Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരാതികൾ കേട്ട ശേഷം ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പാസ്‌പോർട്ട് തിരിച്ചു നൽകി; വിവാദ മതപ്രഭാഷക ശശികല ടീച്ചർ ലണ്ടനിൽ എത്തി; ബ്രിട്ടണിലെ ആദ്യ ഹിന്ദുമത പരിഷത്ത് 31ന്‌

പരാതികൾ കേട്ട ശേഷം ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പാസ്‌പോർട്ട് തിരിച്ചു നൽകി; വിവാദ മതപ്രഭാഷക ശശികല ടീച്ചർ ലണ്ടനിൽ എത്തി; ബ്രിട്ടണിലെ ആദ്യ ഹിന്ദുമത പരിഷത്ത് 31ന്‌

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മതവിദ്വേഷം പടർത്തുന്ന പ്രസംഗം നടത്തി എന്ന പരാതിയെത്തുടർന്ന് വിസ അടിച്ച ശേഷം പാസ്‌പോർട്ട് തിരിച്ച് വിളിച്ചതിനെത്തുടർന്ന് മാറ്റി വയ്ക്കപ്പെട്ട ലണ്ടനിലെ ആദ്യ ഹിന്ദുമത പരിഷത്ത് മെയ് 31ന് നടക്കും. പരാതികൾ എല്ലാം കേട്ടശേഷം നിലവിൽ ഒരു കേസിലും കുറ്റംചുമത്തപ്പെട്ടില്ല എന്നതിനാൽ വിസയുൾപ്പെട്ട പാസ്‌പോർട്ട് തിരിച്ച് നൽകാൻ ചെന്നൈയിലെ ബ്രിട്ടീഷ് കോൺസുലേറ്റ് തീരുമാനിച്ചതോടെയാണ് ശശികല ടീച്ചർ ലണ്ടനിലെത്തിയത്. ഇന്നലെ ലണ്ടനിൽ എത്തിയ ശശികല ടീച്ചർക്ക് ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.

അതേസമയം പ്രമുഖ മതപ്രഭാഷകനായ ഡോക്ടർ ഗോപാലകൃഷ്ണനും ഉദിത് ചൈതന്യയും പങ്കെടുക്കുകയില്ല. 31 നാണ് ആദ്യ ഹിന്ദുമത പരിഷത്ത്. ശശികല ടീച്ചറെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാകുകയും ഒരു വിഭാഗം പേർ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ടീച്ചർക്കെതിരെ ചിലർ പരാതി നൽകിയതിനെത്തുടർന്നാണ് വിസ അനുവദിച്ച പാസ്‌പോർട്ട് ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിൽ പിടിച്ച് വച്ചത് വിവാദമായിരുന്നു. ഇന്നലെ ലണ്ടൻ ഹീത്രോ എയർപോർട്ടിൽ എത്തിച്ചേർന്ന ശശികല ടീച്ചർക്ക് ലണ്ടൻ ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി. എല്ലാവരും ഒന്നിച്ചു നിന്ന് പരിഷത്ത് വിജയമാക്കണമെന്ന് സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് ശശികല ടീച്ചർ അഭ്യർത്ഥിച്ചു.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ 31നു ക്രോയ്‌ടോൻ ആർച് ബിഷപ്പ് ലാൻഫ്രാങ്ക് അക്കാദമിയിലാണ് ഒന്നാമത് ഹിന്ദുമത പരിഷത്ത് നടക്കുന്നത്. വിസ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് സ്വാമി ഉദിത് ചൈതന്യ പരിഷത്തിൽ പങ്കെടുക്കാനെത്താത്തത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മറ്റൊരു ആചാര്യനെ ഉൾപെടുത്തുവാൻ സംഘാടകർ ശ്രമിക്കുന്നുണ്ട്. മെയ്‌ രണ്ടിന് നടക്കേണ്ടിയിരുന്ന പരിഷത്താണ് ശശികല ടീച്ചർക്ക് വിസ ലഭിക്കാത്തതിനെതുടർന്ന് മാറ്റിവച്ചത്. മാറ്റിവച്ച പരിഷത്താണ് 31ന് നടക്കുന്നത്. ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ മാറ്റം വരുത്തുവാൻ സാധിക്കാത്തതിനാലാണ് പരിഷത്തിൽ എത്തിച്ചേരാൻ കഴിയാത്തത്. എന്നാൽ മറ്റൊരവസരത്തിൽ തീർച്ചയായും പങ്കെടുക്കുമെന്ന് ഗോപാലകൃഷ്ണൻ സംഘാടകരെ അറിയിച്ചിട്ടുണ്ട്.

സ്വാമി ഉദിത് ചൈതന്യയുടെയും ഡാക്ടർ എൻ. ഗോപാലകൃഷ്ണന്റെയും അസാന്നിധ്യത്തിൽ ഒന്നാമത് ഹിന്ദുമത പരിഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് ശശികല ടീച്ചർ ആയിരിക്കും. ടീച്ചർക്ക് പുറമേ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ നടന്റെയും കേന്ദ്ര മന്ത്രി സഭ അംഗത്തെയും സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വ്യക്തത വരുവാൻ വ്യഴാഴ്ച വരെ കാത്തു നില്‌കേണ്ടതുകൊണ്ട് മാത്രമാണ് പേര് വിവരങ്ങൾ പുറത്തുവിടാത്തതെന്ന് സംഘാടകർ അറിയിച്ചു.

ജയപ്രഭ മേനോന്റെ മോഹിനിയാട്ടം, വിനോദ് നവധാര എന്ന അതുല്യ പ്രതിഭയുടെ നേത്രുത്വത്തിലുള്ള നിസരി ഓർക്കസ്ട്ര നയിക്കുന്ന ഭക്തി ഗാനമേള, ഡോക്ടർ ശിവകുമാറിന്റെ അവതാരങ്ങളെ കുറിച്ചുള്ള പ്രത്യേക പരിപാടി, ഡോക്ടർ മിനിയുടെ നേതൃത്വത്തിൽ ലണ്ടൻ ഹിന്ദു ഐക്യവേദി വനിതാ വിഭാഗം അവതരിപ്പിക്കുന്ന 'നവവിധ ഭക്തി', പതിവുപോലെ ഭജന, ദീപാരാധ എന്നീ വിവിധങ്ങളായ പരിപാടികൾ ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

മെയ് രണ്ടിനാണ് ആദ്യം ഹിന്ദു പരിഷത്ത് നടത്താൻ നിശ്ചയിച്ചിരുന്നത്. വിശിഷ്ടാതിഥികളായി തീരുമാനിച്ചിരുന്നത് ശശികല ടീച്ചറെയും ഡോ. ഗോപാലകൃഷ്ണനെയുമാണ്. എന്നാൽ ശശികലയും ഗോപാലകൃഷ്ണനും ബ്രിട്ടനിൽ എത്തി പ്രസംഗിക്കുന്നതിനെതിരെ ചില സംഘടനകൾ ബ്രിട്ടീഷ് എംബസ്സിക്കും ഹോം ഓഫീസിനും പരാതിനൽകുകയായിരുന്നു. ഇവർ വരുന്നത് സാമുദായിക സ്പർധ വളർത്തുമെന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്. ഇരുവർക്കും വീസ നിഷേധിച്ചുവെന്ന റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നിരുന്നു. ഇത് പ്രതിഷേധത്തിനുമിടയാക്കി. എന്നാൽ, പരിശോധനകൾ പൂർത്തിയാകുംവരെ പാസ്‌പോർട്ട് പിടിച്ചുവെയ്ക്കുക മാത്രമാണ് ഉണ്ടായത്. വീസ വീണ്ടും അനുവദിച്ചതോടെയാണ് ഹിന്ദു പരിഷത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചത്.

തുടക്കത്തിൽ ക്രോയിഡോൺ കേന്ദ്രമാക്കി മലയാളികൾക്കായി ഒരു ക്ഷേത്രം എന്ന ആശയം മുന്നോട്ടു വച്ച ഹിന്ദു ഐക്യ വേദി മാസം തോറും ഉള്ള പ്രാർത്ഥന ചടങ്ങുകൾ വഴി അതിവേഗം ഹിന്ദു കൂട്ടായ്മയുടെ മുഖമായി മാറുക ആയിരുന്നു. തുടങ്ങിയപ്പോൾ സമൂഹം ഒന്നായി പിന്തുണച്ചിരുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദി പിന്നീട് വർഗ്ഗീയ ചേരിതിരിവിന്റെ സ്വരം ഉയർത്തിയതോടെ ഹൈന്ദവ സമൂഹത്തിൽ നിന്ന് തന്നെ പ്രതിഷേധം ഏറ്റുവാങ്ങുക ആയിരുന്നു. ഇതിനിടയിൽ ആദ്യ ഹിന്ദു പരിഷത്തിൽ കേരളത്തിലെ ഹിന്ദു മത പ്രചാരക ശശികല ടീച്ചറെ മുഖ്യ അതിഥി ആക്കാനുള്ള തീരുമാനം വ്യാപക എതിർപ്പ് ക്ഷണിച്ചു വരുത്തുക ആയിരുന്നു. സോഷ്യൽ മീഡിയ അടക്കം ശക്തമായി എതിർപ്പ് ഉയർത്തിയെങ്കിലും സംഘാടകർ പ്രഖ്യാപിച്ച പരിപാടിയുമായി മുന്നോട്ടു നീങ്ങുക ആയിരുന്നു.

എന്നാൽ ശശികലയെ എത്തിക്കാനുള്ള നീക്കം സംഘാടകർ ഉപേക്ഷിക്കുന്നില്ലെന്നു വ്യക്തമാക്കിയപ്പോൾ ക്രോയിഡോൺ കേന്ദ്രീകരിച്ചു ഒരു സംഘം ആളുകൾ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ഹോം സെക്രട്ടറി തെരേസ മേ, ഹോം ഓഫീസ്, ബോർഡർ ഏജൻസി, പരിപാടി നടക്കാനിരുന്ന ക്രോയിഡോൺ ലങ്ഗ് ഫ്രാക് സ്‌കൂൾ അധികൃതർ, ലണ്ടനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകി. എന്നാൽ ഉന്നത ഇടപെടലുകളിലൂടെ ശശികല ടീച്ചറിന് അനുകൂലമായ തീരുമാനം എടുപ്പിക്കാൻ ഹിന്ദു മതപരിഷത്തിനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP