Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലു നൂറ്റാണ്ട് ഇന്ത്യ ഭരിച്ചു മുടിച്ചെന്നു ബ്രിട്ടീഷുകാരുടെ നാട്ടിൽ ചെന്ന് വീണ്ടും സായിപ്പിന്റെ മുഖം നോക്കി വിളിച്ചു പറഞ്ഞ് ശശി തരൂർ; കൈയടിയുമായി സോഷ്യൽ മീഡിയ: ഒരാഴ്ച കൊണ്ട് ഷെയർ ചെയ്യപ്പെട്ടത് ലക്ഷങ്ങൾ; സോണിയ ഗാന്ധി തെറിവിളിച്ചപ്പോൾ തരൂരിന് പ്രശംസയുമായി നരേന്ദ്ര മോദിയും

നാലു നൂറ്റാണ്ട് ഇന്ത്യ ഭരിച്ചു മുടിച്ചെന്നു ബ്രിട്ടീഷുകാരുടെ നാട്ടിൽ ചെന്ന് വീണ്ടും സായിപ്പിന്റെ മുഖം നോക്കി വിളിച്ചു പറഞ്ഞ് ശശി തരൂർ; കൈയടിയുമായി സോഷ്യൽ മീഡിയ: ഒരാഴ്ച കൊണ്ട് ഷെയർ ചെയ്യപ്പെട്ടത് ലക്ഷങ്ങൾ; സോണിയ ഗാന്ധി തെറിവിളിച്ചപ്പോൾ തരൂരിന് പ്രശംസയുമായി നരേന്ദ്ര മോദിയും

കെ ആർ ഷൈജുമോൻ

ലണ്ടൻ: നാല് നൂറ്റാണ്ടോളം ബ്രിട്ടൻ നടത്തിയ കോളനിവാഴ്‌ച്ച മൂലം ഇന്ത്യക്ക് സംഭവിച്ചത് നഷ്ടമോ നേട്ടമോ? ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ ഒരാളെ ഇപ്പോൾ ലോകത്തിനു മുൻപിൽ ഉള്ളൂ, അഥവാ ചുരുങ്ങിയ പക്ഷം ഇന്ത്യക്കാർക്ക് മുൻപിൽ എങ്കിലും. അതാരെന്ന ചോദ്യത്തിന്ന് കൂടി ഉത്തരം നൽകിയാണ് കഴിഞ്ഞ ആഴ്ച ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ ഓക്‌സ്‌ഫോർഡ് യൂണിയൻ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറിൽ തിരുവനന്തപുരം എം പി യും മുൻ ഐക്യരാഷ്ട്ര അണ്ടർ സെക്രട്ടറി ജനറലും ആയിരുന്ന ഡോ .ശശി തരൂർ ബ്രിട്ടനെതിരെ ആഞ്ഞടിച്ചത്. കോളനി വാഴ്‌ച്ചയുടെ പേരിൽ ഉണ്ടായ നഷ്ടത്തിന് ബ്രിട്ടൻ കടം വീട്ടാൻ തയ്യാറാകുമോ എന്ന ആശയതിലൂന്നിയാണ് തരൂർ പ്രസംഗ പരമ്പര നടന്നത്.

കഴിഞ്ഞ സെപ്റ്റംബരിൽ ഇതേ പരമ്പരയിൽ പെട്ട സെമിനാറിൽ ലണ്ടൻ സുപ്രീംകോടതി ഹാളിൽ മുതിർന്ന അഭിഭാഷകരെയും പണ്ഡിതരെയും ഇരുത്തി തരൂർ നടത്തിയ പ്രസംഗവും ലോകശ്രദ്ധ നേടിയിരുന്നു. ഇതിനെ ഇന്ത്യക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബ്രിട്ടന്റെ മണ്ണിൽ വന്നു ചരിത്രത്തെ കുഴിതോണ്ടി എടുത്തു ബ്രിട്ടീഷുകാരോട് കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ എയ്യുന്ന തരൂരിന്റെ ശൈലി കഴിഞ്ഞ തവണയും ആസ്വാദകർ ശരിക്കും ആസ്വദിക്കുക ആയിരുന്നു. അന്ന് മരുനടാൻ മലയാളിയും പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അനേകായിരം പേരാണ് അന്ന് ഷെയർ ചെയ്തത്. 50,000ത്തോളം മറുനാടൻ മലയാൡവായനക്കാർ വെബ്‌സൈറ്റിൽ നിന്നും മാത്രം ഈ വാർത്ത ഷെയർ ചെയ്തു. കൂടാതെ ഫേസ്‌ബുക്ക് വഴി മറ്റു ആയിരങ്ങളും. ശശി തരൂർ തന്നെ ഈ വാർത്ത ട്വീറ്റ് ചെയ്യുകയും ഉണ്ടായി.

അതേസമയം ഓക്‌സ്‌ഫോർഡിൽ വിദ്യർത്ഥികളുടെയും ആഫ്രോ -ഏഷ്യൻ രാജ്യങ്ങളിലെയും യൂറോപ്യൻ അക്കാദമിക് വിദഗ്ദ്ധരുടെയും കയ്യടി നേടി മടങ്ങിയ തരൂരിന് തിരികെ ഇന്ത്യയിൽ എത്തിയപ്പോൾ അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. സ്വന്തം പാർട്ടിയുടെ നേതാവിൽ നിന്നും തരൂരില് ലഭിച്ചത് ശകാരമായിരുന്നു. ലളിത് മോദി വിഷയത്തിൽ സുഷമ സ്വരാജ് രാജിവയ്ക്കണം എന്ന ആവശ്യത്തിൽ സഭ സ്തംഭിപ്പിച്ചു പ്രതിഷേധം കാട്ടണം എന്ന പാർട്ടി തീരുമാനം തരൂർ ചോദ്യം ചെയ്തത് സോണിയ ഏറ്റെടുക്കുക ആയിരുന്നു. നിങ്ങൾ കുറെക്കാലമായി ഇങ്ങനെയാണ്, എന്തിനും തടസ്സം ഉയർത്തുകയാണ് എന്ന് പറഞ്ഞായിരുന്നു സോണിയയുടെ ശകാരം. എന്നാൽ അംഗബലം തീരെ കുറവായതിനാൽ അതിനു അനുസരിച്ചുള്ള പ്രതിഷേധം പോരേ എന്നായിരുന്നു തരൂർ പറഞ്ഞതിന്റെ ധ്വനി. സോണിയയുടെ വാക്കുകൾ ഏറ്റുപിടിച്ചു കിട്ടിയ അവസരം എന്ന നിലയിൽ മറ്റു കോൺഗ്രസ് എംപിമാരും തരൂരിനെ വളഞ്ഞിട്ട് ആക്രമിച്ചു. പാർട്ടി കാര്യങ്ങൾ പുറത്തു വിടുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം.

അതിനിടെ, സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശകാരിച്ചപ്പോഴും തരൂരിനെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ബ്രിട്ടീഷുകാർ നാനൂറു വർഷം ഇന്ത്യയെ കോളനിയാക്കി അടക്കിവാണതിനെതിരെ ആഞ്ഞടിച്ചതിനാണ് ശശി തരൂർ എംപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഓക്‌സ്ഫഡ് സർവകലാശാലയിൽ തരൂർ നടത്തിയ പ്രസംഗം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയർത്തുന്നതെന്നാണു പ്രധാനമന്ത്രി പറഞ്ഞത്.

കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകർത്തതിനു ബ്രിട്ടൻ പ്രായശ്ചിത്തം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള എംപിയുടെ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തതിനു പിന്നാലെയാണു മോദിയുടെ അഭിനന്ദനം എത്തിയത്.

അച്ഛൻ നടത്തിയ മികച്ച പ്രസംഗം തനിക്കു റിപ്പോർട്ട് ചെയ്യാനാകാത്ത വിഷമവും ആയി മകനും പത്ര പ്രവർത്തകനുമായ ഇഷാൻ തരൂർ നടത്തിയ ട്വീറ്റും കൗതുകകരമായി.

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിൽ സ്ഥിരം ക്ഷണിതാവായ തരൂർ അവസരം കിട്ടുമ്പോഴൊക്കെ കോളനി വാഴ്‌ച്ചയ്ക്ക് എതിരെ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച്ച ഓക്‌സ്‌ഫോർഡിൽ വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും സമ്മേളനത്തിൽ പ്രസംഗിച്ച ശശി തരൂർ ബ്രിട്ടന്റെ കോളനി വാഴ്‌ച്ച മൂലം ഇന്ത്യക്ക് ഒരു നേട്ടവും ഉണ്ടായില്ലെന്ന് വാദിച്ചു ജയിക്കുകയായിരുന്നു. ഇതിനെ ശക്തമായി ഖണ്ഡിക്കാൻ സഹ പ്രസംഗികർക്ക് കഴിഞ്ഞില്ല എന്നതാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഒരർത്ഥത്തിൽ കഴിഞ്ഞ തവണ ലണ്ടനിൽ നേടിയ വിജയം ഇത്തവണ ഓക്‌സ്‌ഫോർഡിലും തരൂർ ആവർത്തിക്കുകയായിരുന്നു. ലണ്ടൻ പ്രസംഗം ഇന്ത്യൻ മാദ്ധ്യമങ്ങൾ വേണ്ടത്ര ഗൗനിച്ചില്ലെങ്കിലും ഇത്തവണ ഓക്‌സ്‌ഫോർഡിൽ നേടിയ തരൂരിന്റെ മേൽക്കൈ സകല ഇന്ത്യൻ ആഗോള മാദ്ധ്യമങ്ങളും ആഘോഷിക്കുക ആയിരുന്നു. അതിനും മുന്നേ തന്നെ പ്രസംഗത്തിന്റെ പകർപ്പ് സ്വന്തമാക്കി ഫേസ്‌ബുക്കിലും ട്വിറ്ററിലും ലക്ഷക്കണക്കിന് ഭാരതീയർ പങ്കുവച്ചാണ് തരൂരിന് കയ്യടി നല്കിയത്. ഓക്‌സ്‌ഫോർഡ് യൂനിയാൻ യുട്യൂബിൽ ഇട്ട പ്രസംഗം ഇതുവരെ 9 ലക്ഷം പേർ കണ്ടു കഴിഞ്ഞു.
കോളനി വാഴ്‌ച്ചയുടെ ആധിപത്യം തുടങ്ങുന്ന പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തെ തന്നെ വൻശക്തിയുള്ള രാഷ്ട്രം ആയിരുന്നു എന്നാണ് ശശി തരൂർ വാദിച്ചത്. അന്ന് ഇന്ത്യയുടെ കയ്യിൽ ലോക സമ്പത്തിന്റെ 23 ശതമാനവും സ്വന്തമായിരുന്നു. എന്നാൽ നാലു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച ശേഷം നാടുവിടുമ്പോൾ ഈ സമ്പത്തിന്റെ സിംഹഭാഗവും കൊള്ളയടിക്കപ്പെട്ടു. പിന്നീട് അവശേഷിച്ചത് വെറും നാലു ശതമാനം സമ്പത്ത് മാത്രമാണ്. ഇന്ത്യയെ വെറും കറവപ്പശു ആക്കി മാറ്റുകയായിരുന്നു ബ്രിട്ടൻ. ചെയ്തു കൂട്ടാത്ത ക്രൂരതകൾ ബാക്കിയില്ല. ഗ്രാമങ്ങളിലെ നെയ്ത്തുകാരെ നിശ്ശേഷം തകർത്ത ബ്രിട്ടൻ പിന്നീട് നെയ്തു മില്ലുകൾ സ്ഥാപിച്ചു. ഇന്ത്യൻ തനതു വസ്ത്ര വ്യാപാരത്തെ തകർക്കുക ആയിരുന്നു. അതിനു മുൻപ് ലോകത്തെവിടെയും പ്രിയപ്പെട്ടവ ആയിരുന്നു ഇന്ത്യൻ വസ്ത്രങ്ങൾ. ലോക വസ്ത്ര കയറ്റുമതിയുടെ 27% സ്വന്തമാക്കിയിരുന്ന ഇന്ത്യയുടെ കമ്പോളത്തെ ഒടുവിൽ വസ്ത്ര ഇറക്കുമതിയുടെ വിപണി ആക്കി മാറ്റുവാൻ ബ്രിട്ടന് സാധിച്ചു. ഇന്ത്യയിലെ നെയ്ത്തുകാർ ഭിക്ഷാടകരായി.

ഇന്ത്യക്ക് റെയിൽവേ നല്കി എന്ന് അഹങ്കരിക്കുന്ന ബ്രിട്ടൻ, അത് നിർമ്മിച്ചത് അവരുടെ ആവശ്യത്തിനു വേണ്ടി മാത്രമായിരുന്നു എന്ന വസ്തുത സൗകര്യപൂർവ്വം മറക്കുകയാണ്. ഓസ്‌ട്രേലിയയിലും കാനഡയിലും അക്കാലത്തു റെയിൽവെ നിർമ്മിച്ചതിന്റെ ഇരട്ടി പണം ഉപയോഗിച്ചാണ് ഇന്ത്യയിൽ റെയിൽപാതകൾ വന്നത്. അതിനാവശ്യമായ മുഴുവൻ വസ്തുക്കളും ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുക ആയിരുന്നു. ആ പണമത്രയും ഇന്ത്യയിൽ നിന്നും അതിന്റെ പേരിൽ ബ്രിട്ടന് സ്വന്തമായി. ബ്രിട്ടനിലെ സ്വകാര്യവല്ക്കരണത്തിന് അടിത്തറ പാകാൻ മാത്രമാണ് കോളനികളിൽ ഇത്തരം 'വികസനം' സാധ്യമാക്കിയത്. ഓരോ തവണയും തങ്ങളുടെ പൂർവികരുടെ ചെയ്ത്തികൾക്കെതിരെയാണ് തരൂർ കത്തിക്കയറുന്നത് എന്ന് പോലും മറന്നാണ് സദസ് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത്.

ബ്രിട്ടന്റെ ഭരണത്തിൽ 15 ദശലക്ഷം മുതൽ 29 ദശലക്ഷം വരെ ആളുകൾ പട്ടിണി മൂലം മരണപ്പെട്ടു. കുപ്രസിദ്ധമായ ബംഗാളിന്റെ കൊടും ക്ഷാമം ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസന്റ് ചർച്ചിലിന്റെ കുരുട്ടു ബുദ്ധിയുടെ ഫലമായിരുന്നു. അനന്തരം നാലു ലക്ഷം പേരാണ് പട്ടിണിക്ക് കീഴടങ്ങി ജീവൻ വെടിഞ്ഞത്. ബംഗാളിൽ പട്ടിണി പടർന്നു പിടിക്കുന്നു, ജനലക്ഷങ്ങൾ മരിക്കുന്നു എന്ന് പറഞ്ഞപ്പോൾ എങ്കിൽ എന്തുകൊണ്ട് ഇതുവരെ ഗാന്ധി മരിച്ചില്ല എന്ന ചർച്ചിലിന്റെ ചോദ്യം ഒരു ഇന്ത്യക്കാരനും മറക്കില്ല എന്ന് വികാരഭരിതനയാണ് തരൂർ പറഞ്ഞത്. ചരിത്രത്തിന്റെ വഴികളിലൂടെ ഓരോ സ്രോതവിനെയും കൈപിടിച്ചു നടത്തിയ തരൂരിന് പകരം നിറഞ്ഞ കരഘോഷം മുഴക്കി പ്രോത്സാഹനം നൽകുക ആയിരുന്നു സദസ്.

ബ്രിട്ടൻ ലോകയുദ്ധങ്ങൾ നയിച്ചത് ഇന്ത്യക്കാരെ മുന്നിൽ നിർത്തിയാണ്. ഒന്നാം ലോക യുദ്ധത്തിൽ 54000 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. 65000 പേർ മാരകമായി പരുക്കേറ്റു ജീവൻ നഷ്ടപ്പെട്ടവർക്ക് തുല്യരായി. 4000 പേരെ കാണാതാവുകയോ തടവുകാരായി മറ്റു രാജ്യങ്ങൾ കൊണ്ട് പോവുകയോ ചെയ്തു. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടൻ ചിലവഴിച്ച പണവും ഇന്ത്യയുടേതാണ്. ആ യുദ്ധത്തിൽ ബ്രിട്ടൻ ചിലവഴിച്ച ആകെ പണം 3 ബില്യൻ പൗണ്ട് ആയിരുന്നു. ഇതിൽ 1.25 ബില്യൻ പൗണ്ടും ഇന്ത്യയിൽ നിന്നും കടം എടുത്തതാണ്. ഈ പണം ഇന്നേവരെ മടക്കി നൽകിയിട്ടില്ല.


ലണ്ടൻ പ്രസംഗവും ആയി താരതമ്യം ചെയ്യുമ്പോൾ കുറച്ചു കൂടി സ്വതസിദ്ധമായ ശൈലിയിൽ ആയിരുന്നു ഓക്‌സ്‌ഫോർഡ് പ്രസംഗം. ഇടയ്ക്കിടെ നർമ്മവും ചേർത്താണ് തരൂർ മുന്നേറിയത്. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് പറയാൻ കാരണം ഇരുട്ടിൽ ഈശ്വരന് പോലും ബ്രിട്ടനെ വിശ്വാസം ഇല്ലാത്തതു കൊണ്ടാകണം എന്നും തരൂർ് സൂചിപ്പിച്ചു. അത്ര ഭയാനകമായ കൊള്ളയാണ് ബ്രിട്ടൻ കോളനി വാഴ്‌ച്ചയുടെ പേരിൽ ഇന്ത്യയിൽ നടത്തിയത്. ബ്രിട്ടന്റെ ഭരണംമൂലം എന്തെങ്കിലും നേട്ടം ഉണ്ടെങ്കിൽ അതിനെ ഒക്കെ മറികടക്കുന്ന അനേക മടങ്ങ് കോട്ടവും ഇന്ത്യക്ക് സംഭവിച്ചിട്ടുണ്ട്. ഇന്ന് ബ്രിട്ടന്റെ കയ്യിൽ ഉള്ള സമ്പത്ത് മുഴുവൻ ഇന്ത്യൻ കൊള്ളയുടെ ഭാഗം ആണെന്ന് പറയേണ്ടി വരും. ഇത്തരം ചർച്ചകളിൽ ബ്രിട്ടന്റെ ഭാഗം പറയാൻ എത്തുന്നവർ എക്കാലവും ചൂണ്ടിക്കാട്ടുന്ന ഇന്ത്യക്കുള്ള സഹായത്തെയും തരൂർ വെറുതെ വിട്ടില്ല. ഇന്ത്യൻ അഭ്യന്തര ഉൽപ്പാദനത്തിന്റെ വെറും 0.4 % മാത്രമാണ് ബ്രിട്ടീഷ് സഹായം എങ്കിൽ അതിനെക്കാൾ കൂടുതൽ തുക ഇന്ത്യൻ സർക്കാർ കർഷകർക്ക് വളം സബ്‌സിഡി നൽകുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കയ്യടി നേടിയത്. ബ്രിട്ടന്റെ മണ്ണിൽ നിന്ന് ബ്രിട്ടനെതിരെ സംസാരിക്കുന്നതിൽ ഒരു പിശുകും കാട്ടാൻ തരൂർ തയ്യാറായില്ല എന്നതും ശ്രദ്ധേയമായി. ചർച്ചയുടെ ഒടുവിൽ തരൂരിന്റെ വാദങ്ങൾ 56 നു എതിരെ 185 വോട്ടുകൾ നേടി അംഗീകരിക്കപ്പെടുക ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP