Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ചത് ഗ്രഹാന്തര യാത്ര നടത്താൻ കഴിയുന്ന വേദിക് വിമാനവും ബ്രഹ്മാസ്ത്രവും; ഹനുമാന്റെ മൃതസഞ്ജീവിനി തേടി ആയുഷ് വകുപ്പ്, പശുവിന്റെ മാത്രമല്ല മനുഷ്യന്റെയും മൂത്രവും ഔഷധമെന്ന് 'പഠനങ്ങൾ'; ഓക്‌സിജൻ പുറത്തുവിടുന്ന പശുവും കണ്ണീര് കുടിച്ച് ഗർഭിണിയാവുന്ന മയിലും ഒറ്റപ്പെട്ടതല്ല: സംഘപരിവാര ഭാരതത്തിൽ ശാസ്ത്രമെന്ന പേരിൽ നടക്കുന്ന കോപ്രായങ്ങൾ ഇങ്ങനെ!

ലോക ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ചത് ഗ്രഹാന്തര യാത്ര നടത്താൻ കഴിയുന്ന വേദിക് വിമാനവും ബ്രഹ്മാസ്ത്രവും; ഹനുമാന്റെ മൃതസഞ്ജീവിനി തേടി ആയുഷ് വകുപ്പ്, പശുവിന്റെ മാത്രമല്ല മനുഷ്യന്റെയും മൂത്രവും ഔഷധമെന്ന് 'പഠനങ്ങൾ'; ഓക്‌സിജൻ പുറത്തുവിടുന്ന പശുവും കണ്ണീര് കുടിച്ച് ഗർഭിണിയാവുന്ന മയിലും ഒറ്റപ്പെട്ടതല്ല: സംഘപരിവാര ഭാരതത്തിൽ ശാസ്ത്രമെന്ന പേരിൽ നടക്കുന്ന കോപ്രായങ്ങൾ ഇങ്ങനെ!

എം മാധവദാസ്

ന്യൂഡൽഹി: പശു ഓക്‌സിജൻ ശ്വസിച്ച് ഓക്‌സിജൻ തന്നെ പുറത്തുവിടുന്ന അപൂർവ ജീവിയാണെന്നും, ആൺമയിലിന്റെ കണ്ണീരുകുടിച്ചാണ് പെൺമയിൽ ഗർഭം ധരിക്കുന്നതെല്ലാമുള്ള അസംബദ്ധങ്ങൾ ഹൈക്കോടതി ജഡ്ജിമാർവരെ വിധിന്യായങ്ങളായി ഉദ്ധരിക്കുമ്പോൾ, ഈ നാടിന്റെ ശാസ്ത്രബോധത്തിന് എന്തുപറ്റിയെന്ന് അമ്പരക്കുന്നവർ ഉണ്ടാവാം.പക്ഷേ കഴിഞ്ഞ കുറേക്കാലമായി സംഘപരിവാറിന്റെ നേതൃത്വത്തിൽ ശാസ്ത്ര-ചരിത്ര-വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിൽ നടക്കുന്ന, പൗരാണികമായ എല്ലാ കെട്ടുകഥകളെയും 'ശാസ്ത്രീയമാക്കാനുള്ള' നടപടികളുടെ അനിവാര്യമായ പാർശ്വഫലമാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വാജ്‌പേയ് സർക്കാറിന്റെ കാലത്തുതന്നെ കൃത്യമായി തുടങ്ങിയ ഈ സയസിന്റെ കാവിവത്ക്കരണ പ്രവണത ഇപ്പോൾ ജുഡീഷ്യറിയിൽവരെ എത്തുകയാണ്. ഇന്ത്യയിലെ പ്രമുഖരായ ശാസ്ത്രജ്ഞരും എഴുത്തുകാരുമൊക്കെ നിരന്തരം എതിർത്തിട്ടും മിത്തുകളെയും ഐതീഹ്യങ്ങളെയും പുരാണ കഥകളെയും ശാസ്ത്രസത്യമെന്ന പേരിൽ അവതരിപ്പിക്കുന്ന പരിപാടികളുമായി സർക്കാർ മുന്നോട്ടുപോയതിന്റെ ദുരന്തം കൂടിയാണിത്.

മോദി സർക്കാർ അധികാരത്തിലേറ്റശേഷം ഗവേഷണമെന്ന പേരിൽ നടക്കുന്ന അസംബന്ധങ്ങൾ നോക്കിയാൽ രാജ്യത്ത് ശാസ്ത്രീയ മനോവൃത്തിയെന്ന ( സയന്റിഫിക്ക് ടെമ്പർ) ആശയം തന്നെ ഇല്ലാതാവുകയാണെന്ന് വ്യക്തമാണ്.കഴിഞ്ഞവർഷം മുംബൈയിൽ നടന്ന ശാസ്ത്ര കോൺഗ്രസിൽ അവതരിക്കപ്പെട്ട 'പ്രബന്ധങ്ങൾ' ഇത്തരത്തിലായിരുന്നു.ഗ്രഹങ്ങളിൽനിന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുന്ന മനുഷ്യൻ ഓടിക്കുന്ന വേദിക്ക് വിമാനമാണ് അതിൽ പ്രധാനം! വേദിക്ക് കാലഘട്ടത്തിൽ നിലനിന്നിരുന്ന ഈ വിമാനം പുനരാവിഷ്‌ക്കരിക്കാൻ കഴിയുമെന്നാണ് പ്രബന്ധകർത്താക്കൾ പറയുന്നത്.

പുഷ്പക വിമാനത്തിന്റെ നാട്ടിൽ ഇത്തരം ഒരു അറിവ് അതിശയമല്‌ളെന്നാണ് അവർ പറയുന്നത്.അതുപോലെതന്നെ ബ്രഹ്മാസ്ത്രംപോലുള്ള ഒരു ആധുനിക ആയുധത്തെക്കുറിച്ചും ശാസ്ത്ര കോൺഗ്രസിൽ ചർച്ചകൾ വന്നു! ശാസ്ത്രബോധവും അന്വേഷണത്വരയും വർധിപ്പിക്കുക പൗരന്റെ കടമയായി എഴുതിവെച്ച ഭരണഘടനയുള്ള രാജ്യമാണിതെന്ന് ഓർക്കണം.പുഷ്പകവിമാനവും ബ്രഹ്മാസ്ത്രവുമൊക്കെ വെറും പുരാണ കഥകൾമാത്രമാണെന്നും,സങ്കീർണ്ണമായ ബഹിരാകാശ പേടകങ്ങൾക്കല്ലാതെ വിമാനത്തിൽ ഗ്രഹങ്ങളിൽനന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാനാവില്‌ളെന്നും ആധുനിക ശാസ്ത്രജ്ഞർ കൃത്യമായി പറഞ്ഞിട്ടും ഈ പ്രബന്ധങ്ങൾ അവതരിപ്പക്കാൻ അനുവദി നൽകപ്പെട്ടു. ഫലമോ ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യ വല്ലാതെ നാണംകെട്ടു. 'ഇന്ത്യയിൽ കെട്ടുകഥകൾ ശാസ്ത്രമാവുന്നു' എന്ന് പരിഹസിച്ചാണ് ന്യയോർക്ക് ടൈംസിൽ ഇതുസംബന്ധിച്ച് ലേഖനം വന്നത്.

ഇപ്പോൾ ആയുഷ് ആൻഡ് യോഗ വകുപ്പ് വന്നതോടെ ഇത്തരം 'പൗരാണിക പ്രപഞ്ചസത്യങ്ങളുടെ' ഗവേഷണത്തിന് കോടികളുടെ ഫണ്ടാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.അതിലൊന്നാണ് ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മരുത്വാമലയിൽനിന്ന് കൊണ്ടുവന്നതായി രാമായണത്തിൽ പറയുന്ന, മരിച്ചയാളെ ജീവിപ്പിക്കാൻ കഴിയുന്ന സകലരോഗത്തിനും ഒറ്റമൂലിയായ മൃതസഞ്ജീവനിക്കായുള്ള അന്വേഷണം. ഇതിനായി ഒരു പ്രത്യേക 'ഗവേഷണ സംഘത്തെയും' രൂപവത്ക്കിരിച്ചിട്ടുണ്ട്.സത്യത്തിൽ മരിച്ചിയാളെ ജീവിപ്പിക്കാൻ കഴിയുന്ന ഒരു ഔഷധവും ലോകത്തില്‌ളെന്നും, സർവരോഗ സംഹാരിയായി ഒരു സസ്യവും ഈ ഭൂമുഖത്തില്‌ളെന്നുമാണ് ആധുനിക ശാസ്ത്രം പറയുന്നത്.ചില ചെടികളിൽനിന്ന് ചില രോഗത്തിനുള്ള മരുന്ന് കണ്ടത്തൊമെങ്കിലും എല്ലാ രോഗങ്ങളും ശമിപ്പിക്കുന്ന സസ്യമെന്നത് സ്വപ്നത്തിൽ മാത്രമാണ്.പക്ഷേ മൃതസഞ്ജീവിനിക്കായി ലക്ഷങ്ങൾ സർക്കാർ ഇപ്പോഴും പൊടിക്കുന്നു.

110വയസ്സുവരെ യൗവനം നിലനിർത്താനുള്ള ശിവഗുളികൾക്കായും ഗവേഷണം പുരോഗമിക്കയാണ്. ഈ ധാരണയും തീർത്തും അശാസ്ത്രീയമാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. വാർധക്യം എന്നത് അനിവാര്യമായ ഒരു ജീവശാസ്ത്ര വസ്തുതയാണ്.അത് ഏതെങ്കിലും ഗുളികൾകൾകൊണ്ട് കെട്ടിയിടാൻ കഴിയുമെന്നത് അബദ്ധ ധാരണയാണ്.പക്ഷേ എന്നിട്ടും പൗരാണിക മനുഷ്യർ നൂറുവർഷംവരെ ആരോഗ്യത്തോടെ ജീവിച്ചു എന്നൊക്കെ തട്ടവിട്ടാണ് ഇത്തരം പ്രതിവിജ്ഞാന അന്വേഷണങ്ങൾ പുരോഗമിക്കുന്നത്.ആദ്യ സെൻസസിന്റെ കണക്ക് പ്രകാരം ഇന്ത്യയുടെ ശരാശരി അയുസ്സ് വെറും 26വയസ്സ് മാത്രമായിരുന്നെന്ന് ഇക്കൂട്ടർ മറന്നുപോവുന്നു.ഒരു നൂറ്റാണ്ടുകൊണ്ട് പ്രതിരോധകുത്തിവെപ്പും മറ്റുമായി പൊതുജനാരോഗ്യരംഗത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഉണ്ടാക്കിയ കുതിപ്പാണ് ആയുർദൈർഘ്യവും വർധിപ്പിച്ചത്.

അതുപോലെതന്നെ യോഗയുടെപേരിലും വ്യാജ പ്രചാരണങ്ങളും അവകാശാവാദങ്ങളും സർക്കാർ സ്‌പോർൺസേഡ് പരിപാടിയായി മുന്നോട്ടുപോവുകയാണ്്. ആയുഷ് ഡിപ്പാർട്ട്‌മെന്റിന്റെ തന്നെ വെബ്‌സൈറ്റിൽ കാൻസർമുതൽ എയ്ഡ്‌സുവരെയുള്ള സകലരോഗങ്ങളും, യോഗ മാറ്റുമെന്ന പെരുപ്പിച്ച അവകാശ വാദങ്ങൾ കാണാം. എന്നാൽ യോഗയെ ഒരു ചികിൽസാരീയി പോയിട്ട് ഒരു അപകടരഹിത വ്യായാമമായിട്ടുപോലും ആധുനിക ശാസ്ത്രം അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.ലാൻസെറ്റ്, നേച്ചർ തുടങ്ങിയ ലോകത്തിലെ ആധികാരികമായ ഒരു ശാസ്ത്രമാസികയും യോഗയുടെ 'മെഡിസിനൽ പവർ' അംഗീകരിച്ചിട്ടില്ല. ഇവിടെ സംഘ അനുകൂലികളായ ചില ഫണ്ടുകിട്ടുന്ന സംഘടനകൾ നടത്തുന്ന ചില 'പഠനങ്ങളാണ്' പുറത്തുവന്നിട്ടുള്ളത്.അല്ലാതെ ആധുനിക ശാസ്ത്രം മുഖവിലക്കെടുക്കുന്ന ഡബിൾ ബ്‌ളെൻഡഡ് പരിശോധകളോ, റാൻഡമൈസ്ഡ് കൺട്രോൾ ട്രയലുകളോ (ആർ.സി.ടി) ഒന്നും തന്നെ യോഗയുടെ ഫലസിദ്ദിഖ് സാക്ഷ്യമായി കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പക്ഷേ നമ്മുടെ നാട്ടിൽ യോഗയും ഒരു സയൻസായി കഴിഞ്ഞിരിക്കുന്നു.

പശുവിന്റെ മൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് കെട്ടുകണക്കിന് 'പഠനങ്ങളും ഗവേഷണങ്ങളുമാണ്' ഇപ്പോൾ രാജ്യത്ത് നടക്കുന്നത്.ഇതിന്റെയൊക്കെ ഭാഗമായിട്ടായിരിക്കണം പശു ഓക്‌സിജൻ പുറത്തുവിടുന്ന ദിവ്യമൃഗമാണെന്നൊക്കെയുള്ള ധാരണ പരന്നത്.പക്ഷേ ഗോമൂത്രവും ചാണകുമൊക്കെ സസ്യങ്ങൾക്ക് വളമാണെന്നല്ലാതെ മനുഷ്യന് ഹാനികരംതന്നെയാണെന്നാണ് ആധുനിക ശാസ്ത്രം വളരെ മുമ്പ് എത്തിയ നിഗമനം. ഇനി ഗോമൂത്രത്തിന്റെ രോഗശമനിയായ എന്തെങ്കിലും ഘടകം ഉണ്ടെങ്കിൽ അത് കൃത്രിമമായി വേർതിരിച്ച്, കെമിക്കൽ ഫോർമുല കണ്ടത്തെി ഗുളികയാക്കി ഉണ്ടാക്കി നൽകുക എന്നല്ലാതെ, മൂത്രം കുടിക്കുന്നത് രോഗം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇപ്പോൾ ഗോമൂത്രത്തെ വിട്ട് മനുഷ്യമൂത്രം കുടിക്കാമോ എന്ന കാര്യത്തിലും 'ഗവേഷണം' നടക്കയാണ്.മൂത്ര ചികിൽസ മൊറാർജിദേശായിയുടെ കാലം തൊട്ട് ഇന്ത്യയിൽ പരിചിതമാണെങ്കിലും 'യൂറിൻ തെറാപ്പിയെന്ന് ' പേരിട്ട് ഒരു സമാന്തര ശാസ്ത്ര ശാഖയായി ആയുഷ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ കൊണ്ടുവരുന്നതോടെ കാര്യങ്ങൾ മാറുകയാണ്.

കൃഷിയിലും കാവിവത്ക്കരണം പ്രകടമാണ്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസേർച്ചിനോടുവരെ, കേന്ദ്ര കാർഷിക മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത് 'വേദിക്ക് അഗ്രികൾച്ചറിൽ ' കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്.അതായത് കൃഷിയിടത്തിൽ യാഗവും ഹോമവുമൊക്കെ ചെയ്ത് വിത്തെറിയുക. അങ്ങനെ വന്നാൽ കൂടുതൽ വിളവ് കിട്ടുമത്രേ!ഇതും കോടികൾ ഫണ്ടുകിട്ടുന്ന വലിയൊരു 'ശാസ്ത്ര ശാഖയാണ്'.

അതുപോലെതന്നെ പാഠപുസ്തകങ്ങളിൽപോലും ഈ അശാസ്ത്രീയ ധാരണകൾ കുത്തിവെച്ച് കഴിഞ്ഞു. മാംസാഹാരികൾ അക്രമികളാണെന്ന രീതിയിൽ ഒരു സി.ബി.എസ്.ഇ ടെക്റ്റ് ബുക്കിൽ വരെ പാഠം വന്നതും കടുത്ത പ്രതിഷേധത്തെ തുടർന്ന് അത് ഒഴിവാക്കപ്പെട്ടതും ഈയിടെയാണെല്ലോ.പക്ഷേ സസ്യാഹാരികളുടെ മഹത്വങ്ങൾ ഇപ്പോഴും പല പാഠപുസ്തകങ്ങളിലും കാണുന്നുണ്ട്.

ഇങ്ങനെനോക്കിയാൽ സർക്കാർ പ്രചരിപ്പിക്കുന്ന അശാസ്ത്രീയ പാരമ്പര്യ വാദങ്ങൾതന്നെയാണ് ന്യായാധിപന്മ്മാർപോലും പറയുന്നതെന്ന് വ്യക്തമാണ്. ശാസ്ത്രത്തെ ഈ രീതിയിൽ വളച്ചൊടിക്കുന്നതിനെതിരെ രാമചന്ദ്രഗുഹയും, അമർത്യാസെന്നും, അരുദ്ധതിറോയും, ആനന്ദും അടക്കം അമ്പതോളം എഴുത്തുകാരും ബുദ്ധിജീവികളും അടങ്ങുന്നസംഘം പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും, ഐതീഹ്യങ്ങളെ ശാസ്ത്ര സത്യങ്ങളാക്കി രാജ്യത്തെ നൂറ്റാണ്ട് പറികോട്ട് നയിക്കുന്ന പരിപാടി നിർബാധം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP