Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബ് തോമസിനെ ഒതുക്കാനും തലപുകയ്ക്കൽ; സുപ്രീംകോടതി വിധിയോടെ വിജിലൻസ് ഡയറക്ടറുടെ നിയമനവും ആസാധുവായോ എന്ന് മുഖ്യമന്ത്രിക്ക് സംശയം; ബെഹ്‌റയുടെ പദവിയിൽ തീരുമാനം എടുക്കാനാവാതെ വലഞ്ഞ് സർക്കാർ; ലക്ഷങ്ങൾ ഫീസു വാങ്ങുന്ന ഹരീഷ് സാൽവെയോട് വീണ്ടും നിയമോപദേശം തേടി; സെൻകുമാറിന്റെ നിയമനവും വൈകും

ജേക്കബ് തോമസിനെ ഒതുക്കാനും തലപുകയ്ക്കൽ; സുപ്രീംകോടതി വിധിയോടെ വിജിലൻസ് ഡയറക്ടറുടെ നിയമനവും ആസാധുവായോ എന്ന് മുഖ്യമന്ത്രിക്ക് സംശയം; ബെഹ്‌റയുടെ പദവിയിൽ തീരുമാനം എടുക്കാനാവാതെ വലഞ്ഞ് സർക്കാർ; ലക്ഷങ്ങൾ ഫീസു വാങ്ങുന്ന ഹരീഷ് സാൽവെയോട് വീണ്ടും നിയമോപദേശം തേടി; സെൻകുമാറിന്റെ നിയമനവും വൈകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസ് മേധാവിയായി ജേക്കബ് തോമസ് വീണ്ടും ചുമതലയേൽക്കില്ലെന്ന് ഉറപ്പാക്കാൻ സാധ്യതകൾ തേടി സംസ്ഥാന സർക്കാർ. സെൻകുമാർ കേസിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനോട് സർക്കാർ നിയമോപദേശം തേടിയത് ഇതിനാണെന്നാണ് സൂചന. സുപ്രീംകോടതിയുടെ ഉത്തരവിലൂടെ പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം റദ്ദായതായി വിലയിരുത്തലുണ്ട്. അങ്ങനെ വന്നാൽ വിജിൻസ് ഡയറക്ടറായുള്ള ജേക്കബ് തോമസിന്റെ നിയമനവും അസാധുവാകില്ലേ എന്നതാണ് സർക്കാരിന്റെ സംശയം. അവധിയിലുള്ള ജേക്കബ് തോമസ് തിരിച്ചെത്തിയാൽ വിജിലൻസ് ഡയറക്ടറുടെ കസേര നൽകാതിരിക്കാനുള്ള കള്ളക്കളിയാണ് ഈ നിയമോപദേശം കേൾക്കൽ എന്നാണ് വിലയിരുത്തൽ.

ഒരു മാസത്തെ അവധിയിൽ പോയ ജേക്കബ് തോമസ് അടുത്ത ചൊവ്വാഴ്ച വീണ്ടും ചുമതല ഏൽക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ലോക്‌നാഥ് ബെഹ്‌റയ്ക്ക് എന്ത് ചുമതല നൽകുമെന്നാണ് സർക്കാരിനെ കുഴക്കുന്നത്. ടിപി സെൻകുമാറിനെ പൊലീസ് മേധാവിയാക്കേണ്ടി വരുമെന്ന് നിയമ സെക്രട്ടറി ഉപദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കിയ സർക്കാർ ഉത്തരവ് റദ്ദായെന്ന വിലിയിരുത്തലുണ്ട്. ജൂൺ 1, 2016നായിരുന്നു പ്രസ്തുത ഉത്തരവ് ഇറങ്ങിയത്. മന്ത്രിസഭയുടെ തീരുമാന പ്രകാരമായിരുന്നു ഇത്. അങ്ങനെയെങ്കിൽ അതേ ദിവസം വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിന്റെ ഉത്തരവും അപ്രസക്തമായോ എന്നതാണ് സർക്കാര് ഉയർത്തുന്ന ചോദ്യം. അങ്ങനെ എങ്കിൽ ജേക്കബ് തോമസിനോട് നിയമപരമായ ആശയക്കുഴപ്പം തീരുന്നതു വരെ വിജിലൻസ് ഡയറക്ടറായി ചുമതല ഏൽക്കരുതെന്ന് നിർദ്ദേശിക്കും. ഇതിലൂടെ പൊലീസിൽ അഴിച്ചു പണിയും നടത്തും. അങ്ങനെ ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലൻസ് ഡയറക്ടർ സ്ഥാനവും ജേക്കബ് തോമസിന് മറ്റേതെങ്കിലും അപ്രധാന പദവിയും നൽകും.

സീനിയോറിട്ടിയും മറ്റും ഉയർത്തിയാകും ഇത്. ടി.പി.സെൻകുമാർ കഴിഞ്ഞാൽ സംസ്ഥാന പൊലീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ 1984ബാച്ചിലെ അരുൺകുമാർ സിൻഹ കേന്ദ്രഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങിയെത്തുകയാണ്. റിസർച്ച്ആൻഡ് അനാലിസിസ് വിംഗിൽ (റാ) അമേരിക്കയിലാണ് സിൻഹ ഇപ്പോൾ. സിൻഹയ്ക്ക് 2018 ഒക്ടോബർ വരെ കാലാവധിയുള്ളതിനാൽ ജൂണിൽ സെൻകുമാർ വിരമിക്കുമ്പോൾ പൊലീസ് മേധാവി സ്ഥാനത്തേക്ക് സിൻഹയെ പരിഗണിക്കാതിരിക്കാനാവില്ല. 2001 ജൂലായ് മുതൽ 'റാ'യിൽ പ്രവർത്തിക്കുകയാണ് സിൻഹ. ജേക്കബ് തോമസിനേക്കാൾ സീനിയറായ അരുൺ കുമാർ സിൻഹയെ തൽകാലം വിജിലൻസിന്റെ ചുമതല ഏൽപ്പിക്കാനും നീക്കമുണ്ട്. ബെഹ്‌റയെ ഇന്റലിജൻസ് മേധാവിയും ആക്കും. അങ്ങനെ വരുമ്പോൾ ലോക്‌നാഥ് ബെഹ്‌റയെക്കാൾ സീനിയറായ ജേക്കബ് തോമസിന് എന്ത് പദവി നൽകണമെന്നതിൽ സമ്പൂർണ്ണ ആശയക്കുഴപ്പവുമുണ്ട്. സി.പി.എം നേതാക്കൾക്കെതിരെയുള്ള വിജിലൻസ് കേസുകൾ കൂടി പരിഗണിച്ച് എന്തായാലും ജേക്കബ് തോമസിനെ ഒഴിവാക്കും.

2020മെയ് വരെ കാലാവധിയുള്ള ജേക്കബ്തോമസ്, 2021ജൂലായ് വരെ കാലാവധിയുള്ള ഋഷിരാജ്സിങ്, 2020മെയ് വരെയുള്ള എ.ഹേമചന്ദ്രൻ എന്നിവരേയും യഥാസ്ഥാനങ്ങളിൽ നിയോഗിക്കണം. ഈ സാഹചര്യത്തിൽ നിന്ന് രക്ഷ നേടാനാണ് സെൻകുമാർ കേസിലെ വിധി നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാൻ സർക്കാർ ശ്രമം നടക്കുന്നത്. ജേക്കബ് തോമസിന് അനുയയിപ്പിച്ച് മറ്റൊരു സ്ഥാനം നൽകാനും ശ്രമം ഉണ്ട്. പൊലീസ് മേധാവിയായോ വിജിലൻസ് ഡയറക്ടറായോ ജേക്കബ് തോമസിനെ നിയമിക്കുന്നതിനോട് സിപിഎമ്മിനും താൽപ്പര്യമില്ല. ജയിൽ ഡിജിപിയാക്കി ഒതുക്കണമെന്നതാണ് പലരുടേയും ആവശ്യം. എന്നാൽ സി.പി.എം തടവു പുള്ളികളെ ജേക്കബ് തോമസ് നോട്ടമിടുമെന്ന ഭയവും പാർട്ടിക്കുണ്ട്. അങ്ങനെ എല്ലാം കൊണ്ടും ജേക്കബ് തോമസ് വിഷയത്തിൽ പുലിവാല് പിടിച്ച അവസ്ഥയിലാണ് സർക്കാർ. ജേക്കബ് തോമസ് അവധി കഴിഞ്ഞ് വിജിലൻസ് ഡയറക്ടറായാൽ കൂടുതൽ പ്രതിസന്ധിയുമാകും. ഇത് മറികടക്കാനാണ് ഹരീഷ് സാൽവെയോട് നിയമോപദേശം തേടുന്നത്.

സെൻകുമാർ കേസിലെ കോടതി വിധിയിൽ ചില അവ്യക്തതകളുണ്ടെന്നും ഈ സാഹചര്യത്തിൽ വ്യക്തത വരുത്താൻ സുപ്രീംകോടതിയെ സമീപിക്കേണ്ടതുണോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടുന്നത്. പുനപരിശോധനാ ഹർജി നൽകാതെ വ്യക്തത വരുത്തണമെന്ന അപേക്ഷ നൽകുന്നതിലൂടെ സുപ്രീംകോടതിയുടെ പ്രകോപനപരമായ പരാമർശങ്ങൾ ഒഴിവാക്കാനാണ് നീക്കം. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയാൽ ബെഹ്‌റയെ എവിടെ നിയമിക്കണമെന്ന വിചിത്രമായ ചോദ്യവും സാൽവയോട് സർക്കാർ ചോദിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ സെൻകുമാറിനെ നിയമിക്കുമ്പോൾ ബെഹ്‌റയെ എന്തു ചെയ്യണമെന്നത് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഇക്കാര്യത്തിലെ നിയമോപദേശം വിചിത്രമാണെന്നാണ് വാദം. ഇതിനൊപ്പമാണ് ജേക്കബ് തോമസിന്റെ നിയമന ഉത്തരവ് അസാധുവായോ എന്ന സംശയവും ഉയർത്തുന്നത്. ഈ ചോദ്യങ്ങളിൽ ഹരീഷ് സാൽവെയുടെ ഉത്തരം കിട്ടും വരെ സെൻകുമാർ കേസിലെ സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പാക്കില്ലെന്നാണ് സൂചന.

സെൻകുമാറിന്റെ നിയമനം പരമാവധി വൈകിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നും വിലയിരുത്തലെത്തുന്നു. സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്നു തിങ്കളാഴ്ചയാണു സുപ്രീംകോടതി വിധിച്ചത്. അടുത്ത ദിവസം തന്നെ വിധിയുടെ പകർപ്പും തന്നെ ഉടൻ നിയമിക്കണമെന്ന കത്തും സെൻകുമാർ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറി. എന്നാൽ സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും ഉപദേശം കൂടി തേടാൻ സർക്കാർ തീരുമാനിച്ചു. അവരും നിയമ സെക്രട്ടറിയും വിധി നടപ്പാക്കണമെന്ന ഉപദേശമാണു സർക്കാരിനു നൽകിയത്. ഒടുവിൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സർക്കാരിനു ലഭിച്ചതായാണു സൂചന. കോടതി വിധി അനുസരിച്ചു സെൻകുമാറിനു പൊലീസ് മേധാവി സ്ഥാനം നൽകാതെ മറ്റു വഴികളില്ലെന്നാണു നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സർക്കാരിനു റിപ്പോർട്ട് നൽകിയത്.

പുനഃപരിശോധനാ ഹർജിക്കു സാധ്യതയില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. അപ്പീൽ പോയാൽ സുപ്രീം കോടതിയിൽ നിന്നു കടുത്ത വിമർശങ്ങൾ ഉണ്ടായേക്കാം. അതു സർക്കാരിനു തിരിച്ചടിയാകുമെന്നും നിയമോപദേശത്തിൽ സൂചിപ്പിച്ചു. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ ഇപ്പോൾ സെൻകുമാറിന് അനുകൂല വിധി പറഞ്ഞ ബെഞ്ച് തന്നെയാവും അതും പരിഗണിക്കുക. അതിനാൽ വിധിയിൽ മാറ്റം വരാനിടയില്ല. വിമർശന സാധ്യത കൂടുതലുമാണ്. വിധി നടപ്പാക്കണമെന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും സർക്കാരിനെ ഉപദേശിച്ചിരുന്നു. ഇതെല്ലാം എതിരായതോടെയാണ് ഹരീഷ് സാൽവെയുടെ നിയമോപദേശം തേടി കാര്യങ്ങൾ വൈകിപ്പിക്കാനുള്ള പുതിയ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP