Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതി ലഭിച്ചതോടെ വാശി അവസാനിച്ച സെൻകുമാർ ചുമതല ഏറ്റ ശേഷം രാജിവച്ചു മടങ്ങുമോ? അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ നിയമനത്തിന് അനുമതി നൽകിയതോടെ സെൻകുമാർ ശാന്തനാകുമെന്ന് കരുതി സർക്കാർ; തുടരാൻ തീരുമാനിച്ചാൽ മുകളിൽ ശ്രീവാസ്തവയും താഴെ തച്ചങ്കരിയുമായി പൊലീസിൽ നിഴൽ യുദ്ധത്തിന്റെ നാളുകൾ

നീതി ലഭിച്ചതോടെ വാശി അവസാനിച്ച സെൻകുമാർ ചുമതല ഏറ്റ ശേഷം രാജിവച്ചു മടങ്ങുമോ? അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ നിയമനത്തിന് അനുമതി നൽകിയതോടെ സെൻകുമാർ ശാന്തനാകുമെന്ന് കരുതി സർക്കാർ; തുടരാൻ തീരുമാനിച്ചാൽ മുകളിൽ ശ്രീവാസ്തവയും താഴെ തച്ചങ്കരിയുമായി പൊലീസിൽ നിഴൽ യുദ്ധത്തിന്റെ നാളുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാർ ആഗ്രഹിച്ചത് അൽഭുതമായിരുന്നു. എന്നാൽ ലഭിച്ചത് പ്രതീക്ഷിച്ച തിരിച്ചടിയും. അതുകൊണ്ട് തന്നെ പൊലീസ് ആസ്ഥാനത്ത് ഡിജിപിയായി സെൻകുമാർ എത്തുന്നത് മുൻകൂട്ടി കണ്ട് ചില മുന്നൊരുക്കങ്ങൾ സർക്കാർ തന്നെ നടത്തിയിരുന്നു. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിൻ തച്ചങ്കരി നിയമിച്ചതും പൊലീസിന് ഉപദേഷ്ടാവായി ബിഎസ് എഫ് ഡയറക്ടർ ജനറലായിരുന്ന രമൺശ്രീവാസ്തവയെ നിയമിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഇതിനൊപ്പമാണ് സെൻകുമാറിനെ സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ച് ഗവർണർക്ക് കൈമാറിയതും. ഇതിലും സെൻകുമാറിനെ ശാന്തനാക്കാനുള്ള നീക്കമാണ് നടത്തിയത്. ഇത് ഫലിക്കുമെന്ന പ്രതീക്ഷയിലാണ് പിണറായി സർക്കാരിന്റെ മുന്നോട്ട് പോക്ക്.

വാശിയുടെ പേരിലാണ് സർക്കാരിനെതിരെ സെൻകുമാർ നിയമപോരാട്ടിന് പോയത്. ഇതിന്റെ വിജയമാണ് സുപ്രീംകോടതിയിൽ നിന്നുള്ള ഉത്തരവുകൾ വ്യക്തമാക്കുന്നത്. തന്നെ നിയമിക്കാൻ മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്ന സെൻകുമാറിന്റെ നിലപാടും കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെ ഇനിയും കാത്തിരിക്കാൻ തയ്യാറാണെന്നായിരുന്നു സെൻകുമാറിന്റെ പ്രതികരണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡിജിപിയാക്കിയാലും സെൻകുമാർ ഉടൻ രാജിവയ്ക്കുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്. അങ്ങനെ വന്നാൽ ലോക്‌നാഥ് ബെഹ്‌റയുടെ പുതിയ നിയമനത്തിലും പ്രതിസന്ധിയുണ്ടാകില്ല. തൽകാലം ബെഹ്‌റയ്ക്ക് വിജിലൻസിന്റെ ചുമതല നൽകും. ജേക്കബ് തോമസ് അവധി നീട്ടിയതു കൊണ്ട് തന്നെ ഈ മാസത്തേക്ക് ബെഹ്‌റയ്ക്ക് മറ്റൊരു തസ്തിക നോക്കേണ്ടിയും വരില്ല. ഇനി സെൻകുമാർ രാജിവയ്ക്കാതെ തുടർന്നാലും പ്രശ്‌നക്കാരനായി അധിക നാൾ അദ്ദേഹം പൊലീസ് ആസ്ഥാനത്തുണ്ടാകില്ലെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഇതിന് വേണ്ടിയാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമിക്കാനുള്ള ശുപാർശയിലെ ഫയൽ നീക്കം.

ജൂൺ 30നാണ് സെൻകുമാറിന്റെ വിരമിക്കൽ കാലാവധി. അതുകൊണ്ട് തന്നെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമനം കിട്ടിയാൽ പൊലീസ് മേധാവി സ്ഥാനം സെൻകുമാർ ഒഴിയുമെന്നാണ് വിലയിരുത്തൽ. ആറു വർഷത്തേക്കാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗത്തിന്റെ കാലാവധി. ഇതിന് ഹൈക്കോടതി ജഡ്ജിയുടെ പദവിയും ആനുകൂല്യവും ഉണ്ട്. അതുകൊണ്ട് തന്നെ ഡിജിപിയേക്കാൾ കൂടുതൽ മെച്ചപ്പെട്ട പദവിയിലേക്ക് സെൻകുമാർ മാറുക സ്വാഭാവികമാണ്. സംസ്ഥാന സർക്കാർ നൽകിയ ശുപാർ ഗവർണ്ണറുടെ പരിഗണനയിലാണ്. ഇത് പ്രധാനമന്ത്രി അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവിറക്കണം. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ പൊലീസ് ആസ്ഥാനത്ത് അധികാരമേറ്റാലും അധിക നാൾ സെൻകുമാർ തലവേദനയുണ്ടാകാൻ അവിടെയുണ്ടാകില്ല. സുപ്രീംകോടതിയുടെ പരമാർശങ്ങൾ എതിരാകുമെന്ന വ്യക്തമായ നിയമോപദേശങ്ങളുടെ പിൻബലത്തിലായിരുന്നു ഈ നീക്കമെല്ലാം നടത്തിയത്.

ഇനി ഈ കണക്കൂ കൂട്ടലെല്ലാം തെറ്റിയാൽ സെൻകുമാർ ജൂൺ 30വരെ പൊലീസ് മേധാവിയായി തുടരും. ഈ സാഹചര്യം മനസ്സിലാക്കിയാണ് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയോഗിച്ചത്. സെൻകുമാറുമായി ബദ്ധവൈര്യമുള്ള വ്യക്തിയാണ് തച്ചങ്കരി. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവും ഉണ്ട്. ഇടതു പക്ഷവുമായി അടുത്ത നിൽക്കുന്ന തച്ചങ്കരിയിലൂടെ പൊലീസ് ആസ്ഥാനത്തെ നിയന്ത്രണത്തിൽ കൊണ്ടു വരാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി രമൺ ശ്രീവസ്തവ നിലവിലുണ്ട്. രമൺ ശ്രീവാസ്തവയുടെ നിർദ്ദേശങ്ങൾ തച്ചങ്കരിയിലൂടെ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സെൻകുമാർ പൊലീസ് ആസ്ഥാനത്തുണ്ടെങ്കിലും സമാന്തര അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. രണ്ട് മാസം സെൻകുമാർ അധികാരമൊഴിഞ്ഞ ശേഷം ഇതിന് മാറ്റം വരുത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.

രമൺശ്രീവാസ്തവയുടെ അഭിപ്രായം മാനിച്ചാണ് പൊലീസ് ആസ്ഥാനത്തെ സമ്പൂർണ്ണ അഴിച്ചു പണി സർക്കാർ നടത്തിയത്. ശ്രീവസ്താവ പൊലീസിന്റെ ഉപദേശകനല്ലെന്നും മുഖ്യമന്ത്രിയുടെ ഉപദേശകൻ മാത്രമാണെന്നും നേരത്തെ തന്നെ സെൻകുമാർ പ്രതികരിച്ചിരുന്നു. ശ്രീവാസ്തവയെ അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്ത് വിശ്വസ്തരെ കുത്തിനിറച്ചതും. രാഹുൽ ആർ നായർ ഒഴികെ എല്ലാ പ്രധാന തസ്തികയിലും ആളുകളെ പുനർനിയമിച്ചു. ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടുമ്പോൾ മികച്ച പദവി തച്ചങ്കരി പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിന് അനുകൂലമായ നിലപാട് മാത്രമേ തച്ചങ്കരിയിൽ നിന്ന് സർക്കാർ പ്രതീക്ഷിക്കുന്നുള്ളൂ. സെൻകുമാറിന്റെ നിർദ്ദേശങ്ങൾ അട്ടിമറിക്കാനുള്ള ഗൂഡനീക്കമാണ് ഇതിലൂടെ അണിയറയിൽ നടക്കുന്നത്. ഇതിനെ സെൻകുമാർ പ്രതിരോധിച്ചാൽ രണ്ട് മാസക്കാലം പൊലീസിന്റെ താളം തെറ്റും.

സുപ്രീംകോടതിയാണ് സെൻകുമാറിനെ നിയമിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സമ്മർദ്ദങ്ങളുണ്ടായാൽ സെൻകുമാർ വീണ്ടും കോടതിയുടെ ശ്രദ്ധയിൽ പെടുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പരമാവധി സെൻകുമാറിനെ പിണക്കാതെ മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുകയെന്നും സൂചനയുണ്ട്. ഇതിനിടെയിലും സെൻകുമാർ പിടിമുറുക്കാതിരിക്കാനുള്ള മുൻകരുതലാണ് ശ്രീവാസ്തവയും തച്ചങ്കരിയും. സെൻകുമാറിന്റെ ചുമതലയേറ്റാൽ ആദ്യ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം സർക്കാർ നിരീക്ഷിക്കും. സർക്കാരുമായി ഏറ്റുമുട്ടലിന് നിൽക്കാതെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ സെൻകുമാർ കൂടുമാറുമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തേയും പ്രതീക്ഷ. ഏപ്രിൽ 24നാണ് ടിപി സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് പുനർ നിയമിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടത്. വിധി പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല, ചീഫ് സെക്രട്ടറി നളിനി നെറ്റോ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നുമാണ് സെൻകുമാറിന്റെ അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചത്.

സെൻകുമാറിന്റെ സർവ്വീസ് കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിൽ, അടിയന്തരമായി വിധി നടപ്പിലാക്കാൻ ഉത്തരവിടണമെന്നും, നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സെൻകുമാറിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ഹർജിയിൽ പോലും സർക്കാരിനെതിരെ സെൻകുമാർ നിലപാട് എടുത്തില്ല. സെൻകുമാറിന്റെ നിയമന ഉത്തരവിൽ വ്യക്തത വരുത്തണമെന്ന സർക്കാർ ഹർജി തള്ളുകയും 25,000 രൂപ പിഴയിടുകയും ചെയ്ത കോടതി ഇതോടൊപ്പം ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സ്വീകരിച്ച് സംസ്ഥാന സർക്കാരിന് നോട്ടീസയക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ വിധി നടപ്പാക്കുമോ എന്ന് നോക്കാം അല്ലെങ്കിൽ എന്ത് വേണമെന്ന് തങ്ങൾക്കറിയാം എന്ന കടുത്ത പരമാർശം സുപ്രീം കോടതി നടത്തിയത് സെൻകുമാറിന് നിയമനം ലഭിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാവും എന്നതിന്റെ സൂചനയാണ്.

സംസ്ഥാന പൊലീസിന്റെ ചുമതലയുള്ള ഡിജിപിയായാണ് സെൻകുമാറിനെ നിയമിച്ചതെന്നും അല്ലാതെ പൊലീസ് സേനയുടെ മേധാവിയായിട്ടല്ലെന്നുമാണ് ഹർജിയിൽ സർക്കാർ ഉന്നയിച്ച പ്രധാന കാര്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്നാഥ് ബെഹ്റ കോടതിയെ സമീപിച്ചാൽ അത് മറ്റൊരു നിയമപ്രശ്നമാക്കും എന്നും സർക്കാർ ആശങ്കയറിയിച്ചു. യുഡിഎഫ് സർക്കാർ സെൻകുമാറിനെ ചട്ടപ്രകാരമല്ല നിയമിച്ചതെന്നും ഹർജിയിൽ സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് സുപ്രീം കോടതി സർക്കാരിന് പിഴയിട്ടതും ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിനുള്ള ഹർജി സ്വീകരിച്ചതും. സുപ്രീംകോടതി വിധി നടപ്പാക്കാത്ത ചീഫ് സെക്രട്ടറിയെ കോടതിയിൽ വിളിച്ചു വരുത്തണമെന്ന് സെൻകുമാറിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും അതിപ്പോൾ വേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിൽ എങ്ങനേയും നളിനി നെറ്റോയ്ക്ക് എതിരായ നടപടി ഒഴിവാക്കാനാകും ഇനി സർക്കാർ ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP