Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥയുടെ തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ നിയമപരമായി നേരിടണം; രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ല; വിവാഹസമയത്തു പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയിൽ പരസ്പരം ഇടപെടാറില്ലെന്ന് ശബരിനാഥ്; വർക്കലയിൽ ദിവ്യാ എസ് അയ്യർക്ക് വീഴ്ച പറ്റിയെന്ന നിലപാടിൽ സർക്കാരും

ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥയുടെ തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ നിയമപരമായി നേരിടണം; രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ല; വിവാഹസമയത്തു പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയിൽ പരസ്പരം ഇടപെടാറില്ലെന്ന് ശബരിനാഥ്; വർക്കലയിൽ ദിവ്യാ എസ് അയ്യർക്ക് വീഴ്ച പറ്റിയെന്ന നിലപാടിൽ സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റവന്യൂവകുപ്പ് ഏറ്റെടുത്ത കയ്യേറ്റഭൂമി വ്യക്തിക്ക് വിട്ടുകൊടുത്ത് വിവാദത്തിലായ തിരുവനന്തപുരം സബ് കളക്ടർ ദിവ്യാ എസ് അയ്യർക്കെതിരെ സർക്കാർ നടപടി എടുത്തേക്കും. അതിനിടെ വിഷയത്തിൽ ജില്ലാ കളക്ടർ വാസുകി പരിശോധന തുടങ്ങി. വർക്കല വില്ലേജിലെ ഇലകമൺ പഞ്ചായത്തിലെ റോഡ് സൈഡിലുള്ള ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടു കൊടുത്ത് സബ്കളക്ടർ ഉത്തരവ് ഇറക്കിയതാണ് വിവാദമായിരിക്കുന്നത്. എല്ലാ മാനദണ്ഡവും പാലിച്ചാണ് ഭൂമി വിട്ടുകൊടുത്തതെന്നാണ് സബ് കളക്ടർ പറയുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തര പരിശോധന.

സബ് കളക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന അഭിപ്രായമാണ് റവന്യൂ വകുപ്പിനുള്ളത്. ഇക്കാര്യത്തിൽ കളക്ടർ വാസുകിയുടെ നിലപാടാകും നിർണ്ണായകം. കളക്ടറുടെ റിപ്പോർട്ടിന് വേണ്ടി മന്ത്രിയുടെ ഓഫീസ് കാക്കുകയാണ്. അതിനിടെ വിഷയത്തിൽ പ്രതികരണവുമായി കെ എസ് ശബരിനാഥ് എംഎൽഎ രംഗത്ത് വന്നു. ശബരിയുടെ അച്ഛൻ ജി കാർത്തികേയന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിനാണ് ദിവ്യ വസ്തു തിരികെ നൽകിയത്. ഇതാണ് വിവാദത്തിന് പുതിയ തലം നൽകിയത്. ശബരിയുടെ കുടുംബ സുഹൃത്തിനെ ഭാര്യ ദിവ്യാ എസ് നായർ വഴിവിട്ടു സഹായിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ രാഷ്ട്രീയം ആരോപിച്ച് ശബരിനാഥ് രംഗത്ത് വന്നത്.

ഇന്നലെ രാവിലെ മുതൽ നവമാധ്യമങ്ങളിലും പത്രത്തിലും വർക്കലയിലെ ഒരു ഭൂമിഇടപാടുമായി ബന്ധപെട്ടു എന്റെയും ദിവ്യയുടെയും പേര് വലിച്ചിഴക്കുന്നത് കണ്ടു. ഈ വിഷയത്തെക്കുറിച്ചു ഞാൻ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങൾക്കുമുമ്പ് വർക്കല എംഎൽഎ വി.ജോയ് തന്നെ സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറയുമ്പോഴാണ്.ഈ വിഷയം അറിയില്ല,നമ്മൾ ഇതൊന്നും വീട്ടിൽ ചർച്ചചെയ്യാറില്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ശ്രീ ജോയ് തന്നെ, ഞാൻ ഈ കേസിൽ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപെട്ട മന്ത്രി സമക്ഷം പരാതികൊടുത്തതിൽ ദുരൂഹതയുണ്ട്.-ശബരിനാഥ് ആരോപിക്കുന്നു.

സർക്കാരിന്റെ ഭാഗമായി ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്. എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ല. വിവാഹസമയത്തു നമ്മൾ ഇരുവരും പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയിൽ പരസ്പരം ഇടപെടാറില്ല.പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപോയി.പൊതുജനങ്ങൾക്കു ഞങ്ങളിൽ വിശ്വാസമുണ്ട്,അത് നമ്മൾ ഭദ്രമായി കാത്തുസൂക്ഷിക്കും.-എന്നും എംഎൽഎ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ജൂലൈ 19 ന് സർക്കാർ പുറമ്പോക്ക് ഭൂമി കൈവശം വെച്ചുവെന്ന് കണ്ടെത്തി വർക്കല തഹസീൽദാർ എൻ രാജു സ്വകാര്യ വ്യക്തിയിൽ നിന്നും ഈ 27 സെന്റ് ഭൂമി തിരിച്ചുപിടിക്കുകയും നിയമമനുസരിച്ചുള്ള നടപടിക്രമങ്ങളും ഇക്കാര്യത്തിൽ തഹസീൽദാർ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇതിനെതിരേ തങ്ങളുടെ വശം കേൾക്കാതെയാണ് നടപടിയെടുത്തതെന്ന് ആരോപിച്ച് സ്ഥലമുടമ ജെ. ലിജി ഹൈക്കോടതിയെ സമീപിക്കുകയും പരാതിക്കാരന്റെ വാദം കൂടി കേട്ട ശേഷം നടപടിയെടുക്കാൻ ജഡ്ജി പി ബി സുരേഷ്‌കുമാർ സബ് കളക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് ഇക്കാര്യത്തിൽ ഇടപെട്ട സബ് കളക്ടർ തഹസീൽദാരുടെ നടപടി റദ്ദു ചെയ്ത് താലൂക്ക് സർവ്വേയറുടെ സഹായത്തോടെ ഭൂമി അളന്ന് തിരിച്ച് തിരികെ നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു. അതേസമയം സ്ഥലമുടമ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ അടുത്ത ബന്ധുവാണെന്നതാണ് ഏറ്റവും പുതിയ വിവരം. പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചപ്പോൾ എതിർ റവന്യൂ ഡിവിഷണൽ ഓഫീസറായ സബ് കളക്ടറെ എതിർ കക്ഷിയാക്കാതിരിക്കുകയും പിന്നീട് മറ്റൊരു അപേക്ഷ നൽകി കേസിൽ ആറാം കക്ഷിയാക്കുകയുമായിരുന്നു. എന്നാൽ നടപടിക്രമം പാലിച്ചാണ് ഉത്തരവിറക്കിയതെന്നാണ് കളക്ടർ പറയുന്നത്.

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിലെ (ഇലകമൺ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വർക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേർന്ന് സ്വകാര്യവ്യക്തിയിൽ നിന്നും തഹസിൽദാരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടർ ദിവ്യ എസ് അയ്യർ ഉത്തരവിറക്കിയത്. ഇത് വിവാദമായതോടെ സബ് കളക്ടറുടെ നടപടിയിൽ അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കളക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും. ഭൂമി സർക്കാർ തിരിച്ചെടുക്കുമെന്നും ഉറപ്പായിട്ടുണ്ട്. കോടതി വിധിയുടെ മറവിലായിരുന്നു സബ് കളക്ടറുടെ ഇടപെടൽ. സിപിഎം നേതൃത്വമാണ് ഇതിനെതിരെ നിലപാട് എടുത്തത്.

ജി കാർത്തികേയന്റെ ജന്മസ്ഥലമാണ് വർക്കല. ഇവിടെ അദ്ദേഹത്തിന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നു അഡ്വക്കേറ്റ് അനിൽകുമാർ. അനിൽ കുമാറിന്റെ പിതൃസഹോദരന്റെ മകളാണ് ഇപ്പോൾ സബ് കളക്ടറുടെ ഉത്തരവിലൂടെ ആനുകൂല്യം കിട്ടിയ കൃഷ്ണകുമാർ. അതുകൊണ്ട് തന്നെ ഈ ഉത്തരവിൽ സിപിഎമ്മിന് നിരവധി സംശയങ്ങളുണ്ട്. സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച റീസർവെ 227-ൽപ്പെട്ട 11 ആർ (27 സെന്റ്) റോഡ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വർക്കല തഹസിൽദാരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചെടുത്തിരുന്നു. വർഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതർ ഭൂമി സർക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിർദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു. ഒഴിപ്പിക്കൽ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉചിതമായ തീരുമാനം സബ്കളക്ടർ കൈക്കൊള്ളണമെന്ന നിർദ്ദേശത്തിന്റെ മറവിലാണ് ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം സബ് കളക്ടർ കൈക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP