Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റൗഫുമായുള്ള സംഭാഷണത്തിന്റെ പേരിലുള്ള കേസിലും നിരപരാധിയാണെന്ന് തെളിഞ്ഞ് കുറ്റവിമുക്തി; ഇനിയെങ്കിലും ശ്രീജിത്തിനെതിരെ വ്യാജ പരാതി നൽകി ക്രിമിനൽ പൊലീസ് അക്കാൻ ശ്രമിക്കുന്നവർ തെറ്റ് തിരുത്തുമോ? സത്യം തുറന്നു പറയുന്നതിന്റെ പേരിൽ ഐജിയെ ക്രിമിനൽ പൊലീസ് ആക്കിയതിന് പിന്നിൽ ഒത്തുകളി തന്നെ

റൗഫുമായുള്ള സംഭാഷണത്തിന്റെ പേരിലുള്ള കേസിലും നിരപരാധിയാണെന്ന് തെളിഞ്ഞ് കുറ്റവിമുക്തി; ഇനിയെങ്കിലും ശ്രീജിത്തിനെതിരെ വ്യാജ പരാതി നൽകി ക്രിമിനൽ പൊലീസ് അക്കാൻ ശ്രമിക്കുന്നവർ തെറ്റ് തിരുത്തുമോ? സത്യം തുറന്നു പറയുന്നതിന്റെ പേരിൽ ഐജിയെ ക്രിമിനൽ പൊലീസ് ആക്കിയതിന് പിന്നിൽ ഒത്തുകളി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ പൊലീസിലെ കുടിപ്പക കുപ്രസിദ്ധമാണ്. ഉദ്യോഗസ്ഥർ തമ്മിലെ തർക്കങ്ങൾ പലപ്പോഴും പലരുടേയും കഥ കഴിക്കും. ഈ സമയം ചിലരെ ഇല്ലായ്മ ചെയ്യാൻ ശത്രുക്കളും സജീവമാകും. അങ്ങനെ കേസിൽപ്പെട്ട് വിവാദ നായകനായ ഐപിഎസുകാരനാണ് എസ് ശ്രീജിത്ത്. ഏറെക്കാലെ ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്ത് പുറത്തിരുത്തി. പിന്നെ തിരിച്ചുവരവ്. അപ്പോഴും കേസ് അന്വേഷണവും ക്രമസമാധാന പാലനവും നൽകിയില്ല. ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല എത്തിയതോടെ കാര്യങ്ങൾ മാറി. മനുഷ്യാവകാശ കമ്മീഷനിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് ശ്രീജിത്ത് എത്തി. ഡിജിപി സെൻകുമാറും വിശ്വാസത്തിലെടുത്തതോടെ ശ്രീജിത്ത് അന്വേഷണങ്ങളിൽ സജീവമായി. അങ്ങനെ ചില പൊയ്മുഖങ്ങൾ പൊളിഞ്ഞു വീണു. കിസ് ഓഫ് ലൗവിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന രാഹുൽ പശുപാലന്റെയും രശ്മി ആർ. നായരുടെയും നേതൃത്വത്തിൽ നടന്നുവന്ന സെക്‌സ് റാക്കറ്റ് പുറം ലോകം അറിഞ്ഞു.

ഇതിന് പിന്നാലെ ഐ.ജി എസ്. ശ്രീജിത്തിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വിവാദ വ്യവസായിയുമായ കെ.എ റൗഫുമായുള്ള ബന്ധത്തിന്റെ പേരിൽ ശ്രീജിത്തിനെതിരെ നടന്നുവന്നിരുന്ന അന്വേഷണത്തിലാണ് അദ്ദേഹത്തിന് സർക്കാർ ക്ലീൻ ചിറ്റ് നൽകിയത്. ശ്രീജിത്തിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് ചീഫ് സെക്രട്ടറി ജിജി തോംസൺ സർക്കാരിന് റിപ്പോർട്ട് നൽകി. കേസിൽ 2013 ഫെബ്രുവരി 6 മുതൽ ജൂൺ 26 വരെ ശ്രീജിത്ത് സസ്‌പെൻഷനിലായിരുന്ന കാലയളവ് സർവീസ് റെക്കോർഡിൽ ജോലി കാലയളവായി പരിഗണിക്കാനും ഇക്കാലയളവിലെ ശമ്പളം അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകാനും ചീഫ് സെക്രട്ടറി നിർദ്ദേശം. പൊലീസ് അക്കാദമി ഡയറക്ടറായിരിക്കെ മുൻ പൊലീസ് മേധാവി കെ.എസ് ബാലസുബ്രഹ്മണ്യന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ സസ്‌പെൻഡ് ചെയ്തത്. കെ.എ റൗഫുമായി ഗൂഢാലോചന നടത്തി മലപ്പുറം ജില്ലാ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അഴിമതിക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് ശ്രീജിത്തിനെ സസ്‌പെൻഡ് ചെയ്തത്. ശ്രീജിത്തിനെതിരെ വാണിങ്ങ് കൊടുത്തതിലെ സാങ്കേതിക പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. അത് ശരിയല്ലെന്നായിരുന്നു നിലപാട്. ഈ സാഹചര്യത്തിലാണ് കുറ്റവിമുക്തി.

റൗഫും ശ്രീജിത്തും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളിലെ മേലുദ്യോഗസ്ഥർക്കെതിരായ പരാമർശങ്ങളും വിനയായി. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 2013 ജൂണിലാണ് ശ്രീജിത്തിനെ കർശന വാണിങ് നൽകി സർവീസിൽ തിരിച്ചെടുത്തത്. കഴിഞ്ഞ വർഷം ഡിസംബറിൽ മറ്റ് നടപടികൾ പിൻവലിച്ചു. ഇപ്പോൾ ജിജി തോംസൺ ക്ലീൻ ചിറ്റ് നൽകുക കൂടി ചെയ്തതോടെ അദ്ദേഹം പൂർണ്ണമായും കുറ്റവിമുക്തനായിരിക്കുകയാണ്. ഇനി പൊലീസിലെ ഏത് സ്ഥാനവും വഹിക്കാൻ ശ്രീജിത്തനാകും. ശ്രീജിത്തിനെതിരെ നടന്ന കള്ളക്കളികൾ പലപ്പോഴും മറുനാടൻ മലയാളി വാർത്തയായി നൽകിയിരുന്നു. അവസാനം നടന്ന കളിയും പൊളിച്ചത് മറുനാടൻ മലയാളിയുടെ വാർത്തകളാണ്. ഓൺലൈൻ സൈറ്റുകളുണ്ടാക്കി ശ്രീജിത്തിനെതിരെ വ്യാജ വാർത്തകൾ നൽകി ഈ ഉദ്യോഗസ്ഥന്റെ പ്രെമോഷൻ സാധ്യതകൾ ഇല്ലായ്മ ചെയ്യുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. റൗഫിന്റെ കേസിലും തീരുമാനം ആയതോടെ ശ്രീജിത്ത് പൂർണ്ണമായും കുറ്റവിമുക്തനാവുകയാണ്. 

ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടുവെന്നത് വ്യാജ വാർത്തയും ഇതിന്റെ ഭാഗമായിരുന്നു. ശ്രീജിത്തിനെതിരായ പരാതിയിൽ നടപടിയെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷന് താൽപ്പര്യമില്ലെന്ന വ്യക്തമാക്കിയാണ് ഫയൽ ആഭ്യന്തര വകുപ്പിന് കേന്ദ്ര വിജിലൻസ് കമ്മീഷൻ കൈമാറിയത്. ഈ പരാതിയിൽ ഒരു റിപ്പോർട്ടും പ്രതീക്ഷിക്കുന്നില്ലെന്നും കമ്മീഷൻ ഉത്തരവിലുണ്ട്. ഇത്തരമൊരു വിഷയത്തിലാണ് ശ്രീജിത്തിനെ അപമാനിക്കാൻ മാഫിയാ സംഘങ്ങൾ ശ്രമിച്ച് വ്യാജ വാർത്തകൾ നൽകിയത്. ശ്രീജിത്തിനെതിരെ ഇപ്പോഴുയരുന്ന ആക്ഷേപങ്ങൾക്ക് കഴമ്പില്ലെന്ന സാധൂകരിക്കുന്ന കേന്ദ്ര വിജിലൻസ് കമ്മീഷൻ വെബ് സൈറ്റിലുള്ള വിവരങ്ങൾ മറുനാടൻ പുറത്ത് വിട്ടതോടെയാണ് ഈ കള്ളക്കളി പൊളിഞ്ഞത്. അതിന്റെ തുടർച്ചയായാണ് ഇപ്പോഴെത്തെ സംസ്ഥാന സർക്കാരിന്റെ നടപടി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി കിട്ടിയത്. ഈ വർഷം മാർച്ച് 18ന് കമ്മീഷൻ തീർപ്പ് കൽപ്പിക്കുകയും ചെയ്തു. കമ്മീഷന് ഇക്കാര്യത്തിൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹോം ഡിപ്പാർട്ടമെന്റിന് പരാതി കൈമാറിയത്. അതും ഫോർ നെസസറി ആക്ഷനെന്ന സ്ഥിരം കുറിപ്പോടെ മാത്രം. അതുകൊണ്ട് തന്നെ ശ്രീജിത്തിനെതിരായ പരാതിയിൽ കഴമ്പില്ലെന്നും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും കേന്ദ്ര വിജിലൻസ് കമ്മീഷൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തം. ഇതെല്ലാം മനസ്സിലാക്കി പരാതിക്കാരും മാർച്ച് മാസത്തിന് ശേഷം ഈ പരാതിക്ക് പുറകേ പോയിട്ടില്ല. സത്യമിതായിരിക്കെയാണ് ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റം കിട്ടിയ ഉടനെ കേന്ദ്ര വിജിലൻസ് കമ്മീഷൻ തള്ളിക്കളഞ്ഞ പരാതിയുമായി മാഫിയ സജീവമായത്. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയും ഈ വ്യാജ വാർത്തയ്ക്ക് പിന്നിലുണ്ടെന്നാണ് സൂചന. മലയാളം വെബ് സൈറ്റുകളിലൂടെയായിരുന്നു ശ്രീജിത്തിനെ മോശക്കാരനാക്കാൻ ഈ സംഘം ശ്രമിച്ചത്. പൊലീസിനുള്ളിലെ ഐപിഎസ് ഭിന്നതയാണ് ശ്രീജിത്തിനും വിനയാകുന്നതെന്ന് സൂചനകളുണ്ടായിരുന്നു

കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാൻ സെൻട്രൽ വിജിലൻസ് കമ്മീഷൻ മിനിസ്ട്രി ഓഫ് ഹോം അഫെയേഴ്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നാണ് ഒരു മലയാളി വെബ്‌സൈറ്റിൽ അവസാനമായി ശ്രീജിത്തിനെതിരെ വന്ന വാർത്ത. ചില ചാനലുകളും ഇത് വാർത്തയായി നൽകി. ഇതിന് സത്യസന്ധമായ വിശദീകരണം ശ്രീജിത്ത് നൽകിയതോടെ വാർത്ത അപ്രത്യക്ഷവുമായി. ഇതേ തുടർന്നാണ് കേസിന്റെ സത്യസന്ധത മനസ്സിലാക്കാൻ മറുനാടൻ ശ്രമിച്ചത്. ഇതിലാണ് ഐജിയെ മോശക്കാനാക്കാൻ വേണ്ടി മാത്രം നടത്തുന്ന ശ്രമമാണിതെന്ന് വ്യക്തമായത്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ വെബ് സൈറ്റിലെ വിവരങ്ങളിൽ നിന്ന് പരാതിയുടെ കാലപ്പഴക്കവും വ്യക്തമാണ്. കമ്മീഷൻ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്ന് തീരുമാനിച്ചിട്ട് മാസങ്ങളുമായി. ഇവയെല്ലാം മറച്ചുവച്ചാണ് ശ്രീജിത്തിനെ ക്രൂശിക്കാൻ ചിലർ ശ്രമം തുടരുന്നത്.

വളരെ വിപുലമായ അധികാരങ്ങളുള്ള സമിതിയാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ അഴിമതിയെ കുറിച്ച് അന്വേഷിക്കലാണ് പ്രധാന ഉത്തരവാദിത്തം. അതുകൊണ്ട് തന്നെ കേരളാ സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെതിരെ നടപിടിയെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷന് കഴിയില്ലെന്ന് ചട്ടങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി പരാതി കിട്ടുമ്പോൾ അത് പരിശോധിച്ച ശേഷം കഴമ്പുണ്ടെന്ന് കണ്ടാൽ കേന്ദ്ര വിജിലൻസ് കമ്മീഷന് തന്നെ അന്വേഷണ സംവിധാനമുണ്ട്. സിബിഐ പോലും ഈ നിരീക്ഷണ വലയത്തിലാണ്. അങ്ങനെ വിപുലമായ അധികാരമുള്ള സമിതിയാണ് ശ്രീജിത്തിനെതിരായ പരാതി ഗൗരവത്തോടെ പോലും എടുക്കാതെ ഫോർ നെസസറി ആക്ഷൻ എന്ന് എഴുതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ഒരു പക്ഷേ പരാതിയുടെ ആധികാരികത പരിശോധിച്ച് വ്യാജമാണെന്ന് കണ്ടാൽ അത് നൽകിയവർക്കെതിരെ പോലും നടപടി എടുക്കണമെന്ന ധ്വനി ഫോർ നെസസറി ആക്ഷനുണ്ട്. ഇതെല്ലാം ശരിവയ്ക്കുന്ന വിശദീകരണമാണ് വെബ് സൈറ്റിലുള്ളത്.

അഞ്ച് വിഷയങ്ങളിലാണ് ശ്രീജിത്തിനെതിരെ പരാതി കൊടുത്തത്. ഇതിൽ നാല് കേസിലും ശ്രീജിത്തിനെതിരെ അന്വേഷണം പൂർത്തിയാക്കി സത്യാവസ്ഥ പുറത്തുവന്നതാണ്. ശ്രീജിത്ത് കുറ്റവിമുക്തനായതോടെ തടഞ്ഞുവച്ച ആനുകൂല്യവും പ്രെമോഷനുമെല്ലാം അദ്ദേഹത്തെ തേടിയെത്തി. മികവിനുള്ള അംഗീകാരമായി ക്രൈംബ്രാഞ്ചിൽ ഐജിയായി നിയമനവും കിട്ടിയ ഇതോടെയാണ് ശ്രീജിത്തിനെതിരായ കള്ളക്കഥകൾ വീണ്ടും സജീവമായത്. ശ്രീജിത്തിന്റെ മികവ് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ട് ക്രൈംബ്രാഞ്ചിൽ നിയമിച്ചത്. ഇതിനെ തുടർന്ന് നായരോടുള്ള സ്‌നേഹം കൊണ്ടാണ് ഈ നിയമനം എന്ന ആരോപണം ഉന്നയിച്ചാണ് ഒരു വിഭാഗം രംഗത്ത് വന്നത്. ഇതിന് കരുത്ത് പകരാനാണ് ശ്രീജിത്തിനെതിരെ വർഷങ്ങളായി നീക്കങ്ങൾ നടക്കുന്ന മൂന്നംഗ സംഘം വീണ്ടും പഴയ സ്വകാര്യ അന്യായങ്ങളുടെ കണക്കു പറഞ്ഞ് രംഗത്ത് എത്തിയത്.

മൂന്നംഗ സംഘം ശ്രീജിത്തിനെതിരെ നിരന്തരമായി സ്വകാര്യ അന്യായങ്ങൾ ഫയൽ ചെയ്തിരുന്നു. കോടതി വിധികളും മറ്റും മറച്ചു വച്ചാണ് ഇവർ പല അന്വേഷണ ഉത്തരവുകൾ നേടിയത്. അന്വേഷണം നടത്തി കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാൽ പോലും പഴയ ഉത്തരവുകൾ വച്ചാണ് പ്രചാരണം നടത്തുക. ശ്രീജിത്തിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിച്ചു നടത്തുന്ന പ്രചാരണങ്ങൾ എല്ലാം തന്നെ ദുരുദ്ദേശത്തോടെ ആണെന്നത് വ്യക്തമാണ്. വർഷങ്ങൾക്കു മുമ്പ് മലപ്പുറത്ത് എംഎസ്‌പി കമാൻഡന്റ് ആയപ്പോൾ അതിനു മുമ്പ് ജോലി എടുത്ത കമാൻഡിന്റിന്റെ പേരിൽ ചാർജ് ചെയ്ത കേസിനെ കുറിച്ചാണ് ഒരു ആരോപണം. ഇ കേസ് എല്ലാം എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്ത്ത്തള്ളപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം. കുഞ്ഞാലിക്കുട്ടിയുടെ അളിയൻ ഫോൺ വിളിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ ശ്രീജിത്ത് നിരപരാധിത്വം തെളിയിച്ച് മടങ്ങി വന്നത് മനുഷ്യാവകാശ കമ്മിഷൻ ഡി ഐ ജി ആയാണ്.

കേസുകളിൽ നിന്ന് കുറ്റവിമുക്തനായതോടെ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗം ഐ.ജിയായാണ് മാറ്റിനിയമിച്ചത്. മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കിടയിലും അന്വേഷണങ്ങളിൽ കാട്ടേട്ട മികവ് ശ്രീജിത്ത് പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലെ ഉദ്യോഗസ്ഥരെ പൊലീസിന്റെ അന്വേഷണ വിഭാഗങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്ന അഭിപ്രായം ഡിജിപി സെൻകുമാറിനും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഡിഐജി ആയിരിക്കവെ കുട്ടിക്കടത്തിൽ എടുത്ത കർക്കശമായ നിലപാടിന്റെ പേരിൽ ഒരു വിഭാഗം ശ്രീജിത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. മനുഷ്യക്കടത്ത് എന്ന വാക്ക് ഉപയോഗിച്ചതാനാണ് അവരെ പ്രകോപിപ്പിച്ചത്. എന്നാൽ പിന്നീട് സിബിഐ പോലും ഏറ്റെടുക്കുന്ന കേസായി അതുമാറി. ആദിവാസികളും പാവപ്പെട്ടവരുമായവരുടെ കേസുകൾക്ക് എക്കാലത്തും ശ്രീജിത്ത് മുൻഗണന നൽകിയിരുന്നു. കുട്ടിക്കടത്തിലെ കോടതി ഇടപെടലുകൾക്ക് കാരണവും മുനുഷ്യാവകാശ കമ്മീഷനിൽ ഐജിയെന്ന നിലയിൽ ശ്രീജിത്ത് നടത്തിയ ഇടപെടൽ തന്നെയായിരുന്നു. വ്യക്തമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് തെളിവുകൾ സഹിതം ശ്രീജിത്ത് തെളിയിച്ചു.

ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടച്ചു എന്ന നിലയിൽ നടന്ന വ്യാജ കേസിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ സർക്കാർ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെയാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതലയിലേക്ക് തിരിച്ചെത്താൻ ശ്രീജിത്തിന് അവസരം ഒരുങ്ങിയത്. 2006ൽ കോട്ടയം എസ്‌പി ആയിരുന്നപ്പോൾ ചങ്ങനാശ്ശേരി സർകിൾ ഇൻസ്‌പെക്ടർ ആയിരുന്ന ബിനോയി (ഇപ്പോൾ തിരുവനന്തപുരം കൺട്രോൾ റൂം എസി) ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടുച്ചു എന്ന പേരിൽ ഉണ്ടായ കേസിലാണ് എട്ടു വർഷത്തിന് ശേഷം നീതി തേടി എത്തിയത്. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു സിഐ ഇങ്ങനെ ചെയ്തത് എന്ന പേരിലായിരുന്നു സിഐക്കും ശ്രീജിത്തിനും എതിരെ പരാതി ഉയർന്നത്.

ഒരാളെ ഇവിടെ നിന്നും അനധികൃതമായി അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിൽ കൊണ്ട് ഇമിഗ്രേഷൻ പരിശോധന ഒക്കെ കഴിഞ്ഞ് കുവൈറ്റിൽ എത്തിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്നാലോചിക്കുക കൂടി ചെയ്യാതെയായിരുന്നു പരാതി ഉയർത്തിയത്. സിഐയെ കുവൈറ്റിലേക്ക് കൊണ്ട് പോകാനുള്ള വിസ എടുത്തുകൊടുത്തത് പോലും അറസ്റ്റിലായ യുവാവ് ആണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ കൊണ്ട് പോകുന്നയാൾ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആൾക്ക് വിസ എടുത്തുകൊടുക്കുമോ എന്ന സാദാചോദ്യത്തിനാണ് ഉത്തരം നിഷേധിക്കപ്പെട്ടത്. ശ്രീജിത്ത് എസ് പി ആയിരിക്കെ ഒരു കുവൈറ്റ് പൗരൻ പരാതിയുമായി എത്തിയപ്പോൾ സിഐയുടെ അടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സി ഐ യുവാവിനെ വിളിച്ച് വരുത്തിയെങ്കിലും അവിടെ വച്ച് പരാതി സെറ്റിൽ ചെയ്തു. എന്നാൽ ആരോപിക്കപ്പെട്ട കുറ്റത്തിൽ നിരപരാധിയാണ് എന്ന് സ്ഥാപിക്കാനായി കുവൈറ്റിലേക്ക് വരണമെന്ന് കുവൈറ്റ് പൗരന്മാർ നിർബന്ധം പിടിച്ചു. തുടർന്ന് അഭിഭാഷകനൊപ്പം കുവൈറ്റിന് പോകാൻ തീരുമാനിച്ചു.

അവസാന നിമിഷം അഭിഭാഷകന് സൗകര്യം ഇല്ലാതെ വന്നപ്പോൾ സിഐ തന്നെ യുവാവിനൊപ്പം കുവൈറ്റിന് പോകുകയായിരുന്നു. ഡിവൈഎസ്‌പി ഓഫീസിൽ നിന്ന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് കൊടുത്താണ് സി ഐ കുവൈറ്റിന് പോയത്. വിസ എടുത്തതും ടിക്കറ്റ് എടുത്തതും ഒക്കെ യുവാവ് തന്നെയായിരുന്നു. അക്കാലത്ത് വിദേശത്ത് പോകാൻ സർക്കാരിന്റെ അനുമതി വേണമെന്ന് നിർബന്ധം ഇല്ലായിരുന്നു. സി ഐ കുവൈറ്റിന് പോയ വിവരം വാസ്തവത്തിൽ എസ് പി അറിഞ്ഞിരുന്നില്ല. കുവൈറ്റിൽ ചെന്ന് സ്ഥാപനവുമായുള്ള പ്രശ്‌നം പറഞ്ഞു തീർത്തു. വീണ്ടും ജോലിയിൽ കയറുകയും ചെയ്തു. തുടർന്ന് സിഐ നാട്ടിലേക്ക് മടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു ഇടപാടിൽ സ്ഥാപന ഉടമ അയാൾക്കെതിരെ പുതിയ പരാതി നല്കുകയും പാസ്സ്‌പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തു.

ഈ കേസിൽ നിന്നും രക്ഷപെടാനായി എട്ട് മാസത്തിന് ശേഷം ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജയിലിൽ അടച്ചു എന്ന പേരിൽ ഇയാളുടെ സഹോദരൻ പരാതി നൽകുകയാരുന്നു. ഈ പരാതി ലഭിച്ച അന്നത്തെ എറണാകുളം ഐ ജി വിൻസന്റ് എം പോൾ, എസ് പിയുടെ അനുമതി കൂടിയാണോ സിഐ കുവൈറ്റിന് പോയത് എന്ന് അന്വേഷിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് എസ് പി ബാലചന്ദ്രനെ അന്വേഷണ ചുമതല സർക്കാർ ഏൽപിച്ചു. ഈ അന്വേഷണത്തിൽ ശ്രീജിത്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. സിഐ കുവൈറ്റിന് പോയത് പോലും നിയമം ലംഘിച്ചല്ലെന്നും അനുമതി വാങ്ങിയാണെന്നും അത് എസ് പി അറിയണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും അറസ്റ്റ് ചെയ്തുകൊണ്ട് പോയി എന്ന് വാദം പ്രായോഗികമല്ലെന്നും കാണിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐക്കെതിരെയുള്ള കേസ് സർക്കാർ പിൻവലിക്കുകയായിരുന്നു.

എന്നാൽ ശ്രീജിത്തിനെതിരെ ചിലർ വീണ്ടും പരാതി കൊടുത്തു കൊണ്ടിരുന്നതിനാൽ അന്വേഷണം നീണ്ട് പോയി. സിഐ വിദേശത്ത് പോയത് നിയമവിരുദ്ധം അല്ലെങ്കിൽ സിഐയെ വിദേശത്തേക്ക് വിടാൻ പ്രേരിപ്പിച്ച എസ്‌പിയുടെ നിർദ്ദേശം ഒട്ടും നിയമവിരുദ്ധമല്ല എന്ന വാദമാണ് അംഗീകരിക്കപ്പെട്ടത്. ഈ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ ഈ കേസിൽ നിന്നും ശ്രീജിത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയത്. ശ്രീജിത്തിനെതിരെ പകയോടെ നടക്കുന്ന ഒരു വിഭാഗം സർക്കാർ തീരുമാനത്തെ വിവാദമാക്കാൻ ശ്രമം ആരംഭിച്ചു. അതിനും സത്യത്തിന്റെ പിൻബലമില്ലാത്തതിനാൽ തോൽവി സമ്മതിക്കേണ്ടി വന്നു. ശ്രീജിത്തിനെ കുറ്റവാളിയാക്കിക്കൊണ്ട് ഇത്തരം അനേകം വ്യാജ വാർത്തകൾ മുമ്പും പത്രങ്ങളിൽ വന്നത് ഇത്തരം സംഘത്തിന്റെ പ്രവർത്തനമായി ആയിരുന്നു. ശ്രീജിത്തിന് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന പേരിൽ ഒരാൾ കൊടുത്ത കേസ് പിന്നീട് അങ്ങനെ ഒരു ബാങ്ക് പോലും ഇല്ല എന്ന നിലയിൽ എഴുതി്ത്തള്ളപ്പെട്ടു.

എംഎസ്‌പി ക്യാമ്പിലെ വിഷയത്തിൽ ശ്രീജിത്തിന് മുമ്പ് കമാണ്ടന്റായ വ്യക്തികൾക്ക് എതിരെയായിരുന്നു കേസ്. ഇക്കാര്യത്തിൽ ശ്രീജിത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതുമാണ്. ഇത്തരം കാര്യങ്ങൾ മറച്ചു വച്ചാണ് ഇപ്പോഴും വ്യാജ പ്രചരണങ്ങൾ സജീവമാകുന്നത്. ഇതൊക്കെ മനസ്സിലാക്കിയാണ് സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതിയിൽ നേരിട്ട് ഒരു നടപടിയും എടുക്കാത്തത്. ഇപ്പോൾ റൗഫ് വിഷയത്തിലും ശ്രീജിത്ത് കുറ്റവിമുക്തനായിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP