Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികൃതർക്ക് അവാർഡും അനുമോദനവും; വനിതകൾക്ക് ധനനഷ്ടവും അപമാനവും; ഷീ ടാക്‌സി ഓടുന്നത് സംരംഭകരുടെ കണ്ണീരിലൂടെ; മഞ്ജുവാര്യർ അറിയുന്നുണ്ടോ ഇവരുടെ ദുഃഖം?

അധികൃതർക്ക് അവാർഡും അനുമോദനവും; വനിതകൾക്ക് ധനനഷ്ടവും അപമാനവും; ഷീ ടാക്‌സി ഓടുന്നത് സംരംഭകരുടെ കണ്ണീരിലൂടെ; മഞ്ജുവാര്യർ അറിയുന്നുണ്ടോ ഇവരുടെ ദുഃഖം?

തിരുവനന്തപുരം : സ്ത്രീ ശാക്തീകരണത്തിനെന്ന പേരിൽ കൊട്ടിഘോഷിച്ചു സംസ്ഥാന സർക്കാർ നടപ്പാക്കിയ ഷീ ടാക്‌സി പദ്ധതിയിൽ അംഗങ്ങളായ സ്ത്രീകൾക്ക് കടക്കെണിയും കണ്ണീരും മാത്രം.

പദ്ധതിയിൽ പങ്കാളികളായ സ്ത്രീകളെ അമിത പലിശഭാരം അടിച്ചേൽപിച്ചും സാമ്പത്തിക ചൂഷണം നടത്തിയും കടക്കെണിയിലാഴ്‌ത്തിയിരിക്കുകയാണ് വനിതാ വികസന കോർപ്പറേഷൻ അധികൃതർ. സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയുടേയും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റേയും വാഗ്ദാനം വിശ്വസിച്ച് പദ്ധതിയിൽ ചേർന്നവരാണ് അമിത പലിശയിലും സ്വകാര്യ കമ്പനിയുടെ സാമ്പത്തിക ചൂഷണത്തിനും ഇരയായി വായ്പ തിരിച്ചടയ്ക്കാൻ പോലുമാകാതെ നട്ടം തിരിയുന്നത്. 5-6 ശതമാനം പലിശനിരക്കിൽ വനിതാവികസന കോർപ്പറേഷൻ വായ്‌പ്പ നൽകുമെന്ന് വാഗ്ദാനം ചെയ്താണ് പദ്ധതിയിലേക്ക് സംരംഭകരെ ആകർഷിച്ചത്. 37 വനിതകൾ പദ്ധതിയിൽ അംഗങ്ങളായി. എന്നാൽ മൂന്നോ, നാലോ വനിതകൾക്കു മാത്രമേ കോർപ്പറേഷൻ വായ്പ നൽകിയുള്ളു. ബാക്കിയുള്ളവരെ 14 ശതമാനം വരെ പലിശ നൽകി സ്വകാര്യ ബാങ്കുകളുടേയും ദേശസാൽകൃത ബാങ്കുകളുടേയും അടുത്തേയ്ക്ക് തള്ളിവിടുകയാണ് ചെയ്തത്. ബാങ്കുകൾ നൽകിയ വായ്പയല്ലാതെ ഒരു രൂപ പോലും സർക്കാർ നൽകിയില്ല.

സമ്പൂർണമായും സർക്കാർ പദ്ധതിയെന്നുപറഞ്ഞ് തുടങ്ങിയ സംവിധാനത്തിന്റെ നടത്തിപ്പ് റെയിൻ കൺസേർട്ട് എന്ന സ്വകാര്യ കമ്പനിയെ ഏൽപിച്ചും സർക്കാർ സംരംഭകരെ കബളിപ്പിച്ചു. കോൾ സെന്റർ നടത്തിപ്പിനെന്ന പേരിലാണ് റെയിൻ കൺസേർട്ടിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഓരോ ആയിരം രൂപയുടെ ഓട്ടത്തിനും 13 ശതമാനം കമ്മീഷൻ ഈ കമ്പനിക്ക് നിർബന്ധിതമായി നൽകണമെന്ന് സംരംഭകർ പറയുന്നു. അതായത് ആയിരം രൂപയുടെ ഓട്ടത്തിന് 130 രൂപ കമ്പനിക്ക് പടി കൊടുക്കണം. സ്വന്തം നിലയിൽ യാത്രക്കാരെ കണ്ടെത്തിയാലും അതിന്റെ കമ്മീഷൻ കമ്പനിക്ക് നൽകണം. കാറിന്റെ പരിപാലനം, ഡീസൽ ചാർജ് എന്നിവ കഴിഞ്ഞാൽ വനിതാസംരംഭകർക്ക് കൈയിൽ കിട്ടുന്ന തുക വായ്പ അടയ്ക്കാൻപോലും തികയുന്നില്ല. 15,000 വീതം ഓരോ മാസവും ബാങ്കിൽ അടയ്ക്കണം.

വീടിന്റെ ആധാരം പണയംവച്ചും പലിശയ്‌ക്കെടുത്തും 11 ലക്ഷത്തോളം മുടക്കി കാർ വാങ്ങിയാണ് വനിതകൾ പദ്ധതിയിൽ അംഗങ്ങളായത്. ഒരു രൂപപോലും സർക്കാർ സബ്‌സിഡി അനുവദിച്ചിട്ടുമില്ല. മാത്രമല്ല, ആരോഗ്യപരിരക്ഷ, പിഎഫ്, ഇഎസ്‌ഐ തുടങ്ങിയ ഒരു ആനുകൂല്യവുമില്ല. അപകടം നടന്നാൽ പദ്ധതിയിൽനിന്ന് പുറത്താക്കുമെന്നും വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ ഉടമ തന്നെ വഹിക്കണമെന്നുമാണ് കരാറിലെ വ്യവസ്ഥ. ത്രികക്ഷി കരാറിൽ സർക്കാരിനുവേണ്ടി റെയിൻ കൺസേർട്ട് കമ്പനിയാണ് ഉടമ്പടികൾ പൂർണമായും എഴുതിയുണ്ടാക്കിയതെന്നും ആക്ഷേപമുണ്ട്. വാഹനങ്ങളിൽ പതിപ്പിക്കുന്ന വിവിധ കമ്പനികളുടെ പരസ്യത്തുകയുടെ 40 ശതമാനം റെയിൻ കൺസേർട്ടിനും 10 ശതമാനം ജെൻഡർ പാർക്കിനും നൽകണം. പരസ്യം പതിക്കാനുള്ള തുക ഡ്രൈവർമാർതന്നെ വഹിക്കണം.

പദ്ധതി നടത്തിപ്പിൽനിന്ന് സർക്കാർ പിൻവലിഞ്ഞതോടെ കമ്പനിയുടെ നിർദേശപ്രകാരമാണ് വനിതാസംരംഭകർ പ്രവർത്തിക്കുന്നത്. കമ്പനിക്ക് അനുകൂലമായി നിൽക്കുന്നവർക്ക് മാത്രമേ കോൾ സെന്ററിൽനിന്ന് ഓട്ടം നൽകുന്നുള്ളുവെന്നാണ് സംരംഭകരുടെ ആക്ഷേപം. തങ്ങൾക്കെതിരേ കമ്പനി നടത്തുന്ന ചൂഷണത്തിനെതിരേ ചെറുത്തുനിൽക്കാൻ പദ്ധതിയിൽ അംഗങ്ങളായ 27 പേർ ചേർന്ന് ഓൾകേരള ഷീ ടാക്‌സി ഡ്രൈവേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ചു. വനിതാ കമ്മീഷൻ മുൻ ചെയർപേഴ്‌സൺ ജസ്റ്റിസ് ശ്രീദേവിയാണ് സംഘടനയുടെ രക്ഷാധികാരി. എന്നാൽ കമ്പനിയുടെ ചൂഷണം ചോദ്യം ചെയ്യുന്നവർക്കും സംഘടന രൂപീകരിച്ചവർക്കും കടുത്ത മാനസികപീഡനവും അവഗണനയുമാണ് ലഭിക്കുന്നതെന്ന് സംരംഭകർ പറയുന്നു.

വനിതകളുടെ സുരക്ഷയ്ക്ക് വനിതകൾതന്നെ ഓടിക്കുന്ന ടാക്‌സി എന്ന രീതിയിൽ തുടങ്ങിയ പദ്ധതിക്ക് ഇന്ത്യമുഴുവൻ പ്രശസ്തിയും പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. കുടുംബം പുലർത്താൻ പ്രതീക്ഷകളോടെ ഷീ ടാക്‌സിയിൽ അംഗങ്ങളായ വനിതകളുടെ പരാതികൾ കേൾക്കാൻ വനിതാ വികസനകോർപ്പറേഷൻ എംഡിയോ, മന്ത്രി എം കെ മുനീറോ തയാറല്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഷീ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം. മികച്ച പ്രവർത്തനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ഷീ ടാക്‌സിക്ക് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. പുരസ്‌കാരം വിതരണം ചെയ്ത ദിവസം ഷീ ടാക്‌സി സംഘടനയിൽ അംഗങ്ങളായവർ മുഖ്യമന്ത്രിക്ക് മുന്നിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് അറസ്റ്റ് വരിക്കുകയും ചെയ്തു. പദ്ധതിയിൽ 42 പേർ ഉണ്ടായിരുന്നതിൽ 11 പേർ ഉപേക്ഷിച്ചുപോയി.

ഷീ ടാക്‌സി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡറായി സർക്കാർ തെരഞ്ഞെടുത്തത് പ്രശസ്ത നടി മഞ്ജുവാര്യരെയാണ്. 2013 ൽ പദ്ധതി ആഘോഷമായി ഉദ്ഘാടനം ചെയ്തത് മഞ്ജുവാര്യരാണ്. പക്ഷേ തങ്ങളുടെ ദുഃഖമൊന്നും മഞ്ജുവാര്യർ അറിയുന്നില്ല എന്ന വിഷമത്തിലാണ് വനിതാ സംരംഭകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP