Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്മനാഭസ്വാമി ക്ഷേത്രത്തിലേതുൾപ്പെടെ സമ്പന്നക്ഷേത്രങ്ങളിലെ സ്വർണശേഖരം മോദിസർക്കാർ ഏറ്റെടുക്കാൻ നീക്കം; ആർഎസ്എസിന് യോജിപ്പ്; ശിവസേനയും ഐക്യവേദിയും എതിർപ്പുമായി രംഗത്ത്

പത്മനാഭസ്വാമി ക്ഷേത്രത്തിലേതുൾപ്പെടെ സമ്പന്നക്ഷേത്രങ്ങളിലെ സ്വർണശേഖരം മോദിസർക്കാർ ഏറ്റെടുക്കാൻ നീക്കം; ആർഎസ്എസിന് യോജിപ്പ്; ശിവസേനയും ഐക്യവേദിയും എതിർപ്പുമായി രംഗത്ത്

രാജ്യത്തെ അതിസമ്പന്നക്ഷേത്രങ്ങളിലെ സ്വർണശേഖരമുൾപ്പെടെയുള്ള സ്വത്തുവകകൾ ആഭ്യന്തരവിപണിയിലെത്തിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തിന് ബിജെപി യുടെ പച്ചക്കൊടി. സ്വർണശേഖരം കോർപ്പറേറ്റുകൾക്ക് വിൽക്കാനാണു ശ്രമമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിലെ അളവ് തിട്ടപ്പെടുത്താൻ കഴിയാത്ത സ്വർണശേഖരത്തിലാണ് മോദി കണ്ണുവച്ചിട്ടുള്ളത്.

ഇത്തരത്തിൽ തിരുവനന്തപുരത്തെ ശ്രീപത്മനാഭ ക്ഷേത്രം, മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണ് ആദ്യഘട്ടമെന്നോണം സ്വർണം ഏറ്റെടുക്കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് കത്ത് അതതു ദേവസ്വം ബോർഡുകൾക്ക് അയച്ചുകഴിഞ്ഞതായറിയുന്നു. സംസ്ഥാനത്ത് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ ബോർഡുകളുടെ കീഴിൽ 3600 അമ്പലങ്ങളും നൂറോളം അനുബന്ധ ക്ഷേത്രങ്ങളുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണശേഖരം മാത്രം 3000 കോടി ഡോളർ വിലമതിക്കുമെന്നാണ് കരുതുന്നത്.

വിദേശനാണ്യ പ്രതിസന്ധി മറികടക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് മുഴുവൻ ബിജെപി, ആർഎസ്എസ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാൽ ക്ഷേത്ര സ്വത്തുകൾ ബാങ്കിൽ കുറഞ്ഞ പലിശയ്ക്ക് നിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നാണ് ബോർഡുകൾ തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല കാണിക്ക അർപ്പിച്ച വസ്തുവകകൾ സർക്കാരിന് നൽകുമ്പോൾ തിരികെ നൽകുന്നത് സ്വർണക്കട്ടികളായാണ്. ഇത് പാരമ്പര്യ ആഭരണങ്ങളായി മാറ്റുക അസാദ്ധ്യവുമാണ്. വിദഗ്ധരായ തൊഴിലാളികളുടെ അഭാവമാണ് ഇതിനു കാരണം.

നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കേന്ദ്ര സർക്കാരിന് ചൈനയുമായുള്ള യുദ്ധവേളയിൽ സ്വർണം നൽകിയിരുന്നു. ഇതു പിന്നീട് തിരികെ ലഭിച്ചത് സ്വർണക്കട്ടികളായാണ്. ഇത് ആചാരാനുഷ്ഠാനങ്ങൾക്കെതിരാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന സ്വർണാവശ്യങ്ങൾക്ക് അതിസമ്പന്നമായ ക്ഷേത്രങ്ങളിലെ സ്വർണനിക്ഷേപം ബാങ്കുകളിലെത്തിക്കുന്ന പദ്ധതിക്ക് മോദി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ അരുൺ ജയ്റ്റ്‌ലി സ്വർണനിക്ഷേപത്തിന് പലിശ പ്രഖ്യാപിച്ചിരുന്നു. ഇതിനു ചുവടുപിടിച്ചാണ് സർക്കാർ സ്വർണം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് . ഇതിന് ബിജെപി, ആർഎസ്എസ് പിന്തുണ നേടാമെന്നും മോദി കരുതുന്നു.

എന്നാൽ ക്ഷേത്രങ്ങളിലെ സ്വത്തുകണ്ടുകൊണ്ടു രാജ്യത്തെ വികസനപ്രവർത്തനങ്ങൾക്കു മോദി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നാണ് ഹിന്ദു ഐക്യവേദി പറഞ്ഞിട്ടുള്ളത്. വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഭാഗമായി ലഭിച്ചിട്ടുള്ള സ്വർണം സർക്കാരിന് തോന്നുംവിധം ഉപയോഗിക്കാനുള്ളതല്ലെന്ന് ശിവസേനാ രാജ്യപ്രമുഖ് ഭൂവനചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. സ്വർണശേഖരത്തിൽ കൈകടത്തുന്നതു ഭക്തരോടുള്ള അവഹേളനമാണെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചിട്ടുണ്ട്.

അതേസമയം യു പി എ സർക്കാർ സ്വർണനിക്ഷേപത്തിന് പലിശ നൽകുന്ന പദ്ധതി കൊണ്ടുവന്നപ്പോൾ അതിശക്തമായി എതിർക്കാൻ ബിജെപിയും ആർ എസ് എസും മുൻനിരയിലുണ്ടായിരുന്നു. എന്നാൽ മോദിയുടെ തീരുമാനത്തിൽ ബിജെപിയും ആർ എസ് എസും ഇതുവരെയും ഉരിയാടാത്തത് ദുരൂഹത പടർത്തുകയാണ്. ഏതായാലും രാജ്യത്തെ കോർപ്പറേറ്റുകളുടെ അടുക്കളയിലെത്തിച്ചുകൊടുക്കുന്ന മോദി സർക്കാരിന്റെ ഭരണത്തിന്റെ ഭാഗമായി മാത്രമേ സ്വർണനിക്ഷേപത്തെയും കാണാൻ കഴിയുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP