Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ രണ്ടാമത്തെ വാക്കും ഷാർജാ സുൽത്താൻ പാലിച്ചു; അറബി നാടിന്റെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും പഠിക്കാനായി കോഴിക്കോട് സാംസ്കാരിക കേന്ദ്രം ഉടൻ: ഷാർജാ സുൽത്താന്റെ പൂർണ ചെലവിൽ നിർമ്മിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന് ഭൂമി കണ്ടെത്താൻ സർക്കാർ നിർദ്ദേശം

മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ രണ്ടാമത്തെ വാക്കും ഷാർജാ സുൽത്താൻ പാലിച്ചു; അറബി നാടിന്റെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും പഠിക്കാനായി കോഴിക്കോട് സാംസ്കാരിക കേന്ദ്രം ഉടൻ: ഷാർജാ സുൽത്താന്റെ പൂർണ ചെലവിൽ നിർമ്മിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന് ഭൂമി കണ്ടെത്താൻ സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിന് വാഗ്ദാനം ചെയ്ത രണ്ടാമത്തെ വാക്കും ഷാർജ സുൽത്താൻ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി പാലിച്ചു. കേരള സന്ദർശന വേളയിൽ കേരളത്തിന് വാഗ്ദാനം ചെയ്ത സാംസ്‌കാരിക കേന്ദ്രം കോഴിക്കോട് ഒളവണ്ണയിൽ സ്ഥാപിക്കാൻ തീരുമാനമായി. ഷാർജാ സുൽത്താൻ തന്നെയായിരിക്കും ഇതിന്റെ പൂർണ ചെലവ് വഹിക്കുക. ഷാർജ ഭരണകൂടം താത്പര്യമെടുത്തതോടെ സാംസ്‌കാരിക കേന്ദ്രത്തിന് അതിവേഗത്തിൽ സ്ഥലം കണ്ടെത്താനും തീരുമാനമായി.

കോഴിക്കോട് ഒളവണ്ണ അംശം ദേശത്ത് 26.32 ഏക്കർ സ്ഥലം നെഗോഷ്യബിൾ പർച്ചേസ് പ്രകാരം ഉടനടി ഏറ്റെടുക്കാൻ ജില്ലാകളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി. അതിവേഗത്തിൽ ഭൂമിയേറ്റെടുത്ത് ഷാർജ ഭരണകൂടത്തിന് കൈമാറും. ഷാർജയുടെ ഇമാറത്തി പാരമ്പര്യവും പുരോഗതിയിലേക്കുള്ള യാത്രയുടെ ചരിത്രവും തനതുകലയും സംസ്‌കാരവും പരമ്പരാഗത കൃഷിരീതികളുമെല്ലാം പരിചയപ്പെടുത്തുന്നതാവും സാംസ്‌കാരിക കേന്ദ്രം.

അറബിനാടിന്റെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും പഠിക്കാനും ഗവേഷണത്തിനുമായി കേരളത്തിൽ കൾച്ചറൽ സെന്റർ, സാംസ്‌കാരികസമുച്ചയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ, എക്‌സിബിഷൻ സെന്റർ എന്നിവ സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള സന്ദർശനവേളയിൽ സുൽത്താനോട് ആവശ്യപ്പെട്ടത്.

സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറിയാൽ പദ്ധതിയുടെ രൂപരേഖ ഷാർജഭരണകൂടം തയ്യാറാക്കും. ചെലവ് കണക്കാക്കിയിട്ടില്ല. തറക്കല്ലിടാനും ഉദ്ഘാടനത്തിനും സുൽത്താൻ കേരളത്തിലെത്തും. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മ്യൂസിയം, പരമ്പരാഗത കലകൾ അവതരിപ്പിക്കാനുള്ള വേദികൾ, എക്‌സിബിഷൻ സെന്ററുകൾ, ആയുർവേദം അടിസ്ഥാനമാക്കി മെഡിക്കൽ ടൂറിസം പദ്ധതികൾ എന്നിവയ്ക്ക് ഷാർജയിൽ സ്ഥലം അനുവദിക്കും.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാർജാ സുൽത്താൻ കേരളം സന്ദർശിച്ചത്. അന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ചെറിയ കേസുകളിൽപ്പെട്ട് മൂന്നുവർഷത്തിലേറെയായി ജയിലിലുണ്ടായിരുന്ന മലയാളികളടക്കം 149 ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന ആവശ്യവും സുൽത്താന്റെ മുന്നിൽ വെച്ചിരുന്നു. കേരള സന്ദർശനം കഴിഞ്ഞ് ഷാർജയിലെത്തിയ ഉടൻ, ജയിലിലുണ്ടായിരുന്ന മലയാളികളടക്കം 149 ഇന്ത്യക്കാരെ മോചിപ്പിച്ച് സുൽത്താൻ ആദ്യവാഗ്ദാനം പാലിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP