Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകരവിളക്കിന് ശേഷം ശബരിമലയിൽ നിന്നും മടങ്ങാനുള്ളവരെ പെരുവഴിയിൽ നിർത്തി; ചെറുകോൽപ്പുഴയ്ക്ക് ബസ് അയച്ചില്ല; എല്ലാം സമ്മതിച്ചിട്ടും മാരാമൺ കൺവെൻഷനായപ്പോൾ അവിടേക്കും ബസില്ല; വീണാ ജോർജ് ശക്തമായി രംഗത്തിറങ്ങിയപ്പോൾ ഷറഫ് മുഹമ്മദിന് കെ എസ് ആർ ടി സിയിലെ സ്ഥാനം തെറിച്ചു

മകരവിളക്കിന് ശേഷം ശബരിമലയിൽ നിന്നും മടങ്ങാനുള്ളവരെ പെരുവഴിയിൽ നിർത്തി; ചെറുകോൽപ്പുഴയ്ക്ക് ബസ് അയച്ചില്ല; എല്ലാം സമ്മതിച്ചിട്ടും മാരാമൺ കൺവെൻഷനായപ്പോൾ അവിടേക്കും ബസില്ല; വീണാ ജോർജ് ശക്തമായി രംഗത്തിറങ്ങിയപ്പോൾ ഷറഫ് മുഹമ്മദിന് കെ എസ് ആർ ടി സിയിലെ സ്ഥാനം തെറിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാരാമൺ കൺവെൻഷന് ബസ് കൃത്യമായി ഓടിക്കുന്നതിൽ വീഴ്ചവരുത്തിയ കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻസ് വിഭാഗം മേധാവിയെ ചുമതലയിൽനിന്ന് മാറ്റി. ഓപ്പറേഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദിനെയാണ് നീക്കിയത്. ചീഫ് ട്രാഫിക് മാനേജർ ജി. അനിൽകുമാറിന് അധികചുമതല നൽകി. പത്തനംതിട്ട എംഎൽഎ വീണ് ജോർജിന്റെ ഇടപെടലാണ് ഇതിന് കാരണം. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, ശബരിമല തീർത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ടും കെ.എസ്.ആർ.ടി.സി.യുടെ ക്രമീകരണങ്ങൾ പാളിയിരുന്നു. അന്ന് തന്നെ ഷറഫിനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ നടപടി എടുക്കാൻ രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം കഴിഞ്ഞിരുന്നില്ല.

മാരാമൺ കൺവെൻഷന് മുന്നോടിയായി നടന്ന മന്ത്രിതല ചർച്ചയിൽ കെ.എസ്.ആർ.ടി.സി. പ്രതിനിധികളും പങ്കെടുത്തിരുന്നു. ആവശ്യത്തിന് ബസുകൾ ഓടിക്കാൻ തീരുമാനിച്ചു. പക്ഷേ, ബസുകൾ ക്രമീകരിക്കുന്നതിനായി താത്കാലിക സ്റ്റേഷന്മാസ്റ്റർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടപ്പാക്കിയില്ല. ആവശ്യത്തിന് ബസില്ലെന്ന നിരവധി പരാതികളാണ് മന്ത്രി എ.കെ. ശശീന്ദ്രന് ലഭിച്ചത്. വീണാ ജോർജ് ഇത് മന്ത്രിയുടെ ശ്രദ്ധയിൽ ഗൗരവത്തോടെ കൊണ്ടുവന്നു. മന്ത്രി മാത്യു ടി. തോമസ് ഉൾപ്പെടെയുള്ളവർ നേരിട്ടും പരാതി നൽകി. ഇതേത്തുടർന്ന് നടന്ന പ്രാഥമിക പരിശോധനയിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിനിടെ ഷറഫിനായി സമ്മർദ്ദം ശക്തമാക്കി. എന്നാൽ കെ എസ് ആർ ടി സിയെ കട്ടപ്പുറത്ത് ആക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിൽ ഗതാഗത മന്ത്രി ഉറച്ചു നിന്നു.

ഓപ്പറേഷൻസ് വിഭാഗം കാര്യക്ഷമമല്ലെന്ന പരാതി ഏറെക്കാലമായി നിലനിൽപ്പുണ്ട്. ഇതു പരിഹരിക്കുന്നതിന് രണ്ടുമാസം മുമ്പ് മറ്റ് എക്സിക്യുട്ടീവ് ഡയറക്ടർമാരെയും സർവീസ് മേൽനോട്ടത്തിൽ പങ്കാളികളാക്കിക്കൊണ്ട് എം.ഡി. രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് രാജമാണിക്യം പോയതോടെ എല്ലാം അവതാളത്തിലായി. മലബാറിൽ നിന്നുള്ള ഇടത് നേതാക്കളുടെ പിന്തുണ ഷറഫിനുണ്ടായിരുന്നു. ഇതുകൊണ്ട് മാത്രമാണ് ശബരിമലയിലെ വീഴ്ചയിൽ പോലും നടപടിയുണ്ടകാതിരുന്നത്. ചെറുകോൽപുഴയിൽ ബസ് അയയ്ക്കാത്തതും സർക്കാരിന് ക്ഷീണമായി. എന്നാൽ മാരമണ്ണിലേക്ക് കാട്ടിയത് കടന്ന കൈയായി പോയെന്ന് മാത്യു ടി തോമസും വീണാ ജോർജും നിലപാട് എടുത്തതോടെ ഷറഫിനെ പിന്തുണയ്ക്കാൻ എത്തിയവർ ഒറ്റപ്പെട്ടു. ഇതോടെ ഈ ഉദ്യോഗസ്ഥരനെ പുറത്താക്കാൻ മന്ത്രിക്കായി.

കെഎസ്ആർടിസിയുടെ കെടുകാര്യസ്ഥത കാരണം ഇത്തവണ അയ്യപ്പഭക്തമാരും വലഞ്ഞിരുന്നു. മകര വിളക്കു കഴിഞ്ഞിറങ്ങിയ അയ്യപ്പന്മാരെ വെള്ളം കുടിപ്പിച്ചത് കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫിന്റെ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങൾ തന്നെയായിരുന്നു. ഇതിനൊപ്പം പൊലീസിന്റെ അനാസ്ഥ കൂടിയായതോടെ പ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്തു. ആറ് മണിക്കൂറോളമാണ് അയ്യപ്പഭക്തന്മാർ വനത്തിൽ പെരുവഴിയിൽ ആയത്. വർഷങ്ങളായി ശബരിമല സ്പെഷ്യൽ സർവ്വീസ് കാര്യക്ഷമമായി നടത്തിക്കൊണ്ടിരുന്ന പ്രവർത്തനപരിചയമുള്ള ഓഫീർസർമാരെ മൂലയ്ക്കിരുത്തി എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദും, സ്പെഷ്യൽ ഓഫീസർ ശരത്തും കൂടു നടത്തിയ സർവ്വീസ് നടത്തിപ്പാണ് ശബരിമലയിൽ അയ്യപ്പന്മാരെ വലയ്ക്കുന്ന നിലയിൽ എത്തിച്ചത്.

മകരവിളക്ക് കണ്ടിറങ്ങുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്കായി പമ്പ കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും എരുമേലി കോട്ടയം ചെങ്ങന്നൂർ, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, ഗുരൂവായൂർ ഭാഗത്തേയ്ക്ക് നൂറുകണക്കിന് കെഎസ്ആർടിസി ബസുകൾ ബോർഡുവച്ച് പാർക്കു ചെയ്യുകയും മലയിറങ്ങി വരുന്ന അയ്യപ്പഭക്തർ നിറയുന്നമുറയ്ക്ക് ബസുകൾ പുറപ്പെടുകയുമായിരുന്നു പതിവ്. എന്നാൽ ഇത്തവണ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഒറ്റ കെഎസ്ആർടിസി ബസു പോലും ഉണ്ടായിരുന്നില്ല. നാട്ടിലെത്താൻ ബസുകൾ കാത്ത് മണിക്കൂറുകൾ സ്റ്റാൻഡിൽ നിന്ന അയ്യപ്പന്മാർ ഇതോടെ ക്ഷുഭിതരായി. കയ്യാങ്കളിയിലെത്തുമെന്ന് ഉറപ്പായപ്പോൾ ബസ് സ്റ്റേഷനിലെ ജീവനക്കാർ കാടു കയറി. ഇതിനു പിന്നാലെയാണ് ചെയിൻ സർവീസ് നടത്തിയിരുന്ന രണ്ടു ബസുകളുടെ ചില്ലുകൾ അയ്യപ്പന്മാർ അടിച്ചുടച്ചത്. ഇതോടെ കൂടുതൽ പൊലീസെത്തി നിയന്ത്രണം ഏറ്റെടുക്കുയയായിരുന്നു.

ശബരിമലയിലെ ഗതാഗതക്കുരുക്കിന് കാരണക്കാർ എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസും പമ്പ സ്പെഷ്യൽ ഓഫീസറും ആണന്നും വ്യക്തമായിട്ടുണ്ട്. കെഎസ്ആർടിസിക്ക് ആകെ നാണക്കേടായ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാൽ, മാതൃകാപരമായി ശിക്ഷണ നടപടികൾ സ്വീകരിക്കാതെ സാങ്കേതികമായ അന്വേഷണത്തിന് ഗതാഗതമന്ത്രി ഉത്തരവിട്ടത് ഓപ്പറേഷൻസ് മേധാവിയെയും, പമ്പ സ്പെഷ്യൽ ഓഫീസറെയും രക്ഷിക്കാനായിരുന്നു. ഇടത് പക്ഷത്തെ നേതാക്കളുടെ സമ്മർദ്ദ ഫലമായിരുന്നു ഇത്.

നിശ്ചിത യോഗ്യതകൾ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ പ്രത്യേകമായി ചേർന്ന കെഎസ്ആർടിസി ബോർഡ് യോഗം ആണ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടറായി ഷറഫ് മുഹമ്മദിനെ നിയമവിരുദ്ധമായി നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP