Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംടിയോടുള്ള കലിപ്പ് തീരാതെ ശശികല ടീച്ചറും കൂട്ടരും; രണ്ടാമൂഴം മഹാഭാരതമാക്കി സിനിമയെടുത്താൽ തിയേറ്റർ കാണിക്കില്ലെന്ന് ഭീഷണി; മോഹൻലാലും ഷെട്ടിയും മറുവശത്തുള്ളതിനാൽ പ്രതികരിക്കാൻ ഭയന്ന് ബിജെപി ആർഎസ്എസ് നേതൃത്വം; കംപ്‌ളീറ്റ് ആക്റ്റർ ഭീമനാകുന്ന ചിത്രത്തിന് ഷെട്ടിമുടക്കുന്ന ആയിരംകോടി വെള്ളത്തിലാകുമോ?

എംടിയോടുള്ള കലിപ്പ് തീരാതെ ശശികല ടീച്ചറും കൂട്ടരും; രണ്ടാമൂഴം മഹാഭാരതമാക്കി സിനിമയെടുത്താൽ തിയേറ്റർ കാണിക്കില്ലെന്ന് ഭീഷണി; മോഹൻലാലും ഷെട്ടിയും മറുവശത്തുള്ളതിനാൽ പ്രതികരിക്കാൻ ഭയന്ന് ബിജെപി ആർഎസ്എസ് നേതൃത്വം; കംപ്‌ളീറ്റ് ആക്റ്റർ ഭീമനാകുന്ന ചിത്രത്തിന് ഷെട്ടിമുടക്കുന്ന ആയിരംകോടി വെള്ളത്തിലാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആയിരം കോടി രൂപ മുടക്കി എംടിയുടെ രണ്ടാമൂഴം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ബി ആർ ഷെട്ടി എന്ന വ്യാവസായ പ്രമുഖൻ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാറാണ്. എന്നാൽ, ഈ ചിത്രത്തിന് എന്ത് പേരു നൽകും എന്നതിനെ കുറിച്ച് ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല. മഹാഭാരതം എന്നോ രണ്ടാമൂഴം എന്നാണോ പേരെന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടത്. മലയാളികൾ വായിച്ചു ഇഷ്ടപ്പെട്ട നോവൽ മറ്റ് ഭാഷകളിൽ കൂടി സിനിമയായി വരുമ്പോൾ എന്തും സംഭവിക്കുമെന്ന ആകാംക്ഷ എല്ലവർക്കുമുണ്ട്. ഇതിനിടെയാണ് എംടി വാസുദേവൻ നായരോട് കേരളത്തിലെ സംഘപരിവാർ സംഘടനകൾക്കുള്ള എതിർപ്പും വാർത്തകളിൽ ഇടംപിടിക്കുന്നത്.

എം ടിയുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരിൽ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ രംഗത്തെത്തിയിരുന്നു. മഹാഭാരതം എന്ന പേരിൽ രണ്ടാമൂഴം സിനിമയാക്കിയാൽ ആ സിനിമ തിയേറ്റർ കാണില്ല. ആ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് അവർ പറഞ്ഞത്. രണ്ടാമൂഴം എന്ന പേരിൽ സിനിമ ഇറക്കിയാൽമതി. എത്ര ഊഴം വേണമെങ്കിലും വന്നു കാണാം. അതല്ല മഹാഭാരതം എന്ന പേരിൽ സിനിമ ഇറക്കിയാൽ ആ സിനിമ തീയേറ്റർ കാണില്ല. മഹാഭാരത ചരിത്രത്തെ തലകീഴായി വച്ചതാണ് രണ്ടാമൂഴം വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. യഥാർത്ഥ്യത്തെ വികലമാക്കുന്ന സൃഷ്ടിക്ക് അതേ പേര് പറ്റില്ലെന്നും ശശികല ടീച്ചർ പറഞ്ഞു.

അരനാഴിക നേരം, ചെമ്മിൻ, ഓടയിൽ നിന്ന് എന്നീ നോവലുകൾ എല്ലാം സിനിമയാക്കിയത് അതേ പേരിലാണ്. അതുകൊണ്ട് രണ്ടാമൂഴവും അതേ പേരിൽ തന്നെ മതിയെന്നും അവർ പറഞ്ഞു. ബൈബിൾ സിനിമയാക്കിയത് 'ഡാവിഞ്ചികോഡ്' എന്ന പേരിലാണെന്നാണ് ശശികല പറഞ്ഞത്. ഈ കാരണം കൊണ്ട് എം ടി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന പേരിടാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

മഹാഭാരതം എന്ന പേരിൽ ഇറങ്ങുന്ന സിനിമയ്ക്ക് വേദഗ്രന്ഥമായ മഹാഭാരതത്തോട് സാമ്യമുണ്ടാകണമെന്നും ശശികല പറഞ്ഞു. രണ്ടാമൂഴമെന്ന നോവലിന് മഹാഭാരതം എന്ന പേരിടാൻ അനുവദിക്കില്ലെന്നും ശശികല പറഞ്ഞു. മഹഭാരതത്തിന്റെ ഗ്രന്ഥകർത്താവ് വ്യാസനാണ്. ഇവിടുത്തെ എഴുത്തുക്കാർക്കുള്ള അവകാശവും, ആവിഷ്‌കാര സ്വാതന്ത്ര്യവും വ്യാസനുമുണ്ട്. മഹർഷിയായി എന്നതുകൊണ്ട് അതില്ലാതാകുന്നില്ലെന്നും ശശികല പറഞ്ഞു.

സ്വന്തം കഥാപാത്രങ്ങളുടെ രൂപവും ഭാവവും നിശ്ചയിക്കാനും നിലനിർത്താനും എഴുത്തുകാരന് അവകാശമുണ്ട്. മഹാഭാരതത്തോട് യോജിച്ച് നിൽക്കാത്ത കഥക്ക് മഹാഭാരതം എന്ന് പേരിടാൻ അനുവദിക്കില്ല. നോവലിന്റെ പേര് രണ്ടാമൂഴമാണെന്നതിനാൽ ചിത്രത്തിന് രണ്ടാമൂഴം എന്ന് തന്നെ പേരിടണം. ചെമ്മീനും, അരനാഴികനേരവും, ഓടയിൽ നിന്നുമെല്ലാം സിനിമയായപ്പോൾ അതേ പേര് തന്നെയല്ലേ ഉപയോഗിച്ചത്. ബൈബിൾ സിനിമയാക്കിയപ്പോൾ ഡാവിഞ്ചികോഡ് എന്നായിരുന്നു പേര്. എന്തേ ബൈബിൾ എന്നിട്ടില്ലെന്നും ശശികല ചോദിച്ചു.

സിനിമക്ക് രണ്ടാമൂഴം എന്ന പേരാണെങ്കിൽ തങ്ങൾ എത്ര ഊഴം വേണമെങ്കിലും കാണും. പക്ഷെ മഹാഭാരതം എന്ന പേര് ഉപയോഗിക്കാനാകില്ല. എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടേയും വിസർജ്ജന പറമ്പല്ല ഹിന്ദുവിന്റെ സംസ്‌കാരം. അങ്ങിനെ ഹിന്ദുത്വത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും ശശികല കൂട്ടിച്ചേർത്തു.

രണ്ടാമൂഴം മഹാഭാരതത്തിന്റെ ജാരസന്തതിയാണെന്ന ആരോപണവുമായി നേരത്തെ ശശികലയെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ മോഹൻലാൽ സിനിമയ്ക്ക് എതിരെ നഖശിഖാന്തം എതിർപ്പുമായാണ് സംഘപരിവാർ രംഗത്തെത്തിയിരിക്കുന്നത്. കെപി ശശികലയെ അനുകൂലിക്കുന്നവരുടെ ഫേസ്‌ബുക്ക് പേജുൾപ്പെടെ അണികളെ ഇക്കാര്യത്തിൽ ബോധവത്കരിക്കാൻ മുൻപിലെത്തിയിട്ടുണ്ട്. ആയിരമല്ല, പതിനായിരം കോടി മുടക്കിയാലും രണ്ടാമൂഴം ഒരിക്കലും 'മഹാഭാരത'മാകില്ലെന്ന് ഇവർ പറയുന്നു.

1000 കോടി ചെലവിട്ട ചിത്രം എങ്ങനെ വിജയിപ്പിക്കുമെന്ന ആശങ്ക ഇപ്പോൾ തന്നെ ഇന്ത്യൻ സിനിമാ ലോകത്തിനുണ്ട് ബാഹുബലി പോലും 1400 കോടിയാണ് കലക്ട് ചെയ്തത്. ബാഹുബലിയെ പോലെ രണ്ടാമൂഴവും രണ്ട് ഭാഗമായാകും പുറത്തിറങ്ങുക. ഇതിന് രണ്ടിനും കൂടിയാണ് ആയിരം കോടി ചെലവിടുന്നത്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളുമായി ഏതാണ്ട് 1500 കോടി കളക്ഷൻ കിട്ടുമെന്നാണ് പ്രതീക്ഷ. ബാഹുബലിയിൽ ആരുമറിയാത്ത പ്രഭാസായിരുന്നു നായകൻ. രണ്ടാമൂഴത്തിലെ മോഹൻലാലിന്റെ അഭിനയ മികവിനെ കുറിച്ച് ഏവർക്കും അറിയാം. ഈ സാഹചര്യത്തിൽ ഭീമൻ ബിആർ ഷെട്ടിക്ക് നഷ്ടമുണ്ടാക്കില്ലെന്നാണ് സംവിധായകൻ ശ്രീകുമാർ നായരുടെ പ്രതീക്ഷ.

ലോക വ്യാവസായികരംഗത്ത് മികവിലൂടെയും ഗുണമേന്മയിലൂടെയും ഇന്ത്യ സൃഷ്ടിച്ച അത്ഭുതങ്ങളിലൊന്നാണ് ബി.ആർ.ഷെട്ടിയുടെ വിജയ കഥ. കഴിഞ്ഞ രണ്ടു വർഷവും ഷെട്ടി ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരിൽ ആദ്യ 50ൽ പെടുന്ന ആളാണ് ഷെട്ടി. കർണാടകയിലെ മംഗലാപുരം സ്വദേശിയായ ഭവഗുതു രഘുറാം ഷെട്ടി എന്ന ബി.ആർ.ഷെട്ടി അബുദാബി ആസ്ഥാനമായ എൻഎംസി ഹെൽത്ത് കെയറിന്റെയും യുഎഇ എക്‌സ്േചഞ്ചിന്റെയും നോൺ എക്‌സിക്യൂട്ടീവ് ചെയർമാനാണ്. നേരത്തെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു അദ്ദേഹം.

അപ്പോഴും ഇന്ത്യൻ സിനിമയിലെ മുടിചൂടാമന്നർക്ക് രണ്ടാമൂഴത്തെ പിടിച്ചിട്ടില്ല. ഷെട്ടിക്ക് കൈപൊള്ളുന്ന അവസ്ഥയുണ്ടാക്കുമെന്ന് ഇവർ പറയുന്നു. ഭീമനായി ബോളിവുഡ് സൂപ്പർതാരത്തെ ഇറക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഷെട്ടിയിൽ പലവിധത്തിൽ സമ്മർദ്ദത്തിന് ഇക്കൂട്ടർ ശ്രമിക്കുന്നുണ്ട്. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാറിനെ സംവധിയാകനാക്കുന്നിതിലും എതിരഭിപ്രായങ്ങൾ സജീവമാക്കാനാണ് നീക്കം. എംടി ആഗ്രഹിക്കുന്ന രീതിയിൽ സിനിമ പുറത്തിറങ്ങണമെങ്കിൽ വലിയ ബജറ്റ് വേണം. ഇത് മുതൽമുടക്കാൻ ഏറ്റവും യോജ്യൻ ബിആർ ഷെട്ടി തന്നെയാണ്. ആയിരം കോടി കണ്ണുമടച്ച് സിനിമയിൽ ഇറക്കാനുള്ള സാമ്പത്തിക കരുത്തുള്ള വ്യക്തിയാണ് ഷെട്ടി. എന്നാൽ ലാലിനും ശ്രീകുമാറിനുമെതിരായ ചർച്ചകൾ ഷെട്ടിയെ സ്വാധീനിച്ചാൽ ഇവർക്ക് മാറേണ്ടി വരും. എതായാലും രണ്ടാമൂഴവുമായി മുന്നോട്ട് പോകാനാണ് ഷെട്ടിയുടെ തീരുമാനം. രാജമൗലിയേയോ ശങ്കറിനേയോ പൊലൊളെ സിനിമ ഏൽപ്പിക്കണമെന്ന അഭിപ്രായവും സജീവമാണ്.

1984 ഡിസംബറിലാണ് 'രണ്ടാമൂഴം' പുസ്തകമായി ആദ്യം പുറത്തുവരുന്നത്. രണ്ടു മാസങ്ങൾക്കുശേഷം 1985 ഫെബ്രുവരിയിൽ രണ്ടാമത്തെ പതിപ്പിറക്കേണ്ടി വന്നു. വീണ്ടും രണ്ടുമാസങ്ങൾ കഴിഞ്ഞപ്പോൾ മൂന്നാം പതിപ്പും. തുടർന്ന് 2016 ഓഗസ്റ്റ് വരെ 48 പതിപ്പുകളാണ് ഈ പുസ്തകത്തിനുണ്ടായത്. കഴിഞ്ഞ 34 വർഷമായി മലയാള നോവലിലെ 'ബെസ്റ്റ്‌സെല്ലർ' ആയി 'രണ്ടാമൂഴം' നിലനിൽക്കുന്നു. വായിച്ചവരെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയും, പുതിയ വായനക്കാരെ അദ്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വ്യാസമഹാഭാരതത്തിൽ നിന്ന് പാണ്ഡവരിൽ കരുത്തനായ ഭീമസേനനെ മാത്രം അടർത്തിയെടുത്ത്, ഭീമന്റെതായ ഒരു ലോകം സൃഷ്ടിക്കുകയാണ് 'രണ്ടാമൂഴത്തി'ൽ എംടി ചെയ്തത്. വേണ്ടുവോളം കരുത്തുണ്ടായിരുന്നിട്ടും എല്ലാ കാര്യത്തിലും രണ്ടാമൂഴക്കാരനായിരുന്നു ഭീമൻ. എന്നും രണ്ടാമനായിപ്പോകേണ്ടിവരുന്ന ഭീമന്റെ വ്യഥകളാണ് എംടി അവതരിപ്പിച്ചത്.

ഭീമനെ മാത്രം അടർത്തിയെടുത്ത കൃതി സിനിമയാക്കുമ്പോഴാണ് മഹാഭാരതം എന്ന് പേരിടുന്നതിനെ ചൊല്ലി സംഘപരിവാർ ഉടക്കിയിരിക്കുന്നത്. ബിജെപിയോട് കൂറു പുലർത്തുന്ന വ്യവസായി കൂടിയായ ഷെട്ടിയാണ് നിർമ്മാതാവ് എന്നതിനാൽ കടുത്ത എതിർപ്പുയർത്താനും പരിവാർ സംഘടനകൾക്ക് സാധിക്കുന്നില്ലെന്നതാണ് മറ്റൊരു വാസ്തവം. മോഹൻലാലിനെയും കേരളത്തിലെ ബിജെപി പ്രോത്സാഹിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാലിന്റെ സാന്നിധ്യം ഉള്ളതു കൊണ്ടും സിനിമക്കെതിരെ പ്രതികരിക്കാൻ സാധിക്കാത്ത നിലയിലാണ് ബിജെപി ആർഎസ്എസ് നേതൃത്വവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP