Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയും പ്രസിഡന്റും വരെ പകച്ച് നിന്നപ്പോൾ ഇന്ത്യയുടെ മാനംകാത്തത് ശശി തരൂർ; പാക്കിസ്ഥാൻ തൂക്കിക്കൊല്ലാൻ തുടങ്ങിയ കൽഭൂഷണിന്റെ കേസ് അന്താരാഷ്ട്ര കോടതിയിൽ എത്തിച്ച് വിജയം നേടിയത് തരൂരിന്റെ തന്ത്രപരമായ നീക്കങ്ങൾ; സാൽവെയ്ക്ക് ബുദ്ധി ഉപദേശിച്ച് കൊടുത്തതും തരൂർ തന്നെ

പ്രധാനമന്ത്രിയും പ്രസിഡന്റും വരെ പകച്ച് നിന്നപ്പോൾ ഇന്ത്യയുടെ മാനംകാത്തത് ശശി തരൂർ; പാക്കിസ്ഥാൻ തൂക്കിക്കൊല്ലാൻ തുടങ്ങിയ കൽഭൂഷണിന്റെ കേസ് അന്താരാഷ്ട്ര കോടതിയിൽ എത്തിച്ച് വിജയം നേടിയത് തരൂരിന്റെ തന്ത്രപരമായ നീക്കങ്ങൾ; സാൽവെയ്ക്ക് ബുദ്ധി ഉപദേശിച്ച് കൊടുത്തതും തരൂർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശിയായ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവിനെ 2016 മാർച്ചിലാണ് പാക്കിസ്ഥാൻ രഹസ്യാന്വേഷകർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലിൽ പാക് സൈനികക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ 'റോ'(റിസർച്ച് ആൻഡ് അനാലിസിസ് വിങ്)യുടെ ഏജന്റായ ജാധവ് ബലൂചിസ്താനിൽ പാക്വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ചായിരുന്നു ശിക്ഷ. പാക്കിസ്ഥാനിൽ ഇന്ത്യ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണം സജീവമാക്കാനായിരുന്നു ഇത്. നയതന്ത്രതലത്തിൽ ഇന്ത്യയ്ക്ക് ഏറെ തിരിച്ചടിയാവുമായിരുന്ന സംഭവം. ജാധവിനെ അതുകൊണ്ട് തന്നെ എങ്ങനേയും രക്ഷിക്കണമെന്ന് ഇന്ത്യ തീരുമാനിച്ചു. എന്നാൽ പാക്കിസ്ഥാന്റെ ധാർഷ്ട്യത്തിന് മുമ്പിൽ ഇതെല്ലാം പൊളിഞ്ഞു. ഈ ഘട്ടത്തിലായിരുന്നു ശശി തരൂർ എംപിയുടെ ഇടപെടൽ.

ജാദവിന് മോചനം ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയെന്ന കോൺഗ്രസ് വാദം തള്ളി ശശി തരൂർ എംപി രംഗത്ത് വന്നിരുന്നു. സംഭവം രാഷ്ട്രീയവൽകരിക്കരുതെന്ന കേന്ദ്ര നിലപാടിനോടാണ് തരൂർ യോജിച്ചിക്കുന്നത്. ജാദവിന്റ മോചനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിൽ പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാൻ തരൂർ എത്തിയതോടെ മോദിക്ക് കരുത്തായി. ഇതിനൊപ്പം എങ്ങനെ ജാധവിനെ മോചിപ്പിക്കാമെന്ന ഉപദേശവും തരൂർ നൽകി. ഐക്യരാഷ്ട്ര സഭയിലെ മുൻ അണ്ടർ സെക്രട്ടറി ജനറലാണ് തരൂർ. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റെങ്കിലും ആഗോള തലത്തിൽ തരൂരിന് നയതന്ത്ര സുഹൃത്തുക്കളുണ്ട്. ഇത് മനസ്സിലാക്കി തരൂരിന്റെ ഉപദേശം സ്വീകരിക്കാൻ മോദി തയ്യാറായി. ഇതിന്റെ വിജയമാണ് ജാധവ് വിഷയത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഇതിന്റെ ക്രെഡിറ്റൊന്നും ഏറ്റെടുക്കാൻ തരൂരിന് ആഗ്രഹമില്ല. എല്ലാം പ്രധാനമന്ത്രിക്ക് അറിയാമെന്ന് മാത്രമാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകളോട് തരൂരിനോട് അടുപ്പമുള്ളവരുടെ പ്രതികരണം.

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ് ജാധവ് കേസിൽ പാക് നടപടികളെന്ന് മോദിയെ ബോധ്യപ്പെടുത്തിയത് തരൂരായിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയെന്ന വഴിയും ചൂണ്ടിക്കാണിച്ചു കൊടുത്തു. ഇക്കാര്യത്തിൽ പാർലമെന്റിൽ പ്രമേയം പാസാക്കിയപ്പോഴും തരൂരിന്റെ സഹായം സർക്കാർ തേടി. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതിയുടെ നടപടിയിൽ അപലപിച്ചുകൊണ്ടും, അന്താരാഷ്ട്ര തലത്തിൽ വിധിക്കെതിരായ അഭിപ്രായ രൂപീകരണം നടത്തുന്നതിനും ലക്ഷ്യംവെച്ചുള്ളതായിരുന്നു തരൂർ തയ്യാറാക്കിയ പ്രസ്താവന. ഈ പ്രമേയമാണ് ഹേഗിലെ കോടതിയിലെ നിയമനടപടികളിലേക്ക് കാര്യങ്ങളെത്തിച്ചതും. കഴിഞ്ഞ വർഷം 2008 മുംബൈ ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ സാഖിയുർ റഹ്മാൻ ലഖ്വിയെ പാക്കിസ്ഥാൻ മോചിപ്പിച്ചതിനെതിരെ ഇന്ത്യയുടെ മറുപടി തയാറാക്കിയതും ശശി തരൂർ ആയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശശി തരൂരിനെ പ്രമേയം തയാറാക്കാൻ ചുമതലപ്പെടുത്തിയത്.

ജാധവ് കേസിൽ പാക്കിസ്ഥാന്റെ ആരോപണത്തെ ഒന്നൊന്നായി ഇന്ത്യ അന്താരാഷ്ട്രക്കോടതിയിൽ ഖണ്ഡിച്ചിരുന്നു. ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്ന ജാധവിനെ ഇറാൻസന്ദർശനത്തിനിടെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യ വ്യക്തമാക്കി. കേസ് നടക്കുന്നതിനിടെ നിയമസഹായം എത്തിക്കാൻ ഇന്ത്യയെ അനുവദിച്ചില്ലെന്നും ഇത് വിയന്ന കൺവെൻഷൻ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇന്ത്യക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. ജാധവിന് നിയമസഹായം നൽകാൻ ഇന്ത്യയെ അനുവദിക്കേണ്ടിയിരുന്നെന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ച ഇടക്കാല വിധിയിൽ അന്താരാഷ്ട്രക്കോടതിയുടെ 11 അംഗ ബെഞ്ച് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. ഇനി ഇതിനവസരം നൽകണം. കേസിൽ അന്തിമവിധി പ്രഖ്യാപിക്കുന്നതുവരെ വധശിക്ഷ നടപ്പാക്കില്ലെന്ന് പാക്കിസ്ഥാൻ ഉറപ്പ് നൽകാത്തതുകൊണ്ടാണ് ഇടക്കാല വിധി പ്രഖ്യാപിക്കുന്നതെന്ന് കോടതി അധ്യക്ഷൻ റോണി എബ്രഹാം പറഞ്ഞു.

സ്വതന്ത്രവും സുതാര്യവുമായ വിചാരണ നടന്നില്ലെന്നും ജാധവിന്റെ കുറ്റസമ്മതമൊഴി കസ്റ്റഡിയിൽവെച്ച് പീഡിപ്പിച്ച് എടുത്തതാണെന്നും ഇന്ത്യ അന്താരാഷ്ട്രക്കോടതിയെ ധരിപ്പിച്ചിരുന്നു. ഇത്തരം വാദങ്ങളെല്ലാം കണ്ടെത്തിയതും സാൽവെയെ അറിച്ചതും തരൂരായിരുന്നു. ഐക്യരാഷ്ട്ര സഭയിലെ പ്രവർത്തനത്തിനിടെ അന്താരാഷ്ട്ര നിയമങ്ങളുമായുള്ള അടുത്ത പരിചയം തരൂരിനുണ്ടായിരുന്നു. ഇതായിരുന്നു മോദിയെ ഇക്കാര്യങ്ങളിൽ തരൂരിലേക്ക് നയിച്ചത്. വിദേശകാര്യ പാർലമെന്ററീ സമിതിയുടെ അധ്യക്ഷനാക്കി തരൂരിനെ നിയമിച്ചതും ഈ ഇടപെടൽ പ്രതീക്ഷിച്ച് തന്നെയായിരുന്നു. ഈ സൗഹൃദമാണ് കുൽഭൂഷൻ യാദവിന്റെ വധശിക്ഷാ സ്റ്റേയിലേക്കും കാര്യങ്ങളെത്തിച്ചത്. പ്രമുഖ വക്കീലായ ഹരീഷ് സാൽവ്വേയുമൊത്തു മന്ത്രി സുഷമ സ്വരാജിനെ കണ്ടു ചർച്ച നടത്തിയതും തരൂരാണെന്ന് സൂചനയുണ്ട്. ശര വേഗത്തിലായിരുന്നു പിന്നീടുള്ള തരൂരിന്റെ നടപടികൾ. അന്താരാഷ്ട്ര കോടതിയിൽ തരൂർ ഹർജി ഫയൽ ചെയയ്തു. ഐക്യരാഷ്ട്ര സഭയിലെ തരൂരിന്റെ ബന്ധങ്ങളും കഴിവും കോടതി അനുകൂലനിലപാടിൽ എത്താൻ സാധിച്ചു.

1999-നുശേഷം ആദ്യമായാണ് ഇന്ത്യ-പാക്കിസ്ഥാൻ തർക്കം അന്താരാഷ്ട്രക്കോടതിയിലെത്തുന്നത്. തങ്ങളുടെ നാവികസേനാ വിമാനം ഇന്ത്യ തകർത്ത് 16 പേരുടെ മരണത്തിനിടയാക്കിയെന്നാരോപിച്ചാണ് പാക്കിസ്ഥാൻ അന്ന് അന്താരാഷ്ട്രക്കോടതിയെ സമീപിച്ചത്. വിഷയം തങ്ങളുടെ അധികാര പരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് തള്ളി. എന്നാൽ കുൽഭൂഷൺ വിഷയത്തിൽ അന്താരാഷ്ട്ര കോടതിയെ കുറിച്ച് ആരും ചിന്തിച്ചതു പോലുമില്ല. ഇവിടെയാണ് തരൂരിന്റെ ഇടപെടൽ നിർണ്ണായകമായത്. മുൻ യു.എൻ. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും പതിനഞ്ചാം ലോകസഭയിലെ എംപി.യുമാണ് ശശി തരൂർ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി.

ചന്ദ്രൻ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി 1956ൽ ലണ്ടനിൽ ജനനം.ധ3പ കൽക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു. ഈ പരിചയമാണ് കുൽഭൂഷണും കരുത്താകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP