Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുറന്ന അണക്കെട്ടുകളിൽ ഒന്നും അടക്കുന്നില്ല; അണമുറിയാതെ ഒഴുകിയെത്തുന്നത് ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം; പുഴകൾ നിറഞ്ഞും നദികൾ പരന്ന് ഒഴുകുമ്പോൾ ആർക്കും ഒരു എത്തും പിടിയുമില്ല; അണക്കെട്ടിലെ വെള്ളവും മഴവെള്ളവും ഒരുമിച്ചപ്പോൾ റോഡുകൾ നദിയാവുന്ന അത്ഭുത പ്രതിഭാസം തുടരുന്നു

തുറന്ന അണക്കെട്ടുകളിൽ ഒന്നും അടക്കുന്നില്ല; അണമുറിയാതെ ഒഴുകിയെത്തുന്നത് ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം; പുഴകൾ നിറഞ്ഞും നദികൾ പരന്ന് ഒഴുകുമ്പോൾ ആർക്കും ഒരു എത്തും പിടിയുമില്ല; അണക്കെട്ടിലെ വെള്ളവും മഴവെള്ളവും ഒരുമിച്ചപ്പോൾ റോഡുകൾ നദിയാവുന്ന അത്ഭുത പ്രതിഭാസം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളത്തിൽ എല്ലാ ഡാമുകളും നിറഞ്ഞൊഴുകുകയാണ്. അതുകൊണ്ട് തന്നെ ദുരന്തകാലത്ത് തുറന്ന ഡാമുകളൊന്നും അടയ്ക്കാൻ കഴിയുന്നുമില്ല. ഇതാണ് വയനാട്ടിലും ആലുവയിലും ചാലക്കുടിയിലും പമ്പയുടെ തീരത്തും ദുരിതങ്ങൾ കൂട്ടിയത്. റോഡുകളെല്ലാം നദികളായി മാറുന്ന അവസ്ഥ. മഴവെള്ളവും അണക്കെട്ടിലെ വെള്ളവും ഒരു പോലെ ഉൾക്കൊള്ളാൻ നദികൾക്കായില്ല. ഇതോടെ റോഡുകളെല്ലാം നദികളായി. അങ്ങനെ റോഡും നദിയും ചേർന്നൊഴുകുകയാണ് കേരളത്തിൽ. മഴ തോർന്നാലും അണക്കെട്ടുകൾ അടയ്ക്കാൻ പിന്നേയും ദിവസങ്ങൾ വേണ്ടി വരും. ഡാമുകളിലെ നീരൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഡാമുകൾ അടയ്ക്കാനാവൂ എന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കേരളത്തിലെ കാലവർഷ ദുരിതങ്ങൾ ഇനിയും തുടരും.

കണ്ണൂരിൽ പഴശ്ശി സംഭരണി തുറന്നു. ഇതോടെ കീഴല്ലൂർ, ചാലിപ്പറമ്പ്, വേങ്ങാട്, കല്ലായി, ഊർപ്പള്ളി, ചാമ്പാട്, പാളയം പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളും മുങ്ങി. കോഴിക്കോട് കക്കയം ഡാമും പെരുവണ്ണാമൂഴി ഡാമും തുറന്നിട്ടുണ്ട്. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞ് തിരുവമ്പാടി, മുക്കം, കാരശ്ശേരി പഞ്ചായത്തുകളിലും പൂനൂർപുഴ നിറഞ്ഞ് പൂനൂർ, നെല്ലാങ്കണ്ടി, വാവാട്, മൂഴിക്കൽ, വേങ്ങേരി പ്രദേശങ്ങളിലും ചെറുപുഴ നിറഞ്ഞതോടെ ഈങ്ങാപ്പുഴ, അടിവാരം എന്നിവിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ചാലിയാർ കരകവിഞ്ഞു മാവൂർ പഞ്ചായത്തിലെ പ്രദേശങ്ങളിലും കല്ലായിപ്പുഴ നിറഞ്ഞ് കോഴിക്കോട് നഗരത്തിലും വെള്ളപ്പൊക്കം. വയനാട് ബാണാസുരസാഗർ, കാരാപ്പുഴ ഡാമുകൾ തുറന്നിട്ടുണ്ട്. കബനി നദി പലയിടങ്ങളിലും കരകവിഞ്ഞൊഴുകുന്നു. ചെറിയ തോടുകളും പുഴകളുമെല്ലാം നിറഞ്ഞൊഴുകുന്നു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണു കൂടുതൽ ദുരിതം.

മലപ്പുറത്ത് ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടിപ്പുഴ എന്നിവ കരകവിഞ്ഞു. ഭാരതപ്പുഴയുടെ ജലനിരപ്പ് എക്കാലത്തെയും റെക്കോർഡിലെത്തി. 10.51 ഘനയടിയാണ് ഇന്നലെ വൈകിട്ട് ആറിനു രേഖപ്പെടുത്തിയ ജലനിരപ്പ്. 2007ലെ 9.76 ഘനയടിയായിരുന്നു ഇതിനു മുൻപത്തെ ഉയർന്ന ജലനിരപ്പ്. ഭാരതപ്പുഴ കരകവിഞ്ഞതോടെ പൊന്നാനി നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളും വെള്ളത്തിലായി. തിരൂർ കുറ്റിപ്പുറം റോഡും മുങ്ങി. പാലക്കാട് മുഴുവൻ ഡാമുകളിലും സംഭരണശേഷി കവിഞ്ഞു. മംഗലം 259 അടി, പോത്തുണ്ടി 55 അടി, മീങ്കര 39 അടി, ചുള്ളിയാർ 57.5 അടി, വാളയാർ 664 അടി, കാഞ്ഞിരപ്പുഴ 309 അടി ഇങ്ങനെയാണ് ജലനിരപ്പ്. മലമ്പുഴയുടെ ജലനിരപ്പ് 377.5 അടിയും, പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 11,800 ഘനയടി വെള്ളം.

ഭാരതപ്പുഴ, ചിറ്റൂർപുഴ, കോരയാർ, ഗായത്രി, കുന്തി, തൂത, മംഗലം എന്നിവയെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ പാലക്കാട് നഗരത്തിലെ കൽപാത്തി, പറളി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, ചിറ്റൂർ, വാളയാർ, ആലത്തൂർ, കൊല്ലങ്കോട്, മണ്ണാർക്കാട്, ചെർപ്പുളശേരി, കൊപ്പം തുടങ്ങിയ മേഖലകളിൽ വെള്ളപ്പൊക്കമാണ്. തൃശൂരിൽ ചിമ്മിനി ഡാമും വാഴാനി ഡാമും നിറഞ്ഞുതുളുമ്പുന്നു. ചിമ്മിനിയിൽ നാലു ഷട്ടറുകളും പരമാവധി തുറന്നുവച്ചിരിക്കുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ആറു ഷട്ടറുകളും രണ്ട് സ്ലൂയിസ് വാൽവുകളും പരമാവധി തുറന്നുവച്ചിരിക്കുകയാണ്. പീച്ചി ഡാമിലെ നാലു ഷട്ടറുകളും 58 ഇഞ്ച് വീതം തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമിലേക്കുള്ള വൈദ്യുതിബന്ധം നിലച്ചതിനാൽ ഇവിടെ ജലവൈദ്യുത പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളമാണ് ചാലക്കുടിയെ മുക്കിയത്. ഇത് കാരണം ദേശീയ പാതയിലെ വാഹനഗതാഗതം പൂർണ്ണമായും തകർന്നു.

ഇടുക്കിയിൽ മുല്ലപ്പെരിയാർ, ചെറുതോണി, മലങ്കര, മാട്ടുപ്പെട്ടി, ഇരട്ടയാർ, പൊന്മുടി, കല്ലാർ, കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുന്നു. തൊടുപുഴയാർ, പെരിയാർ, മുതിരപ്പുഴയാർ, പന്നിയാർപുഴ, കല്ലാർ പുഴ, ദേവിയാർ പുഴ, കാളിയാർ പുഴ, കട്ടപ്പനയാർ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുന്നു. മൂന്നാർ തീർത്തും ്ഒറ്റപ്പെട്ടു. മാട്ടുപെട്ടി ഡാമാണ് മൂന്നാറിലെ ഭീതിക്ക് കാരണം. കുട്ടനാടിനെ ഭീതിയിലാക്കുന്നത് പത്തനംതിട്ടയിലെ ഡാമുകളാണ്. പമ്പ, അച്ചൻകോവിലാർ, കുട്ടംപേരൂരാർ എന്നിവ കരകവിഞ്ഞതോടെ ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖല മുഴുവൻ വെള്ളത്തിലായി. ബുധനൂർ പഞ്ചായത്തിന്റെ തെക്കും വടക്കും ഭാഗങ്ങൾ, വീയപുരം ഇരതോട്, മങ്കോട്ട, പാറേച്ചിറ, മണിയങ്കേരി, മേൽപാടം, പായിപ്പാട്, കാരിച്ചാൽ, വെള്ളംകുളങ്ങര, പാണ്ടി, പടിഞ്ഞാറേ പോച്ച, ആനാരി, മുടീക്കുഴി എന്നിവിടങ്ങളും വെള്ളക്കെട്ടിലാണ്. കോട്ടയത്തുകൊടൂരാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ എന്നിവയിലെ ജലനിരപ്പ് ഉയരുകയാണ്.

പത്തനംതിട്ടയിലെ അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിലാണ്. കക്കി - ആനത്തോട് അണക്കെട്ടിൽ നാലു ഷട്ടറുകളും ആറടി വീതം ഉയർത്തിയിട്ടുണ്ട്. കൊച്ചുപമ്പ അണക്കെട്ടിൽ 985.8 മീറ്റർ വെള്ളം. ശക്തമായ നീരൊഴുക്കു തുടരുന്നതിനാൽ ഏതു സമയവും ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത. കൊല്ലത്ത് തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് 385.52 അടിയായി. തിരുവനന്തപുരത്ത് പേപ്പാറ ഡാമിന്റെ മൂന്നു ഷട്ടറുകളും 1.5 മീറ്റർ ഉയർത്തി. അരുവിക്കര ഡാമിന്റെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണവും തുറന്നെങ്കിലും ഇന്നലെ ഒരെണ്ണം അടച്ചു.

നെയ്യാർ ഡാമിന്റെ എല്ലാ ഷട്ടറുകളും ബുധനാഴ്ച 12 അടി ഉയർത്തിയതിനെ തുടർന്ന് കാട്ടാക്കട, നെയ്യാറ്റിൻകര മേഖലകളിൽ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. ഇന്നലെ രാവിലെ ഇതു നാലടിയായി കുറച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP