Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൈബർവള്ളം വാടകയ്ക്കെടുത്തത് സെൽഫി കമ്പം മൂലം; എത്ര എടുത്തിട്ടും മതിവരാത്തതോടെ പെർഫെക്ഷന് വേണ്ടി എഴുന്നേറ്റു; ചുഴിയിൽ ബാലൻസ് തെറ്റി വീഴുമ്പോൾ പോസ്റ്റിട്ട ഫോട്ടോയ്ക്ക് ലൈക്കും കമന്റും ഇട്ട് സുഹൃത്തുക്കൾ; ഗൾഫിൽ നിന്ന് നാട്ടിലെത്തിയ കരുവാറ്റയിലെ മധുവിന്റെ മരണമറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ; സെൽഫി പ്രേമം ജീവനെടുത്ത മധുവിന് ആദരാഞ്ജലികളുമായി സുഹൃത്തുക്കളും

ഫൈബർവള്ളം വാടകയ്ക്കെടുത്തത് സെൽഫി കമ്പം മൂലം; എത്ര എടുത്തിട്ടും മതിവരാത്തതോടെ പെർഫെക്ഷന് വേണ്ടി എഴുന്നേറ്റു; ചുഴിയിൽ ബാലൻസ് തെറ്റി വീഴുമ്പോൾ പോസ്റ്റിട്ട ഫോട്ടോയ്ക്ക് ലൈക്കും കമന്റും ഇട്ട് സുഹൃത്തുക്കൾ; ഗൾഫിൽ നിന്ന് നാട്ടിലെത്തിയ കരുവാറ്റയിലെ മധുവിന്റെ മരണമറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ; സെൽഫി പ്രേമം ജീവനെടുത്ത മധുവിന് ആദരാഞ്ജലികളുമായി സുഹൃത്തുക്കളും

മറുനാടൻ ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴയിൽ ഏറെ സന്തോഷത്തോടെ സുഹൃത്തുക്കൾ മൂന്നു പേരും ചേർന്ന് വള്ളത്തിൽ ഇരുന്നു സെൽഫി എടുക്കുകയായിരുന്നു. പിന്നെ സംഭവിച്ചത് ദുരന്തവും. മൊബൈൽ ഫോണിൽ സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിഞ്ഞു യുവാവു മരിച്ചു. ഒപ്പം സഞ്ചരിച്ച രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ആയാപറമ്പ് കടവിനു പടിഞ്ഞാറായിരുന്നു അപകടം.

കരുവാറ്റ കൈപ്പള്ളി തറയിൽ ഗോപിനാഥന്റെ മകൻ മധു (32) ആണു മരിച്ചത്. സുഹൃത്തുക്കളായ രാജേഷ് ഭവനത്തിൽ ശരത്ത് (29), കൈപ്പള്ളി വടക്കതിൽ ശ്രീരാജ് (32) എന്നിവരാണു രക്ഷപ്പെട്ടത്. വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ മധു ധാരാളം ചിത്രങ്ങളും സെൽഫിയും മൊബൈൽ ഫോണിൽ എടുത്തിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അപകടത്തിനു തൊട്ടുമുൻപു മധു മൊബൈലിൽ പകർത്തിയ ചിത്രം സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മധുവിന്റെ മരണം സ്ഥിരീകരിക്കുമ്പോൾ മധുവിന്റെ അവസാന സെൽഫിക്കു സമൂഹ മാധ്യമത്തിൽ ലൈക്കും കമന്റും വന്നുകൊണ്ടേയിരിക്കുകയായിരുന്നു. ചിത്രത്തിനടിയിൽ 'ആദരാഞ്ജലികൾ' എന്ന് ഒരു സുഹൃത്ത് കമന്റ് ഇട്ടപ്പോഴാണ് ആ ചിത്രം മധുവിന്റെ അവസാനചിത്രമാണെന്നു ഫെയ്‌സ് ബുക്കിലെ സുഹൃത്തുക്കൾ ഞെട്ടലോടെ അറിഞ്ഞത്.

ഗൾഫിൽനിന്ന് അവധിക്കു നാട്ടിലെത്തിയ ശ്രീരാജ്, സുഹൃത്ത് ശരത്ത് എന്നിവർക്കൊപ്പം കരുവാറ്റയിൽനിന്നാണു ഫൈബർ വള്ളത്തിൽ യാത്ര പുറപ്പെട്ടത്. മൂന്നു മണിയോടെ ആയാപറമ്പ് കടവിനു പടിഞ്ഞാറ് കരയിൽ കയറിയ ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം. മധു ഫൊട്ടോഗ്രഫറാണ്. എഴുന്നേറ്റു നിന്നു സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിയുകയായിരുന്നെന്നാണു രക്ഷപ്പെട്ടവർ പൊലീസിനു നൽകിയ മൊഴി. വള്ളം മറിഞ്ഞു മൂന്നു പേരും വെള്ളത്തിൽ വീണെങ്കിലും ശ്രീരാജും ശരത്തും വള്ളത്തിൽ പിടിച്ചു കിടന്നു. പിന്നീട് ഇവർ നീന്തി കരയ്‌ക്കെത്തി. ഇവർ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഹരിപ്പാട്ടെ അഗ്‌നിരക്ഷാ സേനാ യൂണിറ്റും നടത്തിയ തിരച്ചിലിൽ നാലു മണിയോടെ മധുവിന്റെ മൃതദേഹമാണു കണ്ടെത്താനായത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ലളിത. സഹോദരി: മഞ്ജു.

ആറ്റിലെ ചുഴിയുള്ള ഭാഗത്തായിരുന്നു അപകടമുണ്ടയാത്. ഒരു വർഷം മുൻപ് കരുവാറ്റ കുറ്റിത്തറ സ്വദേശി ഷിജോ ഇവിടെ മുങ്ങിമരിച്ചിരുന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സെൽഫിയെടുക്കാനായിരുന്നു മധുവിന്റെ വള്ളത്തിലെ യാത്ര. ചിത്രത്തിന്റെ നിലവാരത്തിൽ തൃപ്തി തോന്നാതെ എഴുന്നേറ്റുനിന്നു സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിയുകയായിരുന്നു. ചെറുതന പാലത്തിനും ആയാപറമ്പ് കടവിനും ഇടയിൽ വള്ളം മുങ്ങിയ ഭാഗത്തുനിന്നു തന്നെയാണു മൃതദേഹം കണ്ടെത്തിയത്. മണൽവാരൽ തൊഴിലാളികളായിരുന്ന മണിക്കുട്ടൻ, ഉമ്മച്ചൻ സാബു എന്നിവരാണു മൃതദേഹം മുങ്ങിയെടുത്തത്. ഫൈബർവള്ളത്തിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര അങ്ങനെ ദുരന്തമായി.

കൊപ്പാറക്കടവിൽനിന്ന് ഫൈബർവള്ളം വാടകയ്ക്കെടുത്ത് ഉച്ചയോടെയാണ് തുഴഞ്ഞുതുടങ്ങിയത്. ഒന്നരയോടെ മധുവിന്റെ ഫേസ്‌ബുക്ക് പേജിൽ യാത്രയുടെ ചിത്രം പ്രത്യക്ഷപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പമുള്ള സെൽഫി. നല്ല ഫോട്ടോഗ്രാഫറായ മധുവിന്റെ സുന്ദരമായ ചിത്രം. ഫേസ്‌ബുക്ക് സുഹൃത്തുക്കൾ മധു എവിടെയാണെന്ന് ചോദിക്കുന്നുണ്ടായിരുന്നു. അപകടമുണ്ടാകുമ്പോൾ മധു ജീൻസാണ് ധരിച്ചിരുന്നത്. നീന്തി രക്ഷപ്പെടാൻ ഇതും തടസ്സമായിക്കാണുമെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റുള്ളവർ മൊബൈൽഫോൺ കൈയിൽ കരുതിയിരുന്നില്ല.

മധുവിന്റെ അവസാനത്തെ സെൽഫിക്ക് ചുവടെ സുഹൃത്തുക്കൾ വേദനയോടെ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നു. ലളിതയാണ് അമ്മ. സഹോദരി: മഞ്ജു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP