Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയുടെ സംസ്‌കാരത്തിന് ശേഷം ശശികല നേരെ പോയത് 24,000 സ്‌ക്വയർ ഫീറ്റിൽ തീർത്ത അമ്മയുടെ പോയ്‌സ് ഗാർഡനിലേക്ക്; പ്രവേശനം നിഷേധിക്കപ്പെട്ട നടരാജനും കൂട്ടിനായെത്തി; മിക്ക എംഎൽഎമാരും തോഴിയുടെ നോമിനിമാരായതിനാൽ നേതൃത്വം അനായാസം എത്തുമെന്ന് കരുതി ചിന്നമ്മ

ജയലളിതയുടെ സംസ്‌കാരത്തിന് ശേഷം ശശികല നേരെ പോയത് 24,000 സ്‌ക്വയർ ഫീറ്റിൽ തീർത്ത അമ്മയുടെ പോയ്‌സ് ഗാർഡനിലേക്ക്; പ്രവേശനം നിഷേധിക്കപ്പെട്ട നടരാജനും കൂട്ടിനായെത്തി; മിക്ക എംഎൽഎമാരും തോഴിയുടെ നോമിനിമാരായതിനാൽ നേതൃത്വം അനായാസം എത്തുമെന്ന് കരുതി ചിന്നമ്മ

കെ വി നിരഞ്ജൻ

ചെന്നൈ: ജയലളിതയുടെ നിര്യാണത്തെ തുടർന്ന് അണ്ണാ ഡിഎംകെയിൽ പിടിമുറുക്കാൻ നീക്കം സജീവമാക്കി തോഴി ശശികല. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനമാണ് ലക്ഷ്യം. ജയലളിത ഒഴിച്ചിട്ട പോയസ് ഗാർഡനിലെ വേദനിലയത്തിൽ അണ്ണാ ഡി.എം.കെ അണികളുടെ 'ചിന്നമ്മ ' ശശികല വാസം തുടങ്ങിയത് ഇതിന്റെ ഭാഗമാണ്. ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായ പോയസ് ഗാർഡനിലേക്കുള്ള ശശികലയുടെ മടക്കം പാർട്ടിയുടെ കടിഞ്ഞാൺ കൈയിലൊതുക്കുന്നതിന്റെ സൂചനയാണ്. ജയലളിതയുടെ സംസ്‌കാരശേഷം ശശികല മടങ്ങിയത് പോയസ് ഗാർഡനിലേക്കാണ്. ഇവരോടൊപ്പം ഭർത്താവ് നടരാജനും കുടുംബാംഗങ്ങളുമുണ്ട്.

24,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ബംഗ്‌ളാവുമായി പ്രവർത്തകർക്ക് വൈകാരിക അടുപ്പമുണ്ട്. പോയസ് ഗാർഡൻ സ്ട്രീറ്റിലെ വേദനിലയം വീട്ടിൽ താമസിക്കുന്നവരായിക്കും പാർട്ടിയുടെ അടുത്ത പരാമാധികാരിയെന്ന് അണ്ണാ ഡി.എം.കെക്കാർക്കിടയിൽ പ്രചാരണമുണ്ട്. ജയലളിതയുടെ ഉറ്റതോഴിയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായ ശശികലക്കാണ് അടുത്ത ജനറൽ സെക്രട്ടറിയാകാൻ യോഗ്യതയെന്നും ഒരു വിഭാഗം എംഎ‍ൽഎമാർ പ്രചാരണം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ ശശികലക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. നിലവിലെ എംഎ‍ൽഎമാരിൽ ഭൂരിഭാഗവും ശശികലയുടെ പിന്തുണയാൽ പാർട്ടി സ്ഥാനാർത്ഥികളായവരാണ്.

ഈ സാഹചര്യത്തിൽ ശശികലയുടെ അനുയായികളാണ് ഭൂരിഭാഗം എംഎ‍ൽഎമാരും. പൊലീസ് രഹസ്യാന്വേഷണ വിഭാഗവുമായും ശശികലക്ക് ബന്ധമുണ്ട്. നിലവിൽ ശശികല പാർട്ടി നിർവാഹക സമിതി അംഗമാണ്. 2011ൽ ശശികല, ഭർത്താവ് എം. നടരാജൻ എന്നിവരുൾപ്പെടെ 12 കുടുംബാംഗങ്ങളെ ജയലളിത പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ശശികലയെമാത്രം തിരിച്ചെടുത്തു. എന്നാൽ, ജയലളിതയുടെ മരണത്തോടെ ശശികലയുടെ കുടുംബാംഗങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചത്തെുകയാണ്. ജയലളിതയെ പുതപ്പിച്ചിരുന്ന ദേശീയ പതാക പൊലീസ് കൈമാറിയത് ശശികലക്കാണ്. ഈ സമയം തടിച്ചുകൂടിയ അണ്ണാ ഡി.എം.കെ അണികളിൽനിന്ന് കൈയടികൾ ഉയർന്നത് അവർ മനസ്സാ ശശികലയെ നേതാവായി അംഗീകരിച്ചതിന്റെ സൂചനയാണ്.

എന്നാൽ ജയലളിതയുടെ മരണം സിബിഐ അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. ശശികലയുടെ ഇടപെടലുകൾ മരണത്തിന് കാരണമായിട്ടുണ്ടെന്ന് കരുതുന്നവരാണ് ഏറെയും. 2011ൽ ജയലളിതയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമം നടന്നുവെന്ന ആരോപണം സജീവമായി ഉയരുന്നതുകൊണ്ടാണിത്. ഇത്തരം ആരോപണങ്ങളുടെ മുനയൊടിക്കാൻ ശശികലയ്ക്ക് കഴിയുന്നതുമില്ല. പാർട്ടിയുടെ നേതൃത്വവും അതിലൂടെ മുഖ്യമന്ത്രി പദവും ലക്ഷ്യമിടുന്ന ശശികലയ്ക്ക് ഈ ആരോപണങ്ങൾ വലിയ തിരിച്ചടിയാണ്.

അതിനിടെ വിതുമ്പിയാർത്ത തമിഴ്‌നാട് ഒരു ദിവസത്തിനുശേഷം ശാന്തമാവുകയാണ്. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ച് ശരിക്കും ഒരു തീർത്ഥാടക കേന്ദ്രത്തിന്റെ മട്ടിലേക്ക് മാറുകയാണ്. അണ്ണാഡി.എം.കെയും എംഎ‍ൽഎമാരും എംപി മാരും തല മൊട്ടയടിച്ച് തലൈവിക്കായി പ്രാർത്ഥനയിൽ കഴിയുകയുമാണ്. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലേക്ക് ജനം ഒഴുകുയാണ്. പ്രാർത്ഥനനിരതമായ മനസ്സുമായി അണ്ണാ ഡി.എം.കെ അണികൾ പ്രദേശം കൈയടക്കിക്കഴിഞ്ഞു. 'അമ്മാ വാഴ്ക' സ്തുതികളുമായി തലൈവി തിരിച്ചത്തെുമെന്ന് അവരിൽ പലരും വിളിച്ചു പറയുന്നുണ്ട്. ജയലളിതക്കായി സ്മാരകം നിർമ്മിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം അളന്ന് പ്‌ളാൻ തയാറാക്കിയിട്ടുണ്ട്.

ഭൗതിക ശരീരം നേരിട്ട് കണ്ട് അന്ത്യോപചാരം അർപ്പിക്കാൻ കഴിയാതിരുന്ന അനുയായികളാണ് മറീന ബീച്ചിൽ ഏറെയും എത്തുന്നത്. കൂട്ടമായി തല മൊട്ടയടിച്ചും മണിക്കൂറുകളോളം ഉപവസിച്ചുമാണ് മറീന വിടുന്നത്. ഇവിടെ സായുധ സേനാംഗങ്ങൾ ഉൾപ്പെടെ അഞ്ഞൂറു പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വൈകാരിക പ്രകടനം മുന്നിൽകണ്ട് അന്ത്യവിശ്രമസ്ഥലത്തിനു ചുറ്റും പൊലീസ് ബാരിക്കേഡ് തീർത്തിട്ടുണ്ട്. ജയലളിതയെ അടക്കിയ ശവപ്പെട്ടിയും സായുധ പൊലീസ് സാന്നിധ്യം അനിവാര്യമാക്കിയിട്ടുണ്ട്.

മൃതദേഹത്തോടൊപ്പം ജയ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചില വസ്തുക്കളും ഉണ്ടെന്ന പ്രചാരണവുമുണ്ട്. തമിഴ്‌നാട്ടിലെങ്ങും പാർട്ടിപ്രവർത്തകർ പ്രാർത്ഥന ചടങ്ങുകൾ സംഘടിപ്പിച്ചുവരുന്നു. വൈകാരിക പ്രകടനം മുന്നിൽകണ്ട് അന്ത്യവിശ്രമസ്ഥലത്തിനു ചുറ്റും പൊലീസ് ബാരിക്കേഡ് തീർത്തിട്ടുണ്ട്. ജയലളിതയെ അടക്കിയ ശവപ്പെട്ടിയും സായുധ പൊലീസ് സാന്നിധ്യം അനിവാര്യമാക്കിയിട്ടുണ്ട്. മൃതദേഹത്തോടൊപ്പം ജയ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചില വസ്തുക്കളും ഉണ്ടെന്ന പ്രചാരണവുമുണ്ട്. തമിഴ്‌നാട്ടിലെങ്ങും പാർട്ടിപ്രവർത്തകർ പ്രാർത്ഥന ചടങ്ങുകൾ സംഘടിപ്പിച്ചുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP