Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിൽ സുരക്ഷയ്ക്ക് എക്‌സൈസ് ഉദ്യോഗസ്ഥർക്കു തോക്കു നൽകും; 200 തോക്കുകൾ എക്‌സൈസ് ആസ്ഥാനത്തെത്തി; എല്ലാ റേഞ്ച് ഓഫീസുകൾക്കും ഇനി തോക്ക്; സിങ്കം വീണ്ടും സടകുടഞ്ഞ് എഴുന്നേൽക്കുന്നു

തൊഴിൽ സുരക്ഷയ്ക്ക് എക്‌സൈസ് ഉദ്യോഗസ്ഥർക്കു തോക്കു നൽകും; 200 തോക്കുകൾ എക്‌സൈസ് ആസ്ഥാനത്തെത്തി; എല്ലാ റേഞ്ച് ഓഫീസുകൾക്കും ഇനി തോക്ക്; സിങ്കം വീണ്ടും സടകുടഞ്ഞ് എഴുന്നേൽക്കുന്നു

തിരുവനന്തപുരം: കുറച്ചുനാളത്തെ 'മയക്കത്തിനു ശേഷം 'സിങ്ക'മെന്ന ഋഷിരാജ് സിങ് ഐപിഎസ് വീണ്ടും സട കുടഞ്ഞെഴുന്നേൽക്കുകയാണ്. എക്‌സൈസ് കമ്മീഷണറായ ശേഷം കുറഞ്ഞ ദിവസംകൊണ്ടുതന്നെ എക്‌സൈസ് വകുപ്പിനെ അടിമുടി മാറ്റിയ അദ്ദേഹം വകുപ്പിനെ അടിമുടി ആധുനികവൽക്കരിക്കാനുള്ള ഒരുക്കത്തിലാണ്.

തൊഴിൽ സുരക്ഷയുടെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ആയുധങ്ങൾ നൽകുകയെന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. ഇതിനായി സർക്കാരിന്റേയും വകുപ്പിന്റേയും അനുമതി ലഭിച്ചുകഴിഞ്ഞു.

ആധുനിക സംവിധാനത്തോടെയുള്ള ആയുധങ്ങൾ എക്‌സൈസ് വകുപ്പ് വാങ്ങിയതായാണ് സൂചന. ഇതിൽ 200 തോക്കുകളും ഉൾപ്പെടും. ഉടൻ എല്ലാ റേഞ്ച് ഓഫീസുകൾക്കും തോക്കുകൾ വിതരണം ചെയ്യുമെന്നാണ് വിവരം.

കേരളത്തിലും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് എക്‌സൈസിന് തോക്കുനൽകാൻ തീരുമാനിച്ചത്. എക്‌സൈസ് കമീഷണറുടെ ഈ നിർദേശത്തിന് എൽഡിഎഫ് സർക്കാർ വേഗത്തിൽ അംഗീകാരം നൽകുകയായിരുന്നു. അതേസമയം, പൊലീസിന്റെ സഹായമില്ലാതെ മൊബൈൽ ട്രാക്കിങ്ങിനുള്ള സംവിധാനമൊരുക്കണം, എക്‌സൈസ് സ്റ്റേഷനുകളിൽ സെല്ലുകൾ വേണം, പൊലീസിനേപ്പോലെ വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കാനുള്ള അധികാരം എക്‌സൈസിന് നൽകണം തുടങ്ങിയ ആവശ്യങ്ങളോട് സർക്കാർ അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. പൊലീസ്-എക്‌സൈസ് വകുപ്പുകൾ തമ്മിൽ ആഭ്യന്തരപ്രശ്‌നങ്ങൾ ഉടലെടുക്കുമെന്നതിനാലാണ് സർക്കാർ ഈ നിർദേശങ്ങൾക്ക് അനുമതി നൽകാത്തതെന്നാണ് സൂചന.

'ഒന്നാംതീയതി വിൽപ്പന', ഉൾപ്പെടെ എല്ലാ അവധിദിന വിൽപ്പനകളും സിങ്കം ഇടപെട്ട് നിയന്ത്രിച്ചു. എൻസിസി ഓഫീസുകളിൽനിന്നുള്ള 'മറിച്ചുവിൽപ്പന' പാടില്ലെന്ന് മുന്നറിയിപ്പു നൽകി. പട്ടാളക്കാരുടെ ക്വാട്ട മറിച്ചുവിൽക്കുന്നത് പിടിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാനും സിങ് തീരുമാനിച്ചു. കൂടാതെ ബിയർ, വൈൻ പാർലറുകളിൽനിന്ന് 'പാഴ്‌സൽ' പാടില്ലെന്നും സിങ്കം ഉത്തരവിറക്കിയിട്ടുണ്ട്.

എക്‌സൈസ് കമ്മീഷണറായ ശേഷം ചില അമിത ഇടപെടലുകൾ നടത്തിയതോടെ ഋഷിരാജ് സിംഗിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുവരുത്തി ശാസിച്ചുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. 'ഭരിക്കാൻ ഇവിടെ ആളുണ്ട്, ഏൽപ്പിച്ച വകുപ്പിന്റെ കാര്യം മാത്രം നോക്കിയാൽ മതി' എന്ന രീതിയിൽ മുഖ്യമന്ത്രി ശകാരിച്ചുവെന്നാണ് പ്രചരിച്ചത്. എക്‌സൈസ് വകുപ്പിന്റെ പരിധിയിൽപ്പെടാത്ത അന്വേഷണങ്ങളും സിങ് നടത്തിയിരുന്നു. ബാറുകൾ പൂട്ടിയതോടെ സമാന്തര ലഹരി കച്ചവടം പുരോഗമിക്കുന്നതായി കണ്ടെത്തിയതോടെ മെഡിക്കൽ സ്റ്റോറുകൾ, അരിഷ്ട നിർമ്മാണ ശാലകൾ, ആയുർവേദ മരുന്ന് ഉൽപാദന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എക്‌സൈസ് പരിശോധന തുടങ്ങി. ഇത് എക്‌സൈസിന്റെ ജോലിയല്ലെന്നും, ആരോഗ്യവകുപ്പിന്റേതുൾപ്പെടെ വിവിധ വകുപ്പുകളിൽ ഋഷിരാജ് സിങ് കൈകടത്തുന്നുമെന്ന് പരാതി ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.

എന്തായാലും അതിനുശേഷം ഒരുമാസക്കാലം ഋഷിരാജ് സിങ് തന്റെ ഓപ്പറേഷനുകളെല്ലാം നിർത്തിവച്ച്, ഉദ്ഘാടനവും സമ്മാനവിതരണവുമൊക്കെയായി ഒതുങ്ങി. ഇടക്ക് സർക്കാരിനെതിരേ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'എക്‌സൈസ് വകുപ്പിലെ ഒഴിവുകൾ സർക്കാർ നികത്തുന്നില്ല' എന്നായിരുന്നു സിംഗിന്റെ വിമർശനം. എന്തായാലും വിമർശനം സർക്കാരിന്റെ ചെവിയിലെത്തി.

കഴിഞ്ഞ സർക്കാരിന്റെകാലത്ത് നിലവിൽവന്ന റാങ്ക്‌ലിസ്റ്റുകളിൽനിന്ന് എൽഡിഎഫ് സർക്കാർ നിയമനം നടത്തി. ഒക്ടോബർ ഒന്നുമുതൽ പുതിയതായി നിയമിച്ച എക്‌സൈസ് ഗാർഡുമാരുടെ പരിശീലനം തൃശൂരിൽ ആരംഭിച്ചു. പുതിയ തലമുറയിലെ ഉദ്യോഗസ്ഥരെ ഊർജ്ജസ്വലരാക്കി കേരളത്തെ ലഹരി നിയന്ത്രിത സംസ്ഥാനമാക്കി മാറ്റിയെടുക്കാനുള്ള തീവ്രപരിശീലനത്തിലാണ് സിങ്കം ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP