Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗൗരി ലങ്കേഷിന്റെ രക്തക്കറ മറയ്ക്കാൻ ബിജെപിയിൽ ചേരുന്നുവെന്ന് പ്രഖ്യാപിച്ച സഹോദരനെ ഉപയോഗിച്ച് ആർഎസ്എസ്; വാർത്താസമ്മേളനത്തിനിടെ സഹോദരനും സഹോദരിയും തമ്മിൽ കലഹിച്ചു; മാവോയിസ്റ്റ് നിലപാടിന്റെ പേരിൽ ഗൗരിയെ പുറത്താക്കിയ ഇന്ദ്രജിത്തിനെ മുൻനിർത്തി ബിജെപിയുടെ മുഖം രക്ഷിക്കാൻ ക്വട്ടേഷൻ എടുത്ത് അർണാബ്

ഗൗരി ലങ്കേഷിന്റെ രക്തക്കറ മറയ്ക്കാൻ ബിജെപിയിൽ ചേരുന്നുവെന്ന് പ്രഖ്യാപിച്ച സഹോദരനെ ഉപയോഗിച്ച് ആർഎസ്എസ്; വാർത്താസമ്മേളനത്തിനിടെ സഹോദരനും സഹോദരിയും തമ്മിൽ കലഹിച്ചു; മാവോയിസ്റ്റ് നിലപാടിന്റെ പേരിൽ ഗൗരിയെ പുറത്താക്കിയ ഇന്ദ്രജിത്തിനെ മുൻനിർത്തി ബിജെപിയുടെ മുഖം രക്ഷിക്കാൻ ക്വട്ടേഷൻ എടുത്ത് അർണാബ്

മറുനാടൻ ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രകവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്ന് നാലുദിവസമാകുമ്പോൾ, ആരോപണമുന ദിശ മാറ്റിവിടാനുള്ള നീക്കങ്ങളും സജീവമായി.ഹിന്ദുത്വ വിരുദ്ധ ആശയഗതി പിന്തുടർന്നിരുന്ന ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നിലെ ശക്തികളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നാണ് ആരോപണം.അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ അടക്കമുള്ള സംഘപരിവാർ അനുകൂല മാധ്യമങ്ങളെ മുൻനിർത്തിയാണ് അന്വേഷണത്തെ സ്വാധീനിക്കാനുള്ള നീക്കം.

ഗൗരി ലങ്കേഷിന്റെ ബിജെപി അനുഭാവിയായ സഹോദരൻ ഇന്ദ്രജിത്തിനെ മറയാക്കിയാണ് ആരോപണം തിരിച്ചുവിടാനുള്ള നീക്കം നടക്കുന്നത്.മാവോയിസ്റ്റുകൾക്കെതിരെ ആരോപണമുന്നയിച്ച് രക്ഷനേടാൻ ആദ്യം മുതലേ ശ്രമം തുടങ്ങി. ഗൗരിക്ക് മാവോയിസ്റ്റുകളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തൽ ഇതിന്റെ ഭാഗമാണെന്നാണ് സംശയം ഉയരുന്നത്. കഴിഞ്ഞ ജൂലൈ ആറിന് ഇന്ദ്രജിത്ത് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോദിയുടെയും, ബിജെപിയുടെയും നേതൃത്വമാണ് തന്നെ പാർട്ടിയിൽ സജീവമാക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.ബിജെപി-സംഘപരിവാർ ആശയങ്ങളോടുള്ള തന്റെ ആഭിമുഖ്യം അദ്ദേഹം ഒരിക്കലും മറച്ചുപിടിച്ചിരുന്നുമില്ല.

കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചകളിൽ ഇന്ദ്രജിത്തിന്റെ ബിജെപി ബന്ധം മറച്ചുപിടിച്ചാണ് പലരും അദ്ദേഹത്തെ അവതരിപ്പിച്ചത്. ബിജെപി അനുകൂലിയായ ഇന്ദ്രജിത്ത് എന്ന് ആർണാബ് ഗോസ്വാമി ഒരുഘട്ടത്തിൽ വിശേഷിപ്പിച്ചെങ്കിലും ഇന്ദ്രജിത്ത് അത് തിരുത്തി. ബിജെപിയിൽ ചേരാനുള്ള തന്റെ പ്രഖ്യാപനം മറച്ചുവച്ചാണ് അദ്ദേഹം മാവോയിസ്റ്റുകളാണ് ഗൗരിയുടെ കൊലയ്ക്ക് പിന്നിലെന്ന ആരോപണം ഉന്നയിച്ചത്. മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിച്ചതു വഴി ഒരുവിഭാഗം മാവോയിസ്റ്റുകളുടെ ശത്രുത ഗൗരി പിടിച്ചുപറ്റിയെന്നും അതാണ് കൊലയ്ക്ക് പിന്നിലെന്നും സമർഥിക്കാനാണ് ഇന്ദ്രജിത്ത് ശ്രമിച്ചത്. എക്കാലവും ഹിന്ദുത്വ വിരുദ്ധ, വർഗീയ-ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങൾ പിന്തുടർന്നിരുന്ന വ്യക്തിയായിരുന്നു ഗൗരിയെന്ന കാര്യത്തിൽ ഊന്നാൻ ഒരു ഘട്ടത്തിലും ഇന്ദ്രജിത്ത് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് ഇന്ദ്രജിത്തിന്റെ അഭിപ്രായത്തോട് വിയോജിക്കുകയാണ്. നക്‌സലൈറ്റുകൾക്ക് ഗൗരിയുടെ കൊലയിൽ പങ്കുണ്ടെന്ന ആരോപണം അവർ തള്ളിക്കളഞ്ഞു.ഗൗരി ലങ്കേഷിന്റെ ജീവിതത്തെ കുറിച്ച് ഇന്ദ്രജിത്തിന് ഏറെയൊന്നും അറിവില്ലെന്നും കവിത തുറന്നടിച്ചു.തങ്ങൾ തമ്മിൽ ഭിന്നതയില്ലെന്ന് കാട്ടാൻ കവിതയും, ഇന്ദ്രജിത്തും സംയുക്ത വാർത്താസമ്മേളനം നടത്തിയെങ്കിലും, ഇരുവരുടെയും ചിന്താഗതികളിലെ വ്യത്യസ്തത പ്രകടമായിരുന്നു.

ഗൗരിയും, ഇന്ദ്രജിത്തും തമ്മിലുള്ള തർക്കം പുതുതല്ല.ഇരുവരുടെയും പിതാവും, ലങ്കേഷ് പത്രികയുടെ ചീഫ് എഡിറ്ററുമായിരുന്ന പി.ലങ്കേഷ് 17 വർഷം മുമ്പ് അന്തരിച്ചപ്പോൾ തൊട്ടുതുടങ്ങിയതാണ് കുടുംബ തർക്കം. കന്നഡ വാരികയുടെ ഉടമസ്ഥതയെയും, പിന്തുടരേണ്ട പ്രത്യയശാസ്ത്രത്തെയും ചൊല്ലി ഇരുവരും കലഹിച്ചിരുന്നു.2005 ൽ സഹോദരങ്ങൾ തമമിലെ പോര് പൊലീസ് കേസ് വരെയെത്തി.വാരികയുടെ പ്രൊപ്രൈറ്ററും, പ്രസാധകനുമായ ഇന്ദ്രജിത്ത് ഗൗരിയുടെ നക്‌സൽ അനുകൂല നിലപാടിന് പൂർണമായി എതിരായിരുന്നു. എന്നാൽ, താൻ നക്‌സലൈറ്റ് അനുകൂലിയാണെന്ന വാദം ഗൗരി തള്ളിക്കളയുകയും ചെയ്തു. പിന്നീട് സഹോദരനുമായി പിരിഞ്ഞ് ഗൗരി സ്വന്തം പേരിൽ ഗൗരി ലങ്കേഷ് പത്രിക എന്ന വാരിക തുടങ്ങുകയായിരുന്നു.

ഗൗരിയുടെ മരണശേഷം കുടുംബതർക്കങ്ങളുണ്ടായിരുന്നെന്ന ആരോപണങ്ങൾ ഇന്ദ്രജിത്ത് തള്ളിയെങ്കിലും ഇരുവരും തമ്മിൽ രൂക്ഷമായ അഭിപ്രായഭിന്നതകളുണ്ടായിരുന്നുവെന്നത് യാഥാർഥ്യമായി നിൽക്കുന്നു.ഏതായാലും നിലവിലെ സാഹചര്യം മുതലെടുത്ത് അന്വേഷണം വഴിതിരിച്ചുവിടാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാവുകയാണ്. അതിന് വേണ്ടി ഇന്ദ്രജിത്തിനെ കരുവാക്കുകയാണ് അർണാബ് ഗോസ്വാമിയടക്കമുള്ള വലതുപക്ഷ മാധ്യമങ്ങൾ എന്ന ആരോപണവും പ്രബലമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP