Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമത്വ മുന്നേറ്റയാത്ര തൃശ്ശൂരിൽ എത്തിയതോടെ മഞ്ഞ ഷാൾ മാറ്റി കാവിഷാൾ പുതച്ച് വെള്ളാപ്പള്ളി; വി എസ് പറഞ്ഞ കാര്യം സത്യമാകുമോ? ബിജെപി നേതാക്കൾ അകലം പാലിക്കുമ്പോൾ ജാഥയ്ക്ക് ചുക്കാൻ പിടിക്കുന്നത് ആർഎസ്എസുകാർ

സമത്വ മുന്നേറ്റയാത്ര തൃശ്ശൂരിൽ എത്തിയതോടെ മഞ്ഞ ഷാൾ മാറ്റി കാവിഷാൾ പുതച്ച് വെള്ളാപ്പള്ളി; വി എസ് പറഞ്ഞ കാര്യം സത്യമാകുമോ? ബിജെപി നേതാക്കൾ അകലം പാലിക്കുമ്പോൾ ജാഥയ്ക്ക് ചുക്കാൻ പിടിക്കുന്നത് ആർഎസ്എസുകാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പൊതുവേദികളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രത്യക്ഷപ്പെടുമ്പോൾ എപ്പോഴും പീതവർണ്ണമുള്ള ഷാൾ അണിയാറുണ്ട്. എസ്എൻഡിപിയുടെ നിറം മഞ്ഞയായതു കൊണ്ടാണ് പൊതുവിൽ ഈ ഷാൾ അണിഞ്ഞ് വെള്ളാപ്പള്ളി എത്തിപ്പെടാറ്. സമത്വ മുന്നേറ്റ യാത്ര കാസർകോഡു നിന്നും തുടങ്ങുമ്പോൾ വെള്ളാപ്പള്ളി ധരിച്ചിരുന്നത് പതിവ് മഞ്ഞ ഷാളായിരുന്നു. മലബാറിലെ ജാഥകൾ പുരോഗമിക്കുമ്പോഴും ഇതു തന്നെയായിരുന്നു വെള്ളാപ്പള്ളിയുടെ ശൈലി. ഇതിനിടെയാണ് വെള്ളാപ്പള്ളിയെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ജാഥ ആറ്റിങ്ങലിൽ എത്തുമ്പോൾ നടേശന്റെ വേഷം കാക്കി നിക്കറും ബനിയനുമാകുമെന്ന് വിമർശിച്ചത്. ആർഎസ്എസ് ആണ് ജാഥയുടെ സംഘാടകർ എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു വിഎസിന്റെ വാക്കുകൾ.

ഒടുവിൽ ജാഥ പുരോഗമിച്ച് മധ്യകേരളത്തിലേക്ക് എത്തുമ്പോൾ കേരളം ഉറ്റുനോക്കുന്നത് വി എസ് പറഞ്ഞ കാര്യങ്ങൾ ശരിയാകുമോ എന്നതാണ്. കാരണം മഞ്ഞഷാൾ മാറ്റി വെള്ളാപ്പള്ളി കാവിഷാൾ അണിഞ്ഞു തുടങ്ങിയിട്ടുണ്ട്. കൂടാതെ ജാഥയിലെ ആർഎസ്എസ് പങ്കാളിത്തവും സജീവ ചർച്ചാ വിഷയമാകുകയാണ്. വെള്ളാപ്പള്ളിക്ക് എല്ലാ സൗകര്യവും ഒരുക്കുന്നത് ആർഎസ്എസ് ആണെന്ന ആരോപണം ശക്തമായി ഉയരുന്നതിന് ഇടെയാണ് വെള്ളാപ്പള്ളിയുടെ വേഷമാറ്റവും വാർത്തകളിൽ ഇടംപിടിക്കുന്നത്.

കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ബിജെപി മോഹത്തിന്റെ പ്രചാരകനായി മാറിയിരിക്കയാണ് ഇപ്പോൾ വെള്ളാപ്പള്ളി. ജാഥയിലൂടെ ബിജപി ലക്ഷ്യമിടുന്നതും ഇതു തന്നെയാണ്. സമത്വ മുന്നേറ്റ യാത്രയിൽ നിന്നും ബിജെപി നേതാക്കൾ മാറി നിൽക്കുന്നുണ്ടെങ്കിലും ജാഥയുടെ കാർമികരായി രംഗത്തുവരുന്നത് ആർഎസ്എസ് പ്രചരാകന്മാരാണ്. ഇവരുടെ നിർദ്ദേശം അനുസരിച്ചാണ് വെള്ളാപ്പള്ളി ഓരോ അടിയും മുന്നോട്ടു പോകുന്നതും.

ആർഎസ്എസിനു പൊതുസമൂഹത്തോട് പറയാനുള്ളത് വ്യക്തമാക്കാനുള്ള യാത്രയായിട്ടാണ് നേതൃത്വം സമത്വയാത്രയെ കാണുന്നത്. അതുകൊണ്ട് തന്നെ വർഗീയത വിതറുന്ന പ്രസംഗങ്ങളുമായി നേതാക്കൾ പ്രസംഗ വേദികളിൽ നിറയുകയും ചെയ്യുന്നു. ഇതിനായി സംഘപരിവാർ പ്രത്യേകം പ്രാസംഗികരെയും നിയോഗിച്ചിട്ടുണ്ട്. വിവിധ യാത്രകൾ സംഘടിപ്പിച്ച് വിജയിപ്പിച്ച ആർഎസ്എസ് പ്രചാരകന്മാരെയാണ് സമത്വ സന്ദേശയാത്രയുടെ അണിയറ പ്രവർത്തകരായി ആർഎസ്എസ് നിയോഗിച്ചിട്ടുള്ളത്.

അതേസമയം തിരുവനന്തപുരത്തു നിന്നും അക്കൗണ്ട് തുറക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ന്യൂനപക്ഷങ്ങൾ അനർഹമായി ആനുകൂല്യം നേടുന്നുവെന്ന കാര്യം എടുത്തുപറഞ്ഞാണ് വെള്ളാപ്പള്ളി ഓരോ വേദിയിലും നിറയുന്നത്. മലബാറിൽ വെള്ളാപ്പള്ളിയുടെ വാക്കുകൾ കാര്യമായി ഏശില്ലെങ്കിലും തിരുവിതാംകൂറിൽ ഇത് പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജാഥ ഈ മേഖലയിലേക്ക് കടക്കുമ്പോൾ വെള്ളാപ്പള്ളി തീവ്രഹിന്ദുത്വ നിലപാടിലേക്ക് നീങ്ങുകയും ചെയ്യും.

ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ മേഖലയെ ആക്രമിച്ചാകും വെള്ളാപ്പള്ളിയുടെ തുടർന്നുള്ള പ്രചരണങ്ങൾ. ന്യൂനപക്ഷങ്ങൾ തയ്യാറായാൽ എസ്എൻഡിപിയുടെ സ്ഥാപനങ്ങളിൽ പിഎസ് സി വഴി നിയമനം നടത്താൻ തയ്യാറാണെന്നും വെള്ളാപ്പള്ളി പാലക്കാട്ട് വച്ച് അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ പറഞ്ഞത് ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസ മേഖലയെ ഭരിക്കുന്നു എന്നകാര്യം ചൂണ്ടിക്കാട്ടാനായിരുന്നു.

കത്തോലിക്കാ മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് കേരളത്തിൽ ഏറ്റവും കുടുതൽ ഉള്ളത്. എൻഎസ്എസിനും എം ഇഎസിനും ഇ കെ സുന്നി വിഭാഗത്തിനും, എ പി സുന്നികൾക്കും അടക്കം സർക്കാർ ശമ്പളം നൽകുന്ന കോളേജുകളും സ്‌കൂളുകളുമുണ്ട്. സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇവരെല്ലാം ഈ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. എന്നാൽ, മുസ്ലിംലീഗ് വിഭ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതോടെ തങ്ങൾക്കൊന്നു കിട്ടുന്നില്ലെന്ന് എസ്എൻഡിപി അടക്കമുള്ളവർ വിലപിക്കുന്നുണ്ടായിരുന്നു. കോളേജുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ പണം വാങ്ങി വിദ്യാർത്ഥികളെ കയറ്റുന്നതും പണം വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്നതുമെല്ലാം തന്നെയാണ് ഇത്തരം അലമുറയിടലുകൾക്ക് പിന്നിൽ.

സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പോലും പിഎസ് സിക്ക് വിടുന്ന സാഹചര്യത്തിലും മാനേജ്‌മെന്റ് സ്‌കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപക നിയമനങ്ങൾ പിഎസ് സിക്ക് വിടാൻ മാനേജമെന്റുകൾ തയ്യാറല്ല. ഇങ്ങനെ ശ്രമിച്ചാൽ തന്നെ അതിനെ ശക്തമായി എല്ലാവരും ചേർന്ന എതിർക്കുകയും ചെയ്യും. ഇപ്പോൾ തന്റെ ജാഥയെ എതിർക്കുന്നവരുടെ വായടപ്പിക്കാന് വെള്ളാപ്പള്ളി ഈ തന്ത്രം പുറത്തെടുത്തത്. വിദ്യാഭ്യാസ വിഷയങ്ങളിൽ കൂടുതൽ ഫോക്കസ് ചെയ്ത് ആക്രമിക്കുനാകും തുടർന്നുള്ള വെള്ളാപ്പള്ളിയുടെ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP