Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സായി കേന്ദ്രത്തിലെ അപർണ മരിച്ച് 23-ാം ദിവസം ചെന്ന പിതാവിനു നേരേ വസ്ത്രങ്ങളും ബാഗും എറിഞ്ഞുകൊടുത്തു; അപമാനിച്ചെന്നു കാട്ടി ജീവനക്കാരി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണവും

സായി കേന്ദ്രത്തിലെ അപർണ മരിച്ച് 23-ാം ദിവസം ചെന്ന പിതാവിനു നേരേ വസ്ത്രങ്ങളും ബാഗും എറിഞ്ഞുകൊടുത്തു; അപമാനിച്ചെന്നു കാട്ടി ജീവനക്കാരി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണവും

ആലപ്പുഴ: സായികേന്ദ്രത്തിലെ തുഴച്ചിൽ താരം അപർണ മരിച്ചിട്ട് 23 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷണം എങ്ങുമെത്തിയില്ല. അതിനിടെ, മകളുടെ വസ്ത്രങ്ങളും ബാഗും തിരിച്ചു നൽകാൻ അപർണയുടെ അച്ഛൻ സായികേന്ദ്രത്തിലേക്കു വിളിച്ചപ്പോൾ ചീത്തവിളിയും ഒപ്പം അപമാനിച്ചെന്ന് ആരോപിച്ച് കേസും കൊടുത്ത സംഭവമുണ്ടായി.

പുന്നമട സായിയിലെ വനിതാ ജീവനക്കാരിയായ കലയാണ് മരിച്ച അപർണയുടെ അച്ഛൻ രാമഭദ്രനെതിരെ വനിതാസെല്ലിൽ പരാതി നൽകിയത്. ജീവൻ എടുത്തിട്ടും പക അടങ്ങാത്ത സായികേന്ദ്രം ജീവനക്കാർ മരിച്ച അപർണയുടെ വസ്ത്രങ്ങളും പുറത്തേക്കു വലിച്ചെറിഞ്ഞതായി പരാതിയുണ്ട്.

ജീവനക്കാരിയുടെ പരാതിയെ തുടർന്ന് ക്ഷണനേരം കൊണ്ട് അപർണയുടെ അച്ഛനെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാൻ പൊലീസ് തയ്യാറായി. കഴിഞ്ഞ അഞ്ചു താരങ്ങൾ മാനസികവും ശാരീരികവുമായ പീഡനങ്ങളെത്തുടർന്നു കൂട്ട ആത്മഹത്യയ്‌ക്കൊരുങ്ങുകയും അവരിലൊരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ യഥാർത്ഥത്തിൽ എന്താണു സംഭവിച്ചതെന്ന് ഒരുമാസക്കാലമായി അന്വേഷിക്കാത്ത പൊലീസാണ് വനിതാ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് ഉടൻ നടപടിക്കു തുനിഞ്ഞത്. ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശില്പയുടെ അമ്മ ബീനയോടും ജീവനക്കാർ മോശമായിട്ടാണ് പെരുമാറിയത്. മകളുടെ വസ്ത്രവും പെട്ടിയും തിരിച്ചെടുക്കാൻ സായികേന്ദ്രത്തിൽ ചെന്ന ബീനയുടെയും മകൻ കണ്ണന്റെയും മുന്നിലേക്ക് ശില്പയുടെ ബാഗ് വലിച്ചെറിഞ്ഞു കൊടുക്കുകയാണുണ്ടായത്.

അതേസമയം തുഴച്ചിൽ താരത്തിന്റെ ആത്മഹത്യയെക്കുറിച്ച് സർക്കാരും ഏജൻസികളും ഉത്തരവിട്ട അന്വേഷണം എങ്ങുമെത്തിയില്ല. സംസ്ഥാന പൊലീസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ നിസാരമായ കേസാണ് എടുത്തിട്ടുള്ളത്, ഏതുതരത്തിലും അട്ടിമറിക്കപ്പെടാവുന്ന തരത്തിൽ. കേസ് അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുന്നതായി താരങ്ങളുടെ ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അപർണ മരിച്ചശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയ ആഭ്യന്തര മന്ത്രി കേസിന്റെ ചുമതലയും നിരീക്ഷണവും താൻ നേരിട്ടു നടത്തുമെന്ന് ബന്ധുക്കൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ സംസ്ഥാന ആഭ്യന്തര മന്ത്രി നേരിട്ടു നിയന്ത്രിച്ച കേസിൽപ്പോലും നിസാരവകുപ്പുകൾചേർത്തു കേസെടുക്കാൻ മാത്രമെ കഴിഞ്ഞുള്ളുവെന്നും മാതാപിതാക്കൾ പരാതിപ്പെട്ടു.

സംഭവം നടന്നിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും വകുപ്പുതല അന്വേഷണം നടത്താൻ പോലും അധികൃതർ തയാറായില്ല. മരിച്ച താരത്തിന്റെ വീട്ടിൽ എത്തി അന്വേഷിക്കാനോ, രക്ഷപ്പെട്ട താരങ്ങളെ പുനഃപ്രവേശിപ്പിക്കാനോ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. കേസിന്റെ എല്ലാ വശങ്ങളിലും ദുരൂഹത നിലനിൽക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. അവസാനശ്രമമെന്ന നിലയിൽ മുഖ്യമന്ത്രിയെ നേരിട്ടു കാണാനാണ് ബന്ധുക്കളുടെ തീരുമാനം. നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സായി കേന്ദ്രം ഉപരോധിക്കാനാണ് താരങ്ങളുടെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP