Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്രതീക്ഷിതമായി ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി റാങ്കിൽ ഉപദേശകനാക്കിയത് സെൻകുമാർ പൊലീസ് തലപ്പത്ത് എത്തുമ്പോൾ നിയന്ത്രണം ഏൽപ്പിക്കാൻ; ഇനി കേരളാ പൊലീസിനെ നിയന്ത്രിക്കുന്നത് ഉപദേശകൻ തന്നെ; ചുമതല ഏറ്റെടുത്ത ശേഷം മാന്യമായി യാത്ര അയപ്പ് വാങ്ങി രാജിവയ്ക്കാനും സെൻകുമാർ ആലോചിക്കുന്നതായി സൂചന

അപ്രതീക്ഷിതമായി ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി റാങ്കിൽ ഉപദേശകനാക്കിയത് സെൻകുമാർ പൊലീസ് തലപ്പത്ത് എത്തുമ്പോൾ നിയന്ത്രണം ഏൽപ്പിക്കാൻ; ഇനി കേരളാ പൊലീസിനെ നിയന്ത്രിക്കുന്നത് ഉപദേശകൻ തന്നെ; ചുമതല ഏറ്റെടുത്ത ശേഷം മാന്യമായി യാത്ര അയപ്പ് വാങ്ങി രാജിവയ്ക്കാനും സെൻകുമാർ ആലോചിക്കുന്നതായി സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരംന്മ ടി.പി.സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ റിവിഷൻ ഹർജി നൽകില്ല. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കും. സെൻകുമാറിന്റെ ഔദ്യോഗിക കാലാവധി ജൂൺ 30 വരെയാണ്. അതുകൊണ്ട് തന്നെ സെൻകുമാർ കസേരയിൽ എത്തുന്നത് സർക്കാരിന് വലിയ തലവേദന സൃഷ്ടിക്കില്ല.

അതിനിടെ സെൻകുമാർ ചുമതല ഏറ്റെടുത്ത ശേഷം ഉടൻ വിരമിക്കുമെന്നും സൂചനയുണ്ട്. അഭിമാനം വീണ്ടെടുക്കാനുള്ള നിയമപോരാട്ടമാണ് നടത്തിയത്. സെൻകുമാറിന് സർക്കാരുമായി ഏറ്റുമുട്ടലിന് താൽപ്പര്യമില്ലെന്നും വിലയിരുത്തലുകളുണ്ട്. അതുകൊണ്ട് തന്നെ സെൻകുമാർ പൊലീസ് ആസ്ഥാനത്ത് എത്തി ചുമതലയേറ്റ ശേഷം രാജിവയ്ക്കുമെന്ന അഭ്യൂഹവും ഏറെയാണ്. എന്നാൽ രാജിവച്ചില്ലെങ്കിലും സർക്കാർ തീരുമാനങ്ങൾ പൊലീസിൽ നടപ്പാക്കാനുള്ള സംവിധാനം പിണറായി സർക്കാർ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. മുൻ ഡി.ജി.പി. രമൺ ശ്രീവാസ്തവയെ പൊലീസ് കാര്യങ്ങളിൽ ഉപദേശകനാക്കാൻ ഇടതുസർക്കാർ തീരുമാനിച്ചത് സെൻകുമാർ കേസിലെ വിധി മുൻകൂട്ടി കണ്ടിട്ടായിരുന്നു. വാദത്തിനിടയിലെ കോടതിയുടെ പരാമർശങ്ങൾ സെൻകുമാറിനനുകൂലമായ വിധിയുണ്ടായേക്കുമെന്ന സൂചന നൽകിയിരുന്നു. അങ്ങനെയാണ് രമൺശ്രീവാസ്തവയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ. നിലവിൽ, ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കഴിഞ്ഞാൽ തൊട്ടടുത്ത അധികാരകേന്ദ്രം പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള സുബ്രതോ ബിശ്വാസാണ് ആ സ്ഥാനത്ത്. ഡി.ജി.പിക്കും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. ഈ രണ്ട് പദവിക്കും താഴെയാണ് പൊലീസ് മേധാവി വരിക. ഇവിടെ ശ്രീവാസ്ത ചീഫ് സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി കഴിഞ്ഞാൽ പൊലീസിലെ ഏറ്റവും വലിയ അധികാരകേന്ദ്രം ഇനി ശ്രീവാസ്തവയായിരിക്കും. ശ്രീവാസ്തവയുടെ നിർദ്ദേശങ്ങളെ സെൻകുമാറിന് അവഗണിക്കാൻ കഴിയില്ല. സെൻകുമാറിന് ശേഷം പൊലീസ് മേധാവിയാകുന്ന വ്യക്തിക്കും ശ്രീവാവസ്തവയെ അനുസരിക്കേണ്ടി വരും.

അഞ്ചു വർഷം കാലാവധിയുള്ള കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമിക്കാൻ സെൻകുമാറിനെ സിലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഈ പട്ടിക വിപുലീകരിച്ചു ഗവർണർക്കു കൈമാറാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അതിലേക്കു തിരഞ്ഞെടുക്കപ്പെട്ടാൽ സെൻകുമാർ ഒരുപക്ഷേ സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഉപേക്ഷിക്കാനും ഇടയുണ്ട്. സെൻകുമാറിന്റെ നിയമനത്തിനൊപ്പം ഇപ്പോഴത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയെ വിജിലൻസ് ഡയറക്ടറായി മാറ്റിനിയമിക്കും. ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പോയ സാഹചര്യത്തിൽ ബെഹ്‌റ വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതല വഹിക്കുന്നുണ്ട്. ഇതു പൂർണചുമതലയാക്കി മാറ്റും. സെൻകുമാർ വിരമിക്കുമ്പോൾ പൊലീസ് തലപ്പത്തു സർക്കാർ സമഗ്ര അഴിച്ചുപണിയാണ് ഉദ്ദേശിക്കുന്നത്.

അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിനും നിയമനം നൽകേണ്ടിവരും. അദ്ദേഹം സർവീസിലേക്കു മടങ്ങിവരുമോയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി കഴിഞ്ഞദിവസം വിളിച്ച പൊലീസ് ഉന്നതതലയോഗത്തിൽ രണ്ടാം സ്ഥാനക്കാരനായി ശ്രീവാസ്തവയാണുണ്ടായിരുന്നത്. തിരുവനന്തപുരത്തെ യോഗത്തിനുശേഷം തിങ്കളാഴ്ച കണ്ണൂരിൽ നടന്ന ഉത്തരമേഖലാ പൊലീസ് ഓഫീസർമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ശ്രീവാസ്തവ കേരളത്തിൽ ഡി.ജി.പി.യായി പ്രവർത്തിച്ചിരുന്നപ്പോൾ കീഴിൽ പ്രവർത്തിച്ചവരാണ് സെൻകുമാറും ബെഹ്റയുമടക്കമുള്ള ഉദ്യോഗസ്ഥർ. സെൻകുമാർ കേസിൽ കോടതിവിധിയിലെ ചില പരാമർശങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ അതു മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും എതിരെയാണ്. വിധി അന്തസ്സായി നടപ്പാക്കുക എന്ന അഭിപ്രായത്തിനാണ് ഇപ്പോൾ മേൽക്കൈ. അഭിമാനക്ഷതം സഹിക്കുക. അതുകൊണ്ട് കൂടിയാണ് സെൻകുമാറിനെ നിയമിക്കുന്നത്.

പദവി തെറിപ്പിച്ചു വൈകാതെ മുഖ്യമന്ത്രി അവകാശപ്പെട്ടത് ഡിജിപി മാറിയതിന്റെ ഗുണം കേസുകളിൽ കാണാനുണ്ട് എന്നായിരുന്നു. ഫെബ്രുവരിയിൽ സംസ്ഥാനത്തെ ഡിജിപി എന്ന നിലയിൽ അല്ല അദ്ദേഹം പ്രവർത്തിക്കുന്നതെന്നു സഭയിൽ ആരോപിച്ചു. ബിജെപിയുടെ താവളം ലാക്കാക്കുന്നു എന്നു പറഞ്ഞുവച്ചു. പൊലീസ് അതിക്രമങ്ങൾ പിന്നീടൊരു ഘട്ടത്തിൽ സഭയിൽ ഉയർന്നപ്പോഴും സെൻകുമാറിന്റെ മാറ്റം മുഖ്യമന്ത്രി ന്യായീകരിച്ചു. ഡിജിപി സ്ഥാനത്തിരിക്കാൻ പറ്റാത്തയാളാണെന്നു ചെയ്തികളിലൂടെ അദ്ദേഹം തെളിയിച്ചുവെന്നു പരിഹസിച്ചു. ഇതെല്ലാം സുപ്രീംകോടതി വിധിയോടെ പിണറായി വിജയനെ തിരിഞ്ഞു കുത്തുന്ന ആരോപണങ്ങളായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP