Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശി തരൂരിന്റെ നിശബ്ദനായിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് റിപ്പബ്ലിക് ചാനലിനോടും അർണാബ് ഗോസ്വാമിയോടും ഡൽഹി ഹൈക്കോടതി; സുനന്ദ ചർച്ചയിൽ രണ്ടു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസും പരിഗണനയിൽ; കോടതി പരാമർശം റിപ്പബ്ലിക് ചാനലിന്റെ മാധ്യമ ഗുണ്ടായിസം അതിരു കടക്കുന്നെന്ന വാദം ശരിവയ്ക്കുന്നതോ?

ശശി തരൂരിന്റെ നിശബ്ദനായിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് റിപ്പബ്ലിക് ചാനലിനോടും അർണാബ് ഗോസ്വാമിയോടും ഡൽഹി ഹൈക്കോടതി; സുനന്ദ ചർച്ചയിൽ രണ്ടു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസും പരിഗണനയിൽ; കോടതി പരാമർശം റിപ്പബ്ലിക് ചാനലിന്റെ മാധ്യമ ഗുണ്ടായിസം അതിരു കടക്കുന്നെന്ന വാദം ശരിവയ്ക്കുന്നതോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡോ. ശശി തരൂർ എംപിക്ക് സുനന്ദ പുഷ്‌കർ കേസിൽ നിശബ്ദനായിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് റിപ്പബ്ലിക് ചാനലിനോടും അർണാബ് ഗോ സ്വാമിയോടും ഡൽഹി ഹൈക്കോടതി. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസാമിക്കും എതിരെ ശശി തരൂർ നൽകിയ ഹർജിയിലാണ് ഹോക്കോടതിയുടെ വിധി.

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിനു പിന്നിൽ ദുരൂഹത ഉണ്ടെന്നും അതിൽ ശശി തരൂരിനു പങ്കുണ്ടെന്നുമുള്ള തരത്തിൽ റിപ്പബ്ലിക് ടിവിയുടെ ലോഞ്ചിനോടനുബന്ധിച്ച് അവതാരകനായ അർണബ് ഗോസ്വാമി ചർച്ച സംഘടിപ്പിച്ചിരുന്നു. ഈ ചർച്ചയുടെ ഭാഗമായി ചാനൽ ശശി തരൂരിനോട് വിഷയത്തിലുള്ള അഭിപ്രായം ആരാഞ്ഞു. ഇതു സംബന്ധിച്ച് തരൂർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. ഈ കേസ് കൂടാതെ ചാനൽ വാർത്തയ്ക്ക് എതിരെ തരൂർ രണ്ടു കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ പ്രൊഫഷണൽ സെൽ ചെയർമാനായി നിയമിതനായശേഷം തരൂർ നടത്തിയ ഈ പത്ര സമ്മേളനത്തിൽപങ്കെടുക്കാൻ എത്തിയ റിപ്പബ്ലിക് ടിവി പ്രതിനിധികളെ ഇറക്കി വിട്ടിരുന്നു. പത്രസമ്മേളനം റിപ്പോർട്ടു ചെയ്യാൻ റിപ്പബ്ലിക് ചാനലിൽ നിന്ന് എത്തിയത് നാല് റിപ്പോർട്ടർമാരും നാല് ക്യാമറമാന്മാരുമാണ്. ഇത്രയും അധികം പേരെ ഒരു പത്ര സമ്മേളനത്തിന് വിടുന്നത് എന്തിനെന്ന ചോദ്യവും അന്ന് ഉയർന്നിരുന്നു.

തരൂരിനോട് സുനന്ദാ പുഷ്‌കറുമായി ബന്ധപ്പെട്ട മരണത്തെ കുറിച്ച് ചോദിക്കാനാണെങ്കിൽ പോലും ഒരാൾ എത്തിയാൽ പോരെ? ഡൽഹിയിലെ പത്രക്കാരുടെ ഉത്തരം മതിയെന്നാണ്. എന്നാൽ റിപ്പബ്ലിക്ക് ശശി തരൂരിന്റെ കാര്യത്തിൽ ചെയ്യുന്നത് അതിരുവിട്ട രീതികളാണെന്നും വിമർശനം ഉയർന്നു. ഇതിനിടെയാണ് ഹൈക്കോടതി വിധി പുറത്തു വന്നിരിക്കുന്നത്.

ഒരു വിഷയത്തിൽ പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഏതൊരാൾക്കും ഉണ്ട്. എന്നാൽ ഇവിടെ ശശി തരൂർ പ്രതികരിച്ചേ മതിയാകൂവെന്ന് റിപ്പബ്ലിക് ടിവി നിർബന്ധം പിടിക്കുന്നു. അതുവരെ പിന്തുടർന്ന് ശല്യം ചെയ്യുമെന്നും. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് ഉയരുന്ന വികാരം. ഇത് സോഷ്യൽ മീഡിയയയും ചർച്ച ചെയ്യുന്നുണ്ട്. റിപ്പബ്ലിക് ചാനലിന്റെ തെമ്മാടിത്തം അവസാനിപ്പിക്കുക. മാധ്യമപ്രവർത്തനമെന്നപേരിൽ റിപ്പബ്ലിക് ടിവിയുടെ ജീവനക്കാർ ശശി തരൂരിനോട് കാണിക്കുന്നത് തനി ഗുണ്ടായിസമാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമകൂടിയായ രാജീവ് ചന്ദ്രശേഖർ വിത്തിറക്കിയിരിക്കുന്നത് കേരളത്തിലാണ്.ഒന്നും കാണാതല്ല റിപ്പബ്ലിക് ടിവി തരൂരിനെ അറഞ്ചം പുറഞ്ചം ആക്രമിക്കുന്നത്. തരൂർ പോകുന്നിടത്തെല്ലാം നാല് റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയും പറഞ്ഞുവിട്ടിരിക്കുകയാണ് ആ ചാനൽ. ചോദ്യങ്ങൾ ചോദിക്കുകയല്ല പിടിച്ചുനിർത്തുകയും തട്ടിക്കയറുകയും കൂവിയാർക്കുകയുമാണ് ആ മാധ്യമപ്രവർത്തകവേഷധാരികൾ-ഇതാണ് പൊതു അഭിപ്രായം.

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തിരുവനന്തപുരം എംപി ശശി തരൂർ ഡൽഹിയിലെ എഐസിസി ഓഫിസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാർക്ക് പ്രവേശനം അനുവദിച്ചില്ല. വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരായ പരിസ്ഖിത് ലത്ര, ശ്രേയ, സകൽ ഭട്ട്, ശ്വേത കൊത്താരി എന്നീ റിപ്പോർട്ടർമാരെയും ഇവർക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാന്മാരെയുമാണ് തടഞ്ഞത്. ഇതുകൂടാതെ മാധ്യമപ്രവർത്തകരെ മർദ്ദിച്ചതായും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ അന്വേഷണം മൂന്ന് വർഷമായിട്ടും പൂർത്തിയാക്കാത്തതിനെ ഡൽഹി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ സ്ഥിതിഗതികൾ വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നീതി നടപ്പാകുന്നതിൽ കാലതാമസമുണ്ടെന്ന് കോടതിക്ക് മനസിലായെന്നാണ് ഇതേക്കുറിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചത്. കോടതിയിൽ സ്വാമി നൽകിയ ഹർജിയിൽ പൊലീസിന്റെ സ്റ്റാറ്റസ് റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിഷയത്തിൽ കോടതി തീരുമാനിക്കട്ടേ എന്നാണ് ശശി തരൂരിന്റെ നിലപാട്. അതാണ് റിപ്പബ്ലിക് ടിവി സമ്മതിക്കാത്തത്. എങ്ങനേയും മറുപടി പറയിക്കുമെന്ന് പറഞ്ഞ് അവർ നടക്കുമ്പോൾ അത് ക്രമസമാധാന പ്രശ്നമായി മാറുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് എംപിയായി മത്സരിക്കാൻ രാജീവ് ചന്ദ്രശേഖർ ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖർ ഇതിനുള്ള കരുനീക്കത്തിലാണ്. അങ്ങനെ തിരുവനന്തപുരത്ത് മത്സരിക്കുമ്പോൾ ശശി തരൂരിന്റെ ഇമേജ് പ്രശ്നമാണ്. ഇത് ഇല്ലായ്മ ചെയ്യാനാണ് രാജീവ് ചന്ദ്രശേഖർ റിപ്പബ്ലിക് ടിവിയെ കൊണ്ട് ഇടപെടൽ നടത്തിക്കുന്നത്. സുനന്ദാ പുഷ്‌കർ കേസിലെ ഇടപെടലിന് അപ്പുറം ശശി തരൂരിനെ പിറകെ നടന്ന് ശല്യപ്പെടുത്തുന്നത് ഇതിന് വേണ്ടിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

തനിക്കെതിരെ അടിസ്ഥാനരഹിതമായി അപകീർത്തികരമായ പരാമർശങ്ങളും ആരോപണങ്ങളും നടത്തിയെന്ന് ആരോപിച്ച് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെ ശശി തരൂർ എംപിയുടെ മാനനഷ്ട കേസും നിലവിലുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പബ്ലിക് ടിവിക്കെതിരെ തരൂർ മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അർണാബിനും റിപ്പബ്ലിക് ടിവിക്കും എതിരെ ശശി തരൂർ നടത്തിയ പരാമർശങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

നികുതിദായകരായ പ്രൊഫഷണലുകളെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കോൺഗ്രസ് പുതിയ വിഭാഗം രൂപവത്കരിച്ചിരുന്നു. അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ( ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്) എന്ന പേരിലാണ് സംഘടന. അധ്യക്ഷനായി ശശി തരൂർ എംപി.യെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിക്കുകയും ചെയ്തു.

നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ ഇടമില്ലെന്നുകരുതി മാറിനിൽക്കുന്ന പ്രൊഫഷണലുകൾക്ക് ഇടംനൽകാനാണ് പുതിയ വിഭാഗം രൂപവത്കരിക്കാൻ എ.ഐ.സി.സി. തീരുമാനിച്ചതെന്ന് ശശി തരൂർ പറഞ്ഞു. ഈ വാർത്താ സമ്മേളനത്തിലേക്കാണ് അഞ്ച് റിപ്പോർട്ടർമാരെ അയച്ച് റിപ്പബ്ലിക് ടിവി പ്രശ്നങ്ങളുണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP