Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി പാർട്ടി പ്രവർത്തനവും തൊഴിൽ; സിപിഎമ്മിൽ ഇരുപതിനായിരത്തോളം മുഴുവൻ സമയ പ്രവർത്തകർ ചുമതലയേല്ക്കുന്നു, മാസശമ്പളം 3000 രൂപ, പാർട്ടിക്കു ബാധ്യത 17.5 കോടി

ഇനി പാർട്ടി പ്രവർത്തനവും തൊഴിൽ; സിപിഎമ്മിൽ ഇരുപതിനായിരത്തോളം മുഴുവൻ സമയ പ്രവർത്തകർ ചുമതലയേല്ക്കുന്നു, മാസശമ്പളം 3000 രൂപ, പാർട്ടിക്കു ബാധ്യത 17.5 കോടി

രഞ്ജിത് ബാബു

കണ്ണൂര്‍ : സി.പി.ഐ(എം)യിലെ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് ഈ മാസം മുതല്‍ പ്രതിമാസ ശമ്പളം. ത്രിതല പഞ്ചായത്തുകളിലേയും നഗരസഭകളിലേയും തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വാര്‍ഡുകളിലെ മുഴുസമയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടുളളളത്. പ്രതിമാസം മൂവായിരം രൂപ ശമ്പളത്തോടെ പാര്‍ട്ടിയുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ചുമതലയേറ്റു കഴിഞ്ഞു. സെപ്തംബര്‍ ഒന്നാം തീയതി മുഴുസമയ പ്രവര്‍ത്തകര്‍ക്ക് ശമ്പളം പാര്‍ട്ടി നല്‍കും.

കേരളത്തിലെ 1130 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 19,285 വാര്‍ഡുകളിലും ഈ മാസം മുതല്‍ മൂന്നുമാസത്തേക്ക് മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാവും. ഇത്രയും പേര്‍ക്ക് മാസവേതനം നല്‍കാന്‍ 17.5 കോടി രൂപയോളം പാര്‍ട്ടി സ്വരൂപിക്കേണ്ടതായുണ്ട്. നാമമാത്ര ജോലിയുളളവരേയും ജോലിയില്ലാത്തവരേയും മഴുസമയ പ്രവര്‍ത്തകരായി പാര്‍ട്ടി പരിഗണിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ നല്ല ബന്ധമുള്ള നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരെയാണ് മുഴുസമയ പ്രവര്‍ത്തകരായി നിയോഗിച്ചിട്ടുള്ളത്. മുഴുസമയ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ലോക്കല്‍ സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമുണ്ടാകും.

മുഴുസമയ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ജോലിയില്ലാത്ത ബ്രാഞ്ച് സെക്രട്ടറിമാരാണ്. വാര്‍ഡിലെ വികസന പ്രശ്‌നങ്ങള്‍ നടക്കാതെ പോയവയെക്കുറിച്ച് ജനങ്ങളോട് സംവദിക്കുക, അവശരായും മറ്റും വീടുകളില്‍ കഴിയുന്നവരെ കണ്ടെത്തി സഹായം നല്‍കാന്‍ പാര്‍ട്ടി കമ്മിറ്റിയെ വിവരമറിയിക്കുക, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ശ്രമിക്കുകയും മേല്‍ക്കമ്മിറ്റിയെ ഇടപെടുവിക്കുകയും ചെയ്യുക എന്നീ ജോലികളാണ് ഇവര്‍ ഏറ്റെടുക്കുന്നത്. വാര്‍ഡുകളിലേക്ക് മുഴുവന്‍സമയ പ്രവര്‍ത്തകര്‍ ഇറങ്ങിയതോടെ സി.പി.ഐ.(എം). നേതൃത്വം ശുഭപ്രതീക്ഷയിലാണ്.

മുഴുസമയ പ്രവര്‍ത്തകരെ നിയോഗിച്ചതില്‍ പാര്‍ട്ടിക്ക് സാമ്പത്തിക പ്രശ്‌നം ഇല്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും ലോക്കല്‍ കമ്മിറ്റികള്‍ ശേഖരിച്ച ഫണ്ട് അതത് കമ്മിറ്റികളുടെ കയ്യിലുണ്ട്. പോരാത്തതിനു വരുന്ന തുക, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ധനശേഖരണവുമാകാം. അതിനാല്‍ ശമ്പളം കൃത്യമായി നല്‍കുന്നതില്‍ വീഴ്ച വരില്ല.ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ സേവനം പാര്‍ട്ടി വിനിയോഗിക്കുക. മൂന്നു മാസത്തെ ശമ്പളമായി 9000 രൂപ ഓരോ പ്രവര്‍ത്തകനും നല്‍കേണ്ടി വരും. നിലവില്‍ ലോക്കല്‍, ഏരിയാ സെക്രട്ടറിമാര്‍ക്ക് പാര്‍ട്ടി വേതനം നല്‍കി വരുന്നുണ്ട്. ഇതാദ്യമായാണ് താഴെത്തലത്തില്‍ ശമ്പളം നല്‍കി സി.പി.ഐ.(എം) പ്രവര്‍ത്തകരെ നിയമിക്കുന്നത്.

ഓരോ വാര്‍ഡിലേയും മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ പേര്, ലോക്കല്‍ കമ്മിറ്റികളാണ് തയ്യാറാക്കിയത്. ഈ ലിസ്റ്റ് ഏരിയാ കമ്മിറ്റികള്‍ക്ക് കൈമാറിയാണ് പ്രവര്‍ത്തകരുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. മുഴുസമയ പ്രവര്‍ത്തകര്‍ വാര്‍ഡുകളില്‍ ഇറങ്ങുന്നതോടെ പഴയ കാല പാര്‍ട്ടി കുടുംബങ്ങളേയും അകന്നു പോയ അനുഭാവികളേയും പാര്‍ട്ടിയോടടുപ്പിച്ച് നിര്‍ത്താന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. മുഴു സമയ പ്രവര്‍ത്തകര്‍ ഗ്രാമങ്ങളില്‍ ഇറങ്ങിയതിന് തുടക്കത്തില്‍ തന്നെ നല്ല പ്രതികരണമാണ് ഉണ്ടായതെന്നും സി.പി.ഐ.(എം) വിലയിരുത്തുന്നു.

എന്നാല്‍ ഇരട്ട പദവിയുള്ള ലോക്കല്‍, ഏരിയാ സെക്രട്ടറിമാരെ ഒറ്റ പദവിക്കാരായി മാറ്റാനുള്ള സി.പി.ഐ.(എം)ജില്ലാ നേതൃത്വങ്ങളുടെ നിര്‍ദേശം ഇതുവരേയും ഫലം കണ്ടില്ല. ഏരിയാ സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും മുഴുസമയ പ്രവര്‍ത്തകരാകണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. നിലവില്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിക്കുന്നവരാണ് ലോക്കല്‍ -ഏരിയാ സെക്രട്ടറിമാരായുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ തലത്തില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നിര്‍ദേശം പ്രാവര്‍ത്തികമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP