Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശശീന്ദ്രൻ ആത്മഹത്യ ചെയ്താലും എട്ടും പത്തും വയസ്സുള്ള കുട്ടികൾ അതു ചെയ്യുമോ? ചാക്ക് രാധാകൃഷ്ണന്റെ ഉന്നത സ്വാധീനത്തിന് മുമ്പിൽ അന്വേഷണ ഏജൻസികൾക്ക് ഏഴു വർഷമായിട്ടും സത്യം കണ്ടെത്താൻ മടി; അഴിമതിക്കേസിൽ ചാക്കിനെതിരെ മൊഴി നൽകിയ കമ്പനി സെക്രട്ടറിയും മക്കളും ആത്മഹത്യ ചെയ്തുവെന്ന കേസിൽ ഏക സാക്ഷിയും മരിച്ചതോടെ വിജയിക്കുന്നത് വിഎസിന്റെ ശത്രുവും പിണറായിയുടെ മിത്രവുമായ വിവാദ വ്യവസായി

ശശീന്ദ്രൻ ആത്മഹത്യ ചെയ്താലും എട്ടും പത്തും വയസ്സുള്ള കുട്ടികൾ അതു ചെയ്യുമോ? ചാക്ക് രാധാകൃഷ്ണന്റെ ഉന്നത സ്വാധീനത്തിന് മുമ്പിൽ അന്വേഷണ ഏജൻസികൾക്ക് ഏഴു വർഷമായിട്ടും സത്യം കണ്ടെത്താൻ മടി; അഴിമതിക്കേസിൽ ചാക്കിനെതിരെ മൊഴി നൽകിയ കമ്പനി സെക്രട്ടറിയും മക്കളും ആത്മഹത്യ ചെയ്തുവെന്ന കേസിൽ ഏക സാക്ഷിയും മരിച്ചതോടെ വിജയിക്കുന്നത് വിഎസിന്റെ ശത്രുവും പിണറായിയുടെ മിത്രവുമായ വിവാദ വ്യവസായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലബാർ സിമന്റ്‌സ് അഴിമതിക്കേസിലും അതുമായി ബന്ധപ്പെട്ട് ഉണ്ടായ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും എട്ടും പത്തും വയസ്സുണ്ടായിരുന്ന രണ്ട് പിഞ്ചോമനകളുടേയും ദുരൂഹ മരണത്തിലും അന്വേഷണം നടക്കുന്നതിനിടെ ഈ സംഭവങ്ങളിലെ ഏക ദൃക്‌സാക്ഷിയായ ശശീന്ദ്രന്റെ പത്‌നി ടീനയും ഇന്ന് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതോടെ ഈ കേസിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള ചാക്ക് രാധാകൃഷ്ണൻ എന്ന വി എം രാധാകൃഷ്ണന് എതിരെ വീണ്ടും ആരോപണ ശരം ഉയരുകയാണ്.

മലബാർ സിമന്റ്‌സിൽ കമ്പനി സെക്രട്ടറിയായിരുന്ന, അവിടെ നടന്ന അഴിമതികളുടെ മുഴുവൻ കാര്യങ്ങളും അറിയാവുന്ന ആളായിരുന്നു ശശീന്ദ്രൻ. അദ്ദേഹത്തേയും രണ്ടു മക്കളേയും 2011 ജനുവരി 24ന് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇപ്പോഴിതാ ശശീന്ദ്രന്റെ ഭാര്യ ടീനയും ദുരൂഹ സാഹചര്യത്തിൽ മരിച്ചിരിക്കുന്നു. തികച്ചും ആരോഗ്യവതിയായിരുന്ന അവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകുയും ചെയ്തു. ഇതിന് പിന്നാലെ രണ്ടു വൃക്കകളും തകരാറിലായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമാണ് ആശുപത്രിയുടെ വെളിപ്പെടുത്തൽ.

ശശീന്ദ്രന്റേയും മക്കളുടേയും മരണത്തിൽ ഏക ദൃക്‌സാക്ഷി ആയിരുന്ന ടീനയെ അപായപ്പെടുത്തിയതാണെന്ന ആശങ്ക ബന്ധുക്കളും ആക്ഷൻ കൗൺസിലും ഉന്നയിച്ചുകഴിഞ്ഞു. ഇതോടെ കേരളം മറ്റൊരു വലിയ വിവാദത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വി എസ് സർക്കാരിന്റെ അവസാന കാലത്താണ് 2011 ജനുവരിയിൽ ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹ മരണം. ഇപ്പോഴിതാ അടുത്ത സിപിഎം സർക്കാർ പിണറായിയുടെ നേതൃത്വത്തിൽ അധികാരത്തിൽ ഇരിക്കുമ്പോൾ ഭർത്താവിനെ നിരന്തരം വി എം രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തിയെന്നും അതിന് താൻ ദൃക്‌സാക്ഷിയാണെന്നും എല്ലാ അന്വേഷകർക്ക് മുന്നിലും അന്നുമുതൽ ഇന്നുവരെ ആവർത്തിച്ച് മൊഴി നൽകിയിരുന്ന ടീനയും ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു.

തികഞ്ഞ ആരോഗ്യവതിയായിരുന്നു ടീന. വൃക്കകൾക്ക് കുഴപ്പമുള്ളതായി മുമ്പൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. എന്നിട്ടും അവരെ അബോധാവസ്ഥയിൽ കണ്ടെത്തുന്നു. ആശുപത്രിയിൽ മൂന്നുനാൾ ചികിത്സയിൽ കഴിയുന്നതിനിടെ രണ്ടു വൃക്കകൾക്കും തകരാർ സംഭവിക്കുകയും അതിന് പിന്നാലെ അവർക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി കോവൈ മെഡിക്കൽ സെന്റർ സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിലെല്ലാം ദുരൂഹതകൾ ശക്തമാണ്.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് 2011 ജനുവരി 24ന് നടന്ന കൂട്ട ആത്മഹത്യയെന്ന് ആരോപിക്കപ്പെട്ട സംഭവം. പാലക്കാട് കഞ്ചിക്കോട് കുരുവിക്കാട് ആണ് ശശീന്ദ്രന്റെ വീട്. അന്ന് അവിടെ ശശീന്ദ്രനേയും രണ്ടു മക്കളെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലബാർ സിമന്റ്‌സിലെ അഴിമതിക്കേസുകളിൽ മുഖ്യ തെളിവുകൾ നൽകിയതും ഇതിന്റെ വിശദാംശങ്ങൾ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കണ്ട് നേരിട്ട് നൽകിയതും ശശീന്ദ്രനായിരുന്നു.

ആ ശശീന്ദ്രനാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഈ പരാതി വി എസ് അധികാരത്തിൽ എത്തിയതിന് പിന്നാലെ തന്നെ ശശിന്ദ്രൻ നൽകിയതായിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടെ പലവട്ടം ശശീന്ദ്രനെ വീട്ടിലെത്തി രാധാകൃഷ്ണന്റെ ആൾക്കാരും രാധാകൃഷ്്ണൻ തന്നെയും ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് മൊഴികൾ. ഇതിന് പിന്നാലെ ശശീന്ദ്രൻ വിഎസിന് നൽകിയ പരാതി പിൻവലിക്കുന്നു. ഇതിന് ഒരാഴ്ച തികയുമ്പോഴായിരുന്നു ആ കൂട്ടമരണം. എന്നാൽ ഇതുകൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.

ആ പിഞ്ചു കുഞ്ഞുങ്ങളും ആത്മഹത്യ ചെയ്‌തോ?

ശശീന്ദ്രൻ മരിച്ചതിനൊപ്പം തൂങ്ങി നിന്നത് എട്ടും പത്തും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളായിരുന്നു. അവരും ആത്മഹത്യ ചെയ്‌തോ? അതോ ശശീന്ദ്രനേയും കുഞ്ഞുങ്ങളേയും ക്രൂരമായി കൊലചെയ്തതാണോ? ഈ ചോദ്യങ്ങളുയർന്നു. കേസ് പുരോഗമിക്കുന്നതിനിടെ പല ഘട്ടങ്ങളിലും അന്വേഷണം വഴിമാറി. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷിച്ച് ഇപ്പോഴും ഒരു തുമ്പുമില്ലെന്ന് പറഞ്ഞ് കൈയൊഴിയുന്ന ഘട്ടത്തിലാണ് കേസ്. എന്നാലും നീതിപീഠത്തിന്റെ ശക്തമായ ഇടപെടലിൽ ഇപ്പോഴും കേസ് ജീവനോടെ നിൽക്കുന്നു. നീതിയുടെ ഒരു തരിമ്പെങ്കിലും ബാക്കിവച്ച്.

മലബാർ സിമന്റ്സിലെ അഴിമതി വിജിലൻസും കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും കുടുംബത്തിന്റേയും ആത്മഹത്യ സിബിഐയും ആണ് അന്വേഷിക്കുന്നത്. ശശീന്ദ്രന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച സിബിഐ വി എം രാധാകൃഷ്ണന്റെ വീട്ടിൽ നിന്ന് 36 രഹസ്യരേഖകൾ പിടിച്ചെടുത്തിരുന്നു. അഴിമതിയെക്കുറിച്ച് അന്വേഷിച്ച വിജിലൻസിന് ഈ രേഖകൾ കണ്ടെത്താൻ കഴിയാതിരുന്നത് ഹൈക്കോടതിയുടെ വിമർശനത്തിനും ഇടയാക്കി. കേസന്വേഷണത്തിൽ വിജിലൻസിന്റെ നിഷ്‌ക്രിയത്വത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.

കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും മക്കളുടേയും ആത്മഹത്യയും മലബാർ സിമന്റ്സിലെ അഴിമതിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ രണ്ടു കേസുകളും സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കേസുകൾ ഒരുമിച്ച് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ഹൈക്കോടതി വിധി ഉള്ളതിനാൽ ഹർജി സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ചിന് വിട്ടു.

ഹർജി പരിഗണനയിലിരിക്കെ ഹൈക്കോടതിയിൽ നിന്ന് കേസ് രേഖകൾ കാണാതായി എന്ന വിവരമാണ് കഴിഞ്ഞ മാസം പുറത്തുവന്നത്. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന രേഖകൾ കാണാതായതിൽ ഇപ്പോൾ അന്വേഷണം നടക്കുന്നതിനിടെ ആണ് കേസിലെ ഏക ദൃക്‌സാക്ഷിയായ ശശീന്ദ്രന്റെ പത്‌നിയുടെ മരണവും അതിലെ ദുരൂഹതകളും ചർച്ചയാകുന്നതും. ഫയൽ കാണാതായതിനെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി വിജിലൻസ് രജിസ്റ്റ്രാറെയാണ് ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP