Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിട്ടയേർഡ് സഹകരണ ഡെപ്യൂട്ടി രജിസ്റ്റ്രറായിരുന്ന ബാലകൃഷ്ണന്റെ മരണം ആറ് വർഷങ്ങൾക്കിപ്പുറം കൊലപാതകമെന്ന് സംശയം; അവിവാഹിതനായ ബാലകൃഷ്ണന്റെ സ്വത്ത് വിധവയായ സ്ത്രീയെ വെച്ച് തട്ടി എടുക്കാൻ നീക്കം; വനിതാ അഭിഭാഷകയും ഭർത്താവും സംശയത്തിന്റെ നിഴലിൽ

റിട്ടയേർഡ് സഹകരണ ഡെപ്യൂട്ടി രജിസ്റ്റ്രറായിരുന്ന ബാലകൃഷ്ണന്റെ മരണം ആറ് വർഷങ്ങൾക്കിപ്പുറം കൊലപാതകമെന്ന് സംശയം; അവിവാഹിതനായ ബാലകൃഷ്ണന്റെ സ്വത്ത് വിധവയായ സ്ത്രീയെ വെച്ച് തട്ടി എടുക്കാൻ നീക്കം; വനിതാ അഭിഭാഷകയും ഭർത്താവും സംശയത്തിന്റെ നിഴലിൽ

രഞ്ജിത് ബാബു

കണ്ണൂർ: റിട്ടയേർഡ് സഹകരണ ഡെപ്യൂട്ടി രജിസ്റ്റ്രാറായിരുന്ന തളിപ്പറമ്പിലെ ബാലകൃഷ്ണന്റെ മരണം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നു. മരിച്ച് ആറു വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. നൂറ് കോടിയോളം രൂപയുടെ സ്വത്തുകളുടേയും ബംഗ്ലാവിന്റേയും ഉടമയായിരുന്നു അവിവാഹിതനായ ബാലകൃഷ്ണൻ.

2011 ൽ തിരുവനന്തപുരത്ത് താമസിച്ചു വരവേയാണ് അസുഖ ബാധിതനായത്. 2011 സപ്തംബർ 11 ന് ഒരു സംഘം പേർ ബാലകൃഷ്ണനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നും മികച്ച ചികിത്സക്കെന്നു പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു. എന്നാൽ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂർ വെച്ച് ബാലകൃഷ്ണൻ മരണമടഞ്ഞെന്നും ഷൊർണ്ണൂരിൽ മൃതദേഹം സംസ്‌ക്കരിച്ചെന്നും തളിപ്പറമ്പിലെ നാട്ടുകാരേയും ബന്ധുക്കളേയും അറിയിക്കുകയായിരുന്നു. മൃതദേഹം പോലും ആരേയും കാണിക്കുന്നതിനുള്ള സമയം നൽകിയിരുന്നുമില്ല. അന്നു മുതൽ ബാലകൃഷ്ണന്റെ മരണം ജനങ്ങളിൽ ദുരൂഹത ഉളവാക്കിയിരുന്നു.

തളിപ്പറമ്പിലെ പഴയകാല ഡോക്ടറും സാമൂഹിക പ്രവർത്തകനുമായ റിട്ടയേർഡ് ക്യാപ്റ്റൻ ഡോ.പി. കുഞ്ഞമ്പു നായരുടെ മകനായിരുന്നു മരിച്ച ബാലകൃഷ്ണൻ. ഇപ്പോൾ ബാലകൃഷ്ണന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടി ഒരു വനിതാ അഭിഭാഷകയും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ബാലകൃഷ്ണന്റെ മരണമുൾപ്പെടെയുള്ള കേസിന് ജീവൻ വച്ചത്.

അവിവാഹിതനായ ബാലകൃഷ്ണന്റെ സ്വത്തുക്കൾ ഒരു വിധവയായ സ്ത്രീയെ അവതരിപ്പിച്ച് തട്ടിയെടുക്കാനുള്ള ശ്രമം ഇപ്പോൾ കോടതിയിൽ എത്തിയിരിക്കയാണ്. പയ്യന്നൂർ തായിനേരിയിലെ ജാനകിയെന്ന സ്ത്രീയെ ബാലകൃഷ്ണൻ വിവാഹം കഴിച്ചതായി കൃത്രിമ രേഖയുണ്ടാക്കിയാണ് സ്വത്തു തട്ടിയെടുക്കാനുള്ള നീക്കം. പൊലീസിന്റെ അന്വേഷണത്തിൽ ജാനകിയെ ബാലകൃഷ്ണൻ വിവാഹം കഴിച്ചിട്ടില്ല. ജാനകി കർണ്ണാടകത്തിലെ കെ.ശ്രീധരൻ നായരുടെ ഭാര്യയായിരുന്നുവെന്നും അയാൾ മരിച്ചതോടെ വിധവയായി കഴിയുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ജാനകിയും ബാലകൃഷ്ണനും വിവാഹിതരായി എന്നു കാണിച്ച് ഉണ്ടാക്കിയ ഫോട്ടോ മോർഫ് ചെയ്താണെന്നും പയ്യന്നൂരിലെ ഒരു സ്റ്റുഡിയോവിൽ വച്ചാണ് ഇത് രൂപപ്പെടുത്തിയതെന്നും പൊലീസിന് തെളിഞ്ഞിട്ടുണ്ട്. 1980 ഏപ്രിൽ 27 ന് പയ്യന്നൂർ വിഠോബാ ക്ഷേത്രത്തിൽ ബാലകൃഷ്ണൻ വിവാഹിതനാകുന്നുവെന്ന പേരിലുള്ള ഒരു രേഖയും കണ്ടെത്തിയിട്ടുണ്ട്.

ഡി.ടി.പി. പ്രാബല്യത്തിലില്ലാതിരുന്ന കാലത്ത് നടന്ന വിവാഹം രേഖപ്പെടുത്തിയത് സംശയങ്ങൾക്ക് ഇടയാക്കി. അപ്പോഴാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. 1992 ൽ മരണമടഞ്ഞ കുഞ്ഞമ്പു ഡോക്ടർ അതിനും എത്രയോ മുമ്പ് ബാലകൃഷ്ണന്റെ കല്യാണ ക്ഷണക്കത്തിൽ പരേതൻ എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം അഭിഭാഷകയുടേയും ഭർത്താവിന്റേയും വ്യാജരേഖ ചമക്കൽ വെളിപ്പെടുത്തുന്നവയായിരുന്നു.

വ്യാജ കല്യാണക്കത്ത് ഉപയോഗിച്ച് ക്ഷേത്ര കമ്മിറ്റിയിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് സമ്പാദിക്കുകയും വില്ലേജ് ഓഫീസർ, തഹസിൽദാർ, എന്നിവരിൽ നിന്നും പിൻതുടർച്ചാ സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തു. ജാനകിയെ ഉപയോഗിച്ച് ബാങ്കിൽ നിന്നും ബാലകൃഷ്ണന്റെ അക്കൗണ്ടിലെ പണം പിൻവലിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെ പേരിൽ പരിയാരം അമ്മാന പാറയിലുള്ള 16 ഏക്കർ സ്ഥലത്തിൽ ആറ് ഏക്കർ ജാനകിയുടെ പേരിൽ മാറ്റിയിട്ടുണ്ട്. ഇത് ഇപ്പോൾ അഡ്വ. ഷൈലജയുടെ പേരിലാണ് ഉള്ളത്.

പയ്യന്നൂർ ബാറിലെ അഡ്വ. ഷൈലജയും ഭർത്താവ് പി.കൃഷ്ണകുമാറും ചേർന്നാണ് കൃത്രിമങ്ങൾ മെനഞ്ഞതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കൃഷ്ണകുമാറിന്റെ സഹോദരി ജാനകിയെ എല്ലാ കൃത്രിമങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. ബാലകൃഷ്ണൻ നായരുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ജാനകിയെ ഉപയോഗിച്ച് തട്ടിയെടുത്തതായാണ് വിവരം. ജീവിതത്തിൽ ഒരിക്കൽ പോലും ബാലകൃഷ്ണൻ നായരും ജാനകിയും തമ്മിൽ കണ്ടിരുന്നില്ല. കൊടുങ്ങല്ലൂരിൽ വച്ച് ബാലകൃഷ്ണൻ നായരുടെ മരണം എങ്ങിനെയെന്ന കാര്യത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP