Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് അദാനിയെ വെട്ടി ഐപിഎൽ ടീം കൊണ്ടുവന്നു; ഇന്ന് അദാനിയെ കൂട്ടു പിടിച്ച് തുറമുഖം യാഥാർത്ഥ്യമാക്കുന്നു; ആപത്തുഘട്ടത്തിൽ കൈവിട്ട ഉമ്മൻ ചാണ്ടിയെ അത്യാപത്തിൽ കാത്ത് രക്ഷിച്ചത് ശശി തരൂർ; കൈവിട്ടു പോയ വിഴിഞ്ഞം തിരിച്ചുപിടിച്ചത് തിരുവനന്തപുരം എംപിയുടെ നയതന്ത്ര നീക്കം; കരൺ അദാനി ആവർത്തിച്ചത് തരൂരിന്റെ പേരുമാത്രം

അന്ന് അദാനിയെ വെട്ടി ഐപിഎൽ ടീം കൊണ്ടുവന്നു; ഇന്ന് അദാനിയെ കൂട്ടു പിടിച്ച് തുറമുഖം യാഥാർത്ഥ്യമാക്കുന്നു; ആപത്തുഘട്ടത്തിൽ കൈവിട്ട ഉമ്മൻ ചാണ്ടിയെ അത്യാപത്തിൽ കാത്ത് രക്ഷിച്ചത് ശശി തരൂർ; കൈവിട്ടു പോയ വിഴിഞ്ഞം തിരിച്ചുപിടിച്ചത് തിരുവനന്തപുരം എംപിയുടെ നയതന്ത്ര നീക്കം; കരൺ അദാനി ആവർത്തിച്ചത് തരൂരിന്റെ പേരുമാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴഞ്ഞം യാഥാർത്ഥ്യമാക്കാൻ ഗൗതം അദാനിയെ കൊണ്ടു വന്നതിന് പിന്നിലെ യഥാർത്ഥ താരത്തെ പിടികിട്ടി. അരുവിക്കരയിൽ വിഴിഞ്ഞമുയർത്തി തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രാപ്തനാക്കിയതും ഈ വ്യക്തി തന്നെ. ഇനി കേരളാ രാഷ്ട്രീയത്തിലെ സൂപ്പർ താരമാകും ശശി തരൂർ. തിരുവനന്തപുരം എംപിയായ തരൂരിനോടുള്ള പ്രത്യേക താൽപ്പര്യം അദാനി ഗ്രൂപ്പും മറച്ചു വയ്ക്കുന്നില്ല. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് എത്തിയ ഗൗതം അദാനിയുടെ മകൻ കരൺ അദാനി നേരെ പോയത് തരൂരിന്റെ ഫ്‌ളാറ്റിൽ. അവിടെയായിരുന്നു പ്രഭാത ഭക്ഷണം. അതിന് ശേഷം മുഖ്യമന്ത്രിയെ കാണാൻ തരൂരുമൊത്ത് നിയമസഭയിലേക്ക്. അങ്ങനെ കേരളത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ മുന്നണിയിൽ നിന്ന തരൂരിന്റെ സ്വാധീന ശക്തി ഒരിക്കൽ കൂടി മലയാളി അറിഞ്ഞു.

മുഖമന്ത്രിയുമായുള്ള ചർച്ചയ്‌ക്കെത്തിയ കരൺ അദാനിയെ സ്വീകരിച്ചത് തരൂരിന്റെ സുഹൃത്തുക്കളും അനുയായികളും ചേർന്നാണ്. നേരെ പോയത് വഴുതയ്ക്കാട്ടെ തരൂരിന്റെ ഫ്ളാറ്റിൽ. അപ്പോഴെ കാര്യങ്ങളെല്ലാം തെളിഞ്ഞു. പിന്നെ മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള ചർച്ചയിലും തരൂരിനൊപ്പമാണ് കരൺ എത്തിയത്. എല്ലാം പറഞ്ഞുറപ്പിച്ച് പുറത്തുവന്നപ്പോഴും കരൺ ഉയർത്തിക്കാട്ടിയത് തരൂരിന്റെ പേര് മാത്രമാണ്. തരൂർ നൽകുന്ന പിന്തുണയെ കുറിച്ചും തുറമുഖത്തോടുള്ള തരൂരിന്റെ താൽപ്പര്യത്തെ കുറിച്ചും കരൺ വാചാലനായി. തിരുവനന്തപുരത്തുകാരുടെ പാർലമെന്റ് അംഗത്തിന്റെ ആഗ്രഹ പ്രകാരമാണ് പദ്ധി ഏറ്റെടുക്കുന്നതെന്ന് കരൺ പറഞ്ഞുവയ്ക്കുകയായിരുന്നു ഇന്ന്.

വിഴിഞ്ഞത്തെ അട്ടിമറിക്കാൻ അന്താരാഷ്ട്ര ലോബി തന്നെ രംഗത്തുണ്ടായിരുന്നു. ഇതിനൊപ്പം തമിഴ്‌നാടും. കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയായ പൊൻ രാധാകൃഷ്ണനും തമിഴ്‌നാടിന് വേണ്ടി കളച്ചലിനായി കാര്യങ്ങൾ നീക്കി. കേരളത്തിലെ രാഷ്ട്രീയ ഉടക്കുകളും അദാനിയുടെ ശ്രദ്ധയിലെത്തിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നേരിട്ട് കരുക്കൾ നീക്കി. പക്ഷേ ഇതൊന്നും അദാനിയും തരൂരൂമായുള്ള സൗഹൃദത്തിന് മുന്നിൽ വിലപ്പോയില്ല. തിരുവനന്തപുരത്തുകാരുടെ എംപിയുടെ നയതന്ത്രമികവ് എല്ലാം അനുകൂലമാക്കി. ഇനിയും വെല്ലുവിളികൾ മുന്നിലുണ്ടെന്ന് തരൂരിനെറിയാം. എന്നാൽ ചിരകാല അഭിലാഷം നടപ്പാക്കുന്നതിന് തിരുവനന്തപുരത്തുകാർ തനിക്ക് പിന്നിൽ അണിനിരക്കുമെന്ന പ്രതീക്ഷയാണ് തരൂരിന്റെ ഇനിയുള്ള കരുത്ത്. അദാനി തുറമുഖം നിർമ്മിക്കുമ്പോൾ അതിന്റെ ചുക്കാൻ തരൂരിന്റെ കൈയിലായിരിക്കും.

ഐക്യരാഷ്ട്ര സഭയിൽ അണ്ടർ സെക്രട്ടറി ജനറലായിരുന്ന ശശി തരൂരിനെ ആഗോള മലയാളിയുടെ പ്രതിനിധിയെന്ന നിലയിലാണ് കോൺഗ്രസ് അവതരിപ്പിച്ചത്. എംപിയായപ്പോൾ തന്നെ മന്ത്രിയുമാക്കി. വിദേശ കാര്യമന്ത്രാലയത്തിലെ പ്രവർത്തനത്തിനിടെ അൽഭുതമെന്ന് കരുതിയത് കേരളത്തിലെത്തിച്ച വ്യക്തിയാണ് ശശി തരൂർ. ഇന്ത്യൻ ക്രിക്കറ്റിലെ വമ്പന്മാരുടെ കരുനീക്കങ്ങൾ തരൂരിന് മുന്നിൽ നടക്കാതെ പോയപ്പോൾ കൊച്ചിൻ ടസ്‌കേഴ്‌സ് എന്ന ഐപിഎൽ ടീം യാഥാർത്ഥ്യമായി. പക്ഷേ സുനന്ദ പുഷ്‌കറെ ചൊല്ലിയുള്ള വിവാദങ്ങൾ അവിടെ തുടങ്ങി. ടീമുടമകൾ തമ്മിലടിച്ചപ്പോൾ ടസ്‌കേഴ്‌സും അപ്രസക്തമായി. എന്നാൽ കോടതിയിലെ ആർബിറ്റേഷനിലൂടെ കൊച്ചിൻ ടസ്‌കേഴ്‌സിന് സാധ്യത തെളിയുമ്പോൾ മറ്റൊരു സ്വപ്‌നം സഫലീകരിച്ച് താരമാവുകയാണ് തരൂർ.

തിരുവനന്തപുരം എംപിയെന്ന നിലയിൽ തരൂരിന് ഏറെ നിർണ്ണായകമാണ് വിഴഞ്ഞം പദ്ധതി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വികസന സ്വപ്‌നങ്ങലുടെ സഫലീകരണത്തിന് ഒടുവിൽ തരൂരിനെ കൊണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഗൗതം അദാനിയുമായി തരൂരിനെ അടുത്ത വ്യക്തി ബന്ധമുണ്ട്. ഐപിഎൽ കേരളത്തിലെത്തിക്കുമ്പോൾ അതിനെ അട്ടിമറിക്കാൻ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് അദാനി. അഹമ്മദാബാദ് കേന്ദ്രീകരിച്ച് ഐപിഎൽ ടീമിനായി അദാനിയും രംഗത്തുണ്ടായിരുന്നു. അന്ന് അദാനിയുടെ തന്ത്രങ്ങൾ ഐപിഎൽ ടീം സ്വന്തമാക്കുമെന്ന് ഏവരും കരുതി. ബിജെപിയുമായി ഏറെ അടുപ്പമുള്ള ലളിത് മോദിയായിരുന്നു അന്ന് ഐപിഎൽ ചെയർമാൻ. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തിന് അഹമ്മദാബാദിൽ ഐപിഎൽ ടീം എത്തിക്കാനാകുമെന്ന് കരുതി. സമർത്ഥമായി തരൂർ കരുക്കൾ നീക്കിയപ്പോൾ അദാനിക്ക് ലേലത്തിൽ നേട്ടമുണ്ടാക്കാനായില്ല.

ബിസിസിഐയിൽ ആവോളം സ്വാധീനമുണ്ടായിരുന്ന കേന്ദ്ര മന്ത്രി ശരത് പവാറിന്റെ പിന്തുണ തുണയാക്കി തരൂർ ഐപിൽ നേടി. പ്രഫുൽ പട്ടേലും തരൂരിന് ഒപ്പമുണ്ടായിരുന്നു. അതോടെയാണ് ലളിത് മോദിയുടെ ശത്രുപക്ഷത്ത് തരൂർ എത്തുന്നതും സുനന്ദാ പുഷ്‌കർ വിവാദങ്ങൾ ഉണ്ടാകുന്നതും. കേന്ദ്ര മന്ത്രി പദവിയും പോയി. പിന്നീട് വിവാദങ്ങളെ മറികടന്ന് കേന്ദ്ര മന്ത്രിപദത്തിൽ തിരിച്ചെത്തി. മാനവ ശേഷി വികസന സഹ മന്ത്രിയായി പ്രവർത്തിക്കുന്നതിനിടെ സുനന്ദയുടെ മരണവും അനുബന്ധ വിവാദങ്ങളും. കേന്ദ്രത്തിൽ പ്രധാനമന്ത്രിയായി മോദി എത്തിയതോടെ ശശി തരൂർ ചിലതെല്ലാം തുറന്നു പറഞ്ഞു. മോദിയെ വികസന നായകനായി അവതരിപ്പിച്ചത് കോൺഗ്രസിന് പിടിച്ചില്ല. കേരളത്തിലെ തരൂരിന്റെ രാഷ്ട്രീയ ശത്രുക്കൾക്ക് പുതിയ ആയുധം വീണു കിട്ടി. തരൂരിനെ വെട്ടാൻ മോദി സ്തുതികൾ ഉയർത്തിക്കാട്ടി. എന്തുവന്നാലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്കൊപ്പം നിൽക്കുമെന്ന് തരൂർ കരുതിയിരുന്നു. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഒരു ഘട്ടത്തിലും കൈവിടുമെന്ന് കരുതിയതുമില്ല.

എന്നാൽ കേരള രാഷ്ട്രീയത്തിൽ എല്ലാം നടക്കുമെന്ന് തരൂർ തിരിച്ചറിഞ്ഞു. കെപിസിസിയുടെ പ്രമേയത്തെ തുടർന്ന് കോൺഗ്രസ് വക്താവ് സ്ഥാനം പോയി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കോൺഗ്രസ് നേതാക്കൾ തന്നെ തള്ളിപ്പറഞ്ഞു. ഹൈക്കമാണ്ടിലെ നേതാക്കൾ മാത്രമാണ് സഹായിക്കാനുണ്ടായിരുന്നത്. അതിനിടെയിലാണ് വിഴിഞ്ഞമെത്തുന്നത്. അടുത്ത തവണ തിരുവനന്തപുരത്ത് തരൂരിനെ മത്സരിപ്പിക്കാതിരിക്കാനുള്ള കളികളാണ് കോൺഗ്രസ് പാളയത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ എംപിയായി വീണ്ടും മത്സരിക്കാൻ പറ്റുമോയെന്ന് പോലും തരൂരിന് ഉറപ്പില്ല. ഏതായാലും തന്റെ സ്വാധീനങ്ങൾ വിഴിഞ്ഞത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചു. ഗൗതം അദാനിയുമായി നേരിട്ട് ചർച്ച നടത്തി. അങ്ങനെ ഒറ്റയാൾ പോരാട്ടം നടത്തി. ഇതിന്റെ ഉപഭോക്താവ് ആവശ്യഘട്ടത്തിൽ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞ ഉമൻചാണ്ടിയായിരിക്കുമെന്ന് തരൂരിന് അറിയമായിരുന്നു. വികസന വിഷയത്തിൽ ആരേയും പാരവയ്‌ക്കേണ്ടതില്ലെന്ന തരൂരിന്റെ സമീപനം ഉമ്മൻ ചാണ്ടിക്ക് തുണയായി.

ഇതിനിടെയിൽ തന്റെ ലക്ഷ്യങ്ങൾ ഉമ്മൻ ചാണ്ടിയും നേടി. ആറന്മുള വിമാനത്താവളത്തിന് വേണ്ടി വിഴിഞ്ഞത്തെ ഉയർത്തി സമ്മർദ്ദം സൃഷ്ടിച്ചു. അപ്പോഴും അദാനി പണിങ്ങാതെ നോക്കാൻ തരൂരിന്റെ നയതന്ത്രത്തിനായി. ആറന്മുളയുടെ പിടിവാശി സാധിപ്പിച്ചെടുക്കാൻ വിഴിഞ്ഞത്തിലെ സാധ്യതകൾ ഒന്നൊന്നായി അദാനിക്ക് മുന്നിൽ നിരത്തി. അങ്ങനെ ആറന്മുളയും ചാണ്ടിക്ക് സ്വന്തമായി. വിഴിഞ്ഞത്തിന് കോൺഗ്രസ് ഹൈക്കാണ്ടും പച്ചക്കൊടി കാട്ടി. ഇതിനെല്ലാം ഇടയിൽ തരൂർ മധ്യസ്ഥനായി നിന്നുവെന്നതാണ് യാഥാർത്ഥ്യം.

ഉമ്മൻ ചാണ്ടിയോ കോൺഗ്രസ് നേതാക്കളോ ഒ്ന്നും അടുത്ത കാലത്തായി തരൂരിനെ മൈൻഡ് ചെയ്യാറില്ല. ഈ നേതാക്കളെല്ലാമായി തരൂരിനെ മാനസിക ഐക്യമില്ലായ്മയുണ്ട്. ഇതുകൊണ്ട് മാത്രമാണ് ഡൽഹിയിൽ അദാനിയും ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ചയ്ത്ത് കെവി തോമസിന്റെ വീട് തെരഞ്ഞെടുത്തത്. ചർച്ചകളുടെ ആദ്യ ഘട്ടത്തിൽ തന്റെ പേര് ഉയരേണ്ടെന്ന് തരൂർ മനസ്സിലുറപ്പിച്ചിരുന്നു. പദ്ധതി ഉറപ്പായ ശേഷം മാത്രം തന്റെ ഇടപെടലുകൾ പുറത്തുവരട്ടേ എന്നാണ് തരൂർ ആഗ്രഹിച്ചത്. അതാണ് കരൺ അദാനി ഇന്ന് വ്യക്തമാക്കിയത്.

അങ്ങനെ അദാനി കേരളത്തിലെത്തി. ഇനി ഉമ്മൻ ചാണ്ടിയുടെ പ്രധാന രാഷ്ട്രീയ ആയുധം വിഴിഞ്ഞമാകും. ചിങ്ങം ഒന്നിന് കരാർ ഒപ്പിടും. നവംബറിലെ കേരള പിറവി ദിനത്തിൽ നിർമ്മാണോദ്ഘാടനം. 4 വർഷ കാലാവധിക്ക് മുമ്പ് തന്നെ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും. അതും തരൂരിനുള്ള അദാനിയുടെ സമ്മാനമാകും. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇനിയുള്ളത് നാല് വർഷത്തിൽ താഴെ സമയമാണ്. അതായത് തിരുവനന്തപുരത്ത് വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്പ് തന്നെ തുറമുഖം യാഥാർത്ഥ്യമാക്കും. അന്ന് തിരുവനന്തപുരത്തിന്റെ വികസന നായകനായി തരൂർ മാറും. പ്രധാനമന്ത്രി മോദിയുടെ വിശ്വസ്താനായ അദാനി ഇത്തരമൊരു സഹായം തരൂരിന് ചെയ്യുമ്പോൾ സംശയങ്ങൾ ഉയരുകയും സ്വാഭാവികമാണ്.

തിരുവനന്തപുരം ലോക്‌സഭയിൽ തരൂരിന്റെ പ്രധാന ഏതിരാളി ബിജെപിയാണ്. രാജഗോപാലിനെ പതിനായിരത്തോളം വോട്ടിന് തോൽപ്പിച്ചാണ് രണ്ടാം അങ്കത്തിൽ തരൂർ ജയിച്ചത്. ഈ സാഹചര്യത്തിൽ അദാനിയുടെയും തരൂരിന്റേയും നീക്കങ്ങളെ സംശയത്തോടെ കാണണമെന്ന് കോൺഗ്രസിൽ അഭിപ്രായം സജീവമാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഴിഞ്ഞത്തെ താരമാക്കാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ ഇത്തരത്തിലൊരു വിവാദമുയരുന്നതിൽ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ വിഴിഞ്ഞത്തെ കരയ്ക്കടുപ്പിച്ച തരൂരിനെ തനിയ്‌ക്കൊപ്പം ചേർത്ത് നിർത്താനാകും ഉമ്മൻ ചാണ്ടിയുടെ ഇനിയുള്ള നീക്കം. ഇതു തന്നെയാണ് ഈ ഘട്ടത്തിൽ തരൂർ മനസ്സിലുറപ്പിച്ച ആഗ്രഹവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP