോടതിയിൽ റവന്യൂ സെക്രട്ടറി എന്ന നിലയിൽ റിപ്പോർട്ടും നൽകി. ഇതോടെ സെക്രട്ടറിയേറ്റിൽ ശത്രുക്കളും കൂടി.

അഴിമതിക്കരാനല്ലാത്ത തന്നെ കുടുക്കാൻ ശ്രമമുണ്ടെന്ന് റവന്യൂ സെക്രട്ടറി തിരിച്ചറിഞ്ഞു. ഇതോടെ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കമലവർധന റാവു റവന്യൂ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാടിൽ കാര്യങ്ങൾ ഒരു പരിധിവരെ സലിംരാജിന് അനുകൂലമായി. സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ തീരുമാനിച്ചതോടെ മാത്രമാണ് പ്രതികൾ പിടിക്കപ്പെടുമെന്ന പ്രതീക്ഷയെങ്കിലും ഉണ്ടായത്. സിബിഐ അന്വേഷണ ഉത്തരവിന് കോടതിയെ നിർബന്ധമാക്കിയത് കമലവർധന റാവു നൽകിയ റിപ്പോർട്ടുമാണ്. എല്ലാ അർത്ഥത്തിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് അതൃപ്തിയറിയിച്ചാണ് കമലവർധന റാവു കേരളം വിട്ടത്.

മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട ഭൂമിയിടപാടുകളിൽ റവന്യൂ ഉദ്യോഗസ്ഥർ ബോധപൂർവമായ ക്രമക്കേടുകളും തട്ടിപ്പും നടത്തിയതായി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കമലവർധൻ റാവു ചൂണ്ടിക്കാട്ടിയിരുന്നു. അജ്ഞാതമായ ബാഹ്യ ഇടപെടുലുകൾ ഇതിൽ പ്രകടമാണെന്നും വ്യാജരേഖ ചമച്ചെന്നും തണ്ടപ്പേര് തിരുത്തിയെന്നും വ്യക്തമാക്കിയിരുന്നു. ഇതിനായി സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിന്നു. സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്. കളമശേരി സ്വദേശി എൻ.എ. ഷരീഫയുടെ ഭൂമിയുടെ പേരിൽ വ്യാജ തണ്ടപ്പേർ ഉണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ടായിരുന്നു.

കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാടിലെ കമലവർധന്റെ റിപ്പോർട്ട് വലിയ വിവാദമാവുകയും നിരവധി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി എടുക്കേണ്ടിവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ചത്. ജോലി രാജിവച്ച് ആന്ധ്രാപ്രദേശിലെ സാക്ഷി ടിവിയുടെ തലപ്പത്തേക്കാണ് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP