Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിലോക്കണക്കിന് സ്വർണം കൈവശമുണ്ടെങ്കിലും എടുക്കാൻ മനസില്ല; ശബരിമലയിൽ പുതിയ കൊടിമര നിർമ്മാണത്തിന് സ്‌പോൺസർമാരെ സ്വാഗതം ചെയ്ത് ദേവസ്വം ബോർഡ് പ്രസിഡന്റ്; വേണ്ടത് ആറു കിലോ സ്വർണം

കിലോക്കണക്കിന് സ്വർണം കൈവശമുണ്ടെങ്കിലും എടുക്കാൻ മനസില്ല; ശബരിമലയിൽ പുതിയ കൊടിമര നിർമ്മാണത്തിന് സ്‌പോൺസർമാരെ സ്വാഗതം ചെയ്ത് ദേവസ്വം ബോർഡ് പ്രസിഡന്റ്; വേണ്ടത് ആറു കിലോ സ്വർണം

പത്തനംതിട്ട: വഴിപാടായും ദക്ഷിണയായും കിട്ടിയ കിലോക്കണക്കിന് സ്വർണം സ്‌ട്രോങ് റൂമിൽ കൂട്ടിവച്ചിരിക്കുമ്പോൾ അതിൽ തൊടാൻ മനസുവരാത്ത ദേവസ്വം ബോർഡ്, ശബരിമലയിൽ പുതിയ കൊടിമരം നിർമ്മാണത്തിന് ആവശ്യമായ സ്വർണത്തിനു വേണ്ടി സ്‌പോൺസർമാരെ തേടുന്നു. ആറു കിലോ സ്വർണമാണ് പുതിയ കൊടിമരത്തിന് വേണ്ടിവരുന്നത്. ഇതിന്റെ പതിന്മടങ്ങ് സ്വർണം ഭദ്രമായി കൈയിലിരിക്കുമ്പോഴാണ് കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്നു കരുതി ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവന.

ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനടയിൽ പുതിയ സ്വർണ കൊടിമരം നിർമ്മിക്കുന്നതിനായി തേക്കുമരം മുറിക്കാൻ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വയക്കരയിൽ എത്തിയപ്പോഴായിരുന്നു പ്രസിഡന്റ് എംപി. ഗോവിന്ദൻ നായരുടെ പ്രതികരണം. തേക്കുമരത്തിനുള്ള വില ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് വനംവകുപ്പിന് കത്തു നൽകിയിട്ടുണ്ട്. അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് എംപി ഗോവിന്ദൻ നായർ പറഞ്ഞു. കൊടിമരത്തിൽ പൂശുന്നതിനുള്ള സ്വർണം ദേവസ്വം ബോർഡിന്റെ ശേഖരത്തിൽനിന്ന് എടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എങ്കിലും ഭക്തർ വഴിപാടായി സ്വർണം സമർപ്പിച്ചാൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ നിലവിലുള്ളത് 50 വർഷം പഴക്കമുള്ള കൊടിമരമാണ്. ഇത് കോൺക്രീറ്റ് നിർമ്മിതമാണ്. പിന്നീട് ചെമ്പുപറ കൊണ്ട് മൂടി സ്വർണം പൂശുകയായിരുന്നു. ഇതു ദേവന് അഹിതമായതാണെന്നു ദേവപ്രശ്‌നത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് പുതിയ കൊടിമരം സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. രണ്ടു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറു കിലോ സ്വർണം ഉപയോഗിച്ച് 11.74 മീറ്റർ ഉയരത്തിലാണ് പുതിയ കൊടിമരം സ്ഥാപിക്കുന്നത്. ഒമ്പതു മാസം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കാണിപ്പയൂർ നാരായണൻ നമ്പൂതിരി, പാലാ എം.കെ. രാജു എന്നിവരാണ് കൊടിമരത്തിന്റെ പ്ലാൻ തയാറാക്കിയിരിക്കുന്നത്. ചെറായി സുകുമാരൻ ആശാരി നിർമ്മാണ മേൽനോട്ടം വഹിക്കും.

പമ്പയിൽ സജ്ജീകരിച്ചിരിക്കുന്ന പണിശാലയിൽ മരം ഒരുക്കലും മറ്റും നടത്തിയ ശേഷമായിരിക്കും ധ്വജസ്ഥാപനത്തിനായി സന്നിധാനത്തേക്ക് കൊണ്ടുപോകുന്നത്. അവിടെ എത്തിച്ച ശേഷം പ്രത്യേകം തയാറാക്കിയ എണ്ണത്തോണിയിൽ ആറുമാസം സൂക്ഷിക്കും. പിന്നെ കൊടിമരസ്ഥാപനത്തിനുള്ള പണി ആരംഭിക്കും. ഇന്നലെ രാവിലെ വയക്കരയിൽ നിന്നും കൂറ്റൻ തേക്കുമരം ആചാരവിധികളോടെയാണ് മുറിച്ചെടുത്തത്. മുറിക്കുന്നതിന്റെ ഒരു ഘട്ടത്തിലും തടി ഭൂമിയിൽ സ്പർശിക്കാൻ പാടില്ല.

ഭൂമിപൂജയും വൃക്ഷപൂജയും നടത്തിയ ശേഷം കൊമ്പുകളും ശിഖരങ്ങളും കോതി ആചാരവിധി പ്രകാരം നിലം തൊടാതെയാണ് കൂറ്റൻ തേക്കുമരം മുറിച്ചിറക്കിയത്. ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്. രണ്ടു ക്രെയിനുകൾ ഇടംവലം നിന്ന് മുറിച്ചെടുത്ത മരം താഴേക്ക് കൊണ്ടുവന്നു. ഭക്തർ കൂടി താങ്ങിയാണ് ഇത് മരത്തിലേക്ക് കയറ്റിയത്. അപൂർവമായ ഈ ചടങ്ങ് വീക്ഷിക്കാൻ വനമേഖലയിൽ നൂറുകണക്കിന് ആൾക്കാർ തടിച്ചു കൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP