Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ഫോട്ടോ വ്യാജമല്ല, അത് ശബരിമല തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം; സന്നിധാനത്ത് ദർശനം നടത്തിയ സ്ത്രീകൾ 50 വയസു കഴിഞ്ഞവരെന്നും വാദം; ആധാർ കാർഡ് അടിസ്ഥാനമാക്കി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്; ദർശനത്തിന് എല്ലാ ഒത്താശയും ചെയ്തത് ദർശന ദല്ലാൾ സുനിൽ സ്വാമി തന്നെ; സ്ഥിരം സന്ദർശകരെന്നും റിപ്പോർട്ട്

ആ ഫോട്ടോ വ്യാജമല്ല, അത് ശബരിമല തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം; സന്നിധാനത്ത് ദർശനം നടത്തിയ സ്ത്രീകൾ 50 വയസു കഴിഞ്ഞവരെന്നും വാദം; ആധാർ കാർഡ് അടിസ്ഥാനമാക്കി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്; ദർശനത്തിന് എല്ലാ ഒത്താശയും ചെയ്തത് ദർശന ദല്ലാൾ സുനിൽ സ്വാമി തന്നെ; സ്ഥിരം സന്ദർശകരെന്നും റിപ്പോർട്ട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ 11 ന് ദർശന ദല്ലാൾ സുനിൽ സ്വാമിക്കൊപ്പം സോപാനത്ത് നിന്ന് ദർശനം നടത്തിയത് യൗവനയുക്തകൾ അല്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. മറുനാടൻ പുറത്തു വിട്ട ചിത്രം ശബരിമല സോപാനത്തിന്റേത് തന്നെയെന്നും സ്ഥിരീകരണം. സുനിൽ സ്വാമിക്കൊപ്പം പതിവായി ശബരിമല ദർശനം നടത്തുന്ന ഈ വനിതകളെ മുൻപും പൊലീസ് സംശയിച്ചു തടഞ്ഞിരുന്നുവെന്നും എന്നാൽ, ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ലെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്. 50 കഴിഞ്ഞ ഈ വനിതകൾ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപയോഗിച്ചതു കൊണ്ടാണ് പ്രായം കുറവെന്ന് ന്നുന്നത്. മുഖത്ത് സൂക്ഷിച്ചു നോക്കിയാൽ പ്രായം മനസിലാകുമെന്നും പറയുന്നു. അതേസമയം, ദർശന ദല്ലാൾ സുനിൽ സ്വാമി സോപാനവും സന്നിധാനവും കുടുംബ സ്വത്താക്കിയിരിക്കുന്നതിനെതിരേ റിപ്പോർട്ടിൽ പരാമർശവുമില്ല.

ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് ഇന്നലെ മറുനാടൻ ശബരിമലയിൽ യുവതികൾ ദർശനം നടത്തിയെന്ന വാർത്ത ചിത്രം സഹിതം നൽകിയത്. ദർശന ദല്ലാളായ സുനിൽ സ്വാമിക്ക് മീതെ പരുന്തും പറക്കില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. സോപാനത്ത് നിന്ന് കഴിഞ്ഞ 11 ന് എടുത്ത ചിത്രമെന്ന് പറഞ്ഞായിരുന്നു മോഹൻദാസിന്റെ ട്വീറ്റ്. ഈ പെൺകുട്ടികൾക്ക് 50 വയസ് കഴിഞ്ഞിരിക്കുമല്ലേ? എന്ന അടിക്കുറിപ്പും നൽകിയിരുന്നു.

മറുനാടൻ വാർത്ത വിവാദമായതോടെയാണ് ജില്ലാ സ്പെഷ്യൽബ്രാഞ്ചും സന്നിധാനത്തുണ്ടായിരുന്ന ഷാഡോ പൊലീസ് എസ്ഐ അശ്വിത്ത് കാരാണ്മയിലും അന്വേഷണം തുടങ്ങിയത്. സുനിൽസ്വാമിയുടെ പടിപൂജയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പാലക്കാട്ടുകാരായ വനിതകൾ എത്തിയത്. ഇവർ സന്നിധാനം ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്ത് രണ്ടുദിവസം താമസിച്ചിരുന്നു. വരുന്ന വഴിക്ക് പമ്പയിൽ വച്ച് വനിതാ പൊലീസ് ഇവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചിരുന്നു. ഒരാളുടെ ജന്മദിനം 1962 ലും മറ്റൊരാളുടേത് 1964 ലും ആയിരുന്നു. ഇതിന് ശേഷം ഇവർ സന്നിധാനത്തെത്തി സോപാനത്ത് കയറി സുനിൽ സ്വാമിക്കൊപ്പം ദർശനം നടത്തുമ്പോഴാണ് പ്രായം സംബന്ധിച്ച് അടുത്ത വിവാദം ഉയരുന്നത്.

സന്നിധാനം സ്റ്റേഷനിൽ പരാതി എത്തിയപ്പോൾ എസ്ഐ ജി. ഗോപകുമാർ വീണ്ടും ഇവരുടെ രേഖകൾ പരിശോധിച്ചു. ആധാർ കാർഡാണ് ഇവർ നൽകിയതത്രേ. എസ്ഐ പിന്നീട് വിവാദമുണ്ടായേക്കുമെന്ന തിരിച്ചറിവിൽ ഇതിന്റെ പകർപ്പും വാങ്ങി സൂക്ഷിച്ചിരുന്നു. 50 വയസ് കഴിഞ്ഞവരാണെന്ന് മനസിലായതോടെ ഇവരെ ദർശനം നടത്താൻ അനുവദിക്കുകയായിരുന്നു. സന്നിധാനത്ത് നിന്ന് ഇവർ ദർശനം നടത്തുന്ന ചിത്രം പകർത്തിയവർ അടക്കമുള്ളവർ ഇത് വിശ്വസിക്കാൻ തയാറായില്ല. അങ്ങനെയാണ് മോഹൻദാസിന്റെ ട്വീറ്റ് വന്നത്.

വനിതകളുടെ ദർശനം മാത്രം വിവാദമായതോടെ ഇതിന്റെ മറവിൽ രക്ഷപ്പെടുന്ന മറ്റൊരാളുണ്ട്. ദർശന ദല്ലാൾ സുനിൽ സ്വാമി. ശബരിമലയിൽ തന്ത്രിയേക്കാൾ വലിയ ആളായിട്ടാണ് സുനിൽ സ്വാമി വിലസുന്നത്. ദേവസ്വം-പൊലീസ് ഉദ്യോഗസ്ഥർ ഇയാൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കും. സോപാനത്ത് തിരക്കേറുമ്പോൾ നിയന്ത്രിക്കുന്നത് സുനിൽ സ്വാമിയാണ്. തന്റെ ആൾക്കാർക്ക് സുഖദർശനം തരപ്പെടുത്തുന്നതിന് വേണ്ടി മറ്റുള്ളവരോട് ഇയാൾ മോശമായി പെരുമാറുന്നത് പതിവുകാഴ്ചയാണ്. സുനിൽ സ്വാമിക്കൊപ്പം ആരു വന്നാലും അവർക്ക് വിഐപി ദർശനം ലഭിക്കും. ഓരോ ദിവസവും ഡസൻ കണക്കിന് ആളുകളുമായിട്ടാണ് സുനിൽ സ്വാമിയുടെ വരവ്. ഇതേപ്പറ്റി ഒരു രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്യുന്നില്ല എന്നതാണ് ഏറെ ഖേദകരം.

ഭരിക്കുന്നത് ഏത് സർക്കാരോ ബോർഡോ ആകട്ടെ ശബരിമലയിൽ അയ്യപ്പന് പിന്നിൽ രണ്ടാമനാണ് സുനിൽ സ്വാമി. കഴിഞ്ഞ ദിവസം വിവാദത്തിനിടയാക്കിയ സംഭവത്തിന്റെ ചിത്രത്തിൽ നിന്ന് തന്നെ ഇത് വ്യക്തമാണ് ഇരുമുടിയുമായി വന്ന നൂറുകണക്കിന് ഭക്തർക്ക് ദർശനം സാധ്യമാകാത്ത രീതിയിൽ തിങ്ങി നിറഞ്ഞ് മുന്നിൽ നിന്ന് തൊഴുന്നത് സുനിൽ സ്വാമിയുടെ ആളുകളാണ്. ഒരു ദേവസ്വം ഗാർഡാണ് സുനിൽ സ്വാമിയുടെ വലംകൈ. ഇയാൾക്കും തലയൊന്നിനാണ് കമ്മിഷൻ ലഭിക്കുന്നത്.

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, അവരുടെ ബന്ധുക്കൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖർ എന്നിങ്ങനെ എല്ലാവർക്കും സുഖദർശനം ഒരുക്കുന്നത് സുനിൽ സ്വാമിയാണ്. പടിപൂജയടക്കമുള്ള വഴിപാടുകളും നേരത്തേ തന്നെ സുനിൽ സ്വാമി ബുക്ക് ചെയ്തിട്ടുണ്ടാകും. ഇതിനെല്ലാം ദേവസ്വം ഉദ്യോഗസ്ഥർ കുട പിടിക്കുന്നു. പൊലീസും സർക്കാരും ഇയാൾക്ക് ഒത്താശ ചെയ്യുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ദർശന വിവാദത്തിലെ സുനിൽ സ്വാമിയുടെ പങ്ക് ബോധപൂർവം മറച്ചു വച്ചിരിക്കുന്നത്. ഈ വിവാദത്തിൽ സുനിൽ സ്വാമിയെ ഒഴിവാക്കാനുള്ള നീക്കമാണ് എല്ലാ ഭാഗത്തു നിന്നും നടക്കുന്നത്. ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്ന വിധത്തിൽ സുനിൽ സ്വാമിയെപ്പോലുള്ള ദല്ലാളുകളെ സോപാനത്ത് നിന്ന് ഒഴിവാക്കണമെന്നും വിഐപി ദർശനം അർഹതപ്പെട്ടവർക്ക് മാത്രം നൽകണമെന്നുമാണ് അയ്യപ്പന്മാർ എന്നും ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP