Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദർ തെരേസയുടെ 'ഉപവിയുടെ സഹോദരിമാർ'ക്ക് താങ്ങും തണലുമായി; രാമപുരത്തുകാരുടെ ടോമച്ചനെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയതറിഞ്ഞതു മുതൽ കുടുംബവും വീടും പ്രാർത്ഥനയിലായി; അച്ചന്റെ മോചനത്തിന് മുട്ടാത്ത വാതിലുകളുമില്ല; ഫാദർ ഉഴുന്നാലിൽ മോചിതനാകുമ്പോൾ പാലാക്കാർ ആഹ്ലാദത്തിമിർപ്പിൽ

മദർ തെരേസയുടെ 'ഉപവിയുടെ സഹോദരിമാർ'ക്ക് താങ്ങും തണലുമായി; രാമപുരത്തുകാരുടെ ടോമച്ചനെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയതറിഞ്ഞതു മുതൽ കുടുംബവും വീടും പ്രാർത്ഥനയിലായി; അച്ചന്റെ മോചനത്തിന് മുട്ടാത്ത വാതിലുകളുമില്ല; ഫാദർ ഉഴുന്നാലിൽ മോചിതനാകുമ്പോൾ പാലാക്കാർ ആഹ്ലാദത്തിമിർപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

ഏദൻ: ഫാദർ ടോം ഉഴുന്നാലിലിന്റെ കോട്ടയം രാമപുരത്തെ കുടുംബാംഗങ്ങൾ സന്തോഷത്തിലാണ്. ഒടുവിൽ പ്രാർത്ഥനകൾ ഫലിച്ചു. മുട്ടാത്ത വാതിലുകളില്ല. പ്രതിഷേധിക്കാത്ത വഴികളില്ല. കേന്ദ്ര സർക്കാരിലും വത്തിക്കാനിലും പ്രതീക്ഷ അർപ്പിച്ച് കാത്തിരുന്നു. ഒടുവിൽ ഫാദർ പുറംലോകത്തെത്തി. യമനിലെ ഏദനിലാണ് ഐസിസ് ഭീകരർ മലയാളി വൈദികനെ തട്ടിക്കൊണ്ടുപോയത്. മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വയോധികസദനം ആക്രമിച്ച ഭീകരർ 16 പേരെ കൊലപ്പെടുത്തിയശേഷമാണ് കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമായ ഫാദർ ടോമിനെ തട്ടിക്കൊണ്ടുപോയത്. 

ഫാ. ടോം ഉഴുന്നാലിലിനെ ഒമാനിലെത്തിച്ചന്ന വാർത്തയോടെ രാമപുരം ഉഴുന്നാലിൽ വീട് സന്തോഷത്തിലാകുന്നു. ഫാ. ടോമിന്റെ മൂത്ത സഹോദരൻ അപ്പച്ചനാണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്നത്. ഫാ.ടോം ഉഴുന്നാലിലിനെ യെമനിൽ ഐസിസ് ആക്രമണത്തെത്തുടർന്നു കാണാതായെന്ന വാർത്ത സലേഷ്യൻ സഭാ അധികൃതർ അറിയിച്ചതു മുതൽ അങ്കലാപ്പിലായിരുന്നു ഈ കുടുംബം. പരേതരായ വർഗീസ് ത്രേസ്യക്കുട്ടി ദമ്പതികളുടെ പുത്രനാണ് ഫാ.ടോം. നാലു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് ഇദ്ദേഹത്തിനുള്ളത്. രണ്ടു സഹോദരന്മാർ വിദേശത്താണ്. ടോമച്ചൻ സുരക്ഷിതനായിട്ടിരിക്കണേ എന്ന പ്രാർത്ഥനയിലായിരുന്നു കടുംബം.

സലേഷ്യൻ സഭ ബാംഗ്ലൂർ പ്രൊവിൻസ് അംഗമാണ് ഫാദർ. റാഞ്ചി സ്വദേശിനിയായ സിസ്റ്റർ അൻസലം വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു. ഫാദർ ടോം വികാരിയായ പള്ളി ഭീകരർ ആക്രമിച്ച് കത്തിച്ചിരുന്നു. ഇതിനുശേഷം വയോധിക സദനത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഇവിടെയാണ് തീവ്രവാദികൾ ഇരച്ചു കയറിയത്. ടോമിനെ തട്ടിയെടുക്കുകയും ചെയ്തു. ഇതോടെ രാമപുരത്തെ കുടുംബം ദുഃഖത്തിലായി. മോചന വാർത്ത എത്തിയതോടെ വീണ്ടും ഈ വീട്ടിൽ പുഞ്ചിരി എത്തി. കുടുംബ വീട്ടിൽ അടുത്ത ബന്ധുക്കളൊന്നും ഇല്ല. അപ്പോഴും മറ്റു ബന്ധുക്കൾ സന്തോഷവുമായി വീട്ടിലേക്ക് ഓടിയെത്തി. അങ്ങനെ രാമപുരം ആഘോഷതിമിർപ്പിലായി. മദർ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാർ' (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വയോധികസദനം ആക്രമിച്ചാണു 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

മോചനത്തിനു കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ ഗവർണർ പി.സദാശിവത്തിനു നിവേദനം നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമെത്തിയാണു ബന്ധുക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളും ഗവർണറെ കണ്ടത്. ഉഴുന്നാലിലിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തണമെന്ന ആവശ്യത്തോടൊപ്പം ഹർജി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു കൈമാറിയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

ബന്ധുക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായ ടി.സി.രാജൻ, വിശ്വൻ രാമപുരം, എ.തോമസ് ഉഴുന്നാലിൽ, റോയ് ഉഴുന്നാലിൽ, ഷാജൻ ഉഴുന്നാലിൽ എന്നിവരാണു നിവേദക സംഘത്തിലുണ്ടായിരുന്നത്. ഈ പ്രവർത്തനങ്ങളെല്ലാം ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം ഇപ്പോൾ. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതും ഫാ.ടോമിന്റെ മോചനം നീണ്ടു പോകാൻ കാരണമായി.

എൺപതു പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറവിലായതിനാൽ കൊലപാതകികളുടെ കയ്യിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി. ഇതിനുശേഷമാണ് ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്.

രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, 2014 സെപ്റ്റംബർ ആറിനു മാതാവ് ത്രേസ്യക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിയിരുന്നു. പിന്നീടു സലേഷ്യൻ സഭാംഗവും ബന്ധുവുമായ ഫാ. മാത്യു ഉഴുന്നാലിലിന്റെ സംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുക്കാനായി 2015 മാർച്ച് 22നും നാട്ടിലെത്തി. ഒരു മാസം കഴിഞ്ഞാണ് യെമനിലേക്കു മടങ്ങിയത്. തെക്കൻ ഏഡനിൽ അഗതിമന്ദിരത്തിന്റെ ചുമതലയായിരുന്നു ഫാ. ടോമിന്റേത്. വടുതല ഡോൺ ബോസ്‌കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

മുൻപു കർണാടകയിലെ കോളാറിലും ബെംഗളൂരുവിലും സേവനം ചെയ്തിട്ടുണ്ട്. 30 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്തശേഷമാണ് യെമനിലേക്കു പോയത്. മാത്യു (ഗുജറാത്ത്), ജോഷി, ഡേവിഡ്, റോസമ്മ (മൂവരും യുഎസ്), മേരി മണ്ണാർകാട്), പരേതനായ ആഗസ്തിക്കുഞ്ഞ് എന്നിവരാണു സഹോദരങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP