Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നരവയസ്സുകാരിയുടെ തൊണ്ടയിൽ നിന്ന് കണ്ടെടുത്തത് മീൻ മുള്ള്; ശ്വാസംമുട്ടുമായി വന്ന ആരുഷിക്കിത് പുതുജന്മം; സ്വകാര്യ ആശുപത്രികൾ കയ്യൊഴിഞ്ഞപ്പോൾ കുഞ്ഞിനെ രക്ഷിച്ച തിരുവനന്തപുരം എസ്.എ.ടി.യിലെ ഡോക്ടർമാർക്ക് നന്ദിപറഞ്ഞ് കൊല്ലം കാരംകോട്ട് ഗ്രാമം

മൂന്നരവയസ്സുകാരിയുടെ തൊണ്ടയിൽ നിന്ന് കണ്ടെടുത്തത് മീൻ മുള്ള്; ശ്വാസംമുട്ടുമായി വന്ന ആരുഷിക്കിത് പുതുജന്മം; സ്വകാര്യ ആശുപത്രികൾ കയ്യൊഴിഞ്ഞപ്പോൾ കുഞ്ഞിനെ രക്ഷിച്ച തിരുവനന്തപുരം എസ്.എ.ടി.യിലെ ഡോക്ടർമാർക്ക് നന്ദിപറഞ്ഞ് കൊല്ലം കാരംകോട്ട് ഗ്രാമം

തിരുവനന്തപുരം: കൊല്ലം കാരംകോട്ടു നിന്നാണ് ആരുഷി റീൻ എന്ന മൂന്നരവയസ്സുകാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിയിൽ എത്തിക്കുന്നത്. കൊല്ലത്തെ ഒട്ടേറെ ആശുപത്രികളിലെ ദീർഘനാൾ നീണ്ട ചികിത്സയ്ക്കു ശേഷമായിരുന്നു ഇത്. ശ്വാസംമുട്ടലും , ശ്വസിക്കുമ്പോൾ ശബ്ദം വരികയുമായിരുന്നു കുഞ്ഞിന്റെ പ്രധാന ബുദ്ധിമുട്ടുകൾ . എന്നാൽ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയ മീൻ മുള്ളായിരുന്നു ഇതിനു കാരണമെന്ന് എസ് എ ടിയിലെ പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർമാർ കണ്ടെത്തി. രണ്ടു മാസം തൊണ്ടയിൽ കുടുങ്ങിയിരുന്ന വലിയ മീന്മുള്ള് പുറത്തെടുത്ത് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഈ വിദഗ്ധസംഘം.

കഴിഞ്ഞ ജൂൺ മാസത്തിലാണ് കാരംകോട്ടു സ്വദേശികളായ റീൻ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന് അസ്വസ്ഥതകൾ തുടങ്ങുന്നത്. ശ്വാസതടസ്സമായിരുന്നു പ്രാഥമിക ലക്ഷണം. പിന്നീട് ശ്വസിക്കുമ്പോൾ ശബ്ദവും കേട്ടുതുടങ്ങി. കുഞ്ഞിന് പെട്ടെന്നുണ്ടായ മാറ്റത്തിൽ വീട്ടുകാർ ആശങ്കയിലായി. അന്നു മുതൽ ഓരോരോ ആശുപത്രികളിൽ കാണിച്ചു തുടങ്ങി. പ്രശസ്തരും അല്ലാത്തവരുമായ ഡോക്ടർമാരെക്കൊണ്ട് മാറി മാറി പരിശോധിപ്പിച്ചു . ഒട്ടേറെ മരുന്നുകൾ നല്കി. രണ്ട് മാസം കഴിഞ്ഞിട്ടും അസുഖം കണ്ടെത്താൻ കഴിഞ്ഞില്ല. തൊണ്ടയിലെ അണുബാധയാകാം പ്രശ്നമെന്ന നിഗമനത്തിലാണ് അക്കാലമത്രയും ഡോക്ടർമാർ ആരുഷിയെ ചികിത്സിച്ചത്. ക്രമേണ കുട്ടിയുടെ ശ്വാസമെടുപ്പ് ഭയപ്പെടുത്തും വിധമായതോടെ എല്ലാവരും വിഷമിച്ചു. നെഞ്ചിന്റെ ഭാഗത്ത് നീർക്കെട്ടുമുണ്ടായി. പിഞ്ചോമനയ്ക്ക് എന്ത് പറ്റിയെന്ന വേദന ബന്ധുക്കളെ എല്ലാവരേയും അലട്ടി.

കുഞ്ഞിന്റെ വിഷമാവസ്ഥയിൽ ഒരു മാറ്റവും കാണാത്തതിൽ നാട്ടുകാർക്കും വേദനയായി. രോഗം എന്താണെന്നു പോലും കണ്ടെത്താനാവാത്ത അവസ്ഥ. എങ്കിലും കുട്ടിക്ക് ലഭ്യമായ വിദഗ്ധ ചികിത്സ നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന അച്ഛൻ കുട്ടിയുടെ അവസ്ഥയിൽ മനം നൊന്ത് ജോലി ഉപേക്ഷിച്ച് നാട്ടിലെത്താൻ വരെ ആലോചിച്ചു. കൊല്ലത്തേയും തിരുവനന്തപുരത്തേയും പ്രശസ്തമായ പല സ്വകാര്യ ആശുപത്രികളെയും സമീപിച്ചു. എങ്കിലും കുട്ടിയുടെ സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ഗുരുതരമായ അവസ്ഥയിലേക്ക് അനുദിനം പോകുകയായിരുന്നു ആ കുഞ്ഞ്.

അപ്പോഴാണ് നാട്ടുകാരിൽ ചിലർ കുട്ടിയെ എസ്.എ.ടി. ആശുപത്രിയിൽ കൊണ്ടു പോകാൻ നിർദ്ദേശിച്ചത്. അങ്ങനെ ഒരുപരീക്ഷണമെന്ന നിലയിൽ ഓഗസ്റ്റ് 16-ാം തീയതി ഇവർ എസ്.എ.ടി. ആശുപത്രിയിലെത്തി. ആരുഷിയുടെ അച്ഛൻ റീൻ രാജേന്ദ്രൻ ഗൾഫിലായതിനാൽ അപ്പൂപ്പനായ സാഗരനും അമ്മയും മറ്റൊരു ബന്ധുവും കൂടിയാണ് ആരുഷിയെ ചികിത്സയ്ക്കായി എസ്.എ.ടി.യിൽ കൊണ്ടുവന്നത്. വിശദമായ പരിശോധനയിൽ കുട്ടിക്ക് ശ്വാസോഛ്വാസത്തിന് തടസമുള്ളതായി കണ്ടെത്തി. എക്സ്റേ പരിശോധനയിൽ നിന്നും ശ്വാസനാളത്തിൽ എന്തോ ആഴത്തിൽ തറച്ചിപ്പുണ്ടെന്നും മനസിലായി. അത് പുറത്തെടുക്കാനായി സങ്കീർണ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ വിലയിരുത്തി. ഇക്കാര്യം ബന്ധുക്കളോട് പറയുകയും അവർ ഡോക്ടർമാരിൽ പൂർണ വിശ്വാസം അർപ്പിക്കുകയും ചെയ്തു.

വേണ്ടത്ര തയ്യാറെടുപ്പുകളോടെ ഓഗസ്റ്റ് 17-ാം തീയതി കുട്ടിക്ക് അനസ്തീഷ്യ നൽകി ബ്രോങ്കോസ്‌കോപ്പി ചെയ്തപ്പോൾ വലിയ മീന്മുള്ളു തറച്ചിരിക്കുന്നതായി മനസിലായി. വിദഗ്ധമായ ശസ്ത്രക്രിയയിലൂടെ ഈ മീൻ മുള്ള് സസൂക്ഷ്മം നീക്കം ചെയ്യുകയും അണുബാധയുണ്ടാകാതിരിക്കാനുള്ള ചികിത്സകൾ നൽകുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. കുട്ടി ആരോഗ്യം വീണ്ടെടുക്കുകയും ശബ്ദം പഴയതു പോലെയാകുകയും ചെയ്തു. പീഡിയാട്രിക് സർജറി 3-ാമത്തെ യൂണിറ്റാണ് കുട്ടിയുടെ ചികിത്സയ്ക്ക് മേൽനോട്ടം നൽകിയത്.

മീൻ മുള്ളാണ് തങ്ങളുടെ പൊന്നോമനയെ ഇത്രയ്ക്കും അപകടാവസ്ഥയിലെത്തിച്ചതെന്ന് ബന്ധുക്കൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. സ്വന്തമായി ആഹാരം വാരിക്കഴിക്കാൻ നിർബന്ധമുള്ളവളാണ് ആരുഷി. പക്ഷെ ചെറിയ അശ്രദ്ധയാണ് എല്ലാം വരുത്തി വച്ചത്. വലിയൊരു അത്യാപത്തിൽ നിന്നും തങ്ങളുടെ പിഞ്ചോമനയെ രക്ഷിച്ച എസ്.എ.ടി.യിലെ ഡോക്ടർമാർക്ക് അമ്മയും അപ്പുപ്പനും നിറകണ്ണുകളോടെ നന്ദി പറഞ്ഞു. ധാരാളം രൂപ സ്വകാര്യ ആശുപത്രികളിൽ ചെലവാക്കിയെങ്കിലും തങ്ങളുടെ മകളെ തിരിച്ച് തന്നത് എസ്.എ.ടി. ആശുപത്രിയാണ്. പൊന്നുമോളുടെ പഴയ പോലെയുള്ള കുറുമ്പ് കാണുമ്പോൾ മനസ് നിറയുകയാണെന്നും അപ്പുപ്പൻ സാഗരൻ പറഞ്ഞു. പ്ലേ സ്‌കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് ആരുഷി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP