Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്രയും വേഗം നിയമിക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി; തീരുമാനം പരമാവധി വൈകിപ്പിച്ച് സർക്കാർ; നിയമോപദേശം തേടി നിയമനം വൈകിപ്പിക്കാൻ നീക്കം സജീവം

എത്രയും വേഗം നിയമിക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി; തീരുമാനം പരമാവധി വൈകിപ്പിച്ച് സർക്കാർ; നിയമോപദേശം തേടി നിയമനം വൈകിപ്പിക്കാൻ നീക്കം സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യ വിവാരവകാശ കമ്മീഷണർ ഉൾപ്പെടെയുള്ള സർക്കാർ വാഗ്ദാനങ്ങൾ ടിപി സെൻകുമാർ സ്വീകരിക്കില്ലെന്ന് സൂചന. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് തന്നെ എത്രയും വേഗം പൊലീസ് മേധാവിയാക്കണമന്ന് കാട്ടി ചീഫ് സെക്രട്ടറിക്ക് സെൻകുമാർ കത്ത് നൽകി. സുപ്രീംകോടതി വിധി നടപ്പാക്കിയാൽ മാത്രം മതിയെന്നും മറ്റ് ഒത്തുർപ്പിനില്ലെന്നും സെൻകുമാർ പ്രഖ്യാപിക്കുകയാണ് ഇതിലൂടെ. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നിർണ്ണായകമാകും. സെൻകുമാറിന്റെ നിയമനം പരമാവധി നീട്ടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആലോചന. നിയമോപദേശം തേടുന്നുവെന്ന ന്യായീകരണം ഉയർത്തിയാകും ഇത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെ സംസ്ഥാന പൊലീസ് മേധാവിയായി ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സെൻകുമാർ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കത്തു നൽകിയത്. എന്നാൽ വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇന്നലെ ഉച്ചയോടെയാണു സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പു സഹിതം കത്തു നൽകിയത്. കോടതി വിധി കൈയിൽ കിട്ടിയില്ലെന്ന ന്യായം പറയൽ ഒഴിവാക്കാനാണ് ഇത്. വിധി പകർപ്പു സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്താണു കൈമാറിയത്.

തന്നെ എത്രയും പെട്ടെന്നു സംസ്ഥാന പൊലീസ് മേധാവി ആയി നിയമിക്കണമെന്ന ഒറ്റ വരി കത്താണ് അദ്ദേഹം നൽകിയത്. മറുപടിയൊന്നും സർക്കാർ നൽകിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമപരമായ നടപടികൾ പരിശോധിക്കാൻ ഡൽഹിയിലെ സർക്കാർ അഭിഭാഷകരോടു നിർദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജൻ പറഞ്ഞു. എന്നാൽ വിധി നടപ്പാക്കുമോ അതോ റിവിഷൻ ഹർജി നൽകുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകിയില്ല. അഭിഭാഷകർ അതു പരിശോധിച്ചശേഷം ഉചിതമായ നടപടിയെടുക്കുമെന്നാണ് അദ്ദേഹം ആവർത്തിച്ചത്. റിവിഷൻ ഹർജി നൽകി തീരുമാനം പരമാവധി വൈകിപ്പിക്കുകയെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളത്. ഇത് മനസ്സിലാക്കിയാണ് സെൻകുാർ കത്ത് ന്ൽകിയത്.

ജൂൺ 30 വരെ മാത്രമേ സെൻകുമാറിനു കാലാവധിയുള്ളു. അതിനു ശേഷം ഇഷ്ടമുള്ള ഡിജിപിയെ ഈ പദവയിൽ സർക്കാരിനു നിയമിക്കാം. അതുകൊണ്ട് തന്നെ സെൻകുമാറിന്റെ നിയമനം പരമാവധി വൈകിപ്പിക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് റിവൻഷൻ ഹർജി നൽകുന്നതും. എന്നാൽ റിവിഷൻ ഹർജി നൽകി വീണ്ടും കേസ് സുപ്രീംകോടതിയിൽ എത്തിച്ചാൽ ആ വിധിയും എതിരായാൽ കൂടുതൽ നാണക്കേടാകുമെന്നു സർക്കാരിന് ഉപദേശം ലഭിച്ചിട്ടുണ്ട്. വിധി നടപ്പാക്കണമെന്നാണു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും ഉപദേശം നൽകിയതെന്നറിയുന്നു.

അതിനിടെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഡൽഹിക്കു പോയി. ഇന്റലിജൻസ് ബ്യൂറോയുടെ യോഗത്തിൽ പങ്കെടുക്കാനെന്നാണു വിശദീകരണം. അതേസമയം കേന്ദ്ര ഡപ്യൂട്ടഷനു ശ്രമിക്കുന്നതിന്റെ ഭാഗമായാണു പോയതെന്ന സൂചനയും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP