Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളപട്ടണം വേദി അന്വേഷിച്ച മത്സരാർഥികൾക്കു ലഭിച്ചതു വളപട്ടണത്തേക്കുള്ള വഴി; രണ്ടാം വേദിയിൽ കുട്ടികളെ എത്തിച്ചു മടങ്ങിയപ്പോൾ വഴിതെറ്റിയ നൂറുന്നിസ ടീച്ചർക്കു സഹായമായതു വ്രതമെടുത്ത അയ്യപ്പഭക്തൻ; വേദിയുടെ പേര് ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോഴും കണ്ണൂരിന്റെ ആതിഥ്യ മര്യാദയെ വാനോളം പുകഴ്‌ത്തി ഇതരദേശക്കാർ

വളപട്ടണം വേദി അന്വേഷിച്ച മത്സരാർഥികൾക്കു ലഭിച്ചതു വളപട്ടണത്തേക്കുള്ള വഴി; രണ്ടാം വേദിയിൽ കുട്ടികളെ എത്തിച്ചു മടങ്ങിയപ്പോൾ വഴിതെറ്റിയ നൂറുന്നിസ ടീച്ചർക്കു സഹായമായതു വ്രതമെടുത്ത അയ്യപ്പഭക്തൻ; വേദിയുടെ പേര് ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോഴും കണ്ണൂരിന്റെ ആതിഥ്യ മര്യാദയെ വാനോളം പുകഴ്‌ത്തി ഇതരദേശക്കാർ

രഞ്ജിത് ബാബു

കണ്ണൂർ: മലപ്പുറത്തെ നൂറുന്നീസ ടീച്ചർ വഴി തെറ്റി കുഴങ്ങി. സഹായമായെത്തിയത് ശബരിമലക്കു പോകാൻ മാലയിട്ട സ്വാമി. സ്‌കൂൾ കലോത്സവത്തിലെ രണ്ടാം വേദിയായ കലക്ട്രേറ്റ് മൈതാനിയിൽ സജ്ജീകരിച്ച ചന്ദ്രഗിരിയിലെ അറവന മുട്ടിന് കുട്ടികളെ ഒരുക്കി നിർത്തിയതിനു ശേഷം 11ാം വേദിയായ ജവഹർ ഓഡിറ്റോറിയത്തിലെ ഗസൽ ആലാപനത്തിനായിരുന്നു അവർക്ക് എത്തേണ്ടിയിരുന്നത്.

കലക്ട്രേറ്റ് മൈതാനിയിൽ നിന്നും വഴി ചോദിച്ച് നേരെ എത്തിയത് ജവഹർ സ്റ്റേഡിയത്തിലേക്ക്. അവിടേയും ഉണ്ടായിരുന്നു കലോത്സവ വേദി. എന്നാൽ ഗസൽ നടക്കുന്നത് ജവഹർ ഓഡിറ്റോറിയത്തിലാണെന്ന് മനസ്സിലാക്കിയതോടെ നേരെ സ്റ്റേഡിയത്തിൽ നിന്നും പുറത്ത് കടന്നു. വിശാലമായ റോഡും ട്രാഫിക് സർക്കിലും കണ്ട് ടീച്ചർ ആകെ ബദ്ധപ്പാടിലായി. കാര്യം തിരക്കിയപ്പോൾ വ്യക്തമായി സ്ഥലം പറഞ്ഞു കൊടുത്തെങ്കിലും ട്രാഫിക്കിൽ കുരുങ്ങി എതിർ ദിശയിൽ കടന്നപ്പോഴേക്കും ദിക്കും ദേശവും തിരിയാതായി. അവിടെ വച്ച് കണ്ട മാലയിട്ട സ്വാമിയോട് കാര്യം തിരക്കി. അയാൾ ടീച്ചറെ ഓഡിറ്റോറിയത്തിന് മുന്നിലെത്തിച്ച ശേഷമാണ് മടങ്ങിയത്. കണ്ണൂരുകാരുടെ ആതിഥ്യ മര്യാദയെക്കുറിച്ച് വാനോളം പ്രകീർത്തിച്ചാണ് ടീച്ചർ വേദിയിലേക്ക് കയറിയത്.

കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികളെ പുഴ പറ്റിച്ച കഥയിങ്ങനെ: 20 വേദികൾക്കും കേരളത്തിലെ നദികളുടെ പേരാണ് സംഘാടകർ നൽകിയിരുന്നത്. ജല
സംരക്ഷണത്തിന്റെ സന്ദേശമുൾക്കൊണ്ടായിരുന്നു ഈ പേരിടൽ. മത്സരാർത്ഥികളായെത്തിയവർ കണ്ണൂരിലെത്തിയ ഉടൻ വളപട്ടണത്തേക്ക് വഴി ചോദിച്ചു. ആറ് കിലോ മീറ്റർ സഞ്ചരിച്ചാൽ വളപട്ടണത്തെത്താമെന്ന് കണ്ണൂരുകാർ വ്യക്തമായി മറുപടി നൽകുകയും ചെയ്തു. ബസ് കയറേണ്ട സ്ഥലവും പറഞ്ഞു കൊടുത്തു. എന്നാൽ വളപട്ടണം എന്ന സ്ഥലത്തേക്കല്ല വളപട്ടണം പുഴയെ ഉദ്ദേശിച്ച് നാമകരണം ചെയ്ത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വേദിയിലേക്കായിരുന്നു അവർക്ക് എത്തേണ്ടത്. ഈ വേദിക്ക് പുറത്തു നിന്നാണ് അവർ വളപട്ടണത്തേക്ക് വഴി തേടിയത്. അതുകൊണ്ടു തന്നെ വളപട്ടണത്ത് പോയി തിരിച്ച് യഥാർത്ഥ വേദിയിലെത്താൻ ഏറെ താമസിക്കുകയും ചെയ്തു. കഷ്ടിച്ച് പരിപാടിയിൽ പങ്കെടുക്കേണ്ടിയും വന്നു. വേദികൾക്ക് പുഴകളുടെ പേര് നൽകുമ്പോൾ ഇത്തരം ഒരു അവസ്ഥ വരുമെന്ന് സംഘാടകരും കരുതിയിരുന്നില്ല.

നദികളുടെ പേര് ഇട്ടതിൽ കാസർഗോഡ് ജില്ലയിൽ നിന്നും വന്നവർക്ക് വിയോജിപ്പുമുണ്ട്. അവരുടെ പ്രധാന നദിയാണ് സുന്ദരമായ പേര് വഹിക്കുന്ന തേജസ്വിനി. അതിന് സംഘാടകർ നൽകിയത് കാര്യങ്കോട് പുഴയെന്നാണ്. തേജസ്വിനി എന്ന നദി കാര്യങ്കോടെത്തുമ്പോൾ പ്രാദേശിക ജനങ്ങൾ വിളിക്കുന്ന പേരാണ് കാര്യങ്കോട് പുഴയെന്നത്. എല്ലാ പുഴകൾക്കും അത് ഒഴുകുന്ന പ്രദേശത്ത് പ്രാദേശിക നാമങ്ങളുണ്ടാകാറുണ്ട്. അറിയപ്പെടുന്ന പേര് ഉപേക്ഷിച്ചതിൽ കാസർഗോഡു നിന്നും വന്ന കലാസ്വാദകരും അമർഷത്തിലാണ്.

പുലരുവോളം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ വേദികളിൽ നടക്കുമ്പോൾ കണ്ണൂരുകാർക്ക് ഉറക്കമേയില്ല. ആരാധയോടെ തെയ്യത്തെ കാണുന്ന കണ്ണൂരുകാർ കാവുകളാക്കിയിരിക്കയാണ് കലോത്സവ വേദികൾ. മത്സരാർത്ഥികളും അദ്ധ്യാപകരും രക്ഷാകർത്താക്കളുമൊക്കെ കസേരകളിൽ പാതിമയക്കത്തിലാകുമ്പോഴും ആതിഥേയരായ കണ്ണൂരുകാർ ഉറക്കമിളച്ച് മത്സരങ്ങൾ വീക്ഷിക്കുകയാണ്. കളിയാട്ട കാവുകളിൽ സന്ധ്യമുതൽ ആരംഭിക്കുന്ന തെയ്യക്കോലങ്ങൾ പിറ്റേന്ന് ഉച്ചവരെ ഉറഞ്ഞാടാറുണ്ട്. കതിവന്നൂർ വീരനും വയനാട്ടു കുലവനും ഭഗവതിമാരുമൊക്കെ ഉറഞ്ഞാടുമ്പോൾ ഉറക്കമിളച്ച് കാണുന്ന അതേ ശീലമാണ് കലോത്സവ വേദികളിലും. കുഞ്ഞു കുട്ടികളുൾപ്പെടെയുള്ള കണ്ണൂരുകാരുടെ കുടുംബം ഇത്രയും നേരം ഉറക്കമിളച്ച് കലോത്സവം കാണുന്നത് വേറെ ഒരു മേളയിലും കണ്ടിട്ടില്ലെന്നാണ് അന്യ ജില്ലകളിൽ നിന്ന് എത്തിയവർ സാക്ഷ്യപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP