Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘപരിവാർ ഭീഷണിക്ക് വഴങ്ങി മാതൃഭൂമി പിന്മാറിയെങ്കിലും 'മീശ' പ്രസിദ്ധീകരിക്കാൻ ചങ്കുറപ്പോടെ രവി ഡിസി; എസ്.ഹരീഷിന്റെ നോവൽ പബ്ലിഷ് ചെയ്യാൻ ഡിസി തീരുമാനിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ഫോൺ വഴിയും ഭീഷണി; അസഭ്യം പറയുന്നവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നൽകി രവി ഡിസി

സംഘപരിവാർ ഭീഷണിക്ക് വഴങ്ങി മാതൃഭൂമി പിന്മാറിയെങ്കിലും 'മീശ' പ്രസിദ്ധീകരിക്കാൻ ചങ്കുറപ്പോടെ രവി ഡിസി; എസ്.ഹരീഷിന്റെ നോവൽ പബ്ലിഷ് ചെയ്യാൻ ഡിസി തീരുമാനിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ഫോൺ വഴിയും ഭീഷണി; അസഭ്യം പറയുന്നവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നൽകി രവി ഡിസി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എസ് ഹരീഷിന്റെ വിവാദ നോവൽ 'മീശ' പ്രസിദ്ധീകരിക്കാൻ തിരുമാനിച്ച ഡിസി ബുക്സ് പ്രസാധകർക്കു നേരെയും സംഘപരിവാർ ഭീഷണി. വിവാദങ്ങളുടെയും ഭീഷണിയുടെയും പശ്ചാത്തലത്തിൽ മാതൃഭൂമിയിൽ നിന്ന് പിൻവലിച്ച ഹരീഷിന്റെ നോവലായ മീശ പ്രസിദ്ധീകരിക്കാൻ ഡി.സി ബുക്‌സ് ഉടമ രവി ഡി.സിയും ഹരീഷും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഭീഷണിയെ തുടർന്ന് രവി ഡിസി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നൽകി.

കോട്ടയത്ത് വെച്ച് നടന്ന് പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മയിൽ വച്ച് മീശ പുസ്തകമാക്കി പുറത്തിറക്കുമെന്ന് ഹരീഷ് വ്യക്തമാക്കിയിരുന്നു. മാതൃഭൂമി ആഴ്‌ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന നോവൽ പിൻവലിക്കുകയാണെന്ന് കഥാകാരൻ എസ്.ഹരീഷ് തന്നെയാണ് അറിയിച്ചത്. ചില സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് നടപടിയെന്നും. കുടുംബാഗങ്ങളെ അപമാനിക്കാൻ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.മീശ എന്ന നോവലിൽ അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാർ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.

നോവൽ ഡിസി പുറത്തിറക്കുന്ന വിവരം വന്നയുടൻ തന്നെ രവി ഡിസിക്കും മറ്റുസ്ഥാപന മേധാവികൾക്കുമെതിരെ ഭീഷണിയുമായി സോഷ്യൽ മീഡിയയിൽ ചില സംഘടനകൾ രംഗത്ത് വന്നു. ഫോണിലൂടെയും ചിലർ ഭീഷണി മുഴക്കുന്നുണ്ട്. നോവലിനെതിരെ നേരത്തെ രംഗത്ത് വന്നവർ തന്നെയാണ് ഇതിന് പിന്നിലെന്നാണ് പ്രസാധകർ കരുതുന്നത്. മോശമായ ഭാഷയിൽ തനിക്കും സ്ഥാപനത്തിനുമെതിരെ ശക്തമായ നടപടി വേണമെന്നാണ് രവി ഡിസി കോട്ടയം ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പ്രസ്താവനകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നത് ഒറ്റപ്പാലം സ്വദേശി കൃഷ്ണൻ ചുടുവലത്തൂർ എന്നയാളാണെന്നും സിഐ സാജു വർഗീസിന് നൽകിയ പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിലെ ആക്രമണം മൂലം തനിക്കും സ്ഥാപനത്തിനും സൽപ്പേര് നഷ്ടമാവുകയും മാനഹാനി സംഭവിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.

ഒരു എഴുത്തുകാരന്റെ പുസ്തകം പ്രസിദ്ധീകരിക്കുക എന്നതിലപ്പുറം മറ്റൊരു ഉദ്ദേശവും തനിക്കില്ലെന്നും രവി ഡിസി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഡിസിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ മീശ നോവലിന്റെ മൂന്ന് അദ്ധ്യായങ്ങൾ നേരത്തെ പ്രസിദ്ധീകരിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത മാതൃഭൂമിക്കെതിരെയുള്ള പ്രതിഷേധം അടങ്ങിയിട്ടില്ല. മാതൃഭൂമി മാപ്പ് പറഞ്ഞില്ലെന്നും പ്രകോപനപരമായ മുഖപ്രസംഗം പ്രസിദ്ധീകരിച്ചെന്നും ആരോപിച്ച് ഓഗസ്റ്റ് ഒന്നുമുതൽ പത്രം ബഹിഷ്‌കരിക്കാൻ കരയോഗങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് നായർ സർവീസ് സൊസൈറ്റി. ഹിന്ദുഐക്യവേദിയും മാതൃഭൂമിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.

സംഘപരിവാർ സംഘടനകളിൽ നിന്ന് ഭീഷണി ശക്തമാകുകയും വീട്ടുകാരെ ഉൾപ്പെടെ അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതോടെയാണ് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച മീശ നോവൽ എസ് ഹരീഷ് പിൻവലിച്ചത്. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ എസ്.ഹരീഷ് തന്നെയാണ് വ്യക്തമാക്കിയത്.

നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകൾ രംഗത്ത് വന്നിരുന്നു. അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. താൻ ആരെയും ദ്രോഹിക്കാൻ ഉദ്ദേശിച്ചല്ല ഇതെഴുതിയതെന്നും മറ്റും ചൂണ്ടിക്കാട്ടി തന്റെ നിലപാട് വ്യക്തമാക്കി ഹരീഷ് രംഗത്തുവന്നെങ്കിലും സൈബർ ആക്രമണവും ഫോണിലൂടെയുള്ള ഭീഷണികളും തുടരുകയായിരുന്നു. മാതൃഭൂമിക്ക് നേരെയും പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നോവൽ ഹരീഷ് പിൻവലിച്ചത്.

നോവൽ പ്രസിദ്ധീകരിക്കുന്ന വിവരം അറിയിച്ച്‌ ഡിസിയുടെ വാർത്താ കുറിപ്പ്:

പ്രിയമുള്ളവരേ,

എസ്. ഹരീഷിന്റെ മീശ ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീൻബുക്സ്, ഇൻസൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവർ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുൻ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്സിനെ ഏൽപ്പിക്കുകയാണ് ചെയ്തത്. അതിനാൽത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിർവ്വഹിക്കുക എന്നത് ഞങ്ങളുടെ കർത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങൾ. മീശ ഇപ്പോൾ ഇറക്കാതിരിക്കുകയാണെങ്കിൽ മലയാളത്തിൽ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കൽ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാൽ മീശയുടെ പ്രസിദ്ധീകരണം ഞങ്ങൾ നിർവ്വഹിക്കുന്നു, താങ്കളുടെ സർവ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ.

സ്നേഹത്തോടെ
ഡി സി ബുക്സ് പ്രസിദ്ധീകരണ വിഭാഗം

വിവാദമാക്കപ്പെട്ട പരാമർശം

പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തിൽ പോകുന്നന്നത്? ആറു മാസം മുൻപ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു. 'പ്രാർത്ഥിക്കാൻ' ഞാൻ പറഞ്ഞു. 'അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'. ഞാൻ ചിരിച്ചു. 'അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ.'- യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണം ഇങ്ങനെയായിരുന്നു. ഇതിനെതിരെ സൈബർ ആക്രമണം ശക്തമായതോടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചിരുന്നു ഹരീഷ്.

മനപ്പൂർവ്വം ഹിന്ദുത്വത്തെ അവഹേളിക്കാൻ ഹരീഷ് ശ്രമിച്ചുവെന്നാണ് സംഘ പരിവാർ അനുകൂലികൾ ആരോപിച്ചത്. പരസ്യമായി കുരീപ്പുഴ ശ്രീകുമാറിനെ മർദ്ദിച്ച പോലെ ഹരീഷിനെയും മർദ്ദിക്കുമെന്നും എസ്. ഹരീഷിന്റെ കൈ വെട്ടണമെന്നും സംഘപരിവാർ അനുയായികൾ പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടാതെ ഹരീഷിന്റെ അമ്മയെ ഉൾപ്പടെ ഉള്ള ആളുകളെ സംഘം ചേർന്ന് സൈബർ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. എല്ലാം അതിരുവിട്ടപ്പോഴാണ് ഹരീഷ് ഫേ്‌സ് ബുക്ക് പേജ് തന്നെ പൂട്ടിയത്. അപ്പർ കുട്ടനാടിനെ തന്നെ പ്രധാന കഥാപാത്രമാക്കി ഹരീഷ് എഴുതിയ നോവലാണ് മീശ. മീശ എന്ന കഥാപാത്രമാണ് നോവലിലെ കേന്ദ്രബിന്ദു. അയാളിലൂടെയാണ് കഥാകാരൻ കഥ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP