Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പറന്നുയർന്ന് 16 മിനിറ്റുകഴിഞ്ഞപ്പോൾ 'എല്ലാം ഓകെ' എന്ന് പൈലറ്റിന്റെ സന്ദേശമെത്തി; 42 മിനിറ്റുവരെ ശക്തമായ സിഗ്നലുകൾ; എയർഫോഴ്‌സിന്റെ കാണാതായ കൊറിയർ ഫ്‌ളൈറ്റിലുണ്ടായിരുന്നത് നാലര മണിക്കൂർ വരെ പറക്കാനുള്ള ഇന്ധനം; റഡാറുകളുടെ കണ്ണിൽപ്പെടാതെ വ്യോമസേനാ വിമാനം പോയതെങ്ങോട്ട്?

പറന്നുയർന്ന് 16 മിനിറ്റുകഴിഞ്ഞപ്പോൾ 'എല്ലാം ഓകെ' എന്ന് പൈലറ്റിന്റെ സന്ദേശമെത്തി; 42 മിനിറ്റുവരെ ശക്തമായ സിഗ്നലുകൾ; എയർഫോഴ്‌സിന്റെ കാണാതായ കൊറിയർ ഫ്‌ളൈറ്റിലുണ്ടായിരുന്നത് നാലര മണിക്കൂർ വരെ പറക്കാനുള്ള ഇന്ധനം; റഡാറുകളുടെ കണ്ണിൽപ്പെടാതെ വ്യോമസേനാ വിമാനം പോയതെങ്ങോട്ട്?

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആൻഡമാനിലെ പോർട്ട് ബഌയറിലേക്ക് താംബരം എയർബേസിൽ നിന്ന് പറയുന്നയർന്ന എയർഫോഴ്‌സ് വിമാനത്തിന് എന്താണ് സംഭവിച്ചത്. ക്രൂ ഉൾപ്പെടെ 29 യാത്രക്കാരുമായി ആയിരത്തിൽപ്പരം കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള യാത്രയ്ക്കായി പുറപ്പെട്ട എയർഫോഴ്‌സിന്റെ എഎൻ-32 എന്ന റഷ്യൻ നിർമ്മിത വിമാനത്തെപ്പറ്റി, കാണാതായി 24 മണിക്കൂർ പിന്നിടുമ്പോഴും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

വിമാനത്തിന്റെ നിർദിഷ്ട യാത്രാപഥത്തിനു കീഴെ ബംഗാൾ ഉൾക്കടലിൽ വ്യോമസേനയും നാവികസേനയും വിപുലമായ തിരച്ചിൽ നടത്തുമ്പോഴും വിമാനത്തിന് എന്തുസംഭവിച്ചുവെന്ന ദുരൂഹത തുടരുന്നു. രാവിലെ 8.30നാണ് വ്യോമസേനാംഗങ്ങളും കുടുംബാംഗങ്ങളുമുൾപ്പെടെയുള്ള യാത്രക്കാരുമായി വിമാനം ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. 11.45 ഓടെ പോർട്ട് ബ്‌ളെയറിൽ എത്തേണ്ടതായിരുന്നു വിമാനം. പക്ഷേ പുറപ്പെട്ട് അരമണിക്കൂർ പിന്നിട്ട് സമയം 9.12 ആയപ്പോൾ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. 8.46 വരെ ഹൈ ഫ്രീക്വൻസിയിൽ വിമാനത്താവളവുമായി ബന്ധംപുലർത്തിയിരുന്ന വിമാനം പതിയെപ്പതിയെ രണ്ടാം നിരീക്ഷണ റഡാറിന്റെ പരിധിയിൽനിന്ന് കാണാതാകുകയായിരുന്നു.

വളരെ ദുരൂഹമാണ് വിമാനത്തിന്റെ തിരോധാനമെന്നാണ് വ്യോമസേനാ വൃത്തങ്ങൾ നൽകുന്ന സൂചന. എയർഫോഴ്‌സിന്റെ ശേഖരത്തിലെ വിശ്വാസയോഗ്യതയേറിയ വിമാനങ്ങളിലൊന്നാണ് എഎൻ-32. സഞ്ചാരപാതയിലെ മോശംകാലാവസ്ഥ മുൻകൂട്ടി മനസ്സിലാക്കാനുള്ള മികച്ച കാലാവസ്ഥാ റഡാറുൾപ്പെടെ സജീകരണങ്ങളുള്ള വിമാനം. ചുഴലിക്കാറ്റോ കനത്ത മൂടൽമഞ്ഞോ ഉണ്ടായാൽ ഗതിമാറ്റാൻ ഉടൻ പൈലറ്റിന് നിർദ്ദേശം വരും.

ചെറുതും വലുതുമായ അന്തരീക്ഷത്തിലെ മർദ്ദവ്യത്യാസത്തെപ്പറ്റിയും നേരത്തെ മുന്നറിയിപ്പുതരാൻ വിമാനത്തിൽ ക്രമീകരണമുണ്ടായിരുന്നു. കാണാതാകുമ്പോൾ 20,000 അടിക്കു മുകളിലായിരുന്നു വിമാനം. യന്ത്രത്തകരാർ മൂലമോ സമാനമായ മറ്റെന്തെങ്കിലും കാരണത്താലോ വിമാനം കുത്തനെ താഴെ കടലിലേക്ക് പതിച്ചിരിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ അധികൃതർ പരിശോധിക്കുന്നത്. പക്ഷേ, തിരച്ചിൽ ഒരുദിവസം പിന്നിട്ടിട്ടും ഇത്തരത്തിൽ വിമാനത്തിന് അപകടമുണ്ടായതായി സൂചനകളൊന്നും ലഭിക്കാതെ ദുരൂഹത തുടരുകയാണ്. അന്തരീക്ഷ മർദ്ദവ്യതിയാനം മൂലം വിമാനത്തിന് അപകടം സംഭവിച്ചുവെന്ന സംശയമാണ് വ്യോമസേനാ അധികൃതർ പങ്കുവയ്ക്കുന്നത്.

വ്യോമസേനയുടെ ഈ ടർബോ പ്രൊപ്പെല്ലർ എയർക്രാഫ്്റ്റ് ഒരു കൊറിയർ ഫ്‌ളൈറ്റ് ആണ്. 31,000 അടിവരെയാണ് പറക്കാവുന്ന പരമാവധി ഉയരം. 40,000 അടിക്കു മുകളിൽ പറക്കുന്ന സാധാരണ കമേഴ്‌സ്യൽ ജെറ്റ് വിമാനങ്ങളെക്കാൾ താഴെയായാണ് ഇവ പറക്കുക. വേഗവും കുറവായിരിക്കും. പരമാവധി വേഗം മണിക്കൂറിൽ 470 മൈൽ മാത്രം. അതിനാൽത്തന്നെ അപകടസാധ്യത മുന്നിലുണ്ടെന്ന മുന്നറിയിപ്പുകിട്ടിയാൽ അതിൽനിന്ന് മാറാൻ സമയം കൂടുതൽ ലഭിക്കും. അതിനാൽത്തന്നെ ഇത് എങ്ങനെ അപകടത്തിൽപ്പെട്ടുവെന്ന നിഗമനത്തിലെത്താനാകാതെ കുഴങ്ങുകയാണ് അധികൃതർ.

അതേസമയം, മുമ്പ് ഈ വിമാനത്തിന് ചില സാങ്കേതിക തകരാർ ഉണ്ടായിരുന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പോർട്ട് ഡോറിന്റെ ഭാഗത്ത് പ്രഷർ ലീക്ക് ഉണ്ടായിരുന്നതായി ഈ മാസം 14ന് കണ്ടെത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. അതുപോലെ ജൂലായ് ഏഴിന് പോർട്ട് വിങ്ങ് റൂട്ടിൽ ഹൈഡ്രോളിക് ലീക്കേജ് ഉണ്ടായതായും ജൂലായ് രണ്ടിന് ത്രോട്ടിൽ വാൽവിന്റെ പ്രവർത്തനത്തിൽ അപാകത കണ്ടെത്തിയതായും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു.

ഈ പ്രശ്‌നങ്ങൾ റിപ്പയർ ചെയ്തതായാണ് പറയുന്നതെങ്കിലും ഇതിലേതെങ്കിലും അപാകത തുടർന്നിരുന്നോ എന്ന സംശയവും അധികൃതർക്കുണ്ട്. പൊടുന്നനെ വിമാനത്തിനകത്ത് മർദ്ദ ചോർച്ച ഉണ്ടായാൽ അപകടത്തിന് വഴിയൊരുങ്ങാൻ സാധ്യതയുണ്ട്. കോക്പിറ്റിൽ ചെറിയതോതിൽ മർദ്ദം ലീക്കായാൽ അത് പൈലറ്റുമാരെ അബോധാവസ്ഥയിലെത്തിക്കാനും സാധ്യതയുണ്ട്. ഹൈഡ്രോളിക് പ്രഷറിലുണ്ടാകുന്ന വ്യതിയാനം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയേക്കാം. വിമാനത്തിന്റെ തിരോധാനത്തിനു വഴിവച്ചത് ഇത്തരം കാരണങ്ങളാണോ എന്നും അധികൃതർ പരിശോധിക്കുന്നു.

അതുപോലെ വ്യോമസേനയുടെ കൈവശമുള്ള റഷ്യൻ നിർമ്മിതമായ അന്റോനോവ് എഎൻ-32 വിമാനങ്ങൾ സമയബന്ധിതമായ അപ്‌ഗ്രേഡ് ചെയ്തിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. 1984 മൂതൽ ഈ ഗണത്തിൽപ്പെട്ട നൂറോളം വിമാനങ്ങളാണ് വ്യോമസേനയ്ക്ക് ലഭിച്ചത്. 1999ൽ ഒരു അപകടം ഉണ്ടായി 21 പേർ കൊല്ലപ്പെട്ടതാണ് ഈ ഗണത്തിൽപ്പെട്ട വിമാനത്തിൽ നിന്നുണ്ടായ പ്രധാന അപകടം. ഇവയുടെ അപ്ഗ്രഡേഷൻ 2016ൽ പൂർത്തിയാക്കാനും താമസിയാതെ ഇൻഡോ-റഷ്യൻ സംയുക്ത സംരഭത്തിലൂടെ നിർമ്മിക്കുന്ന ബഹുമുഖ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റായ ഐഎൽ-214 ലഭിക്കുന്ന മുറയ്ക്ക് ഇവയെ സർവീസിൽനിന്ന് നീക്കാനുമായിരുന്നു ഉദ്ദേശിച്ചിരുന്നത്. അടുത്തവർഷത്തോടെ മാത്രമെ ഇത്തരത്തിൽ നിർമ്മിക്കുന്ന ആദ്യവിമാനം വ്യോമസേനയ്ക്ക് ലഭിക്കൂ.

ചെന്നൈയിലെ താംബരം എയർബേസിൽ നിന്ന യാത്രതുടങ്ങി 280 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കുമാണ് വിമാനം കാണാതായതെന്നാണ് ഇപ്പോഴത്തെ നിഗമനം. അതിനാൽത്തന്നെ ഈ ദിശയിലാണ് വിമാനത്തിനായി തിരച്ചിൽ നടത്തുന്നത്. എന്നാൽ റഡാറുമായി ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷവും വിമാനം പറന്നിരിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നു. അതിനാൽ നിർദിഷ്ട പോർട്ബഌയറിലേക്കുള്ള വ്യോമപാതയ്ക്കുകീഴെ സമുദ്രത്തിൽ ആണ് തിരച്ചിൽ നടക്കുന്നത്.കോസ്റ്റ് ഗാർഡിന്റേയും നേവിയുടെയും 12 കപ്പലുകളാണ് വിമാനം കണ്ടെത്താനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 

23000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനം കാണാതായത്. 11 വ്യോമസേനാംഗങ്ങൾ, ആറ് ജീവനക്കാർ, എട്ട് സിവിലിയൻസ് (കുടുംബാംഗങ്ങൾ), രണ്ട് കരസേനാംഗങ്ങൾ, കോസ്റ്റ് ഗാർഡിന്റെയും നേവിയുടേയും ഓരോ അംഗങ്ങൾ എന്നിങ്ങനെ 29 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പറന്നുയർന്ന് 16 മിനിറ്റിനു ശേഷം 'എല്ലാം ഓകെ' എന്ന് കൺട്രോൾ റൂമിൽ അറിയിച്ച വിമാനത്തിന് പിന്നീട് എന്തുപറ്റിയെന്ന തിരിച്ചറിയാനാകാതെ കുഴങ്ങുകയാണ് അധികൃതർ. നാലര മണിക്കൂറോളം പറക്കാനുള്ള ഇന്ധനമുണ്ടായിരുന്ന വിമാനം എവിടെയെങ്കിലും ആപത്തിൽപ്പെട്ട് എവിടെയെങ്കിലും പറന്നിറങ്ങിയോ എന്ന സാധ്യതകളും അന്വേഷിക്കുന്നുണ്ട്. വലിയ റൺവേയിലല്ലാതെ, ചെറിയ റൺവേയിലോ റോഡിലോപോലും ഈ വിമാനം ഇറക്കാനാകുമെന്നതിനാലാണ് ഇത്തരം കാര്യങ്ങളും അന്വേഷിക്കുന്നത്. കടലിൽ തകർന്നുവെങ്കിൽ വിമാനത്തിൽ നിന്ന് ഇതിനകം സിഗ്നലുകൾ ലഭിക്കേണ്ടാതായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന എമർജൻസി ലൊക്കേറ്ററിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ പ്രത്യേക മുങ്ങിക്കപ്പൽ കടലിനടിയിലും തിരച്ചിൽ തുടരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP