Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം ഭർത്താവ് പോയി, പിന്നാലെ പ്രിയ മകനും.. ഇപ്പോൾ മകൾ ഷാനും മരണം പുൽകിയപ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും പ്രിയപ്പെട്ടവരില്ലാതെ റാണി ഒറ്റയ്ക്ക്; സർവവും നഷ്ടപ്പെട്ട ജോൺസൺ മാഷിന്റെ ഭാര്യയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ സംഗീത ലോകം

ആദ്യം ഭർത്താവ് പോയി, പിന്നാലെ പ്രിയ മകനും.. ഇപ്പോൾ മകൾ ഷാനും മരണം പുൽകിയപ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും പ്രിയപ്പെട്ടവരില്ലാതെ റാണി ഒറ്റയ്ക്ക്; സർവവും നഷ്ടപ്പെട്ട ജോൺസൺ മാഷിന്റെ ഭാര്യയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ സംഗീത ലോകം

കൊച്ചി: മലയാളത്തിന് ഇഷ്ട മെലഡികൾ സമ്മാനിച്ച ജോൺസൺ മാഷിന്റെ കുടുംബത്തിന്റെ ദുരന്തം മലയാളികളെ ഏറെ വേദനിപ്പിക്കുന്നതാണ്. കളിചിരിയുമായി കഴിഞ്ഞിരുന്ന ഈ സംഗീത കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് തോരാത്ത കണ്ണീരുമായി ജീവിക്കുന്ന ഒരു മാതാവ് മാത്രമാണ്. ഷാൻ ജോൺസനെ കൂടി ദൈവം വിളിച്ചതോടെ ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ട വിധിയെ പഴിച്ച് കഴിയാൻ മാത്രം വിധിക്കപ്പെട്ടവാണ് റാണി ജോൺസൺ. ആദ്യം ഭർത്താവ് വിട്ടകന്നപ്പോൾ പിടിച്ചു നിന്നത് രണ്ട് മക്കളുണ്ടല്ലോ എന്നതായിരുന്ന ആശ്വാസം പകർന്നത്.

തള്ളക്കോഴി ചിറകിനടിയിൽ പറക്കമുറ്റാത്ത മക്കളെ സൂക്ഷിക്കും പോലെ രണ്ട് മക്കളെ സ്‌നേഹിച്ച് റാണിയെ പിന്നെയും വിധി വെറുതേ വിട്ടില്ല.. 2012 ഒക്ടോബറിൽ ബൈക്ക് അപകടത്തിന്റെ രൂപത്തിൽ ദുരന്തം തേടിയെത്തി. മകൻ റെന്നിന്റെ ജീവനെടുത്ത അപകടത്തിന്റെ ആഘാതം ആ അമ്മയെ പിന്നെയും തളർത്തി. പിന്നീടുള്ള ഏക തുണയും ജീവിതത്തിലെ പ്രതീക്ഷയും ഏക മകൾ ഷാനിലായിരുന്നു. ഷാനിന്റെ ഇഷ്ടങ്ങൾ ഈ അമ്മയുടെയും ഇഷ്ടങ്ങളായിരുന്നു. മകൾക്ക് വേണ്ടി തുടർന്നു ജീവിച്ച ആ അമ്മയെ തേടി വീണ്ടും ദുരന്തം എത്തിയപ്പോൾ ആർക്കും ആശ്വസിപ്പിക്കാൻ വാക്കുകളില്ല.

ജോൺസൺ മാഷിന്റെ ഈണങ്ങളിലെ കണ്ണീപ്പൂവു പോലെ കരഞ്ഞു തളർന്നിരിക്കുന്നു ഈ അമ്മ... തൃശ്ശൂർ ചേലക്കാട്ടുകരയിലെ സംഗീത കുടുംബത്തിലേക്ക് നാല് വർഷത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ദുരന്തമാണ് ഇത്. ഗന്ധർവ്വ രാഗങ്ങൾ സൃഷ്ടിച്ച പ്രിയ ഭർത്താവിന് താങ്ങും തണലുമായി നിന്ന ഭാര്യയായിരുന്നു റാണി. താലികെട്ടിയ നാൾ മുതൽ പ്രിയതമന് വേണ്ടി ജീവിച്ചു. ആ സംഗീത കുടുംബത്തിലേക്ക് കാലെടുത്തു വച്ചതു മുതൽ ആ വീട്ടിലെ താളലയങ്ങളുമായി പൊരുത്തപ്പെട്ടായിരുന്നു ജീവിതം. അച്ഛന്റെപാതയിൽ മക്കളും സംഗീതലോകത്ത് ശോഭിക്കാൻ ഒരുങ്ങിയപ്പോൾ എല്ലാവരെയും പോലെ റാണിയിലെ മാതൃമനസും സന്തോഷിച്ചു. എന്നാൽ, ഈ സുന്ദരസ്വപ്‌നത്തിന് തിരിച്ചടികൾ മാത്രമാണ് ഉണ്ടായത്.

മലയാളം സംഗീതലോകത്ത് നിറദീപമായി നിൽക്കുമ്പോഴായിരുന്നു ആദ്യം ജോൺസൺ മാഷ് പോയത്. പിന്നാലെ മകനും പോയപ്പോൾ മകളെ നെഞ്ചോട് ചേർത്തി പിടിച്ചാണ് ആ അമ്മ സംഗീതയാത്രയ്ക്ക് തുണയായി നിന്നത്. ഗായികയായും സംഗീത സംവിധായികയായും മകൾ ഉയരങ്ങൾ കീഴടക്കുന്നത് ഏറെ സ്വപ്‌നം കണ്ടിരുന്നു റാണി. പിതാവിന്റെ മേൽവിലാസവും കഴിവും ഒപ്പം ചേർന്നപ്പോൾ ഷാനിനെ തേടി അവസരൾ എത്തിയിരുന്നു. തൃശൂരിലെ ജോൺസൺ സംഗീതനിശകളിലെല്ലാം പാടി ഷാൻ ഒരിടം കണ്ടെത്തി. ചാനൽ പരിപാടികളിലും ഷാൻ അച്ഛനെപോലെ നിറഞ്ഞുനിന്നു. പിന്നണി ഗാന രംഗത്തും സിനിമാ രംഗത്തും സജീവമാകാൻ മകൾ ഒരുങ്ങുന്നതിൽ ഈ മാതൃമനസ് ഏറെ സന്തോഷിച്ചിരുന്നു.

ജോൺസൺ മാഷിന്റെ മരണത്തിന് ശേഷം തൃശ്ശൂരിലെ നെല്ലിക്കുന്നുള്ള വസതിയിൽ ആയിരുന്നു കുറച്ചുാലം ഷാനും അമ്മ റാണിയും താമസിച്ചിരുന്നത്. അടുത്തകാലത്തായി കൊച്ചിയിലെ തമ്മനത്ത് വീടെടുത്തിരുന്നു. ഇവിടെ റാണിയും റാണിയുടെ അമ്മയുമാണ് താമസിച്ചിരുന്നത്. ചെന്നൈയിൽ ജോലി ചെയ്തിരുന്നു ഷാൻ ഇടയ്ക്കിടെ കൊച്ചിയിൽ എത്തുമായിരുന്നു. മരിക്കുന്നതിന് തലേദിവസം റാണിയും ചെന്നൈയിൽ എത്തിയിരുന്നു. റാണിയുടെ സഹോദരിയുടെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം മകളും അമ്മയും കാണുകയും ഉണ്ടായി. റെക്കോഡിങ് തിരക്കുകൾ ഉള്ളതിനാൽ അമ്മയ്ക്ക് മുത്തം നൽകി പോയ ഷാൻ പിന്നെ തിരിച്ചുവരില്ലെന്ന് ആ മാതാവിന് അറിയില്ലായിരുന്നു.

രാവിലെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്താതിരുന്നപ്പോഴാണ് അവർ ഫാലാറ്റിലെത്തിയത്. ഫ്‌ലാറ്റിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മകളുടെ വിയോഗം താങ്ങാനാവാത്ത നിലയിലാണ് റാണിയിപ്പോൾ. തൃശൂർ ചേലക്കോട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിലാണ് ജോൺസണും മകൻ റെൻ ജോൺസണും അന്ത്യവിശ്രമം കൊള്ളുന്നത്. അവിടേക്ക് ഇന്ന് ഷാനിന്റെ ചേതനയറ്റ ശരീരവുമെത്തും. എല്ലാറ്റിനും സാക്ഷിയായി റാണിയുണ്ടാകും. ഒന്നു കെട്ടിപ്പിടിച്ച് കരയാൻ പോലും ഉറ്റവരില്ലാത്ത അവസ്ഥയിലാണ് അവർ. എങ്ങനെ സാന്ത്വനിപ്പിക്കണം എന്നറിയാതെ മലയാളം സംഗീത ലോകവും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP