Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നിച്ച മതസംഘടനകൾ ഒന്നാകുന്നത് കേരള മുസ്ലിം ചരിത്രത്തിൽ ഇതാദ്യം; മുജാഹിദുകൾ ഒന്നായപ്പോഴും 'വിവാദ ആദർശ' വിഷയങ്ങളിൽ വ്യക്തതക്കുറവ്; മുജാഹിദ് ലയനമല്ല യോജിപ്പാണ് ഉണ്ടായതെന്ന് ടി പി അബ്ദുല്ലക്കോയ മദനിയും

ഭിന്നിച്ച മതസംഘടനകൾ ഒന്നാകുന്നത് കേരള മുസ്ലിം ചരിത്രത്തിൽ ഇതാദ്യം; മുജാഹിദുകൾ ഒന്നായപ്പോഴും 'വിവാദ ആദർശ' വിഷയങ്ങളിൽ വ്യക്തതക്കുറവ്; മുജാഹിദ് ലയനമല്ല യോജിപ്പാണ് ഉണ്ടായതെന്ന് ടി പി അബ്ദുല്ലക്കോയ മദനിയും

കെ സി റിയാസ്

കോഴിക്കോട്: 14 വർഷത്തെ ആദർശ-സംഘടനാ പോർവിളികൾ പരസ്പരം മാപ്പാക്കി കേരളത്തിലെ ഇരുവിഭാഗം മുജാഹിദുകളും ഒന്നായെന്നു പ്രഖ്യാപിച്ചെങ്കിലും 'വിവാദ ആദർശ' സംഘടനാപരമായ വിഷയങ്ങളിലെ പാളിച്ചകൾ വ്യക്തമാക്കാൻ നേതൃത്വത്തിനു വിമുഖത. 2002-ൽ സംഘടനയിലുണ്ടായ ദൗർഭാഗ്യകരമായ പിളർപ്പിന് ഇരുവിഭാഗവും ആദർശപരവും സംഘടനാപരവുമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ആരോപണ പ്രത്യാരോപണങ്ങളുമായി ഒന്നര പതിറ്റാണ്ടോളം നാട്ടിലും മറുനാട്ടിലും ഗൾഫ് നാടുകളിലുമായി വ്യാപകമായ വാദകോലാഹലങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇന്നലെ കോഴിക്കോട് സി ഡി ടവറിലെ മുജാഹിദ് സെന്ററിൽ പരസ്പരം ഒന്നായെന്നു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചപ്പോഴും ഇരുകൂട്ടർക്കുമുണ്ടായ സംഘടനാപരമായ വീഴ്ചകളും ആദർശപരമായ വ്യതിയാനവും അതു തിരുത്തിയ രീതിയും പരസ്യമാക്കാൻ നേതൃത്വം തയ്യാറായില്ല. മുസ്ലിംകളിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ മുജാഹിദുകളിൽ ബഹുഭൂരിക്ഷവും ജിന്ന്, സിഹ്റ് ബാധ ഫലിക്കില്ലെന്ന വിശ്വാസക്കാരാണ്.

എന്നാൽ, ജിന്ന്-സിഹ്റ് വിഷയങ്ങളിൽ ഫലിക്കുമെന്നും ഇല്ലെന്നും മുജാഹിദുകളിൽ ഭിന്നമായ വാദങ്ങളുണ്ടെന്നിരിക്കെ ഇതിൽ സംഘടനയുടെ നിലപാട് എന്താണെന്നു ചോദിച്ചപ്പോൾ പ്രശ്നത്തിൽ വൈജ്ഞാനിക ചർച്ച നടന്നുവെന്നും അഭിപ്രായ വ്യത്യാസം പണ്ഡിതോചിതമായി പരിഹരിക്കുമെന്നുമാണ് കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പ്രതികരിച്ചത്.

ജിന്ന്-സിഹ്റ് വിഷയത്തിൽ ഉൾപ്പെടെ അന്ധവിശ്വാസങ്ങൾക്കെതിരെ മർകസ്സുദ്ദഅ്വ വിഭാഗത്തിന് കടുത്ത നിലപാടുള്ള സാഹചര്യത്തിലാണ് ഔദ്യോഗിക വിഭാഗത്തിന്റെ ഈ മയപ്പെടുത്തൽ. എന്നാൽ പണ്ഡിതനും ഔദ്യോഗിക ചേരിയിലെ സംസ്ഥാന സെക്രട്ടറിയുമായ എം അബ്ദുറഹ്മാൻ സലഫി ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷത്തിനും ഇക്കാര്യത്തിൽ മർക്കസ്സുദ്ദഅ്വ വിഭാഗത്തിന്റെ നിലപാടുകളോട് പൂർണയോജിപ്പാണുള്ളതെന്നും അറിയുന്നു.

ഇരുകൂട്ടർക്കുമുണ്ടായ തെറ്റുകൾ അണികളോട് പരസ്യമായി ഏറ്റുപറയുമോ എന്നു ചോദിച്ചപ്പോൾ ഒരു വർഷമായി തുടരുന്ന ചർച്ചയോടൊപ്പം അണികളെ പ്രശ്നങ്ങൾ ബോധവത്കരിച്ചുവരികയായിരുന്നുവെന്നും ടി പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി. മജാഹിദ് ഐക്യമാണോ ലയനമാണോ ഇപ്പോഴുണ്ടായതെന്നു ചോദിച്ചപ്പോൾ യോജിപ്പാണെന്നും ടി പി മറുപടി നൽകി.

2002-ലെ പിളർപ്പിനു മുമ്പ് 1999-ൽ രജിസ്റ്റർ ചെയ്ത നദ്വത്തുൽ മുജാഹിദീൻ കേരളയെക്കുറിച്ചുള്ള വിഷയത്തിലും വ്യക്തമായ ഒരു തീരുമാനത്തിൽ എത്താൻ നേതൃത്വത്തിനായിട്ടില്ല. പിളർപ്പിനു ശേഷം ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് നടത്തിയ മുജാഹിദ് സമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസിൽ നദ്വത്തുൽ മുജാഹിദീൻ കേരള (എൻ എം കെ) എന്നായിരുന്നു നൽകിയത്. ഇതു സംബന്ധിച്ച ചോദ്യത്തിന് അത് അന്നത്തെ പ്രത്യേക സാഹചര്യത്തിലുണ്ടായതാണെന്നായിരുന്നു ഇന്ത്യൻ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറൽസെക്രട്ടറിയായ ഡോ. ഹുസൈൻ മടവൂരിന്റെ പ്രതികരണം.

സംഘടന പിളർന്നപ്പോൾ ഇരുകൂട്ടരും ആദർശപരവും സംഘടനാപരവുമായ വിഷയങ്ങളിലെ തങ്ങളുടെ വാദമുഖങ്ങൾ ഒന്നൊന്നായി നിരത്തിയതുപോലെ യോജിപ്പിലെത്തുമ്പോഴും തിരുത്തൽ പ്രക്രിയ പരസ്യമാക്കാത്തതെന്താണെന്നു ചോദിച്ചപ്പോൾ വിശദമായി എല്ലാം വ്യക്തമാവുമെന്നും ഈമാസം 20ന് കോഴിക്കോട് കടപ്പുറത്ത് ചേരുന്ന പൊതുസമ്മേളനത്തിൽ അണികളുൾപ്പെടെയുള്ള പൊതുസമൂഹത്തിന് കാര്യങ്ങൾ ബോധ്യമാവുമെന്നും നേതൃത്വം വ്യക്തമാക്കി.

എന്തായാലും മുജാഹിദ് സംഘടനകളുടെ യോജിപ്പ് കേരളീയ പൊതുസമൂഹവും വിവിധ മുസ്ലിം സംഘടനകളുമെല്ലാം പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ട്. ഭിന്നിച്ചുപോയ മുസ്ലിം സംഘടനകൾ വീണ്ടും ഒന്നാകുന്ന ചരിത്രം നൂറ്റാണ്ടുകൾ പിന്നിട്ട കേരള മുസ്ലിം ചരിത്രത്തിൽ ഇല്ലെന്നിരിക്കെ, ഒരു പുരോഗമന പ്രസ്ഥാനം എന്ന കണക്കെ മുജാഹിദുൾ ഇക്കാര്യത്തിൽ മാതൃകയായത് സുന്നി ഐക്യത്തിലും ഉണ്ടാവണമെന്നാണ് മുസ്ലിം സംഘടനകളുടെ പൊതുവികാരം.

ഇന്നലെ കോഴിക്കോട് സി ഡി ടവറിൽ ചേർന്ന ഇരുവിഭാഗം കെ എൻ എമ്മിന്റെയും പോഷക സംഘടനകളുടെയും സംയുക്ത എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മുജാഹിദ് നേതാക്കളായ ടി പി അബ്ദുല്ലക്കോയ മദനിയും എം സലാഹുദ്ദീൻ മദനിയുമാണ് 2002-ലെ പിളർപ്പിനു ശേഷം തങ്ങൾ ഒന്നായ കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

കേരള മുസ്ലിം നവോത്ഥാന പരിശ്രമങ്ങൾക്ക് നിസ്തുല സംഭാവനകൾ അർപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിൽ ഒന്നര പതിറ്റാണ്ടായി നിലനിന്ന ആദർശപരവും സംഘടനാപരവുമായ ഭിന്നതകൾ ഒരു വർഷം നീണ്ട വൈജ്ഞാനിക സംവാദങ്ങൾക്കും ആദർശ ചർച്ചകൾക്കും ശേഷം പരിഹരിച്ചതായി നേതാക്കൾ വ്യക്തമാക്കി. സംഘടന ഐക്യത്തോടെ മുന്നോട്ടു പോകുമെന്നും ഐക്യസന്ദേശം മുഴുവൻ കീഴ്ഘടകങ്ങളിലും യാഥാർത്ഥ്യമാക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി. പണ്ഡിതനും കെ എൻ എം മർക്കകസുദ്ദഅ്വ വിഭാഗം പ്രസിഡന്റുമായ സി പി ഉമർ സുല്ലമി പ്രമേയത്തെ പിന്താങ്ങി.  ഐക്യസമ്മേളനം 20ന് കോഴിക്കോട് കടപ്പുറത്ത് നടത്താനാണ് തീരുമാനമെന്നും പുറമെ നിന്നുള്ള അതിഥികളെ പങ്കെടുപ്പിക്കുന്നതടക്കം പ്രോഗ്രാം കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

കേരളത്തിലെ മുസ്ലിംകളുടെ പരിഷ്‌കരണ പ്രവർത്തനങ്ങൾക്കു മുന്നിൽ നടന്ന മുജാഹിദ് പ്രസ്ഥാനത്തിൽ 2002-ലാണ് ദൗർഭാഗ്യകരമായ പിളർപ്പുണ്ടായത്. ശേഷം കോഴിക്കോട് അരയിടത്തു പാലത്തുള്ള മുജാഹിദ് സെന്റർ(സി ഡി ടവർ) ആസ്ഥാനമായി ഔദ്യോഗിക വിഭാഗവും കോഴിക്കോട് തളി ആർ എം റോഡിൽ മർകസുദ്ദഅ്വ ആസ്ഥാനമായി മറുവിഭാഗവും പ്രവർത്തിച്ചുവരികയായിരുന്നു. ഇത് ഇനി ഒന്നായാണ് പ്രവർത്തിക്കുക. നേതൃത്വത്തിലും എക്സിക്യൂട്ടീവിലുമെല്ലാം ഇരു വിഭാഗത്തിനും പ്രാതിനിധ്യം നൽകി സംഘടനാ പ്രവർത്തനം വിപുലമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനതലം മുതൽ പ്രാദേശികതലം വരെ സംഘടന ഇനി മുതൽ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുക.

സംയുക്ത എക്സിക്യൂട്ടീവിൽ കെ എൻ എം ജനറൽസെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി ആമുഖ ഭാഷണം നടത്തി. തുടർന്ന് ഐക്യത്തിന് നേതൃത്വം നൽകിയ ഇരുവിഭാഗത്തിലെയും നേതാക്കളായ എം അബ്ദുറഹിമാൻ സലഫിയും എ അസ്ഗറലിയും ആദർശ പ്രശ്നങ്ങളിലും സംഘടനാ പ്രശ്നങ്ങളിലുമുണ്ടായ തീരുമാനങ്ങൾ വിശദീകരിച്ചു. ഡോ. ഹുസൈൻ മടവൂർ, എം മുഹമ്മദ് മദനി, എം സ്വലാഹുദ്ദീൻ മദനി, എ അബ്ദുൽഹമീദ് മദീനി, നൂർ മുഹമ്മദ് നൂർഷ എന്നിവർ പ്രസംഗിച്ചു.

2015 ഡിസംബർ മുതൽ 2016 നവംബർ വരെ ഇരുപക്ഷത്തെയും അഞ്ചു വീതം പണ്ഡിതന്മാർ നടത്തിയ ചർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമ ശരിവച്ചതോടെ ഐക്യശ്രമത്തിന് വേഗം കൂടുകയായിരുന്നു. ഇതിനെ ഇരു ഭരണസമിതികളും കൗൺസിലുകളും പൂർണ്ണമായി അംഗീകരിച്ചതോടെയാണ് ഐക്യം യാഥാർഥ്യമായതെന്ന് കെ എൻ എം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഭിന്നിപ്പുകളിൽ മനസു മരവിച്ച യുവാക്കളിൽ ചിലർ അരാഷ്ട്രീയവാദങ്ങളിലേക്കും അപകടകരമായ ചിന്തകളിലേക്കും ആകൃഷ്ടരാകുമോ എന്ന് ഭയമുണ്ടെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇത് തടയാൻ വിദ്യാർത്ഥി-യുവജന വിഭാഗങ്ങളിൽ കർമപദ്ധതി തയ്യാറാക്കും. ഭീകരവാദത്തിന്റെ അപകടങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. മുസ്ലിം പുരോഗതിക്ക് വഴിമുടക്കികളായി നിന്നവർ ചരിത്രത്തെ വക്രീകരിച്ച് നവോത്ഥാന നായകരായി സ്വയം പ്രഖ്യാപിക്കുകയാണ്.

മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പുകൾ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിരുച്ചുവരവിനും അപകടകരമായ ചിന്തകൾ കടന്നുവരാനുള്ള സാഹചര്യത്തിനും വഴി തുറക്കുമെന്നും, ദൃശ്യ-ശ്രാവ്യ-അച്ചടി മാദ്ധ്യമങ്ങളുടെ പിൻബലത്തോടെ അന്ധവിശ്വാസങ്ങളുടെ പ്രചാരണം ശക്തിപ്പെട്ടുവരികയാണെന്നും യോഗം വിലയിരുത്തി. ആൾദൈവങ്ങളും ആത്മീയകേന്ദ്രങ്ങളും അനുദിനം വർധിച്ചു വരികയാണ്. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശത്തിനായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനം വനിതകൾക്കിടയിലെ സാമൂഹ്യ ബോധവൽക്കരണത്തിന് കൂട്ടായ ശ്രമങ്ങൾ സംഘടിപ്പിക്കും.

ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന മതപരമായ സിവിൽ നിയമങ്ങൾക്ക് പകരം പൊതു സിവിൽ കോഡ് അടിച്ചേൽപ്പിക്കാനും ശരീഅത്ത് നിയമം തള്ളിക്കളയാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ഇതരസംഘടനകളുമായി ചേർന്ന് ബഹുജന ബോധവൽക്കരണം സംഘടിപ്പിക്കും. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ന്യൂനപക്ഷങ്ങളെ ഭീതിദമാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി.

മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ കൂടുതൽ സംഭാവനകൾ അർപ്പിക്കാൻ ആവശ്യമായ വിഭവസമാഹരണം നടത്തും. വൈവാഹിക മേഖലകളിലെ ചൂഷണങ്ങൾ അവസാനിപ്പിക്കാനും സ്ത്രീധനം, ആഡംബരവിവാഹം എന്നിവക്കെതിരെയുള്ള ബോധവൽക്കരണവും ശക്തമാക്കും. നിലവിലുള്ള വിദ്യാഭ്യാസസാമൂഹ്യ സ്ഥാപനങ്ങളിൽ ഗുണമേന്മ വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഇതര സ്ഥാപനങ്ങൾ തുടങ്ങാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP