Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗറില്ലാ പോരാട്ടത്തിലൂടെ തലവേദനയായ രൂപേഷ് കുടുങ്ങിയ ആശ്വാസത്തിൽ കേരളാ പൊലീസ്; ഇനി വയനാടൻ കാടുകളിൽ നിന്ന് തണ്ടർബോൾഡ് മടങ്ങും; മാവോവാദം കെട്ടടങ്ങുമെന്നും പ്രതീക്ഷ

ഗറില്ലാ പോരാട്ടത്തിലൂടെ തലവേദനയായ രൂപേഷ് കുടുങ്ങിയ ആശ്വാസത്തിൽ കേരളാ പൊലീസ്; ഇനി വയനാടൻ കാടുകളിൽ നിന്ന് തണ്ടർബോൾഡ് മടങ്ങും; മാവോവാദം കെട്ടടങ്ങുമെന്നും പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കോയമ്പത്തൂരിൽവച്ച് പൊലീസ് പിടികൂടിയ മാവോവാദി നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവരാണ് കേരളത്തിൽ മാവോവാദി പ്രവർത്തനങ്ങൾക്ക് അദൃശ്യ നേതൃത്വം നൽകിയത്. ഷൊറണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തിൽ ഒളിവിൽ താമസിപ്പിച്ചതുമടക്കമുള്ള പതിനഞ്ചോളം കേസുകളിൽ രൂപേഷിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

ഗറില്ലാ യുദ്ധമുറകളിലൂന്നിയ സായുധ വിപ്ലവമായിരുന്നു സ്വപ്‌നം. അതിന് തുടക്കമിടാൻ രൂപേഷിനായി. എല്ലാത്തിനും പിന്തുണയുമായി കുടുംബത്തേയും ഒപ്പം നിർത്തി. അതിനിപ്പുറം ഒന്നും ചെയ്യാൻ കഴിയാതെയാണ് കീഴടങ്ങൽ. എഴുപതുകളുടെ അവസാനം നക്‌സൽ പോരാട്ടത്തിന് കേരളത്തിൽ അവസാനം കുറിച്ചത് പൊലീസിന്റെ കർശന നടപടികളിലൂടെ ആയിരുന്നു. മുപ്പത്തിയഞ്ച് വർഷത്തിന് ശേഷം അതേ വയനാടൻ കാടുകളിൽ പോരാട്ട വീര്യം എത്തിച്ച രൂപേഷ് പിടിയിലാകുന്നതോടെ നക്‌സലിസത്തിന്റെ പുതി മുഖമായ മാവോവാദത്തിനും കേരളത്തിൽ അവസാനമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രൂപേഷിനെ കേരളത്തിലെത്തിക്കാൻ ആദ്യ ഘട്ടത്തിൽ കേരളാ പൊലീസ് ശ്രമിക്കില്ല. എന്നാൽ വിശദ ചോദ്യം ചെയ്യലിന് ശ്രമിക്കും. നിരവധികേസുകളുടെ മുന്നോട്ടുള്ള പോക്കിന് ഇത് അനിവാര്യമാണ്. അതിനിടെ ചോദ്യം ചെയ്യലിൽ രൂപേഷും സംഘവും സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശ് പൊലീസിന്റെ ചോദ്യങ്ങൾക്ക് തെറ്റിധാരണാജനകമായ മറുപടിയാണ് ലഭിക്കുന്നത്.

രൂപേഷും സംഘവും കേരളാ പൊലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരുന്നത്. നക്‌സൽ വാദത്തെ അടിച്ചമർത്തിയ പൊലീസാണ് കേരളത്തിന്റേത്. ആഭ്യന്തരമന്ത്രിയായിരിക്കെ കെ കരുണാകരൻ എടുത്ത ശക്തമായ തീരുമാനങ്ങളാണ് നക്‌സലിസത്തെ വേരോടെ പിഴുതെറിഞ്ഞത്. അതിന് ശേഷം വയനാട് കേന്ദ്രീകരിച്ച് രൂപേഷും സംഘവും സായുധ പോരാട്ടം തുടങ്ങിയപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. പശ്ചിമഘട്ട മലനിരകളിൽ എന്തും സംഭവിക്കാമെന്ന അവസ്ഥ വന്നു. എകെ 47 തോക്കുമായി തണ്ടർ ബോൾട്ട് കാടുകയറി. പക്ഷേ ഒരു ഫലവും കണ്ടില്ല. മാവോയിസ്റ്റുകളാകട്ടെ നാട്ടിൽ പോലുമെത്തി പ്രവർത്തനം വിപുലമാക്കി. രൂപേഷ് അറസ്റ്റിലായതോടെ കേരളത്തിലെ കാടുകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഇല്ലാതാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വയനാട്ടിലുള്ള തണ്ടർ ബോൾട്ട് യൂണിറ്റും മടങ്ങും.

തൊണ്ണൂറുകളുടെഅവസാനം സിപിഐ(എം)എൽ ജനശക്തി എന്ന സംഘടനയിലാണ് രൂപേഷ് ആദ്യമായി അംഗമാകുന്നത്. ചേരിപ്പോരിനെത്തുടർന്ന് ഈ സംഘടനയിൽ നിന്ന് രാജിവച്ച രൂപേഷ് ആന്ധ്രയിലെത്തി പീപ്പിൾ വാർ ഗ്രൂപ്പിനൊപ്പം ചേർന്നു. 2004ൽ മാവോയിസ്റ്റ് നക്‌സൽ സ്വഭാവമുള്ള നിരവധി സംഘടനകൾ ലയിച്ച്‌സിപിഐ മാവോയിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടടതോടെ രൂപേഷ് അതിന്റെ സജീവ പ്രവർത്തകനായി. സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായആന്ദ്ര സ്വദേശി മല്ല രാജ റെഡ്ഡി, ഭാര്യ സുഗുണ എന്നിവരെ പെരുമ്പാവൂരിലെ വീട്ടിൽ ഒളിവിൽ തമസിപ്പിച്ചതിനാണ് 2008ൽ രൂപേഷിനെതിരെ ആദ്യം കേസെടുക്കുന്നത്. 2010ൽ നിലമ്പൂരിൽ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തതിനും ട്രെയിനിന്റെ വാഗൺ പൈപ്പ് മുറച്ചതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്!തു.

തുടർന്ന് രൂപേഷ് പൂർണമായും ഗറില്ല ആക്രമണമുറയിലേക്ക് മാറി. കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വയനാട് കുഞ്ഞോമിൽ പൊലീസുകാരന്റെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയതിന്റെ പേരിലും രൂപേഷിനെതിരെ കേസുണ്ട്. അട്ടപ്പാടി മുക്കാലി ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിന് പിന്നിലും രൂപേഷാണെന്ന് ആരോപണമുയർന്നിരുന്നു. ഇരുപതോളം കേസുകളാണ് ഇയാൾക്കെതിരെ നിവലിലുള്ളത്. മിക്ക കേസുകളിലും രാജ്യദ്രോഹക്കുറ്റമാണ് രൂപേഷിനെതിരെ ചുമത്തിയിട്ടുള്ളത്.

എൽ.എൽ.ബി. ബിരുദധാരിയായ രൂപേഷ് തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയാണ്. രൂപേഷിന്റെ ഭാര്യയാണ് ഷൈന. ഷൈന നേരത്തേ ഹൈക്കോടതിയിൽ വക്കീൽഗുമസ്തയായിരുന്നു. 2007 മുതൽ ഷൈന ഒളിവിലാണ്. 2007ൽ അങ്കമാലിയിൽവച്ച് മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയംഗം മല്ലരാജറെഡ്ഡി അറസ്റ്റിലായപ്പോൾ റെഡ്ഡിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഷൈനയെയും പ്രതിചേർത്തിരുന്നു. ജാമ്യത്തിലിറങ്ങിയ രൂപേഷും ഷൈനയും ഒളിവിൽപ്പോയി. പിന്നീട് പശ്ചിമഘട്ടത്തിൽ മാവോവാദി പ്രവർത്തനത്തിന് രൂപേഷ് നേതൃത്വം നൽകിത്തുടങ്ങി. എന്നാൽ, ഷൈന ഒരിക്കലും രംഗത്തുവന്നില്ല.

പിന്നെ വിവരമൊന്നുമില്ല. ഇവരുടെ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺമക്കളെയും ഈ കുട്ടികളെ പരിരക്ഷിക്കുന്ന ഷൈനയുടെ അമ്മയെയും പൊലീസ് നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശപ്രവർത്തകരും വ്യക്തമാക്കിയ സംഭവങ്ങൾ വാർത്തയായിരുന്നു. മാവോവാദി ഗ്രൂപ്പുകളുടെ ഓപ്പറേഷനിൽ നേരിട്ടുപങ്കെടുത്തതായി വിവരമില്ലെങ്കിലും ഷൈനയും ഇവരോടൊപ്പം തന്നെയാണെന്ന അന്വേഷണ ഏജൻസികളുടെ അനുമാനം ശരിവെക്കുന്നതാണ് ചൊവ്വാഴ്ചത്തെ അറസ്റ്റ്.

പുറത്തുനിന്നുള്ള സഹായം മാവോവാദികൾക്ക് ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മാവോവാദി സാന്നിധ്യം ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെട്ട ഉത്തരമേഖലയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഭീകരവിരുദ്ധസേനയുടെയും അന്വേഷണത്തിൽ ഷൈനയുടെ പങ്കിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP